പൗലോസിന്റെ ധനശേഖരണത്തിന്റെ ഉദ്ദേശ്യം എന്ത് ?

Published on

പൗലോസ് തന്റെ ലേഖനങ്ങളിലൂടെ ദരിദ്രരെ സാമ്പത്തികമായും ആത്മീയമായും സഹായിക്കണമെന്ന് ആവർത്തിച്ച് ഉദ്ബോധിപ്പിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്നു (1 കോറി.16:2). ആയതിനാൽ തന്നെ അദ്ദേഹത്തിന് ധാരാളം ആരോപണങ്ങൾ സഹിക്കേണ്ടിവന്നു, (2കോറി.8:16 -24;12:16). ദരിദ്രരോട് അനുകമ്പ കാണിക്കുവാനുള്ള കാരണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ഒന്നാമതായി, പൗലോസ് ജനിച്ചുവളർന്ന യഹൂദ മതം ദാനധർമ്മത്തെ പുണ്യപ്രവൃത്തിയായിട്ടാണ് കണക്കാക്കിയിരുന്നത്. ഈ പ്രവൃത്തിയെ ഹീബ്രു വാക്കായ ‘സെദക്കായ’ യുമായിട്ടാണ് സാമ്യപ്പെടുത്തുന്നത്. ഇത് സൂചിപ്പിക്കുന്നത് ഒരു വ്യക്തി മറ്റൊരാൾക്കായി ചെയ്യാവുന്ന ഏറ്റവും നീതിപൂർവ്വമായ പ്രവൃത്തിയെയാണ്. നിയമാവർത്തനം 15:1 ഇങ്ങനെ ഓർമ്മിപ്പിക്കുന്നു, “ഭൂമിയിൽ ദരിദ്രർ എന്നും ഉണ്ടായിരിക്കും, ആകയാൽ നിന്റെ നാട്ടിൽ വസിക്കുന്ന അഗതിയും ദരിദ്രനുമായ നിന്റെ സഹോദരനുവേണ്ടി കൈ അയച്ചു കൊടുക്കുക എന്ന് ഞാൻ നിന്നോട് കൽപ്പിക്കുന്നു”. കൂടാതെ പാവങ്ങളോട് നീതിയും ആവശ്യക്കാരനോട് കരുണയും കാണിക്കുവാനാണ് യഹൂദമതം പഠിപ്പിക്കുന്നത് (ലേവ്യ. 23:22; നിയമാ. 15:7; സുഭാ.14:31).

രണ്ടാമതായി, പൗലോസ് ശ്ലീഹ ജെറുസലേമിൽ വച്ച് പാവങ്ങളെ സഹായിച്ചു കൊള്ളാം എന്ന് ഉറപ്പു നൽകിക്കൊണ്ട് ജെറുസലേം കരാറിൽ എത്തിച്ചേരുന്നുണ്ട്. എന്നാൽ ഈ കരാറിന് മുമ്പ് പോലും അദ്ദേഹം പാവങ്ങളെ സഹായിച്ചിരുന്നു എന്ന് നമുക്ക് കാണാൻ സാധിക്കും. ക്രിസ്തുവർഷം 46 ൽ ജെറുസലേമിലെക്ഷാമത്തെ കുറിച്ച് അറിഞ്ഞ പൗലോസ് ശ്ലീഹ അന്ത്യോക്യായിൽ നിന്ന് ധനശേഖരണം നടത്തി ജറുസലേമിൽ എത്തിച്ചു കൊടുത്തു (അപ്പ.പ്രവ.11:29-30). പ്രേഷിത പ്രവർത്തനത്തിന്റെ മേഖലകൾ നിശ്ചയിച്ചപ്പോൾ പത്രോസും യാക്കോബും യോഹന്നാനും പൗലോസിനെ ഓർമിപ്പിച്ചത് ജെറുസലേമിലെ പാവങ്ങളെ കുറിച്ച് എപ്പോഴും ചിന്ത ഉണ്ടായിരിക്കണം എന്നാണ് (ഗലാ 2:10).

മൂന്നാമതായി, ദാനധർമ്മം ക്രിസ്തീയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പ്രകടനമാണ് (2കോറി. 8:8-9,19; 9:12-15). ക്രിസ്തുവിൽ എല്ലാവരും ഒന്നാണ്. ക്രിസ്തുവിൽ ഒന്നായിരിക്കുന്ന ഏവർക്കും സഹോദരന്റെ കഷ്ടതകളിൽ അലിവ് തോന്നി സഹായിക്കുവാനുള്ള വലിയ ഉത്തരവാദിത്വമുണ്ട്. ആയതിനാൽ ദാനധർമ്മത്തെ ഒരു ജീവകാരുണ്യ പ്രവർത്തിയായി കണ്ടുകൊണ്ട് ഉള്ളവർ ഇല്ലാത്തവരുമായി ക്രൈസ്തവ കൂട്ടായ്മയിൽ പങ്കുവയ്ക്കണം (2 കോറി. 8:4; റോമ 15:26; മത്താ. 6:2). പൗലോസ് ദരിദ്രനായി ജീവിക്കുവാൻ ആഗ്രഹിക്കുകയും (2 കോറി. 6:10), പ്രേഷിതപ്രവർത്തനത്തിന്റെ ഇടയിൽ പോലും ജോലി ചെയ്ത് പാവങ്ങളെ സഹായിക്കുവാൻ തയ്യാറാവുകയും ചെയ്തു ( അപ്പ. പ്രവ.18:3).
നാലാമതായി, ദാനധർമ്മം കൃപയുടെ പങ്കു വയ്ക്കൽ ആണ്. സേവനത്തിന്റെ ശുശ്രൂഷയായ സംഭാവന വഴി വിശുദ്ധരുടെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, ദൈവത്തിന് അർപ്പിക്കുന്ന നിരവധി കൃതജ്ഞതാസ്തോത്രങ്ങളിലൂടെ കൃപ കരകവിഞ്ഞൊഴുകുക കൂടി ചെയ്യുന്നു (2കോറി.9:12). സ്വയം നൽകുന്നതുവഴി കൃപ ധാരാളമായി ലഭിച്ചുകൊണ്ടിരിക്കുന്നു. കർത്താവ് സമ്പന്നനായിരുന്നിട്ടും ദരിദ്രനായി ജീവിച്ചു (2കോറി.8:9). ദരിദ്രർക്ക് ദാനം ചെയ്യുന്നത് വഴി ഒരാളുടെ നീതി എന്നും നിലനിൽക്കുന്നു (2 കോറി. 9:9).

അഞ്ചാമതായി, ദാനധർമ്മം സാഹോദര്യത്തിലുള്ള പങ്കാളിത്തമാണ്. പൗലോസ് ശ്ലീഹ സംഭാവനയെ വിശുദ്ധർക്കുള്ള സംഭാവന ആയിട്ടാണ് കരുതിയിരുന്നത്. ക്ലേശിതരെ സഹായിക്കുന്ന ശുശ്രൂഷയിൽ പങ്കാളികളാകുവാൻ ദൈവജനം ആഗ്രഹിക്കുന്നു (2 കോറി.8:4;9:1-12). ഈ ശുശ്രൂഷയിൽ മക്കദൊനിയായിലെ വിശ്വാസികൾ ഉദാരമായി സംഭാവന ചെയ്യുകയും (2കോറി.8:3-5), ഫിലിപ്പിയിൽ ഉള്ളവർ അവർക്ക് നൽകാൻ സാധിക്കുന്നതിലും അധികമായി നൽകുകയും ചെയ്തു (2കോറി.8:6-11; ഫിലിപ്പി 4:15). ഈ വിജാതീയ ക്രിസ്ത്യാനികളുടെ ഉദാരതയും പാവപ്പെട്ട ജെറുസലേം സഭയോട് കാണിക്കുന്ന കൂട്ടായ്മയും അവരുടെ ആഴമായ ക്രൈസ്തവവിശ്വാസത്തിന്റെ പ്രകടനമാണ്. പൗലോസ് ഇപ്രകാരമുള്ള പങ്കുവയ്ക്കലിനെയും കൂട്ടായ്മയേയും ധാരാളമായി പ്രോത്സാഹിപ്പിക്കുന്നു.

അവസാനമായി, പൗലോസ് ശ്ലീഹ ജെറുസലേം സഭയുടെ ആവശ്യം ധാരാളമായി മനസ്സിലാക്കിയിരുന്നു. ഈ സഭയ്ക്ക് ആത്മീയവും ഭൗതികവുമായ ആവശ്യങ്ങൾ ധാരാളമായിരുന്നു. ജെറുസലേമിലെ ആദിമക്രിസ്ത്യാനികളിൽ ഭൂരിഭാഗം പേരും ദരിദ്രരായിരുന്നു. കൂടാതെ അവിടെ ധാരാളം വിധവകളും ഉണ്ടായിരുന്നു (അപ്പ. പ്രവർ. 2:41, 47; 4:4; 6:7; 9:31;21:20;മർക്കോ.12:42;ലൂക്ക 21:1-4). ഈ സഭയിൽ ക്ലൗവൂദിയൂസ് ചക്രവർത്തിയുടെ സമയത്ത് വലിയക്ഷാമം ഉണ്ടാവുകയും ദരിദ്രരായ ക്രിസ്ത്യാനികൾ വളരെയധികം സഹിക്കേണ്ട സാഹചര്യം ഉണ്ടാവുകയും ചെയ്തു (അപ്പ.പ്രവ. 11:28- 29). കൂടാതെ ജെറുസലേമിൽ പാവപ്പെട്ടവരുടെ ജീവിതം വളരെ ക്ലേശപൂർണ്ണവുമായിരുന്നു. അത്യാവശ്യസാധനങ്ങൾ പോലും വലിയവില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയായിരുന്നു അവിടെ. അതിലും ഉപരിയായി മാതൃസഭയായ ജെറുസലേം സഭയ്ക്ക് പ്രേക്ഷിത പ്രവർത്തനത്തിനായി ധാരാളം ആളുകളെ അയക്കുവാനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നു. അതിനായി യോഗ്യരായവർക്ക് പരിശീലനം നൽകുന്നതിനായും അവരെ മറ്റു സഭകളിലേക്ക് അയക്കുന്നതിനായും ധാരാളം ധനം ആവശ്യമായിരുന്നു (അപ്പ. പ്രവ. 6:4; 1കോറി.9:4-6). ജെറുസലേം സഭ റോമക്കാരാലും യഹൂദരാലും പീഡിപ്പിക്കപ്പെട്ട സഭയായിരുന്നു. അധികാരികൾ പൊതുനികുതിയും മതത്തിന്റെ പേരിലുള്ള നികുതിയും അവരുടെ മേൽ അടിച്ചേൽപ്പിച്ചു.

മുകളിൽ പറഞ്ഞ കാരണങ്ങളാൽ പൗലോസ് ശ്ലീഹാ നിരന്തരമായി ജെറുസലേം സഭയെ സഹായിച്ചിരുന്നു. കിഴക്കൻ യൂറോപ്യൻ സഭകളിൽ നിന്നു പോലും ധനം ശേഖരിച്ച് അവർക്ക് എത്തിച്ചുകൊടുത്തിരുന്നു. കൂടാതെ തന്റെ പ്രാർഥനയിൽ ദരിദ്രരെ പ്രത്യേകമായി ഓർക്കുകയും ചെയ്തു. ഇപ്രകാരം സ്നേഹത്തിന്റെയും കൂട്ടായ്മയുടേതുമായ ഈ ശുശ്രൂഷയിലേക്ക് തന്റെ ലേഖനങ്ങളിലൂടെ എല്ലാവരെയും ആനയിച്ചുകൊണ്ടിരുന്നു.

ഡോ. സിബിച്ചൻ ജോസഫ് ഒറ്റപ്പുരയ്ക്കൽ

Latest Updates

POPULAR Views

FEATUERD Views

ദൈവഹിതമറിയാന്‍ കുറിയിടാമോ? അപ്പസ്‌തോലന്മാരുടെ നറുക്കിടലും സഭാപാരമ്പര്യവും!

യേശുവിന്റെ സ്വര്‍ഗ്ഗാരോഹണത്തിനുശേഷം പരിശുദ്ധ മറിയത്തോടും മറ്റു സ്ത്രീകളോടുമൊപ്പം അപ്പസ്‌തോലന്മാര്‍ ജറുസലമിലെ സെഹിയോന്‍...

സത്യമായും ആത്മാവില്‍ ആരാധിക്കുന്ന സമയം (യോഹന്നാന്‍ 4 :24 )

ഈശോയും സമരിയക്കാരിയും തമ്മിലുള്ള ദീര്‍ഘമായ സംഭാഷണത്തിന്റെ ഹൃദയഭാഗം എന്ന് വിശേഷിപ്പിക്കാവുന്നത്, 'പ്രോസ്‌ക്യുനേസൂസിന്‍...

സ്വര്‍ഗ്ഗം കൊള്ളയടിച്ചവന്‍

'സത്യമായി ഞാന്‍ നിന്നോടു പറയുന്നു: ഇന്ന് നീ എന്നോടുകൂടെ പറുദീസയില്‍ ആയിരിക്കും' (ലൂക്ക 23:43). ക്രൂശിക്കപ്പെട്ട രണ്ട് കള്ളന്മാര്‍ക്കിടയില്‍ കിടന്നുകൊണ്ട് ഈശോ നടത്തിയ ഈ പ്രഖ്യാപനം വെറുമൊരു സാന്ത്വനവാക്കല്ല; മറിച്ച് കൃപയുടെയും വിശ്വാസത്തിന്റെയും അതീവ നിഗൂഢമായ ഒരു ദൈവശാസ്ത്രമാണ്. യേശുവിനെ എല്ലാവരും ഉപേക്ഷിച്ചുപോയ ആ നിമിഷത്തില്‍, ഒരു കുറ്റവാളിയായി മുദ്രകുത്തപ്പെട്ട വ്യക്തിയില്‍ നിന്ന് ഉയര്‍ന്നുവന്ന ആഴമേറിയ വിശ്വാസത്തിന്റെ ഏറ്റുപറച്ചിലും, അതിന് മറുപടിയായി ലഭിച്ച നിത്യജീവന്റെ വാഗ്ദാനവും ക്രിസ്തീയ വിശ്വാസത്തിന്റെ അടിസ്ഥാന ശിലകളില്‍ ഒന്നാണ്.

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...