മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ’ (മത്തായി 8:22)

Published on

തന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന ഒരു ശിഷ്യന്റെ അപേക്ഷയ്ക്ക് ഈശോ നല്‍കിയ മറുപടിയാണ്: നീ എന്നെ അനുഗമിക്കുക; മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ’ (മത്തായി 8:22). മരിച്ചവരെ സംസ്‌കരിക്കുന്നത്  പവിത്രമായ കര്‍മമാണ്. അതുകൊണ്ടുതന്നെ ഈശോയുടെ വാക്കുകള്‍ ആദ്യനോട്ടത്തില്‍ കഠിനവും മാനുഷിക പരിഗണനകളില്ലാത്തതുമായി തോന്നാം. എന്നാല്‍ വചനത്തിന്റെ പശ്ചാത്തലവും ആഴത്തിലുള്ള അര്‍ഥവും മനസിലാക്കുമ്പോള്‍ ശിഷ്യത്വത്തിന്റെ മഹത്വവും അതിന്റെ അടിയന്തരതയും വ്യക്തമാക്കുന്ന അതീവശക്തമായ വചനമാണിതെന്ന് തിരിച്ചറിയാന്‍ കഴിയും.

മാതാപിതാക്കളെ ബഹുമാനിക്കുക എന്നത് പത്തു കല്‍പ്പനകളില്‍ അഞ്ചാമത്തേതാണ്. യഹൂദരുടെ ജീവിതത്തില്‍ മാതാപിതാക്കളെ സംസ്‌കരിക്കുന്നത് ഈ കല്‍പ്പനയുടെ പ്രധാനപ്പെട്ട പ്രകടനമായിരുന്നു. യാക്കോബിനെ സംസ്‌കരിക്കുന്നതിനായി യോസേഫ് നടത്തിയ ക്രമീകരണങ്ങളും (ഉല്‍പത്തി 47:27-30; 50:5), തന്റെ പിതാവായ തോബിത്തിന്റെ ഉപദേശം അനുസരിച്ച് മരിച്ചവരെ സംസ്‌കരിക്കേണ്ടതിന്റെ പ്രാധാന്യം തോബിയാസ് മനസിലാക്കിയിരുന്നതും (തോബിത് 4:3-4) ഇതിന് തെളിവുകളാണ്. മാത്രമല്ല മൃതശരീരത്തില്‍ സ്പര്‍ശിക്കുന്നതിലൂടെ അശുദ്ധിയാകുന്നതിനാല്‍ സാധാരണയായി അതില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിയിരുന്ന പുരോഹിതന്മാര്‍ക്കും നാസീര്‍വ്രതക്കാര്‍ക്കും പോലും അടുത്ത ബന്ധുക്കളുടെ മരണത്തില്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ സംസ്‌കാരച്ചടങ്ങുകളില്‍ ഉത്തരവാദിത്വമുണ്ടായിരുന്നു (ലേവ്യര്‍ 21:11; സംഖ്യ 6:6-7). അതിനാല്‍ ഈ പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ‘മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ’ എന്ന ഈശോയുടെ വാക്കുകള്‍ കൂടുതല്‍ ഗൗരവമുള്ളതായി തോന്നുന്നു.

എന്നാല്‍ മത്തായി 8:18-22 വരെയുള്ള ഭാഗത്തെ പ്രധാന വിഷയം ശിഷ്യത്വത്തിന്റെ വിലയും അതിന്റെ അടിയന്തരസ്വഭാവവുമാണ്.. ഈശോയെ അനുഗമിക്കുക എന്നത് സൗകര്യാനുസരണം പിന്നീട് ചെയ്യാവുന്ന ഒരു തീരുമാനമല്ല; ദൈവരാജ്യത്തിന്റെ വിളിയോട് ഉടന്‍ പ്രതികരിക്കേണ്ട വിശ്വാസത്തിന്റെ തീരുമാനമാണ്. ഇവിടെ യഹൂദരുടെ സംസ്‌കാരരീതിയെക്കുറിച്ചുള്ള ഒരു വസ്തുത കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാം നൂറ്റാണ്ടിലെ യഹൂദരില്‍ മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചതിനു ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് അസ്ഥികള്‍ ശേഖരിച്ച് ഒരു പെട്ടിയില്‍ സൂക്ഷിക്കുകയും വീണ്ടും സംസ്‌കരിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അതിനാല്‍ ‘ആദ്യം പോയി എന്റെ പിതാവിനെ സംസ്‌കരിക്കാന്‍ അനുവദിക്കണമേ’ എന്ന ശിഷ്യന്റെ വാക്കുകള്‍, പിതാവ് അപ്പോള്‍ മരിച്ചുകിടക്കുകയാണെന്നോ ഉടന്‍ സംസ്‌കരിക്കേണ്ട സാഹചര്യമാണെന്നോ നിര്‍ബന്ധമായും അര്‍ഥമാക്കണമെന്നില്ല. പിതാവിന്റെ മരണംവരെ കാത്തിരിക്കുക, അല്ലെങ്കില്‍ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാകുന്നതുവരെ ശിഷ്യത്വം മാറ്റിവയ്ക്കുക എന്ന ദീര്‍ഘവും അനിശ്ചിതവുമായ കാലതാമസത്തെയും അത് സൂചിപ്പിക്കാം. അതുകൊണ്ടാണ് ഈശോയുടെ മറുപടിയില്‍ ശിഷ്യത്വത്തിന്റെ അടിയന്തരത ഇത്ര ശക്തമായി ഉയര്‍ത്തിക്കാട്ടുന്നത്.

ഈ വചനത്തിലെ ‘മരിച്ചവര്‍’ എന്ന പ്രയോഗത്തിനും പ്രത്യേക ശ്രദ്ധ നല്‍കേണ്ടതുണ്ട്. ഗ്രീക്ക് ഭാഷയിലെ നെക്രോസ് എന്ന പദം സാധാരണയായി ശാരീരികമായി മരിച്ച വ്യക്തിയെയോ മൃതശരീരത്തെയോ സൂചിപ്പിക്കുന്നു. എന്നാല്‍ ബൈബിള്‍ ഭാഷയില്‍ ദൈവത്തില്‍നിന്നും ദൈവികജീവിതത്തില്‍നിന്നും അകന്നുനില്‍ക്കുന്നവരെ സൂചിപ്പിക്കുന്നതിനും ഈ പദം ആലങ്കാരികമായി ഉപയോഗിക്കുന്നു. ഉദാഹരണത്തിന് ആത്മീയമായി ദൈവത്തില്‍നിന്ന് അകന്നിരിക്കുന്ന അവസ്ഥയെ ‘മരണം’ എന്ന പ്രതീകത്തിലൂടെ വിശുദ്ധഗ്രന്ഥം പലപ്പോഴും അവതരിപ്പിക്കുന്നു.

അതിനാല്‍,’മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ’ എന്ന ഈശോയുടെ വാക്കിന്റെ ആഴത്തിലുള്ള അര്‍ഥം ഇങ്ങനെ മനസ്സിലാക്കാം: ദൈവരാജ്യത്തിന്റെ വിളിയോട് പ്രതികരിക്കാത്ത ആത്മീയമായി ‘മരിച്ചവര്‍’ ഭൗതികമായി മരിച്ചവരെ സംസ്‌കരിക്കട്ടെ; എന്നാല്‍ ദൈവരാജ്യത്തിന്റെ വിളി കേട്ടിരിക്കുന്ന നീ ഇപ്പോള്‍ തന്നെ എന്നെ അനുഗമിക്കുക. ഇവിടെ പിതാവിനെ സംസ്‌കരിക്കുന്നതിന്റെ പുണ്യത്തെ ഈശോ നിരാകരിക്കുന്നില്ല. മറിച്ച് അതിനേക്കാള്‍ ഉയര്‍ന്ന ഒരു മുന്‍ഗണനയെയാണ് അവിടുന്ന് ശിഷ്യന്റെ മുന്നില്‍ വയ്ക്കുന്നത്. ദൈവരാജ്യത്തിന്റെ വിളിയോടുള്ള പൂര്‍ണവും അടിയന്തരവുമായ പ്രതികരണം.

മത്തായിയുടെ സുവിശേഷത്തില്‍ തന്നെ കുടുംബബന്ധങ്ങളേക്കാള്‍ ക്രിസ്തുവിനോടുള്ള ബന്ധത്തിന് നല്‍കേണ്ട മുന്‍ഗണന ഈശോ വ്യക്തമാക്കുന്നുണ്ട്: ‘എന്നെക്കാള്‍ അധികമായി അപ്പനെയോ അമ്മയെയോ സ്‌നേഹിക്കുന്നവന്‍ എനിക്ക് യോഗ്യനല്ല’ (മത്തായി 10:37). അതുപോലെ, ‘എന്റെ നാമത്തെപ്രതി വീടോ സഹോദരന്മാരെയോ സഹോദരിമാരെയോ പിതാവിനെയോ മാതാവിനെയോ മക്കളെയോ വയലുകളെയോ ഉപേക്ഷിച്ചവന് നൂറിരട്ടി ലഭിക്കുകയും നിത്യജീവന്‍ അവകാശമാകുകയും ചെയ്യും’ (മത്തായി 19:29) എന്നും ഈശോ പറയുന്നു. കുടുംബബന്ധങ്ങള്‍ അപ്രധാനമാണെന്നല്ല മറിച്ച് എല്ലാ ബന്ധങ്ങളുടെയും ഉത്തരവാദിത്വങ്ങളുടെയും മുകളിലായി ദൈവത്തിന് നല്‍കേണ്ട പരമമായ മുന്‍ഗണനയെക്കുറിച്ചാണ് ഈശോ പഠിപ്പിക്കുന്നത്.

