2025 മെയ് 8 എന്ന ചരിത്രദിനത്തിൽ സിസ്റ്റെയിൻ ചാപ്പലിനുമുകളിലെ പുകക്കുഴലിൽനിന്നു വെളുത്ത പുക ഉയർന്നുപൊങ്ങിയപ്പോൾ ലോകമെമ്പാടും പുതിയ പ്രതീക്ഷകൾ നല്കിക്കൊണ്ടു വി. പ്രത്രോസിന്റെ ബസിലിക്കയുടെ മണികൾ മുഴങ്ങി. പരിശുദ്ധ കത്തോലിക്കാസഭ അവളുടെ മാതൃജ്ഞാനത്തിലും പരിശുദ്ധാത്മാവിന്റെ വഴിനടത്തലിലും പ്രത്രോസിന്റെ താക്കോലുകൾ ലെയോ പതിനാലാമൻ പാപ്പയെ ഭരമേല്പിച്ചു. ലെയോ എന്ന പേരു ധീരരായ പരിഷ്കർത്താക്കളുടെയും സഭയുടെ വിശ്വാസസംരക്ഷകരുടെയും ഒരു പരമ്പരയെ ചലനാത്മകമാക്കുന്നു. നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന മഹാനായ വിശുദ്ധ ലെയോ ഒന്നാമൻ മിശിഹാരഹസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽനിന്നു സഭയെ സംരക്ഷിച്ചപ്പോൾ, ലെയോ പതിമൂന്നാമൻ പാപ്പ ആധുനികലോകത്തിൽ വിശ്വാസത്തെ യുക്തിയുമായി അനുരഞ്ജിപ്പിക്കാൻ നിലകൊണ്ടു. ലെയോ എന്ന പേരു സ്വീകരിച്ചതിലൂടെ സങ്കീർണമായ ആധുനികകാലത്തു സഭയെ നയിക്കാൻ ആവശ്യമായ നിശ്ചയദാർഡ്യവും ബന്ധങ്ങൾ സ്ഥാപിക്കുന്നതിനുള്ള തുറവിയും ലെയോ പതിനാലാമൻ മാർപാപ്പ ഇതിനോടകം പ്രകടിപ്പിച്ചുകഴിഞ്ഞു.
2025 മെയ് 14നു പൗരസ്ത്യസഭകൾക്കായുള്ള ജൂബിലിയാഘോഷങ്ങളിൽ പങ്കെടുത്തവരെ അഭിസംബോധനചെയ്തു നടത്തിയ പ്രസംഗത്തിൽ പൗരസ്ത്യസഭകളെ ഹൃദയത്തിൽ ഉൾക്കൊള്ളുന്ന അജപാലനസമീപനം പരിശുദ്ധ പിതാവ് വ്യക്തമാക്കി. പൗരസ്ത്യസഭകൾ അവയുടെ തനതായ വ്യക്തിത്വം കാത്തുസൂക്ഷിക്കുന്നതിന് ആവശ്യമായ പ്രതിബദ്ധത കാണിക്കണമെന്നും ആരാധനക്രമ സഭാശാസ്ത്ര വൈവിധ്യങ്ങൾ ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യണമെന്ന നിലപാടാണ് മാർപാപ്പ സ്വീകരിച്ചത്. പൗരസ്ത്യസഭകളുടെ ലത്തീനികരണത്തിൽ ആശങ്കകൾ പ്രകടിപ്പിച്ച പരിശുദ്ധ പിതാവ് ഒരോ പൗരസ്ത്യവ്യക്തിസഭയും അതിന്റെ പാരമ്പര്യങ്ങളും മഹത്വവും വീണ്ടെടുക്കുന്നതിനുള്ള പരിശ്രമം നടത്തേണ്ടതിന്റെ ആവശ്യകതയും എടുത്തുപറഞ്ഞു.
പൗരസ്ത്യസഭയിലെ അംഗങ്ങളോടു മാർപാപ്പ നടത്തിയ ആഹ്വാനം ശ്രദ്ധിക്കേണ്ടതാണ്. “വിശ്വാസത്തിലും പ്രതിക്ഷയിലും സ്നേഹത്തിലും മികവുപുലർത്തുന്നവരായി തുടരുക. നിങ്ങളുടെ സഭകൾ മാതൃകകളാകട്ടെ; നിങ്ങളുടെ ഇടയന്മാർ ആധികാരികതയോടെ കൂട്ടായ്മ വളർത്തണം; പ്രത്യേകമായി മെത്രാന്മാരുടെ സിനഡു സാഹോദര്യത്തിന്റെയും യഥാർഥത്തിലുള്ള കൂട്ടുത്തരവാദിത്വത്തിന്റെയും ഇടമായി മാറണം. ലോകത്തിന്റെ അധികാരപ്രവണതയും സ്വയം എടുത്തുകാണിക്കാനുള്ള പ്രലോഭനവും ആദരിക്കപ്പെടുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളും ഉപേക്ഷിച്ചു ഭൗതികഭരണകാര്യങ്ങളിൽ സുതാര്യത പുലർത്തി, ദൈവജനത്തിന്റെ ശുശ്രുഷയ്ക്കുവേണ്ടിയുള്ള എളിമയോടെയുള്ള പൂർണസമർപ്പണത്തിന്റെ അടയാളങ്ങളായി മാറണം. ഇന്ന് എന്നത്തേക്കാളുമധികമായി, ആധികാരികമായ സുവിശേഷസാക്ഷ്യംനല്കാൻ എല്ലാ ലൗകിക ഇഴയടുപ്പങ്ങളിൽനിന്നും കൂട്ടായ്മയ്ക്കെതിരേ നീങ്ങാനുള്ള എല്ലാ പ്രവണതകളിൽനിന്നും ക്രൈസ്തവകിഴക്കിന്റെ ശോഭ സ്വാതന്ത്ര്യംപ്രാപിക്കണം”
നമ്മുടെ പൗരസ്ത്യപാരമ്പര്യങ്ങളോട് വിശ്വസ്തത പുലർത്തിക്കൊണ്ട് ആഗോളസഭയുമായി ബന്ധപ്പെട്ടുനില്ക്കാനുള്ള ഒരു അവസരമാണ് ഈ മാർപാപ്പയുടെ ശുശ്രൂഷാരംഭത്തിൽ മാർത്തോമയുടെ മക്കളായ നമുക്കു ലഭിച്ചിരിക്കുന്നത്. ആരാധനക്രമവും സഭശാസ്ത്രപരവുമായ യാത്രകൾ നമ്മുടെ സഭയിൽ തുടരുമ്പോൾ ആരാധനക്രമത്തിന്റെ ആധികാരികതയും സഭാപരമായ സ്വാതന്ത്ര്യവും അജപാലനപരമായ അനുധാവനവും അംഗികരിക്കുന്ന ലെയോ മാർപാപ്പയുടെ നിലപാടു പ്രതീക്ഷാനിർഭരമാണ്.
പരിശുദ്ധ കത്തോലിക്കാസഭയെ ഐക്യത്തിലും വിശുദ്ധിയിലും നയിക്കുന്നതിനുവേണ്ടി ആവശ്യമായ ജ്ഞാനവും ധീരതയും സന്തോഷവും പരിശുദ്ധപിതാവിനു നല്കണമേയെന്നു നമുക്കു തീഷ്ണമായി പ്രാർഥിക്കാം. ആധുനികലോകത്തിൽ പൗരാണികവിശ്വാസത്തിന്റെ സാക്ഷ്യംനല്കുന്ന കിഴക്കുനിന്നുള്ള വെളിച്ചമാകാനുള്ള നമ്മുടെ ദൗത്യത്തെ പ്രതിബദ്ധതയോടെ എറ്റെടുക്കാം. ഈശോയുടെ പ്രശോഭിതമുഖത്തെ ജനതകൾക്കു വെളിച്ചമായി ആഗോളസഭ ലോകത്തിൽ പ്രതിഫലിപ്പിക്കുന്നതിനുവേണ്ടി പരിശുദ്ധ പിതാവിനെ സമൃദ്ധമായി അനുഗ്രഹിക്കണമേയെന്നു നമുക്കു പ്രാർഥിക്കാം.


