ഒരിക്കൽ അഹറോനും മിറിയാമും മോശയെ രൂക്ഷമായി വിമർശിച്ചു. കർത്താവ് മോശവഴി മാത്രമാണോ സംസാരിച്ചിട്ടുള്ളത്? ഞങ്ങളിലൂടെയും സംസാരിച്ചിട്ടില്ലേ? എന്നു ചോദിച്ചു. എന്നാൽ മോശ ഒരക്ഷരം ഉരിയാടിയില്ല. കാരണം, മോശ ഭൂമുഖത്തുള്ള എല്ലാ മനുഷ്യരിലുംവച്ച് സൗമ്യനായിരുന്നു. എന്നാൽ കർത്താവ് പറഞ്ഞു: മൂന്നുപേരും സമാഗമ കൂടാരത്തിലേക്കു വരിക. അവിടെവച്ച് കർത്താവ് അവരെ ശാസിച്ചു.
കർത്താവിന്റെ കോപം ജ്വലിച്ചു, മിറിയാം കുഷ്ഠരോഗം പിടിച്ചതുപോലെ വെളുത്തു. അപ്പോൾ മോശയുടെ പ്രതികരണം ഒരു പ്രാർഥന മാത്രമായിരുന്നു. ‘ദൈവമേ, ഞാൻ കേണപേക്ഷിക്കുന്നു. അവളെ സുഖപ്പെടുത്തണമേ!’ (സംഖ്യ 12: 1-13).
പുതിയ നിയമത്തിലെ മോശയായ ഈശോയും സൗമ്യതയുടെയും ശാന്തതയുടെയും താഴ്മയുടെയും സൗഭാഗ്യമാണ് പ്രഖ്യാപിക്കുന്നത്. താഴ്മയുള്ളവർ ഭാഗ്യവാന്മാർ, അവർ ഭൂമി അവകാശമായി അനുഭവിക്കും (മത്താ 5:5).
ഈശോയുടെ ഒരു സ്വയംഛായാചിത്രം തന്നെയാണിത്. ‘ഞാൻ ശാന്തനും വിനീതഹൃദയനുമാണെന്ന്’അവിടുന്ന് പ്രഖ്യാപിച്ചു (മത്താ 11:29). വിനയാന്വിതനായി കഴുതപ്പുറത്തിരുന്നു (മത്താ 21: 4). അവൻ തർക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല. നീതിയെ വിജയത്തിലെത്തിക്കുംവരെ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല, പുകഞ്ഞ തിരി കെടുത്തുകയുമില്ല (മത്താ 12:19-20). നിന്ദിക്കപ്പെട്ടപ്പോൾ പകരം അവൻ നിന്ദിച്ചില്ല, പീഡനമേറ്റപ്പോൾ ഭീഷണിപ്പെടുത്തിയില്ല (1 പത്രോ 2:23). അവൻ കുരിശുമരണംവരെ അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി (ഫിലി 2: 8).
താഴ്മ ദൗർബല്യത്തിന്റെ അടയാളമാണ്; ഒരു ‘അടിമത്ത ധാർമികത’യാണ് ക്രിസ്തുമതം പ്രഘോഷിക്കുന്നത്, അധികാരവും ശക്തിയും കരുത്തുമുള്ള ഒരു സൂപ്പർമാനെ -അതിമാനുഷനെയാണ്-നിർമിച്ചെടുക്കേണ്ടതെന്ന് തത്വചിന്തകനായ നീച്ചേ പ്രസ്താവിച്ചു. എന്നാൽ ബൈബിളിൽ ഇവിടെ ഉപയോഗിച്ചിരിക്കുന്ന വിനീതൻ, ശാന്തൻ, സൗമ്യൻ, മാധുര്യവാൻ എന്നൊക്കെ അർഥംവരുന്ന ‘പ്രേസിസ്’എന്ന ഗ്രീക്ക് വാക്ക് മെരുക്കിയെടുക്കുന്ന കരുത്തിനെയാണ് സൂചിപ്പിക്കുന്നത്.
യുദ്ധക്കളത്തിലിറക്കാൻ ഒരു പടക്കുതിരയെ പരിശീലിപ്പിക്കുന്നതുപോലെ. താഴ്മയും ശാന്തതയുമുള്ളവർ ഭൂമി കൈവശമാക്കും (സങ്കീ 37:11). അതായത് ദൈവം വാഗ്ദാനം ചെയ്ത ദേശം, ആത്യന്തികമായി സ്വർഗദേശവും അവർ അവകാശമാക്കും എന്നാണർഥം. താഴ്മ ഒരു ദൗർബല്യമല്ല, വിജയമന്ത്രമാണ്. ലൗകിക നന്മകളെല്ലാം ഉണ്ടെങ്കിലും നിനക്ക് വിനയമില്ലെങ്കിൽ എന്തു പ്രയോജനം എന്ന് വി. അംബ്രോസ് ചോദിക്കുന്നു.
പ്രകോപിപ്പിക്കപ്പെടുന്പോൾ നീ കോപിഷ്ഠനാകാതിരിക്കാൻ നിന്റെ സ്വഭാവത്തെ മൃദുലമാക്കുക. വികാരത്തെ വിവേകംകൊണ്ട് നിയന്ത്രിക്കുക ഒരു കുലീനമായ കലയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. വിനയവും സൗമ്യതയും ക്ഷമയും ഉടയാടപോലെ ധരിക്കേണ്ടതാണെന്ന് സെന്റ് പോൾ പറയുന്നു (കൊളോ 3:21).
വിനയം ശീലിക്കുന്പോഴാണ് നാം ‘കേൾക്കുന്നതിൽ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതിൽ തിടുക്കംകൂട്ടാതിരിക്കുന്നവരും കോപിക്കുന്നതിൽ മന്ദഗതിക്കാരു’മാകുക (യാക്കോ 1:19). അല്പം തോറ്റുകൊടുക്കാൻ, ചെറുതായി എളിമപ്പെടാൻ നമുക്ക് മടിയാണ്. അപമാനമേൽക്കുന്പോൾ നാം രൂക്ഷമായി പൊട്ടിത്തെറിച്ചാൽ പഴയ ആ സർപ്പത്തെ നാം നെഞ്ചിലേറ്റുകയാണ്; അവൻ കരുത്താർജിച്ച് പാപത്തിന്റെ വിഷം നമ്മുടെ ഹൃദയത്തിലൊഴുക്കുകയാണ് ചെയ്യുന്നതെന്ന് നവവേദശാസ്ത്രജ്ഞനായ വി. ശെമയോൻ (+1022) പറയുന്നു.
‘യഥാർഥത്തിൽ വിനയമുള്ളവൻ തെറ്റിദ്ധരിക്കപ്പെടുന്പോൾ സ്വയം നീതീകരിക്കുന്നില്ല. അപഖ്യാതിക്കെതിരേ മറ്റുള്ളവരെ തിരിക്കുകയില്ല, പകരം ദൂഷണത്തെ ഒരു സത്യംപോലെ സ്വീകരിച്ച് ക്ഷമിക്കും,’ സുറിയാനി മിസ്റ്റിക്കായ നിനവേയിലെ മാർ ഐസക് പറയുന്നു, വി.അഗസ്റ്റിന്റെ പ്രാർഥന നമുക്കും ഏറ്റുചൊല്ലാം: ‘ദൈവമേ, വിനീതനായിരിക്കാൻ നീ കല്പിച്ചിട്ടുണ്ടല്ലോ. നീ കല്പിക്കുന്നത് എനിക്കു തരിക, നീ ഇച്ഛിക്കുന്നത് എന്നോടു കല്പിക്കുക.’
റവ. ഡോ. ജോസ് കൊച്ചുപറന്പിൽ