അതുകൊണ്ട് ഈ വചനം കുടുംബധര്‍മ്മത്തെ നിരാകരിക്കുന്ന വചനമല്ല; മറിച്ച്, ദൈവവിളിയെ യാതൊരു കാരണത്താലും അനിശ്ചിതമായി മാറ്റിവയ്ക്കരുതെന്ന ശക്തമായ ആഹ്വാനമാണ്. പിതാവിനെ സംസ്‌കരിക്കുക എന്നത് പുണ്യകരമായ കടമ തന്നെയാണ്. എന്നാല്‍ ക്രിസ്തുവിന്റെ വിളി ലഭിച്ച നിമിഷത്തില്‍ ആ വിളിയോട് പ്രതികരിക്കുന്നതാണ് ഏറ്റവും ഉയര്‍ന്ന ഉത്തരവാദിത്വം. ദൈവരാജ്യത്തിന്റെ വിളി ‘പിന്നീട്’ എന്ന് പറഞ്ഞ് മാറ്റിവയ്ക്കാനുള്ള ഒന്നല്ല; അത് ഇപ്പോള്‍ സ്വീകരിക്കേണ്ട വിളിയാണ്.വിശുദ്ധ ആഗസ്തീനോസിന്റെ ചിന്തയില്‍ ഈ സത്യത്തിന്റെ മനോഹരമായ ഒരു പ്രതിധ്വനി കാണാം: ‘ജന്മം നല്‍കിയവനെ സ്‌നേഹിക്കണം; എന്നാല്‍ സ്രഷ്ടാവിന് മുന്‍ഗണന നല്‍കണം.’ മനുഷ്യബന്ധങ്ങളെ സ്‌നേഹിക്കുകയും ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുമ്പോഴും അവയെല്ലാം ദൈവത്തോടുള്ള നമ്മുടെ ബന്ധത്തിന് കീഴില്‍ ക്രമീകരിക്കണം.

അതിനാല്‍’മരിച്ചവര്‍ തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കട്ടെ’ എന്ന ഈശോയുടെ വചനം ക്രൂരതയുടെ ഭാഷയല്ല; മറിച്ച്, ശിഷ്യത്വത്തിന്റെ സമ്പൂര്‍ണതയിലേക്കുള്ള ഉണര്‍ത്തലാണ്. ജീവിതത്തില്‍ ക്രിസ്തുവിന് ഒന്നാം സ്ഥാനം നല്‍കുക, ദൈവരാജ്യത്തിന്റെ വിളി കേള്‍ക്കുമ്പോള്‍ കാലതാമസം വരുത്താതിരിക്കുക, എല്ലാ ബന്ധങ്ങളെയും ഉത്തരവാദിത്വങ്ങളെയും ദൈവത്തോടുള്ള ബന്ധത്തിന്റെ വെളിച്ചത്തില്‍ ക്രമീകരിക്കുക.ഇതാണ് ഈ വചനത്തിന്റെ ഹൃദയസന്ദേശം. ക്രിസ്തുവിനെ അനുഗമിക്കുന്ന ജീവിതം നാളെയിലേക്ക് മാറ്റിവയ്ക്കാനുള്ള തീരുമാനമല്ല; ദൈവം വിളിക്കുന്ന ഇന്നില്‍ തന്നെ ‘അതെ’ എന്ന് പറയുന്ന വിശ്വാസജീവിതമാണ്.

റവ. ഡോ. ജോജു കോക്കാട്ട്

Latest Updates

POPULAR Views

FEATUERD Views

യേശുവിന്റെ സഹോദരന്മാര്‍ (മത്തായി 13:55) 

വിശുദ്ധ മത്തായിയുടെ സുവിശേഷത്തിലെ 1:25 ഉം 13:55 ഉം തെറ്റായി വ്യാഖ്യാനിച്ച്,...

അഹിംസയുടെ വിപ്ലവാത്മക മുഖം: യേശുവിന്റെ ‘മൂന്നാം വഴി’

മത്തായിയുടെ സുവിശേഷം 5:39-44 വരെയുള്ള വചനങ്ങള്‍ കാലങ്ങളായി ക്രിസ്തീയധാര്‍മ്മികതയുടെ ഹൃദയഭാഗമാണ്. എന്നാല്‍...

ദൈവഹിതമറിയാന്‍ കുറിയിടാമോ? അപ്പസ്‌തോലന്മാരുടെ നറുക്കിടലും സഭാപാരമ്പര്യവും!

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം അപ്പസ്‌തോലന്മാര്‍ ജറുസലമിലെ സെഹിയോന്‍...

സത്യമായും ആത്മാവില്‍ ആരാധിക്കുന്ന സമയം (യോഹന്നാന്‍ 4 :24 )

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍...

സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

'സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും' (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...