പൗരസ്ത്യ കാനന്‍നിയമത്തില്‍ പ്രതിപാദിക്കുന്ന സ്വഭാവിക വ്യക്തികളെക്കുറിച്ചും (Physical Persons) നൈയാമിക വ്യക്തികളെക്കുറിച്ചും (Juridic Persons) വിശദീകരിക്കാമോ?
മാമ്മോദീസാ സ്വീകരിച്ചു കത്തോലിക്കാ സഭയില്‍ അംഗങ്ങളായിരിക്കുന്ന വ്യക്തികള്‍ ആരെന്നും ഏതെല്ലാം വിഭാഗത്തില്‍ പെടുന്നവരാണെന്നും അവരുടെ കടമകളും അവകാശങ്ങളും എപ്രകാരം സഭയില്‍ വിനയോഗിക്കപ്പെടണമെന്നും അവരേര്‍പ്പെടുന്ന പ്രവൃത്തികളുടെ നൈയാമികതയും പൗരസ്ത്യകാനന്‍നിയമം പത്തൊന്‍പതാമത് ശീര്‍ഷകത്തില്‍ 909 മുതല്‍ 935 വരെയുള്ള കാനോനകള്‍ വിശദീകരിക്കുന്നു. സഭയിലെ വ്യക്തികളെ രണ്ടു വിഭാഗത്തിലാണ് പൗരസ്ത്യ കാനന്‍ നിയമം തരം തിരിച്ചിരിക്കുന്നത്. 1. സ്വഭാവിക വ്യക്തികള്‍ 2. നൈയാമിക വ്യക്തികള്‍.
1. സ്വഭാവിക വ്യക്തികള്‍ (Physical persons)
CCEO c. 909 സ്വഭാവിക വ്യക്തികളെ മൂന്നായി തരം തിരിച്ചിരിക്കുന്നു. ഒരു വ്യക്തി പതിനെട്ടു വയസ്സു പൂര്‍ത്തിയാകുമ്പോള്‍ പ്രായപൂര്‍ത്തി എത്തിയ വ്യക്തി അഥവാ ‘മേജര്‍’ എന്നു വിളിക്കുന്നു. 18 വയസ്സ് പൂര്‍ത്തിയാകാത്ത വ്യക്തിയെ ‘മൈനര്‍’ എന്നും ഏഴു വയസ്സു പൂര്‍ത്തിയാകാത്ത വ്യക്തിയെ ശിശു അഥവാ ‘ഇന്‍ഫന്റ്’ എന്നുമാണ് കാനന്‍ നിയമം കണക്കാക്കുന്നത്. ഒരു വ്യക്തി സഭാനിയമമനുസരിച്ച് ചെയ്യുന്ന പ്രവൃകളുടെ നൈയാമികതയും സഭാ നിയമങ്ങള്‍ പാലിക്കാനുള്ള വ്യക്തിയുടെ ഉത്തരവാദിത്വവും സഭാംഗമെന്ന രീതിയിലുള്ള അവകാശ വിനയോഗവും അവരുടെ പ്രായത്തെ അനുസരിച്ചു വിലയിരുത്തപ്പെടേണ്ടത് എന്നതിനാലാണ് ഇപ്രകാരം മൂന്നു തരത്തിലുള്ള പ്രായപരിധി നിശ്ചയിച്ചിരിക്കുന്നത്.
ഏഴു വയസ്സു തികയാത്ത വ്യക്തി ശിശു (Infant) എന്നു വിളിക്കപ്പെടുകയും വ്യക്തിപരമായ ഉത്തരവാദിത്വത്തിന് കഴിവില്ലാത്തവരായി കണക്കാക്കപ്പെടുകയും ചെയ്യുന്നു. ഏഴുവയസ്സു പൂര്‍ത്തിയാകുമ്പോഴാണ് ഇവരെ (Minor) എന്നു വിളിക്കുകയും ആലോചനാശക്തി (Use of reason) ഉപയോഗിക്കാന്‍ പ്രാപ്തരായവര്‍ എന്നു കണക്കാക്കുകയും ചെയ്യുന്നത് (CCEO 990 §2). എന്നാല്‍ ആലോചനാശക്തി സ്ഥിരമായി നഷ്ടപെട്ട വ്യക്തികളെ വ്യക്തിപരമായ ഉത്തരവാദിത്വത്തിനു അശക്തരായി പരിഗണിക്കപ്പെടുകയും ശിശുവായി (Infant) കണക്കാക്കപ്പെടുകയും ചെയ്യുന്നു. (CCEO 990 §3). ഇപ്രകാരമുള്ള വ്യക്തികള്‍ സഭയുടെ നിയമങ്ങള്‍ പാലിക്കാന്‍ കടപ്പെട്ടവരല്ലന്നും ഏതെങ്കിലും നൈയാമിക പ്രവൃത്തികള്‍ സഭയില്‍ ചെയ്യാന്‍ അയോഗ്യരാണെന്നും ഇതു വിവക്ഷിക്കുന്നു. പ്രസ്തുത വ്യക്തികളെ സഭയുടെ ശിക്ഷാനടപടികളില്‍ നിന്ന് പൂര്‍ണ്ണമായും ഒഴിവാക്കിയിരിക്കുന്നു. ഇപ്രകാരമുള്ള വ്യക്തികള്‍ സഭാകോടതികളില്‍ വ്യവഹാരത്തിന് മാതാപിതാക്കള്‍ അല്ലെങ്കില്‍ രക്ഷകര്‍ത്താക്കള്‍ വഴി മാത്രമേ ഹാജരാകാന്‍ അവകാശമുള്ളു.
മാമ്മോദീസ സ്വീകരിച്ചിരിക്കുന്ന പതിനെട്ടു വയസ്സു തികഞ്ഞ പ്രായപൂര്‍ത്തിയായ വ്യക്തിക്ക് സഭയിലെ തന്റെഅവകാശങ്ങള് പൂര്‍ണ്ണമായും വിനയോഗിക്കാന്‍ സാധിക്കുമെന്ന് (CCEO 910). ഏഴുവയസ്സു തികഞ്ഞ ‘മൈനര്‍’ ആയ വ്യക്തിക്കും പ്രായപൂര്‍ത്തിയായ ‘മേജര്‍’ ആയിട്ടുള്ള ഒരാളുടെ അവകാശങ്ങള്‍ ഉണ്ട്. എന്നാല്‍ മാതാപിതാക്കളുടെയോ അല്ലെങ്കില്‍ അവരുടെ ചുമതല ഏല്പിക്കപ്പെട്ടിരിക്കുന്ന സംരക്ഷകരുടെ (Guardian) അധികാരത്തിന് കീഴിലെ പ്രസ്തുത വ്യക്തിക്ക് ഈ അവകാശങ്ങള്‍ വിനയോഗിക്കാന്‍ കഴിയുകയുള്ളു. എന്നാല്‍ ചിലകാര്യങ്ങളില്‍ കാനന്‍ നിയമം നിഷ്കര്‍ഷിച്ചിരിക്കുന്ന പ്രായപരിധി വ്യക്തികള്‍ക്ക് സ്വതന്ത്രമായി പാലിക്കാവുന്നതാണ്. ഉദാ: പതിനാലു വയസ്സു പൂര്‍ത്തിയായ വ്യക്തി മാമ്മോദീസാ സ്വീകരിക്കുമ്പോള്‍ തനിക്കിഷ്ടമുള്ള സ്വയാധികാരസഭയില്‍ ചേരാവുന്നതാണ്. ഇതിന് അദ്ദേഹത്തിന് മാതാപിതാക്കളുടെയോ സംരക്ഷകരുടെയോ അനുവാദം ആവശ്യമില്ല (CCEO c. 30 ). എന്നാല്‍ പതിനാലു വയസ്സിനു മുമ്പ് CCEO c. 29 ല്‍ പ്രകാരമുള്ള നിബന്ധനകള്‍ പാലിക്കേണ്ടതാണ്. അതേപോലെ ചില പ്രത്യേക അവകാശങ്ങളുടെ വിനയോഗത്തിലും പ്രത്യേക ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്നതിനും പൗരസ്ത്യ സഭയുടെ കാനന്‍നിയമം നിശ്ചയിച്ചിരിക്കുന്ന വ്യത്യസ്തമായ പ്രായപരിധി പാലിക്കാന്‍ പൗരസ്ത്യ സഭാംഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. ഉദാ: വിവാഹം (CCEO c. 800), ഡീക്കന്‍ പട്ടം, പൗരോഹിത്യം (CCEO c. 759 §1) മുതലായവ.
2. നൈയാമിക വ്യക്തികള്‍ (Juridic Person)
സ്വഭാവിക വ്യക്തികള്‍ക്കുപുറമെ സഭയില്‍ സവിശേഷമായ കാനോനിക വ്യക്തിത്വമുള്ള സമൂഹങ്ങളും കൂട്ടായ്മകളുമുണ്ട്. ഇപ്രകാരമുള്ള വ്യക്തികളുടെയോ വസ്തുക്കളുടെയോ സമുച്ചയങ്ങളെയാണ് (aggregate) നൈയാമിക വ്യക്തികള്‍ എന്നു വിളിക്കുന്നത് (CCEO c. 920). CCEO c. 920- 935 വരെയുള്ള കാനോനകള്‍ ഇപ്രകാരമുള്ള നൈയാമിക വ്യക്തികളെക്കുറിച്ചും വിശദീകരിക്കുന്നു. നൈയാമിക വ്യക്തികള്‍ക്കു അവരുടെ തനതായ അവകാശങ്ങളും ചുമതലകളുമുണ്ട്. സഭ നിശ്ചയിച്ചിരിക്കുന്ന ദൗത്യം നിറവേറ്റുകയാണ് നൈയാമിക വ്യക്തികളുടെ ലക്ഷ്യം.
രണ്ടു തരത്തിലാണ് നൈയാമിക വ്യക്തികള്‍ സ്ഥാപിക്കപ്പെടുന്നത്. 1. പൊതു നിയമത്തില്‍ വ്യക്തമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള നൈയാമിക വ്യക്തികളുണ്ട്. ഉദാ. സ്വയാധികാരസഭകള്‍, പ്രവിശ്യകള്‍, രൂപതകള്‍, ഇടവകകള്‍, സെമിനാരികള്‍ തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.
2. തക്ക സഭാധികാരിയുടെ കല്പനവഴിയായി സ്ഥാപിക്കപ്പെടുന്ന നൈയാമിക വ്യക്തികളുമുണ്ട് ഉദാ. വിശ്വാസികളുടെ സ്വകാര്യസംഘടനകളെ സഭാധികാരിക്ക് നൈയാമിക വ്യക്തികളായി സ്ഥാപിക്കാവുന്നതാണ്. (CCEO c. 921 §1). ഇപ്രകാരം സ്ഥാപിക്കപ്പെടുന്ന നൈയാമിക വ്യക്തിക്ക് വ്യക്തമായ ലക്ഷ്യമുണ്ടെന്നും അതു നേടിയെടുക്കാന്‍ ആവശ്യമെന്നു മുന്കൂട്ടികാണുന്ന വിഭവശേഷി ഉണ്ടെന്നും ഇവ സ്ഥാപിക്കുന്ന അധികാരി ഉറപ്പുവരുത്താതെ നൈയാമിക വ്യക്തികള്‍ സ്ഥാപിക്കരുതെന്ന് CCEO c. 920 §3 കര്‍ശനമായി നിഷ്കര്ഷിച്ചിരിക്കുന്നു.
ഏതധികാരിയാലാണോ ഒരു നൈയാമിക വ്യക്തി സ്ഥാപിക്കപ്പെടുന്നത് ആ അധികാരിയാല്‍ അംഗീകരിക്കപ്പെട്ട നിയമാവലി നൈയാമിക വ്യക്തിക്ക് ഉണ്ടായിരിക്കണം. നിയമാവലി തക്ക അധികാരിയാല്‍ അംഗീകരിക്കപ്പെട്ടതിനുശേഷം മാത്രമേ നൈയാമിക വ്യക്തി സാധുവായി സ്ഥാപിക്കപ്പെടുയുള്ളു. നിയമാവലി അംഗീകരിക്കപ്പെടുന്ന നിയമാവലിയില്‍ നൈയമിക വ്യക്തിയുടെ ലക്ഷ്യം, സ്വഭാവം, ഭരണം, പ്രവര്‍ത്തന രീതി, സിവില്‍ തലത്തിലും സഭാതലത്തിലും നൈയാമിക വ്യക്തിയെ പ്രതിനിധീകരിക്കുന്ന വ്യക്തി ആരാണ്, വസ്തുകകള്‍ കൈമാറ്റം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തെല്ലാമാണ് എന്ന് വ്യക്തമായി നിശ്ചയിച്ച് രേഖപ്പെടുത്തേണ്ടതാണ്. (CCEO c. 922 §2).
വ്യക്തികളുടെ സമുച്ചയത്തെ നൈയാമിക വ്യക്തിയായി സ്ഥാപിക്കപ്പെടുകയാണെങ്കില്‍ മുന്ന് അംഗങ്ങളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. (CCEO c. 923).
CCEO cc. 924 – 930 വരെയുള്ള കാനോനകള്‍ സംഘതമായ നൈയാമികവ്യക്തികളുടെ പ്രവൃത്തനങ്ങളെക്കുറിച്ചും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നു. CCEO cc. 931 – 935 വരെ നൈയാമിക പ്രവൃത്തിയെ സംബന്ധിച്ചുള്ള കാനോനകളാണ്. നൈയാമിക പ്രവൃത്തിയിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഈ കാനോനകള്‍ വിശദീകരിക്കുന്നുണ്ട്
റവ. ഡോ. ജോസഫ് മാറ്റത്തിൽ


