സഭയ്ക്കുള്ള പലവിശേഷണങ്ങളിലൊന്നാണ് തീര്‍ഥാടകയായ സഭ. വാസ്തവത്തില്‍ വളരെ അന്വര്‍ത്ഥമായ വിശേഷണം കൂടിയാണ് അത്. കാരണം സഭ എന്നും തീര്‍ത്ഥാടനപാതയിലാണ്. സ്വര്‍ഗമെന്ന ലക്ഷ്യം കേന്ദ്രമാക്കിയുള്ള തീര്‍ത്ഥാടനം. ഈ യാത്രയില്‍ പലപ്രതിസന്ധികളും പ്രതിബന്ധങ്ങളും ഉണ്ടാവുക സാധാരണമാണ്. ഇവയെ ഏതെല്ലാംവിധത്തില്‍ അതിജീവിക്കാനും നേരിടാനും കഴിയുന്നുവോ അപ്പോള്‍ മാത്രമേ നമ്മുടെ യാത്ര ലക്ഷ്യം കൈവരിക്കുകയുള്ളൂ.
ഏതു യാത്രയും എളുപ്പമാകുന്നത് ഒരേ ചിന്താഗതിക്കാരുമൊത്തുള്ള സഹയാത്രയിലൂടെയാണ്. ഒരേതരത്തില്‍ ചിന്തിക്കാനും പ്രവര്‍ത്തിക്കാനും കഴിയുമ്പോഴാണ്്. എന്നാല്‍ അത് അത്ര എളുപ്പമല്ല. വ്യത്യസ്ത ചിന്താഗതിക്കാരും അഭിപ്രായങ്ങളുളളവരും വീക്ഷണഗതികളുള്ളവരുമാണ് മനുഷ്യര്‍. അക്കാരണത്താല്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ സ്വാഭാവികം. തെറ്റിദ്ധാരണകള്‍ കൊണ്ടും കടുംപിടുത്തങ്ങള്‍ കൊണ്ടും സ്വാര്‍ത്ഥതകൊണ്ടും അഭിപ്രായഭിന്നതകള്‍ ഉടലെടുക്കാം. എന്നാല്‍ അവയെ പരിഹരിക്കാനുള്ള എളുപ്പമാര്‍ഗമാണ് സംവാദങ്ങള്‍.
സഭയെ സംബന്ധിച്ച് ഇതേറെ പ്രധാനപ്പെട്ടതാണ്. പരസ്പരസംവാദത്തിലൂടെയാണ് സഭയെന്നും വളര്‍ന്നിട്ടുള്ളത്. അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കാനും ഒരുമിച്ചുനിന്ന് പൊതുനന്മയ്ക്കായി തീരുമാനങ്ങള്‍ നടപ്പിലാക്കാനും സഭയെന്നും ശ്രദ്ധിച്ചിട്ടുണ്ട്, വിജയിച്ചിട്ടുമുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ മുന്നോട്ടുവച്ച സിനഡാലിറ്റി എന്ന ആശയം ഇവിടെയാണ് ഏറെ പ്രസക്തമാകുന്നത്. സിനഡും സിനഡാലിറ്റിയും ഒരുമിച്ചുപോകുന്നവയാണ്, സഭയ്്ക്കുള്ളില്‍ കൂട്ടായ്മ വളര്‍ത്തുകയും വിശ്വാസത്തിന്റെയും പ്രത്യാശയുടെയും പ്രാധാന്യം ഓര്‍മ്മിപ്പിക്കുകയുമാണ് സിനഡാലിറ്റി ചെയ്യുന്നത്. സഭ കൂട്ടായ്മയോടെ ജീവിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് സിനഡാലിറ്റി എന്നു ഒറ്റവാക്കില്‍ പറയാം, വിഭജനം കുറയ്ക്കുക, സംവാദം പ്രോത്സാഹിപ്പിക്കുക.. അതാണ് സിനഡാലിറ്റി കൂട്ടായ്മ വളര്‍ത്തണമെങ്കില്‍ നാം കേള്‍ക്കാന്‍ തയ്യാറാകണം, നിശ്ശബ്ദതപാലിക്കാന്‍ തയ്യാറാകണം. ചര്‍ച്ചക്ക് സന്നദ്ധമാകണം. സഭയെന്ന കുടുംബത്തിലും പൊതുസമൂഹത്തിനുപോലും ഇതേറെ പ്രസക്തമാണ്.
ആരാധനക്രമപരമായ വിയോജിപ്പുകള്‍ നമ്മുടെ സഭയുടെ ശാന്തമായ പ്രയാണത്തെ കുറെക്കാലങ്ങളായി അലോസരപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒന്നാണെന്ന് നമുക്കെല്ലാം അറിയാം. ഏതൊരു വ്യവസ്ഥിതിയുടെയും പുരോഗതിയെ തടസ്സപ്പെടുത്തുന്നവയാണ് അന്ത:ഛിദ്രങ്ങള്‍. അകമേ തന്നെയുള്ള വെല്ലുവിളികളാണ് അത്. അകത്തുനിന്നുകൊണ്ടുതന്നെ നാശം വരുത്താനുള്ള ശ്രമം. പുറമേ നിന്നുള്ള ആക്രമണങ്ങളെ നേരിടാന്‍ നമ്മള്‍ ശക്തരോ അല്ലെങ്കില്‍പുറമെയുള്ള ആക്രമണങ്ങളെക്കുറിച്ച് ബോധവാന്മാരോ ആകുമ്പോഴും അകത്തുനിന്നുള്ള ആക്രമണങ്ങളെക്കുറിച്ച് നമ്മളില്‍ പലരും ബോധവാന്മാരല്ല. നാശം സമ്പൂര്‍ണ്ണമായിക്കഴിയുമ്പോള്‍ മാത്രമാണ് നാം അതേക്കുറിച്ച് തിരിച്ചറിയാറുമുള്ളൂ. എന്നാല്‍ ഭാവിയിലേക്കു പ്രത്യാശയോടെ നോക്കിക്കൊണ്ട് പ്രശ്‌നങ്ങളെ നമുക്ക് ഒരുമിച്ചിരുന്ന് സംബോധന ചെയ്യാം. തര്‍ക്കങ്ങളെ നമുക്ക് കീറിമുറിച്ചു വികൃതമാക്കാതിരിക്കാം.
ക്ഷമിക്കാനും സഹിഷ്ണുത പുലര്‍ത്താനുമാണല്ലോ നമ്മുടെ ഗുരു നമുക്ക് കാണിച്ചുതന്നിരിക്കുന്നത്? അതിനപ്പുറമുള്ള ഒരു മാതൃകയും നമ്മുടെ മുമ്പിലില്ല. അതുകൊണ്ട് ക്രിസ്തുശിഷ്യരെന്ന നിലയില്‍ നമ്മള്‍ ആ മാതൃക അനുകരിക്കാനും അനുസരിക്കാനും കടപ്പെട്ടവരാണ്. അതുകൊണ്ട് ഇനിയുള്ള കാലമെങ്കിലും ആദിസ്‌നേഹത്തിലേക്ക് തിരിച്ചുനടക്കാനുള്ള അവസരമാകട്ടെ. പൊട്ടക്കിണറുകളുടെയും മരുഭൂമികളുടെയും നീരുറവ വറ്റിയ ജലാശയങ്ങളുടെയും പി്ന്നാലെ പായാതെ നമുക്ക് നിത്യജീവന്റെ ഉറവയായ ക്രിസ്തുവിലേക്ക് തിരികെ നടക്കാം.വരൂ നമുക്കിനി ഒരുമിച്ചുനടക്കാം. അതിന് പരസ്പരം ശ്രവിക്കാം. നിശ്ശബ്ദത പാലിക്കേണ്ട ഇടങ്ങളില്‍ നിശ്ശബ്ദത പാലിക്കാം. തുറവിയുള്ളവരാകാം.. പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും കൈകള്‍ കോര്‍ത്ത് ഒരേ പിതാവിന്റെ മക്കളായി നമുക്ക് മുന്നോട്ടു നടക്കാം.
മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ


