പള്ളിക്കൂദാശക്കാലം: വിശുദ്ധീകരിച്ച് മഹത്വീകരിക്കുന്നതിന്റെ മുന്നാസ്വാദനം

Published on

മിശിഹായുടെ മനുഷ്യാവതാര രഹസ്യത്തിൽ പങ്കുചേർന്നുകൊണ്ട് ദൈവജനം ആരംഭിക്കുന്ന വിശ്വാസതീർഥാടനം തിരുസഭയുടെ സ്വർഗീയ മഹത്വരഹസ്യത്തിൽ പൂർത്തിയാകും വിധമാണ് പൗരസ്ത്യ സുറിയാനി ആരാധനാവത്സരം സംവിധാനം ചെയ്തിരിക്കുന്നത്. ഈശോയുടെ ജനനത്തോടുകൂടി ആരംഭിച്ച അവിടത്തെ രക്ഷാകരപ്രവർത്തനങ്ങളാൽ രക്ഷിക്കപ്പെട്ട” സഭയിലൂടെ സ്വർഗരാജ്യത്തിൽ എത്തിച്ചേരുവാൻ വിളിക്ക പ്പെട്ടവരാണ് കൈ്രസ്തവർ എന്ന യാഥാർഥ്യമാണ് ആരാധനാവത്സരത്തിന്റെ ഉളളടക്കം.

നമ്മുടെ ആരാധനവത്സരത്തിലെ ഏറ്റവും അവസാനത്തേതും ഏറ്റവും ദൈർഘ്യം കുറഞ്ഞതുമായ കാലമാണ് പള്ളിക്കൂദാശക്കാലം. നാല് ആഴ്ചകൾ മാത്രമാണ് ഈ കാലത്തിലുള്ളത്. നവംബർ മാസത്തിലാണ് പള്ളിക്കൂദാശക്കാലം വരാറുള്ളത്. നവംബർമാസം ഒന്നാം തീയതി ഒരു ഞായറാഴ്ചയാണെങ്കിൽ അന്നു തന്നെ ഈ കാലം ആരംഭിക്കുന്നതാണ്. എന്നാൽ ഒന്നാം തീയതി ബുധൻ മുതൽ ശനിവരെയുള്ള ഏതെങ്കിലുമൊരു ദിവസമാണെങ്കിൽ, ആ വർഷത്തെ പള്ളിക്കൂദാശക്കാലം തുടർന്നു വരുന്ന ഞായറാഴ്ച മാത്രമേ ആരംഭിക്കുകയുള്ളു. പുതിയ ആരാധനവത്സരം ആരംഭിക്കുന്നതിന് നാല് ഞായറാഴ്ച മുമ്പ് പള്ളിക്കൂദാശക്കാലം ആരംഭിക്കുന്നു.

പള്ളിക്കൂദാശക്കാലത്തിന് “കൂദാശ് ഏദ്ത്താ’ എന്നാണ് സുറിയാനി ഉറവിടങ്ങൾ വിളിക്കുന്ന പേര്. അതിന്റെ അർഥം സഭയുടെ പ്രതിഷ്ഠ എന്നാണ്. എന്നാൽ ഈ കാലത്തിന്റെ ഒന്നാം ഞായറിനെ “ഹൂദാസ് ഏദ്ത്താ’ എന്നാണ് വിളിക്കുന്നത്. അതിന്റെ അർഥം സഭയുടെ നവീകരണം എന്നാണ്. വേദപുസ്തകത്തിന്റെ സുറിയാനി മൂലമായ പ്ശീത്തായിൽ ജറുസലേം ദൈവാലയത്തിന്റെ പ്രതിഷ്ഠാത്തിരുനാളിന് നല്കിയിരിക്കുന്ന പേരും ഇതുതന്നെയാണ്. പൗരസ്ത്യ സുറിയാനി ക്രമത്തിൽ മാഅൽത്താ അല്ലെങ്കിൽ പ്രവേശനം എന്നൊരു പേരും കൂടി ഈ കാലഘട്ടത്തിനുണ്ട്. മധ്യപൂർവദേശത്തുള്ള സുറിയാനി ദൈവാലയങ്ങളിൽ, ചൂടുകാലാവസ്ഥ കാരണം ഈശോയുടെ സ്വർഗാരോഹണ തിരുനാൾ മുതൽ പള്ളിക്കൂദാശ ഒന്നാം ഞായർ വരെ പരിശുദ്ധ കുർബാനയുടെ പ്രാരംഭഭാഗവും യാമപ്രാർഥനകളും ദൈവാലയത്തിന് പുറത്താണ് നടത്തിയിരുന്നത്. ശനിയാഴ്ച വൈകിട്ടു ജപിക്കുന്ന പള്ളിക്കൂദാശ ഒന്നാം ഞായറിന്റെ യാമനമസ്ക്കാരത്തിന്റെ പ്രാരംഭഭാഗത്ത് എല്ലാവരും ദൈവാലയത്തിൽ പ്രവേശിക്കുന്നു. ഇതിൽ നിന്നാണ് ഈ കാലഘട്ടത്തിന് മാഅൽത്താ എന്ന പേരുണ്ടായത്.

സെലൂഷ്യ-സ്റ്റെസിഫോണിലെ പാത്രിയാർക്കീസായിരുന്ന ഈശോയാബ് മൂന്നാമൻ ആണ് മൂശെക്കാലത്തു നിന്നും നാല് ആഴ്ചകൾ വേർതിരിച്ച് പള്ളിക്കൂദാശക്കാലം രൂപീകരിക്കുന്നത്. സഭയുടെ യുഗാന്തോന്മുഖത വെളിപ്പെടുത്തുന്ന പളളിക്കൂദാശക്കാലത്തിന് നാലാഴ്ചകളാണ് ഉള്ളത്. പഴയനിയമത്തിലെ നാല് കൂടാരപ്രതിഷ്ഠകളുടെ അടിസ്ഥാനത്തിലാണ് നവംബർ 27-ന് മുമ്പുളള ഈ നാലാഴ്ചകളെ സജ്ജീകരിച്ചിരിക്കുന്നത്: 1. മൂശയുടെ സമാഗമകൂടാരപ്രതിഷ്ഠ (പുറ 40:1-17), 2. ഇസ്രായേൽജനം ഷീലോഹയിൽ പ്രതിഷ്ഠിച്ച സമാഗമകൂടാരം (ജോഷ്വാ 18:1), 3. സോളമന്റെ ദേവാലയപ്രതിഷ്ഠ (2 ദിന 6:1-7: 10), 4. ജോഷ്വായുടെയും സെറുബാബേലിന്റെയും ബലിപീഠപ്രതിഷ്ഠ (എസ്രാ 3:2).

നമ്മുടെ കർത്താവീശോമിശിഹായാൽ വിളിക്കപ്പെട്ട സഭയുടെ മഹത്വീകരണമാണ് ഈ കാലഘട്ടത്തിലെ പ്രധാന ചിന്താവിഷയം. തന്റെ രക്തത്താൽ രക്ഷിച്ച തന്റെ മണവാട്ടിയായ സഭയെ മിശിഹാ ദൈവപിതാവിനു സമർപ്പിക്കുന്നു. മിശിഹായുടെ ലോകത്തിലെ സാന്നിധ്യമായ സഭ തന്റെ പ്രവർത്തനങ്ങളിലൂടെ ദൈവികശക്തിയെ ലോകത്തിനു വെളിപ്പെടുത്തികൊടുക്കുന്നു. ഈശോമിശിഹാ കുരിശിനാൽ രക്ഷിക്കുകയും തന്റെ ശരീരത്താൽ വീണ്ടെടുക്കുകയും തന്റെ സത്യത്താൽ ശക്തിപ്പെടുത്തുകയും ചെയ്ത സഭ ലോകത്തിൽ ഈശോയുടെ തുടർച്ചയായി നിലകൊള്ളുന്നു. അപ്രകാരം സ്വർഗത്തിന്റെ ഭൂമിയിലെ സാന്നിധ്യമായി സഭ മാറുന്നു. സഭയുടെ ശക്തി, പത്രോസ് ശ്ലീഹായാൽ പ്രഘോഷിക്കപ്പെട്ട വിശ്വാസത്തിൽ അധിഷ്ഠിതമാണ്. തിന്മയുടെ ശക്തി അവളുടെമേൽ അധീശത്വം പുലർത്തുകയില്ലെന്ന് പത്രോസ്ശ്ലീഹായ്ക്ക് ഇൗശോ നല്കിയ വാഗ്ദാനം അവിടുന്ന് പാലിക്കുന്നു. പാറമേൽ പണിയപ്പെട്ട” ഭവനം ഒരിക്കലും നശിക്കില്ലാത്തതുപോലെ തിന്മയുടെ സകല ശക്തികളെയും എതിർത്തുകൊണ്ടും ലോകത്തിലെ ദൈവത്തിന്റെ ഭവനമായ സഭ തന്റെ ശക്തമായ വിശ്വാസത്തിലൂടെ തെറ്റായ വിശ്വാസപഠനങ്ങൾക്കെതിരായും നിലകൊള്ളുന്നു.

ഈ പള്ളിക്കൂദാശാകാലത്തിൽ നമ്മുടെ പ്രധാന ധ്യാനവിഷയം പള്ളി അഥവാ സഭ എന്ന മഹാരഹസ്യമാണ്. ഈ രഹസ്യത്തിന്റെ ഏതാനും സവിശേഷതകളാണ് താഴെ പറയുന്നത്.

മിശിഹായുടെ മണവാട്ടി

സഭ മിശിഹായുടെ മണവാട്ടിയാണ്, സഭയും മിശിഹായും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ വിവാഹബന്ധത്തിലെ ദമ്പതികൾ തമ്മിലുള്ള ബന്ധത്തോടാണ് സഭ ഉപമിച്ചിരിക്കുന്നത്. പൗരസ്ത്യ സുറിയാനി ആരാധനക്രമ പാരമ്പര്യത്തിലുള്ള പ്രധാന പ്രമേയമാണ് മിശിഹായും സഭയും തമ്മിലുള്ള ആഴമേറിയ ബന്ധം. ഈ ബന്ധത്തെ വൈവാഹിഹ ബന്ധേത്താടാണ് സഭാപിതാക്കന്മാരായ മാർ അഫ്രഹാത്ത് (എ.ഡി. 280-345) മാർ അപ്രേം (എ.ഡി. 306-373) എന്നിവർ ഉപമിച്ചിരിക്കുന്നത്. നമ്മുടെ കർത്താവ് കുരിശിലെബലി വഴി തന്റെ ശരീരവും രക്തവും സ്ത്രീധനമായി നല്കി രക്ഷിച്ച സമൂഹമാണ് സഭ. ഈ വൈവാഹികബന്ധം ആരംഭിക്കുന്നത് കുരിശിൽ കിടന്ന് തന്റെ പാർശ്വം പിളർക്കപ്പെട്ട്” അവിടെ നിന്നും രക്തവും വെള്ളവും ഒഴുകിയപ്പോഴാണ്. അതാണല്ലോ സഭയുടെ ആരംഭം. രക്തവും വെള്ളവും മാമ്മോദീസായുടെയും പരിശുദ്ധ കുർബാനയുടെയും പ്രതീകങ്ങളുമാണ്.

സഭാസമർപ്പണത്തിന്റെ ഈ കാലത്തിൽ, രക്ഷിക്കപ്പെട്ട സഭയാകുന്ന മണവാട്ടി തന്റെ മണവാളനായ മിശിഹായ്ക്ക് പൂർണ്ണമായി സമർപ്പിച്ച് സ്വർഗീയ മഹത്ത്വത്തിലേക്കു പ്രവേശിക്കുന്നതിന്റെ മുന്നാസ്വാദനമാണ് അനുസ്മരിക്കുന്നത്. മിശിഹാ തന്റെ മണവാട്ടിയായ സഭയെ അവസാനവിധിക്കുശേഷം പിതാവിനു സമർപ്പിക്കുന്നതിനെ ഈ കാലത്തിന്റെ ആരംഭത്തിൽത്തന്നെ നാം അനുസ്മരിക്കുന്നു. മണവാളനായ മിശിഹാ യുഗാന്തത്തിൽ തന്റെ മണവാട്ടിയായ സഭയെ സ്വർഗീയ മണവറയിൽ പ്രവേശിപ്പിച്ച്, അവൾക്ക് തിരുമുഖദർശനം നല്കി, നിത്യസൗഭാഗ്യം പ്രദാനം ചെയ്യും. അപ്പോൾ, വിശുദ്ധ കുരിശാൽ രക്ഷിച്ചതും തിരുരക്തത്താൽ വീണ്ടെടുത്തതുമായ സഭ മാലാഖാവൃന്ദങ്ങളോടൊപ്പം മണവാളനായ മിശിഹായ്ക്ക് നിരന്തരം സ്തുതിഗീതങ്ങൾ ആലപിച്ചു നിത്യമഹത്ത്വത്തിൽ പങ്കുചേരും. സഭാമക്കളെ കാത്തിരിക്കുന്ന നിത്യസൗഭാഗ്യത്തിന്റെ മുന്നാസ്വാദനം നൽകുന്ന കാലഘട്ടമാണിത്.

നിലനിൽക്കുന്ന കൂടാരം

പുറപ്പാടിന്റെ പുസ്തകത്തിൽ (അധ്യായം 26) നേർത്ത ചണനൂൽകൊണ്ടുള്ള പത്തു വിരികളുള്ള ഒരു താൽക്കാലിക കൂടാരത്തെക്കുറിച്ച് നാം വായിക്കുന്നു. പഴയനിയമകാലഘട്ടത്തിൽ ദൈവത്തിന്റെ വാസസ്ഥലമായി മൂശെ നിർമ്മിച്ച കൂടാരത്തിന്റെ സ്ഥാനത്ത് പുതിയ നിയമത്തിലുള്ള കൂടാരമാണ് സഭ. മൂശെയുടെ കൂടാരം മനുഷ്യനിർമ്മിതമെങ്കിൽ സഭ ദൈവനിർമ്മിതമാണ് എന്നുള്ളതാണ് വ്യത്യാസം. മൂശെയുടെ കൂടാരം പാപികളുടെ കൂടാരമായിരുന്നെങ്കിൽ സഭ എല്ലാവർക്കും രക്ഷയുടെ കൂടാരമാണ്. പഴയനിയമ കൂടാരം ശുദ്ധീകരിച്ചിരുന്നത് മൃഗരക്തത്താലാണെങ്കിൽ സഭ വിശൂദ്ധീകരിക്കപ്പെടുന്നത് മിശിഹായുടെ രക്തത്താലാണ്. മൂശെയുടെ കൂടാരം മേഘങ്ങളാൽ ആവരണം ചെയ്യപ്പെട്ടുവെങ്കിൽ സഭ ദൈവകൃപയാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. പഴയനിയമകൂടാരത്തിൽ കൽപ്പലകകളിലെ പ്രമാണങ്ങളുണ്ടെങ്കിൽ സഭയിൽ സ്ലീവായും സുവിശേഷവും ഉണ്ട്; പരി. കൂർബാനയും കൂദാശകളുമുണ്ട്. സഭയുടെ മഹത്ത്വം ഈശോയുടെ മഹത്ത്വം തന്നെയാണ് എന്ന ചിന്ത പള്ളിക്കൂദാശക്കാലത്തെ പ്രാർഥനകളിൽ കാണാം.

സഭ സ്വർഗത്താൽ സ്ഥാപിതമായ ദൈവത്തിന്റെ ഭവനമാണ്. പിതാവായ ദൈവം അവൾക്ക് രൂപം നൽകി; പുത്രനായ ദൈവം അവളുടെ അടിസ്ഥാനം ഉറപ്പിച്ചിരിക്കുന്നു; പരിശുദ്ധാത്മാവായ ദൈവം അവളെ കൃപയാൽ വിശുദ്ധീകരിക്കുന്നു. നിത്യജീവനിലേക്ക് നേരിട്ടു സഞ്ചരിക്കുന്ന ഒരു കപ്പലാണ് സഭ. അതിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാളും മാമോദീസാ സ്വീകരിക്കുകയും പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും ഏറ്റുപറയുകയും വേണം. ലോകമാകുന്ന കടൽ പ്രക്ഷുബ്ധവുമാകുമ്പോഴും സഭയാകുന്ന കപ്പലിനുള്ളിൽ സമാധാനവും ശാന്തതയും എപ്പോഴും ഉണ്ടാകും. അങ്ങനെ സഭയുടെ സമർപ്പണകാലത്തിൽ സഭയുടെ സ്വത്വം, വ്യക്തിത്വം, അവളുടെ സ്വഭാവസവിശേഷതകൾ, ഭാവി മഹത്വം മുതലായവയെ നാം അനുസ്മരിക്കുന്നു.

ഇന്ന് നമ്മുടെ പഞ്ചേന്ദ്രിയങ്ങൾക്ക് സഭയാകുന്ന മഹാരഹസ്യത്തെ സന്നിഹിതമാക്കുന്നത് നമ്മുടെ ഇടവകദൈവാലയമാണ്. ഇടവകപള്ളിയാകുന്ന ദ്യശ്യസഭയിലേക്ക് പ്രവേശിച്ച് അവിടെ പരികർമ്മം ചെയ്യപ്പെടുന്ന ദിവ്യരഹസ്യങ്ങളിൽ സജീവമായി പങ്കുകൊള്ളാനുള്ള പ്രത്യേക ക്ഷണമാണ് ഈരോ പള്ളിക്കൂദാശാകാലവും നമുക്ക് നൽകുന്നത്. അതോടൊപ്പം നാം ഈരോരുത്തരും ദൈവാലയങ്ങളാണെന്ന ചിന്തയും (1 കോറി 3:16) ഇൗ കാലത്തിൽ നമുക്കു ധ്യാനിക്കാവുന്നതാണ്. “ആത്മാവിൽ ഒരു പള്ളിയുണ്ട്; അതിലൊരു സക്രാരിയുണ്ട്. അവിടേക്കെഴുള്ളാൻ അതിൽ കുടികൊള്ളാൻ’ കടന്നുവരുന്ന നമ്മുടെ ആത്മാവിന്റെ ദിവ്യമണവാളനായ ഈശോയ്ക്കായി നമ്മെത്തന്നെ വിശുദ്ധീകരിക്കുവാനും ഈ കാലഘട്ടം നമുക്ക് പ്രചോദനമേകട്ടെ”. ഈ പള്ളിക്കൂദാശാകാലത്ത് നമ്മുടെ ശരീരങ്ങളെ ദൈവത്തിനു പ്രസാദകരമായ ആലയങ്ങളായും ഹൃദയങ്ങളെ പവിത്രമായ മദ്ബഹാകളുമാക്കി അവിടെ ജീവിതനൈർമ്മല്യത്താൽ വിശുദ്ധവും ദൈവത്തിനു സ്വീകാര്യവുമായ സജീവബലികളർപ്പിക്കാൻ (റോമ 12:1) സഭാമക്കളായ നമുക്ക് സാധിക്കട്ടെ”. നമ്മുടെ അമ്മയായ സഭാമാതാവിനെ കൂടുതൽ സ്നേഹിക്കാനും അവളോട് ചേർന്നുനിന്ന് കൃപാവരത്താൽ ശക്തിപ്രാപിച്ച് കൂദാശചെയ്യപ്പെട്ട പള്ളികളായി സ്വയം മാറാൻ ഈ പള്ളിക്കൂദാശാകാലം നമുക്കു ശക്തി പ്രദാനം ചെയ്യട്ടെ”.

Latest Updates

POPULAR Views

FEATUERD Views

വചനവേദിയുടെ പ്രതീകാത്മകത.

അടയാളങ്ങളും പ്രതീകങ്ങളും ബാലിശമാണെന്നും അവയെ ബഹുമാനിക്കുന്നത് യുക്തിരഹിതമാണെന്നുമുള്ളതു അനേകം കത്തോലിക്കരെ പിടികൂടിയിട്ടുള്ള...

വിശുദ്ധ കുർബാനയിൽ കർമനിരതനായ പരിശുദ്ധ റൂഹ

ലിറ്റർജി മുഖ്യമായും പരിശുദ്ധ ത്രിത്വത്തിന്റെ ജോലിയാണെന്ന് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നുണ്ട് (CCC...

വിശുദ്ധ കുർബാനയും ഉത്ഥാനരഹസ്യവും

ക്രൈസ്തവ വിശ്വാസമനുസരിച്ച് ആണ്ടുവട്ടത്തിലെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ഉയിർപ്പുതിരുനാളാണ്. ''തിരുനാളുകളുടെ തിരുനാള്'',...

വിശുദ്ധ കുർബാന അനുരഞ്ജനവേദി

ദൈവവും മനുഷ്യനും തമ്മിലും മനുഷ്യർ തമ്മിൽത്തമ്മിലും പ്രപഞ്ചത്തോടും അനുരഞ്ജനപ്പെട്ട് പിതാവായ ദൈവത്തിന്...

വിശുദ്ധ കുർബാന എന്ന ദിവ്യഔഷധം

ഗലീലിയിൽ ആരംഭിച്ച് ടയറിലും കാനാൻദേശത്തും കേസരിയാഫിലിപ്പിയിലും ഗരസേനരുടെ നാട്ടിലും യൂദയായിലും ജറുസലേമിലുമെല്ലാം...

വിശുദ്ധ കുർബാനയിലെ കർതൃപ്രാർഥന: ഐക്യത്തിന്റെ പ്രകാശനം

ഈശോമിശിഹായുടെ മൗതികശരീരമായ തിരുസഭയുടെ പരമോന്നത കൂദാശയാണ് വിശുദ്ധ കുർബാന. വിശുദ്ധ കുർബാനയുടെ...

വി. കുർബ്ബാനയും മനുഷ്യാവതാരരഹസ്യവും

ഈശോമിശിഹായിൽ പൂർത്തിയായ രക്ഷാകരപദ്ധതിയുടെ അനുസ്മരണവും ആചരണവും ആഘോഷവുമാണല്ലൊ വി. കുർബ്ബാന. ദൈവത്തിന്റെ...

വിശുദ്ധ കുർബാനയും യുഗാന്ത്യോന്മുഖ കാഴ്ചപ്പാടുകളും

യുഗാന്ത്യോന്മുഖ യാഥാർഥ്യങ്ങളായ മിശിഹായുടെ രണ്ടാമത്തെ ആഗമനം, അന്ത്യവിധി എന്നിവ ക്രൈസ്തവവിശ്വാസത്തിന്റെ അവിഭാജ്യ...

സീറോമലബാർ പരി.കുർബാനയും പ്രേഷിതദൗത്യവും

ആമുഖം വി. ജോൺപോൾ രണ്ടാമൻ മാർപാപ്പ, ' മാനേ നോബിസ്റ്റം ദോമിനേ' (നാഥാ...

വിശുദ്ധ കുർബാന: ദൈവകരുണയുടെ വാതിൽ

വിശുദ്ധ ബൈബിളിന്റെ താളുകളിലൂടെ മനനം ചെയ്തുകടന്നുപോകുമ്പോൾ മനസിൽ പതിയുന്ന ചിത്രം വീണുപോയവനെ...

വിശുദ്ധ കുർബാനയും സഭാകൂട്ടായ്മയും

വിശുദ്ധകുർബാനയിലെ ഭാഷണകാനോനയുടെ ആരംഭഭാഗത്തും അനുതാപ കാറോസൂസായ്ക്കു മുമ്പും ഉള്ള, പൗലോസ് ശ്ലീഹായുടെ...

കളയും വിളയും

രണ്ടും ഒരുമിച്ചാണ് !കളയും വിളയും..നന്മയും തിന്മയും..സ്നേഹവും ദുഷ്ടതയും..പുണ്യവും പാപവും..ഒരുമിച്ച് മതിയെന്ന് ! "ഉള്ളിൽ...