ആരാധനക്കൊപ്പം സംശയവുമോ?

Published on

“അവനെക്കണ്ടപ്പോൾ അവർ അവനെ ആരാധിച്ചു. എന്നാൽ, ചിലർ സംശയിച്ചു” (മത്തായി 28:17)
ഉത്ഥിതനായ ഈശോയെ കണ്ടയുടനെ ശിഷ്യന്മാർ അവിടുത്തെ ആരാധിക്കുന്നു. തുടർന്നുള്ള അവരുടെ പ്രതികരണം വിചിത്രമാണ്: “എന്നാൽ, ചിലർ സംശയിച്ചു.” ഗ്രീക്ക് ഭാഷയിലെ വ്യാകരണ നിയമങ്ങളനുസരിച്ച് “എന്നാൽ, അവർ സംശയിച്ചു” എന്നും ഇതിനെ തർജ്ജമ ചെയ്യാവുന്നതാണ്. അതായത് ആ പതിനൊന്നു ശിഷ്യന്മാരും ഒരുപോലെ ഈശോയെ സംശയിച്ചു. വി. മത്തായിയുടെ സുവിശേഷത്തിലെ ശിഷ്യന്മാരുടെ അവസ്ഥ വ്യക്തമാക്കുന്ന തിരുവചനമാണിത്.

ഈശോയോടുള്ള വിധേയത്വമാണ് ശിഷ്യന്മാരുടെ മുഖമുദ്ര. അതുകൊണ്ടാണ് അവിടുന്ന് നിർദേശിച്ചതുപോലെ (28:10; cf. 26:32; 28:7) പതിനൊന്നു ശിഷ്യൻമാരും ഗലീലിയിലെ മലയിലേക്കു പോകുന്നത് (v. 16). “അവനെക്കണ്ടപ്പോൾ” എന്ന് സുവിശേഷകൻ രേഖപ്പെടുത്തുമ്പോൾ കാവൽക്കാർ കൈക്കൂലി വാങ്ങിപ്പറഞ്ഞ “ഞങ്ങൾ ഉറങ്ങിയപ്പോൾ രാത്രിയിൽ അവന്റെ ശിഷ്യൻമാർ വന്ന് അവനെ മോഷ്ടിച്ചുകൊണ്ടുപോയി” (v. 13, 15) എന്ന വാദത്തെ ഖണ്ഡിക്കുകയാണ്. ഈശോ ഉയർത്തെഴുന്നേറ്റു, ശിഷ്യന്മാർ നിശ്ചയമായും അവിടത്തെ കണ്ടു എന്ന് സുവിശേഷകൻ ഇവിടെ സ്ഥാപിക്കുന്നു. ഉത്ഥാനം ചെയ്ത ഈശോയെ കണ്ടയുടനെ ശിഷ്യന്മാർ കുമ്പിട്ടാരാധിക്കുന്നു. ആരാധനയെ സൂചിപ്പിക്കാൻ ഇവിടെ “പ്രൊസ്ക്യുനേയോ” എന്ന ക്രിയയാണ് ഗ്രീക്ക് സുവിശേഷത്തിലുള്ളത്. ദൈവത്തോടോ അധികാരിയോടോ ഉള്ള പരിപൂർണ്ണ ആശ്രയവും സമർപ്പണവുമാണ് ഈ ക്രിയയുടെ ഉള്ളടക്കം. “ആരാധിക്കുക” എന്ന മതാത്മക അർഥത്തിലോ “ബഹുമാനിക്കുക” എന്ന മതേതര അർഥത്തിലോ ഈ ക്രിയ ഉപയോഗിക്കാം. സുവിശേഷങ്ങളിൽ ഏറ്റവും കൂടുതൽ തവണ ഈ ക്രിയ ഉപയോഗിക്കുന്നത് വി. മത്തായിയാണ്. വിശ്വാസത്തോടെയുള്ള അനുഗ്രഹ യാചനയോ (8:2; 9:18; 15:25; 20:20), ഈശോയിൽ വെളിപ്പെടുന്ന ദൈവസാന്നിധ്യത്തോടുള്ള ആരാധനയോ (2:2.11; 14:33; 28:9.17) ആണ് ഇതിന്റെ അർഥം. സുവിശേഷത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും ഈശോയോടുള്ള ആരാധന മത്തായി ഉൾചേർക്കുന്നു (2:11; 28:16). ഈശോയിൽ വെളിപ്പെടുന്ന ദൈവത്തോടുള്ള യഥാർഥ ആരാധനയാണ് ഇവിടെ വിവക്ഷിക്കുന്നത്.

ഈശോയെ ആരാധിക്കുന്ന ശിഷ്യന്മാരുടെ ദൗർബല്യമാണ് അവരുടെ സംശയത്തിൽ വെളിച്ചത്തു വരുന്നത്. അവർ സംശയിച്ചു എന്നതിന് “ഡിസ്താസോ” എന്ന ക്രിയയാണ് ഗ്രീക്ക് സുവിശേഷത്തിൽ ഉപയോഗിക്കപ്പെടുന്നത്. മത്തായി 14:28-33 സഹായത്തോടെ ഇതിന്റെ അർഥം കൂടുതൽ വ്യക്തമായി ഗ്രഹിക്കാനാകും. വെള്ളത്തിനുമീതെ നടക്കാൻ ശ്രമിക്കുന്ന പത്രോസാണ് ഈ തിരുവചന ഭാഗത്തിലുളളത്. കടൽ പ്രക്ഷുബ്ദ്ധമാണെങ്കിലും ഈശോ പറഞ്ഞതുകൊണ്ട് പത്രോസ് വെള്ളത്തിനുമീതെ നടക്കുന്നു. തുടക്കത്തിൽ അദ്ദേഹത്തിന്റെ ശ്രദ്ധ ഈശോയിൽ മാത്രമായിരുന്നു. എന്നാൽ ആഞ്ഞടിക്കുന്ന കാറ്റിലേക്ക് ശ്രദ്ധ മാറിയ നിമിഷാർദ്ധത്തിൽ അദ്ദേഹം വെള്ളത്തിൽ മുങ്ങിപ്പോകുന്നു. ഉടനെതന്നെ മനസാന്നിധ്യം വീണ്ടെടുത്ത് ഈശോയെ വിളിച്ചുകരഞ്ഞ പത്രോസിനെ കൈപിടിച്ചുയർത്തി അവിടുന്ന് ചോദിക്കുന്നു: “അൽപവിശ്വാസീ, നീ സംശയിച്ചതെന്ത്?” സംശയിച്ചതു കൊണ്ടാണ് പത്രോസ് വെള്ളത്തിൽ മുങ്ങിപ്പോയതെന്ന സൂചന ഈ ചോദ്യത്തിലുണ്ട്; സംശയത്തിനിടയാക്കിയതോ അദ്ദേഹത്തിന്റെ അൽപവിശ്വാസവും. ശിഷ്യരിൽ നിന്നും ഈശോ പ്രതീക്ഷിക്കുന്നത് കടുകുമണിയോളമുള്ള വിശ്വാസമാണ് (17:20). അത് മലകളെ മാറ്റാൻ തക്കവിധമുള്ള, ശിഷ്യന്മാർക്ക് എല്ലാം സാധ്യമാക്കുന്ന വിശ്വാസമാണ്.

ഉത്ഥിതനായ ഈശോയെ ആരാധിച്ചെങ്കിലും, ഉടനെതന്നെ അവിടുത്തെ സംശയിക്കുന്ന ശിഷ്യരിലും അൽപവിശ്വാസംപോലെ ഗൗരവതരമായ എന്തോ കുറവുണ്ട്. എങ്കിലും അതൊന്നും ഗൗനിക്കാതെ അവരെ വിശ്വാസത്തിലെടുത്തുകൊണ്ട് എല്ലാ ജനതകളെയും ശിഷ്യപ്പെടുത്താനുള്ള ദൗത്യം ഈശോ അവരെ ഏൽപ്പിക്കുന്നു (28:1920). ശിഷ്യരിൽ പരിപൂർണ്ണമായി വിശ്വാസമർപ്പിക്കുന്ന ക്രിസ്തുവിൻന്റെ മുഖമാണ് ഇവിടെ സുവിദിതമാകുന്നത്. അവർക്ക് ബലം പകർന്നുകൊണ്ട് “യുഗാന്തംവരെ എന്നും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും” (28:20) എന്ന് ഈശോ അവരോടു വാഗ്ദാനം ചെയ്യുന്നു. കൂടെയുള്ള ഈശോയുടെ സാന്നിധ്യം അവിശ്വാസത്തെ അതിജീവിക്കാനും യഥാർഥ ആരാധനയിൽ മുഴുകാനും നമ്മെ പ്രാപ്തരാക്കുന്നു.

റവ. ഡോ. പോൾ കുഞ്ഞാനായിൽ എം.സി.ബി.എസ്.

Latest Updates

POPULAR Views

FEATUERD Views

സത്യമായും ആത്മാവില്‍ ആരാധിക്കുന്ന സമയം (യോഹന്നാന്‍ 4 :24 )

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍...

സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

'സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും' (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...

വീണ്ടും ജനനമോ മുകളിൽ നിന്നുള്ള ജനനമോ?

യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ...

വിവാഹമോചനം അനുവദനീയമോ?

"എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ...