136 വർഷം പിന്നിട്ട ഫ്രാൻസിസ്കൻ ക്ലാരസഭ (FCC) യുടെ കൃപ നിറഞ്ഞ ചരിത്രവഴികൾ.
അസ്സീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെയും വി. ക്ലാരയുടെയും ആത്മീയ ചൈതന്യസുഗന്ധം പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ കേരളത്തിലേക്കും പ്രസരിച്ചതിന്റെ ഫലമായിരുന്നു’കേരള അസ്സീസി’ എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന എടത്വായിലെ പുത്തൻപറമ്പിൽ തൊമ്മച്ചന്റെ നേതൃത്വത്തിൽ ഫ്രാൻസിസ്കൻ മൂന്നാം സഭയുടെ ഒരു യൂണിറ്റ് സ്ഥാപിച്ച് പ്രവർത്തനം ആരംഭിച്ചത്. പ്രസ്തുത മൂന്നാം സഭാംഗങ്ങളിൽ ഏതാനും ഭക്തസ്ത്രീകൾ തീക്ഷ്ണമായ ദൈവസ്നേഹത്താൽ പ്രചോദിതരായി പാലായിലെ കണ്ണാടിയുറുമ്പ് എന്ന സ്ഥലത്ത് സമൂഹജീവിതം ആരംഭിച്ചു. യഥാർഥവും സമ്പൂർണ്ണവുമായ ഫ്രാൻസിസ്കൻ സന്യാസജീവിതം നയിക്കുവാനുള്ള ഇവരിൽ എട്ടു പേരുടെ തീവ്രമായ അഭിലാഷത്തിന് അഭിവന്ദ്യ ചാൾസ് ലവീഞ്ഞ് മെത്രാൻ തിരുസഭയുടെ അംഗീകാരമുദ്ര നൽകിയപ്പോൾ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസസമൂഹം 1888 ഡിസംബർ 14ന് ചങ്ങനാശ്ശേരിയിൽ തുടക്കം കുറിക്കപ്പെടുകയായിരുന്നു. പ്രാർഥനാചൈതന്യം, ദരിദ്രമായ ജീവിതം, അധ്വാനപൂർണമായ ജീവിതം, അനാഥസംരക്ഷണം, സാധുജന സേവനം എന്നിവയായിരുന്നു സന്യാസസമൂഹത്തിന്റെ സവിശേഷതകൾ..ലവീഞ്ഞ് പിതാവിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും പൈതൃക പരിപാലനയിൽ പുഷ്ടിപ്രാപിച്ച ഈ സന്യാസിനി സമൂഹം പിന്നീട് കേരളത്തിലെ വിവിധ രൂപതകളിൽ സ്വതന്ത്രശാഖകൾ ആയി രൂപത സന്യാസ സമൂഹങ്ങളായി വളർന്ന് വികസിച്ചു. 1970 ൽ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹം സംയോജിപ്പിക്കപ്പെടുകയും 1973 മാർച്ച് ഒന്നാം തീയതി പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തപ്പെടുകയും ചെയ്തു.
1960 ൽ ആഗ്രയിൽ ആരംഭിച്ച മിഷൻ പ്രവർത്തനം ഭാരതത്തിന്റെ വിവിധ സംസ്ഥാനങ്ങളും പിന്നിട്ട് വിദേശ രാജ്യങ്ങളിലേക്കും വ്യാപിച്ചു. ഇറ്റലി, ജർമ്മനി, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, സ്പെയിൻ, യു എസ് എ, സൗത്താഫ്രിക്ക, കെനിയ, ഉഗാണ്ട്, റുവാണ്ട, മലാവി, പപ്പുവാന്യൂഗിനിയ തുടങ്ങിയ വിദേശ രാജ്യങ്ങളിലായി എഫ്സിസി സിസ്റ്റേഴസ് വിവിധ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നു. ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ ഭാരതത്തിലെ രണ്ടാമത്തെ ഏതദേശിയ സന്യാസിനി സമൂഹമാണ്. ഇതിന് ഇപ്പോൾ 26 പ്രോവിൻസുകളും നാല് റീജിയനുകളും 7000 ത്തോടടുത്ത് അംഗങ്ങളും ഉണ്ട്.
ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷന്റെ സ്വർഗീയ കുസുമങ്ങളാണ് വിശുദ്ധ അൽഫോൻസാമ്മയും വാഴ്ത്തപ്പെട്ട രക്തസാക്ഷി റാണി മരിയയും ദൈവദാസി കൊളേത്താമ്മയും. ‘ഹൃദയ താഴ്മയിലൂടെ വിശുദ്ധിയിലേക്ക്’ എന്ന ആദർശവാക്യം മുറുകെ പിടിച്ചു കൊണ്ട് മുന്നോട്ടു പോകുന്ന ഈ സന്യാസ സമൂഹം തങ്ങളുടെ സിദ്ധിക്കനുസൃതമായ ജീവിതം കെട്ടിപ്പടുത്തിക്കൊണ്ടും പ്രാർഥന സുവിശേഷവത്കരണം, അഗതിസംരക്ഷണം, സാധുജന സേവനം, വിദ്യാഭ്യാസം, ആതുരശുശ്രൂഷ, സാമൂഹ്യസേവനം, മിഷൻ പ്രവർത്തനം, വിശ്വാസപരിശീലനം, പ്രേഷിതപ്രവർത്തനം, കുടുംബപ്രേഷിതത്വം. പാർശ്വവത്കരിക്കപ്പെട്ടവർക്ക് വേണ്ടിയുള്ള പ്രത്യേക ശുശ്രൂഷകൾ, മാധ്യമപ്രേഷിതത്വം. കാലഘട്ടത്തിന്റെ ആവശ്യങ്ങൾ പരിഗണിച്ചു കൊണ്ടുള്ള വിവിധ ശുശ്രൂഷകൾ തുടങ്ങിയ അപ്പസ്തോല പ്രവർത്തനങ്ങളിലൂടെ അവിടുത്തെ മുഖം പ്രകാശിപ്പിച്ചുകൊണ്ടും അഞ്ച് ഭൂഖണ്ഡങ്ങളിൽ ശുശ്രൂഷ ചെയ്യുന്നു.
സിസ്റ്റർ ലിറ്റി എഫ്സിസി
സുപ്പീരിയർ ജനറൽ



