വിശുദ്ധ എഫ്രേം തന്റെ പല കവിതകളിലും തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തെ പരാമർശിക്കുന്നുണ്ട്. ഈ കവിതകളിൽ അദ്ദേഹം തോമാശ്ലീഹായെ സ്തുതിക്കുന്നതായി കാണാനാവും. തോമാശ്ലീഹാ സുവിശേഷം അറിയിച്ചതും മരിച്ചതും കബറടക്കപ്പെട്ടതും ഇന്ത്യയിലാണെന്ന് വിശുദ്ധ എഫ്രേം സാക്ഷ്യപ്പെടുത്തുന്നു. ശ്ലീഹായുടെ തിരുശേഷിപ്പിനെക്കുറിച്ചും ഇന്ത്യയിലെ അദ്ദേഹത്തിന്റെ ദൗത്യത്തെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നു. എസ് എദേസ്സയിലെ സഭയുടെ ചരിത്രത്തിലെ ഒരു വലിയ സംഭവമായിരുന്നു തോമാശ്ലീഹായുടെ തിരുശേഷിപ്പ് അങ്ങോട്ട് കൊണ്ടുപോയത് എന്ന് അദ്ദേഹം കവിതകളിൽ വിവരിക്കുന്നു.
കാർമിന നിസിബേന 42 എന്ന കവിതയിൽ അപ്പസ്തോലന്റെ തിരുശേഷിപ്പ് ഇന്ത്യയിൽ നിന്ന് എദേസ്സയിലേക്ക് കൊണ്ടുപോയതിനെക്കുറിച്ച് എഫ്രേം സാക്ഷ്യപ്പെടുത്തുന്നു. ഈശോ തുടങ്ങിവച്ചതും അപ്പസ്തോലന്മാർ തുടർന്നു കൊണ്ടുപോയതുമായ രക്ഷാകരപദ്ധതിക്ക് മുന്നിൽ പിശാചിന് ഉണ്ടായ പരാജയത്തെക്കുറിച്ച് പിശാച് പരിതപിക്കുന്നു. മദ്രസ ഒന്ന്, മദ്രസ രണ്ട്, മദ്രസ മൂന്ന് എന്നീ കവിതകളിലും വിശുദ്ധ എഫ്രേം തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ച് വിവരിക്കുന്നുണ്ട. ഇന്ത്യയിലെ സഭയുടെ ആദ്യകാല ചരിത്രം കുറേയൊക്കെ മനസ്സിലാക്കുവാൻ ഈ കവിതകൾ സഹായിക്കുന്നുണ്ട്. Hymni Dispersi 5, 6, 7 എന്നീ കവിത സമാഹാരങ്ങളിലും തോമാശ്ലീഹായെ കുറിച്ച് കാണാം. Memre എന്ന മറ്റൊരു കവിത സമാഹാരത്തിലും എഫ്രേം തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രവർത്തനങ്ങളെക്കുറിച്ച് പറയുന്നുണ്ട്. ഈ സ്തുതിഗീതങ്ങൾ വളരെ മനോഹരവും കാവ്യാത്മകവും ശ്ലീഹായെ ആദരിക്കുന്നതും ആണ്. ഈശോയോടുള്ള തോമാശ്ലീഹായുടെ ബന്ധത്തെ ഇവിടെ അവതരിപ്പിക്കുന്നു. തന്റെ സ്നേഹം സ്പർശനത്തിലൂടെ ശ്ലീഹ പ്രകടിപ്പിക്കുന്നു.
‘മുത്തുകൾക്ക് പേരുകേട്ട ഒരു രാജ്യമായ’ ഇന്ത്യയിൽ നിന്ന് അപ്പസ്തോലനായ തോമസിന്റെ തിരുശേഷിപ്പ് ലഭിച്ചതിന് എഫ്രേം എദേസ്സയെ പ്രശംസിക്കുന്നത് കാണാം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ എദേസ്സ ഇപ്പോൾ ഈ മുത്ത് സ്വന്തമാക്കിയിരിക്കുന്നു. അപ്പസ്തോലന്റെ ഇന്ത്യയിലെ ദൗത്യവും മരണവും തന്റെ മാത്രം വിശ്വാസത്തിന്റെ ഭാഗമല്ലെന്നും സഭയുടെ മുഴുവൻ വിശ്വാസമാണെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ആ വിശ്വാസം മുഴുവനുമാണ് ഈ സ്തുതിഗീതങ്ങളിൽ കാണപ്പെടുന്നത്. അതുകൊണ്ടാണ് ഇവയെ സുറിയാനി സഭയുടെ ആരാധനാക്രമത്തിൽ പള്ളികളിൽ ആലപിക്കുന്നതിനു വേണ്ടി ഉപയോഗപ്പെടുത്തുന്നത്. ഇവ തോമാശ്ലീഹായുടെ ഇന്ത്യൻ ദൗത്യത്തിന് ശക്തമായ പിന്തുണ നൽകുന്നു.
റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ


