ആഗോള സമൂഹം ഇന്ന് എത്തിനില്‍ക്കുന്നത് ഡിജിറ്റല്‍ വിപ്ലവത്തിന്റെ അതിവേഗതയാര്‍ന്ന മൂര്‍ദ്ധന്യഘട്ടത്തിലാണ്. നിര്‍മ്മിതബുദ്ധിയും (Artificial Intelligence) നവമാധ്യമങ്ങളും വിനിമയ സാധ്യതകളെ മാറ്റിമറിക്കുമ്പോള്‍, ഈ മാറ്റങ്ങളെ കേവലം സാങ്കേതിക പുരോഗതിയായി മാത്രം കാണാന്‍ സാധിക്കുകയില്ല. ആഗോളതലത്തില്‍ ഏതാണ്ട് ആയിരത്തോളം പേര് പങ്കെടുത്ത ഈ ഡിജിറ്റല്‍ ഒത്തുചേരല്‍ പോലും ഈ യുഗത്തിന്റെ സവിശേഷതയാണ്. ഈ പശ്ചാത്തലത്തിലാണ് പരിശുദ്ധ പിതാവ് ലെയോ മാര്‍പാപ്പയുടെ ‘മാഞ്ഞിഫിക്കാ ഹ്യൂമാനിത്താസ്’ (Magnificat Humanitas) എന്ന പുതിയ ചാക്രികലേഖനം പ്രസക്തമാകുന്നത്. പുതിയ കാലത്തിന്റെ സാങ്കേതിക മുന്നേറ്റങ്ങളിലെ പുതുമകളെക്കുറിച്ച് അന്വേഷിക്കുന്ന ഏതൊരു വായനക്കാരനും ഈ പ്രബോധനത്തില്‍ കണ്ടെത്തുക, നിര്‍മ്മിതബുദ്ധിയെ ഇന്നത്തെ കാലഘട്ടത്തില്‍ എങ്ങനെ വിവേചിച്ചറിയണം (Discernment) എന്നതിനെക്കുറിച്ചുള്ള ആഴമേറിയ ചിന്തകളാണ്. സാങ്കേതികവിദ്യയ്ക്കപ്പുറം, സമകാലിക ലോകത്ത് പല രീതിയില്‍ ഭീഷണി നേരിടുന്ന ‘മനുഷ്യമാഹാത്മ്യത്തെ’ (Human Digntiy) കേന്ദ്രീകരിച്ചുള്ള സമഗ്രമായ ഒരു ദര്‍ശനമാണ് പരിശുദ്ധ പിതാവ് ഈ ലേഖനത്തിലൂടെ ലോകത്തിന് നല്‍കുന്നത്.
കത്തോലിക്കാ സാമൂഹിക പ്രബോധനങ്ങളുടെ ചരിത്രപരമായ വികാസം
പരിശുദ്ധ പിതാവിന്റെ ഈ ചാക്രികലേഖനം ആകസ്മികമായി ഉണ്ടായ ഒന്നല്ല; മറിച്ച്, സഭയുടെ സമ്പന്നമായ സാമൂഹിക പ്രബോധനങ്ങളുടെ (Social Teachings of the Church) തുടര്‍ച്ചയാണ്. ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ‘രേരും നൊവാരും’ (Rerum Novarum) മുതല്‍ ആരംഭിച്ച ഈ പാരമ്പര്യം തൊഴിലിന്റെയും തൊഴിലാളിയുടെയും മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കുന്നു. വിരലിലെണ്ണക്കാവുന്ന ആളുകളുടെ കൈകളില്‍ സമ്പത്ത് കുമിഞ്ഞുകൂടുന്നതിനെയും ദാരിദ്ര്യം വര്‍ദ്ധിക്കുന്നതിനെയും സഭ എക്കാലത്തും എതിര്‍ത്തിട്ടുണ്ട്. തുടര്‍ന്നു വന്ന മാര്‍പാപ്പമാര്‍ മതസ്വാതന്ത്ര്യം മൗലികാവകാശമാണെന്ന് പ്രഖ്യാപിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ പ്രബോധനങ്ങളിലൂടെ പരിസ്ഥിതി ചൂഷണത്തിനെതിരെ ശബ്ദമുയര്‍ത്തുകയും ഭൂമിയുടെ കരച്ചിലും പാവങ്ങളുടെ കരച്ചിലും ഒരേപോലെ ശ്രവിക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുകയും ചെയ്തു. വിഭവങ്ങളുടെ സാര്‍വ്വത്രികമായ വിതരണം (Universal Destination of Goods) ഉറപ്പാക്കിക്കൊണ്ട്, കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് സഭ നല്കിയ മാര്‍ഗരേഖകളുടെ ഏറ്റവും പുതിയ പതിപ്പാണ് ലെയോ പാപ്പായുടെ ഈ പുതിയ ചാക്രികലേഖനം.
സാങ്കേതികവിദ്യ ഒരിക്കലും ‘നിഷ്പക്ഷമല്ല’ (Netural) എന്ന് വ്യക്തമാക്കുന്ന ചാക്രികലേഖനം, അതിനെ വിലയിരുത്താന്‍ കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ മൂന്ന് അടിസ്ഥാന പ്രമാണങ്ങള്‍ മുന്നോട്ടുവെക്കുന്നു:
ദൈവപ്രതിരൂപമായ മനുഷ്യന്: മനുഷ്യവ്യക്തി ത്രിയേക ദൈവത്തിന്റെ പ്രതിരൂപമാണ്. മൂന്ന് വ്യക്തികളുടെ പരസ്പര ബന്ധമാണ് ത്രിത്വം എന്നതിനാല്‍ മനുഷ്യനും അടിസ്ഥാനപരമായി ബന്ധങ്ങളില്‍ ജീവിക്കേണ്ടവനാണ്; അവനെ ഒറ്റപ്പെടുത്തി കാണാന്‍ സാധിക്കില്ല.
തുല്യ മഹത്വം: മനുഷ്യരുടെ തുല്യ മഹത്വമാണ് രണ്ടാമത്തെ പ്രമാണം. ദൈവസ്നേഹം അതിരുകളില്ലാത്തതായതിനാല് കഴിവുള്ളവനും ഇല്ലാത്തവനും, രോഗിക്കും ആരോഗ്യവാനും, ധനികനും ദരിദ്രനും ഒരേ മനുഷ്യവിലയാണുള്ളത്.
മനുഷ്യാവകാശങ്ങള്‍: മനുഷ്യാവകാശങ്ങള്‍ മനുഷ്യമഹത്വത്തിന്റെ പ്രകാശനമാണ്. രണ്ടാം നൂറ്റാണ്ടില്‍ തെര്‍ത്തുല്യന്‍ എന്ന സഭാപിതാവാണ് ‘ഹ്യൂമന്‍ റൈറ്റ്സ്’ എന്ന പദം ആദ്യമായി ഉപയോഗിക്കുന്നത് എന്നതിനാല്‍ ക്രൈസ്തവ പാരമ്പര്യത്തിലാണ് ഈ ആശയങ്ങള്‍ വളര്‍ന്നുവന്നത്.
ഭീഷണി നേരിടുന്ന മനുഷ്യമാഹാത്മ്യം: യുദ്ധവും അടിമത്തവും
മാനവികത ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ കേവലം സാങ്കേതികമായവ മാത്രമല്ല. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന യുദ്ധങ്ങള്‍, ആധുനിക അടിമത്തത്തിന്റെ (Modern Slavery) വിവിധ രൂപങ്ങള്‍ എന്നിവ മനുഷ്യന്റെ അന്തസ്സിനെ നിരന്തരം ചോദ്യം ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകള്‍ വികസിക്കുമ്പോഴും മനുഷ്യന് കൂടുതല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു എന്ന യാഥാര്‍ത്ഥ്യം പരിശുദ്ധ പിതാവ് ചൂണ്ടിക്കാണിക്കുന്നു. ഒരു പുതിയ സ്നേഹസംസ്കാരം (Culture of Love) വാര്‍ത്തെടുക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് സംസാരിക്കുന്ന ചാക്രികലേഖനം, സാങ്കേതിക പുരോഗതി മനുഷ്യനെ യന്ത്രത്തിന്റെ ഇരയാക്കി മാറ്റുന്ന വര്‍ത്തമാനകാല സാഹചര്യങ്ങളെ ശക്തമായി വിമര്‍ശിക്കുന്നുണ്ട്.
നിര്‍മ്മിതബുദ്ധിയും തൊഴില്‍മേഖലയിലെ പ്രതിസദ്ധികളും
സാങ്കേതികവിദ്യയുടെ വികാസം സാമ്പത്തികതൊഴില്‍ മേഖലകളില്‍ ഉണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണ്. ‘ഔട്ട്ലുക്ക്’ (Outlook) ദേശീയ വാരികയുടെ കവര്‍ പേജ് സ്റ്റോറിയായ ‘The Slow Death of IT Sector Jobs’ ഇതിനൊരു വ്യക്തമായ ഉദാഹരണമാണ്. ഇന്ത്യയില്‍ മാത്രം ഏതാണ്ട് ആറ് മില്യണ്‍ (60 ലക്ഷം) ആളുകള്‍ ഐ.ടി മേഖലയെ ആശ്രയിച്ചു ജീവിക്കുമ്പോള്‍, കഴിഞ്ഞ വര്‍ഷം മാത്രം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടു. മൈക്രോസോഫ്റ്റ് (15,000 പേര്), ആമസോണ്‍ (30,000 പേര്) തുടങ്ങിയ വന്‍കിട കമ്പനികള്‍ വന്‍തോതില്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു. മനുഷ്യന് ചെയ്യുന്നതിനേക്കാള്‍ വേഗതയില്‍ നിര്‍മ്മിതബുദ്ധിക്ക് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നു എന്ന കാരണത്താലാണ് കമ്പനികള്‍ മനുഷ്യശേഷിയെ ഒഴിവാക്കുന്നത്.
തൊഴിലിലൂടെയും ക്രിയാത്മകമായ അദ്ധ്വാനത്തിലൂടെയുമാണ് മനുഷ്യന് ജീവിക്കാനുള്ള മാഹാത്മ്യവും ആത്മാഭിമാനവും ലഭിക്കുന്നത്. എന്നാല്‍ എ.ഐയുടെ കടന്നുകയറ്റം മൂലം മനുഷ്യന് തൊഴില്‍ നഷ്ടപ്പെടുകയും അവന് ലഭിക്കേണ്ട ഉദാത്തമായ അന്തസ്സ് ഇല്ലാതാവുകയും ചെയ്യുന്നു. സാങ്കേതികവിദ്യയുടെ ഈ ക്രൂരമായ പാര്‍ശ്വഫലത്തെക്കുറിച്ച് ‘മാഞ്ഞിഫിക്കാ ഹ്യൂമാനിത്താസ്’ എന്ന ചാക്രികലേഖനത്തില്‍ പരിശുദ്ധ പിതാവ് അതീവ ഉത്കണ്ഠയോടെ പരാമര്‍ശിക്കുന്നുണ്ട്.
ആധുനിക യുദ്ധമുറകളും എ.ഐയുടെ ധാര്‍മ്മിക പരാജയവും
അടുത്ത നാളുകളില്‍ നടന്ന ഇറാന്‍ഇസ്രായേല്‍ യുദ്ധം ലോകത്തിലെ ആദ്യത്തെ പരിപൂര്‍ണ്ണ ‘എ.ഐ യുദ്ധം’ (AI War) എന്നാണ് വിലയിരുത്തപ്പെടുന്നത്. കേവലം 96 മണിക്കൂറിനുള്ളില്‍ രണ്ടായിരത്തോളം വ്യത്യസ്ത ലക്ഷ്യസ്ഥാനങ്ങളില്‍ (Destinations) ബോംബാക്രമണം നടത്താന്‍ മനുഷ്യബുദ്ധിക്ക് മാത്രമായി സാധ്യമല്ല. നിര്‍മ്മിതബുദ്ധിയുടെ അല്‍ഗോരിതങ്ങളുടെ (Algorithms) സഹായത്തോടെയാണ് ഈ വിനാശകരമായ ദൗത്യം നടപ്പിലാക്കിയത്. എന്നാല്‍ സമാനതകളില്ലാത്ത ഈ കാര്യക്ഷമതയുടെ മറുവശം വന്‍ ധാര്‍മ്മിക പരാജയമായിരുന്നു.
യുദ്ധത്തിന്റെ പ്രകാരംഭ ഘട്ടത്തില്‍ ഇറാനിലെ ‘മിനാബ്’ എന്ന സ്ഥലത്തെ ഒരു സ്കൂള്‍ ബോംബിട്ടു തകര്‍ക്കപ്പെടുകയും 180ഓളം പെണ്‍കുട്ടികള്‍ ക്രൂരമായി മരണപ്പെടുകയും ചെയ്തു. മുന്‍പ് ഇറാനിയന്‍ റെവല്യൂഷനറി ഗാര്‍ഡിന്റെ ആസ്ഥാനമായിരുന്ന ആ കെട്ടിടം പിന്നീട് ഒരു സ്കൂളായി മാറിയ വിവരം എ.ഐയുടെ അല്‍ഗോരിതങ്ങളില്‍ അപ്ഡേറ്റ് ചെയ്യപ്പെട്ടിരുന്നില്ല. മനുഷ്യത്വമില്ലാത്ത യന്ത്രബുദ്ധി പഴയ ഡാറ്റയുടെ അടിസ്ഥാനത്തില്‍ ലക്ഷ്യം നിര്ണ്ണയിച്ചപ്പോള് പൊലിഞ്ഞുപോയത് നിരപരാധികളായ കുഞ്ഞുങ്ങളുടെ ജീവനാണ്. കാര്യക്ഷമതയുടെ പേരില്‍ ധാര്‍മ്മികത കൈവിടുന്ന ഇത്തരം സാങ്കേതിക സംവിധാനങ്ങള്‍ മനുഷ്യരാശിക്ക് എത്രത്തോളം ഭീഷണിയാണെന്ന് ഈ സംഭവം തെളിയിക്കുന്നു.
ബാബേല്‍ ഗോപുരവും ജെറുസലേം പട്ടണവും: രണ്ട് വിരുദ്ധ ദര്‍ശനങ്ങള്‍
എ.ഐയും ആധുനിക സാങ്കേതികവിദ്യകളും ഉപയോഗിച്ച് മനുഷ്യന് കെട്ടിപ്പടുക്കുന്ന ഈ പുതിയ ലോകത്തെ വിലയിരുത്താന്‍ പരിശുദ്ധ പിതാവ് ബൈബിള്‍ അധിഷ്ഠിതമായ ഒരു ചോദ്യം ഉന്നയിക്കുന്നു: നാം പണിയുന്ന ഈ ലോകം ഒരു ‘ബാബേല്‍ ഗോപുരമാണോ’ അതോ നെഹമിയ പടുത്തുയര്‍ത്തിയ ‘ജെറുസലേം പട്ടണമാണോ?’
ബാബേല്‍ ഗോപുരത്തിന്റെ പശ്ചാത്തലം പരിശോധിച്ചാല്‍, മനുഷ്യന് തന്റെ അഹങ്കാരത്തിനും പേരിനും നിയന്ത്രണത്തിനും വേണ്ടി ആകാശംമുട്ടുന്ന ഗോപുരം പണിയാന്‍ ശ്രമിച്ചതായി കാണാം. അവിടെ സാങ്കേതികവിദ്യയും മനുഷ്യശക്തിയും ഉണ്ടായിരുന്നുവെങ്കിലും ദൈവത്തിന് സ്ഥാനമില്ലായിരുന്നു. ഇത് സ്വയംപര്യാപ്തതയുടെയും (Selffulfillment) നിഗളിപ്പിന്റെയും പ്രതീകമാണ്. കേവലം ഫലപ്രാപ്തിക്ക് വേണ്ടി മനുഷ്യന്റെ മഹത്വത്തെ ബലികഴിക്കുന്ന അവസ്ഥയാണിത്.
ഇതിന് വിപരീതമായാണ് നെഹമിയ ജെറുസലേമിന്റെ മതിലുകള്‍ പണിയുന്നത്. ദൈവ സന്നിധിയില്‍ ഉപവസിച്ചും പ്രാര്‍ത്ഥിച്ചും, ദൈവത്തെ മുന്‍നിര്‍ത്തി പദ്ധതികള്‍ ആവിഷ്കരിച്ചപ്പോഴും അദ്ദേഹം മനുഷ്യനെയോ മനുഷ്യന്റെ ബലഹീനതകളെയോ ഒഴിവാക്കിയില്ല. കല്ലും മണ്ണും കൊണ്ട് മതില് പണിയുന്നതിന് മുന്‍പ് നെഹമിയ മനുഷ്യരെ ഒരുമിപ്പിക്കുകയും അവരെ പങ്കാളികളാക്കുകയും വഴി മനോഹരമായ മാനൂഷിക ബന്ധങ്ങള്‍ പടുത്തുയര്‍ത്തി.
ബാബേല്‍ സിന്‍ഡ്രോമും വ്യക്തിത്വത്തിന്റെ അപചയവും
ഇന്നത്തെ കോര്‍പ്പറേറ്റ് ലോകം നേരിടുന്നത് ഒരു ‘ബാബേല്‍ സിന്‍ഡ്രോം’ (Babel Syndrome) ആണ്. ലാഭത്തെ (Profit) മാത്രം വിഗ്രഹമാക്കുന്ന ഒരു സംസ്കാരമാണിത്. ലാഭമുണ്ടാക്കാന്‍ മനുഷ്യനെ ആവശ്യമില്ലെങ്കില്‍ യന്ത്രങ്ങളെ ഉപയോഗിക്കുക, മനുഷ്യന്റെ വേദനകള്‍ തങ്ങളുടെ ബിസിനസ്സ് അല്ല എന്ന് കരുതുക എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്. ഡിജിറ്റല്‍ ലാംഗ്വേജ് (Digital Language) എന്ന ഒരൊറ്റ മാധ്യമത്തിലൂടെ ലോകത്തെ മുഴുവന്‍ കൈപ്പിടിയിലൊതുക്കാനുള്ള വ്യഗ്രത ഇതിലുണ്ട്.
ഇവിടെ മനുഷ്യവ്യക്തി എന്ന അഗാധമായ രഹസ്യത്തെ കേവലം ഡാറ്റ (Data) ആയും പെര്‍ഫോമന്‍സ് (Performance) ആയും മാത്രമാണ് കണക്കാക്കുന്നത്. വ്യക്തികളെ അവരുടെ ഉപയോഗക്ഷമതയുടെ അടിസ്ഥാനത്തില്‍ മാത്രം അളക്കുകയും ബലഹീനരെയും വൈകല്യമുള്ളവരെയും സമൂഹത്തിന് ഭാരമായി (Burden) കണ്ട് ഉപേക്ഷിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. ഗര്‍ഭച്ഛിദ്രം (Abortion) പോലുള്ള ധാര്‍മ്മിക ലംഘനങ്ങള്‍ ഇവിടെ ഒരു പ്രശ്നമല്ലാതായി മാറുന്നു.
എ.ഐ ടൂളുകള്‍ ഉപയോഗിച്ച് കുട്ടികള്‍ മിനിറ്റുകള്‍ക്കുള്ളില്‍ അസൈന്മെന്റുകളും ഉപന്യാസങ്ങളും തയ്യാറാക്കുമ്പോള്‍ അവരുടെ ചിന്താശേഷിയും കഠിനാധ്വാനവും ഇല്ലാതാവുകയാണ് ചെയ്യുന്നത്. 80 വര്‍ഷമായി പരിഹരിക്കാന്‍ കഴിയാത്ത ഗണിതശാസ്ത്ര പസിലുകള്‍ എ.ഐ നിമിഷങ്ങള്‍ക്കുള്ളില്‍ പരിഹരിക്കുമെന്നത് അതിന്റെ വേഗതയുടെ തെളിവാണെങ്കിലും, അത് മനുഷ്യന്റെ സഹജമായ കഴിവുകളെ നിഷ്പ്രഭമാക്കുന്നു.
സാമൂഹിക നന്മയ്ക്കുള്ള ധാര്‍മ്മിക തത്വങ്ങള്‍
ഡിജിറ്റല്‍ മേഖലയെയും തൊഴില്‍ പ്രശ്നങ്ങളെയും നിയന്ത്രിക്കാന്‍ ചില പ്രധാന ധാര്‍മ്മിക തത്വങ്ങള്‍ ചാക്രികലേഖനം മുന്നോട്ടുവെക്കുന്നുണ്ട്:
പൊതുനന്മ (Common Good): ഏത് പ്രവര്‍ത്തനത്തിന്റെയും ലക്ഷ്യം പൊതുനന്മയായിരിക്കണം; കാരണം, ഭാഗങ്ങളേക്കാള്‍ വലുതാണ് സമഗ്രത (Whole is greater than parts).
വിഭവങ്ങളുടെ സാര്‍വ്വത്രിക അവകാശം: മണ്ണ്, വെള്ളം, വായു എന്നിവ പോലെ തന്നെ പുതിയ കാലത്തെ വിഭവങ്ങളായ പേറ്റന്റുകള്‍, അല്‍ഗോരിതങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്, ഡാറ്റ എന്നിവയും കുറച്ചുപേരുടെ മാത്രം കുത്തകയാകരുത്. ഇന്ന് ഡാറ്റയുള്ളവനാണ് ശക്തന്, എന്നാല്‍ അത് എല്ലാവര്ക്കും അവകാശപ്പെട്ടതായിരിക്കണം.
സബ്സിഡിയാരിറ്റി തത്വം (Principle of Subsidiartiy): എല്ലാ അധികാരങ്ങളും സ്റ്റേറ്റ് (State) കേന്ദ്രീകരിക്കരുത്; വ്യക്തികള്‍ക്കും സഭയ്ക്കും സംഘടനകള്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍ അവര്‍ക്ക് വിട്ടുനല്‍കണം.
സോളിഡാരിറ്റി തത്വം (Principle of Solidartiy): എല്ലാവരും ദൈവത്തിന്റെ ഛായയിലുള്ളവരായതിനാല് വലിയൊരു കൂട്ടായ്മയായി ഒന്നിച്ച് പ്രവര്‍ത്തിക്കണം.
സാമൂഹിക നീതി (Social Justice): എല്ലാവര്ക്കും മഹത്വപൂര്‍ണ്ണമായ ജീവിതം നയിക്കാനുള്ള അവകാശം ഉറപ്പാക്കണം.
നിര്‍മ്മിത ബുദ്ധിയെ നിരായുധീകരിക്കലും പ്രതിസംസ്കാര രൂപീകരണവും
ലാഭവും കാര്യക്ഷമതയും മാത്രം നോക്കി തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പ്രകൃതിയും മനുഷ്യനും ചൂഷണത്തിന് ഇരയാകുന്നു. ഇന്ന് ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളുടെ നിയന്ത്രണം ജനാധിപത്യ സര്‍ക്കാരുകളുടെ കയ്യിലല്ല, മറിച്ച് കോര്‍പ്പറേറ്റ് കമ്പനികളുടെ കയ്യിലാണ്. അവരുടെ ധാര്‍മ്മികത ക്രൈസ്തവ ധാര്‍മ്മികതയോ പൊതുനന്മയോ അല്ല, കേവലം ലാഭം മാത്രമാണ്. ഇവിടെ മനുഷ്യന്റെ ബുദ്ധിയും മനസ്സാക്ഷിയും സ്വാതന്ത്ര്യവും നിര്‍മ്മിതബുദ്ധിക്ക് കീഴടങ്ങുന്നു.
നിര്‍മ്മിതബുദ്ധിക്ക് ശരീരമില്ല, അനുഭവങ്ങളില്ല, സന്തോഷവും ദുഃഖവുമില്ല, ധാര്‍മ്മിക മനസ്സാക്ഷിയുമില്ല. മനുഷ്യന് ബുദ്ധി മാത്രമല്ല, വികാരങ്ങളും ബന്ധങ്ങളും ആവശ്യമാണ്. ഗൂഗിളും എന്‍വിഡിയയും (Nvidia) തമ്മില്‍ നടത്തുന്ന സാങ്കേതിക മത്സരങ്ങള്‍ ഒരു യുദ്ധമായി മാറുമ്പോള്‍, ‘Disarm AI’ (എ.ഐയെ നിരായുധീകരിക്കുക) എന്ന മനോഹരമായ ആഹ്വാനമാണ് പരിശുദ്ധ പിതാവ് നല്‍കുന്നത്. സാങ്കേതികവിദ്യയെ മത്സരങ്ങള്‍ക്കും വിനാശത്തിനും ഉപയോഗിക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു.
മനുഷ്യമഹത്വം എന്നത് ദൈവത്തിന്റെ ദാനം മാത്രമല്ല, അത് വളര്‍ത്തുക എന്നത് നമ്മുടെ വലിയൊരു ദൗത്യം (Mission) കൂടിയാണ്. നമ്മുടെ വാക്കുകളെ നിരായുധീകരിച്ച് സമാധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കണം. ഇവിടെയാണ് വിദ്യാഭ്യാസത്തിന്റെ (Education) പ്രാധാന്യം കടന്നുവരുന്നത്. സത്യത്തെ സ്നേഹിക്കുന്ന ഹൃദയങ്ങളെ നല്ല വിദ്യാഭ്യാസത്തിലൂടെ രൂപപ്പെടുത്തണം. ആത്മീയതയ്ക്ക് പരിശുദ്ധ പിതാവ് നല്കുന്ന പുതിയ നിര്‍വ്വചനം ശ്രദ്ധേയമാണ്: ‘It is being, becoming a wise architect’, അതായത് പൊതുനന്മയ്ക്ക് വേണ്ടി ലോകത്തെ നിര്‍മ്മിക്കാന്‍ തയ്യാറാവുക.
മനുഷ്യന്റെ പരിമിതികള്‍ ദൈവത്തിന്റെ കരുണ നിറയാനും സ്നേഹിക്കാനുമുള്ള അവസരങ്ങളാണ്. അതിനായി ഡിജിറ്റല്‍ ലോകത്തിന് പുറത്ത് മനുഷ്യര്‍ തമ്മിലുള്ള ശാരീരിക സാന്നിധ്യവും (Physical Presence) നല്ല ബന്ധങ്ങളും പുനഃസ്ഥാപിക്കപ്പെടണം. പരിശുദ്ധ ലെയോ മാര്‍പാപ്പ സാങ്കേതികവിദ്യയെ ഒരിക്കലും പൂര്‍ണ്ണമായി തള്ളിക്കളയുകയോ അതിനെ ഒരു നിഷേധാത്മകമായ അര്‍ത്ഥത്തില്‍ കാണുകയോ ചെയ്യുന്നില്ല. മറിച്ച്, ഡിജിറ്റല്‍ യുഗത്തിന്റെ വെല്ലുവിളികളെ നേരിട്ടുകൊണ്ട് മനുഷ്യന്റെ മാഹാത്മ്യം ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പുതിയ പ്രതിസംസ്കാരം (Counterculture) രൂപീകരിക്കാനാണ് അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുടെ ഏറ്റവും കാലികമായ ഈ പതിപ്പ്, സാങ്കേതികവിദ്യയെ മനുഷ്യത്വത്തിന്റെ വളര്‍ച്ചയ്ക്കായി വിവേകപൂര്‍വ്വം ഉപയോഗിക്കാന്‍ ലോകത്തെ പ്രേരിപ്പിക്കുന്ന ഒരു കൃത്യമായ മാര്‍ഗ്ഗരേഖയാണ്.
ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ



