തോമാശ്ലീഹായുടെ മൈലാപ്പൂരിലെ മരണവും തുടര്‍സംഭവങ്ങളും ‘തോമായുടെ നടപടികളി’ല്‍ കാണുന്നത് ഇപ്രകാരമാണ്. സിഫോറും വിസാനും താഴെ നഗരത്തിലേക്ക് പോകാതെ പകല്‍ മുഴുവന്‍ അവിടെത്തന്നെ ( കുന്നിന്‍മുകളില്‍ ) ഇരുന്നു. രാത്രിയും അവിടെത്തന്നെ കഴിച്ചുകൂട്ടി. തോമ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ഞാന്‍ ഇവിടെ ഇല്ല. നിങ്ങള്‍ എന്തിനാണ് ഇവിടെ എന്നെ അന്വേഷിക്കുന്നത്? ഞാന്‍ എന്റെ കര്‍ത്താവിന്റെ അടുക്കലേക്ക് സ്വര്‍ഗാരോഹണം ചെയ്തു. ഞാന്‍ ആഗ്രഹിച്ചതും പ്രത്യാശിച്ചതും എനിക്ക് ലഭിക്കുകയും ചെയ്തു. എന്നാല്‍ എഴുന്നേറ്റ് ഇവിടെനിന്ന് താഴേക്ക് പോവുക. കാരണം താമസിയാതെ നിങ്ങളും എന്റെ അടുത്ത് എത്തും. മസ്ദായിയും അദ്ദേഹത്തിന്റെ ബന്ധുവായ കാരിഷും മിഗ്‌ഡോണിയയെയും തീര്‍ത്യയെയും അവിടെ കൂട്ടിക്കൊണ്ടുവന്നു. തോമ അവര്‍ക്ക് പ്രത്യക്ഷപ്പെട്ട് അവരോട് പറഞ്ഞു: എന്റെ മക്കളെ വിശുദ്ധനും ജീവനുള്ളവനുമായ നമ്മുടെ കര്‍ത്താവായ ഈശോയെ മറക്കരുത്. അവിടുന്ന് വേഗത്തില്‍ തന്നെ നിങ്ങള്‍ക്ക് ആശ്വാസവും സഹായവും ഒരുക്കും.
തങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് അവരെ മാറ്റിയെടുക്കാന്‍ കഴിയില്ലെന്ന് മസ്ദായിയും അദ്ദേഹത്തിന്റെ ബന്ധുവായ കാരിഷും കണ്ടപ്പോള്‍ അവരെ അവരുടെ ഇഷ്ടത്തിന് വിടാന്‍ തീരുമാനിച്ചു. അവിടെയുണ്ടായിരുന്ന എല്ലാ സഹോദരന്മാരും ഒന്നിച്ചുകൂടി പ്രാര്‍ഥിക്കുകയും സിഫൂറിനെ വൈദികനായും വിസാനെ ഡീക്കനായും നിയമിക്കുകയും ചെയ്തു. കര്‍ത്താവിന്റെ കരം അവരോട് കൂടെ എപ്പോഴും ഉണ്ടായിരുന്നു.
കുറേനാള്‍ കഴിഞ്ഞപ്പോള്‍ രാജാവിന്റെ മകന് അപസ്മാരം പിടിപെടുകയും ആര്‍ക്കും അവനെ ഭേദപ്പെടുത്താന്‍ സാധിക്കാതെ വരികയും ചെയ്തു. അപ്പോള്‍ രാജാവ് ചിന്തിച്ചു: ‘ഞാന്‍ പോയി തോമായുടെ കല്ലറ തുറന്ന് ആ ദൈവമനുഷ്യന്റെ അസ്ഥികളില്‍ ഒന്ന് എടുത്ത് എന്റെ മകനെ സ്പര്‍ശിക്കും. അങ്ങനെ അവന്‍ സൗഖ്യമാക്കപ്പെടും’. അപ്പോള്‍ തോമസ് മസ്ദായിക്കു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് പറഞ്ഞു: ജീവിച്ചിരുന്നവനെ നിങ്ങള്‍ വിശ്വസിച്ചില്ല. എന്നാല്‍ മരിച്ചുപോയ ഒരാളെ നിങ്ങള്‍ വിശ്വസിക്കുന്നു. സംശയിക്കേണ്ട. എന്റെ കര്‍ത്താവായ മിശിഹാ നിങ്ങളോട് കരുണ കാണിക്കും. എന്നാല്‍ അതിനോടകം അവന്റെ അസ്ഥികള്‍ മറ്റൊരിടത്തേക്ക് (എദേസ) കൊണ്ടുപോയിരുന്നതിനാല്‍ അസ്ഥികള്‍ കിടന്നിരുന്ന സ്ഥലത്തെ പൊടിയില്‍ നിന്ന് കുറേ എടുത്ത് തന്റെ മകന്റെ മേല്‍ വയ്ക്കാന്‍ തീരുമാനിച്ചുകൊണ്ട് പറഞ്ഞു: എന്നെ ബാധിച്ച ഭൂതം എന്നെ വിട്ടുപോയിരിക്കുന്നു. ഞാന്‍ ഇപ്പോള്‍ നിന്നില്‍ വിശ്വസിക്കുന്നു. രാജാവ് ഇങ്ങനെ പറഞ്ഞുകൊണ്ട് അത് മകന്റെ മേല്‍ വച്ചപ്പോള്‍ അവന്‍ സൗഖ്യമാക്കപ്പെട്ടു. രാജാവ് പുരോഹിതനായ സിഫൂറിന്റെ മുന്‍പില്‍ തലകുനിച്ച് തന്നോട് കരുണ കാണിക്കണമെന്ന് പറഞ്ഞ് ആശീര്‍വാദം സ്വീകരിച്ചു.
ഫാ. ജയിംസ് പുലിയുറുമ്പില്‍



