113 വർഷം പൂർത്തിയാക്കിയ തിരുഹൃദയസന്യാസിനീസമൂഹ(SH)ത്തിന്റെ നാൾവഴികളും സന്യാസിനീസമൂഹസ്ഥാപകനായ ധന്യൻ കദളിക്കാട്ടിൽ മത്തായിയച്ചന്റെ ജീവിതവും
ദൈവത്തിന്റെ അനന്തപരിപാലനയിൽ തിരുസഭയിൽ രൂപംകൊണ്ട സ്നേഹത്തിന്റെ കൂട്ടായ്മയാണ് തിരുഹൃദയസന്യാസിനീ സമൂഹം. പാലാ കത്തീഡ്രൽ ഇടവകയിൽ 1911 ജനുവരി ഒന്നാം തീയതി സ്ഥാപിതമായ ഈ സമൂഹത്തിന് രൂപവും, ഭാവവും നൽകിയത് ഇടവകവൈദികനായ ബഹു. കദളിക്കാട്ടിൽ മത്തായിയച്ചനാണ്. പാലാ രൂപതയിലെ ഇടപ്പാടി ഗ്രാമത്തിൽ കദളിക്കാട്ടിൽ കുടുംബത്തിൽ ചെറിയാൻ – റോസ ദമ്പതികളുടെ ദ്വീതീയപുത്രനായി 1872 ഏപ്രിൽ 25 ന് ജനിച്ച്, മത്തായി എന്ന ജ്ഞാനസ്നാനം നാമം സ്വീകരിച്ച് ക്രിസ്തീയ വിശ്വാസത്തിലും ആധ്യാത്മികതയിലും വളർന്നുവന്ന ഈ ബാലൻ, മാന്നാനം സെമിനാരിയിൽ ചേർന്ന് വൈദികപഠനം പൂർത്തിയാക്കി. 1901 ഫെബ്രുവരി 17 ന് പൗരോഹിത്യം സ്വീകരിച്ച് 1921 ഫെബ്രുവരി 28 ന് മാന്നാനം ആശ്രമദേവാലയത്തിൽ പ്രഥമബലി അർപ്പിച്ചു. ഈശോയുടെ തിരുഹൃദയമഹത്വം മാത്രംലക്ഷ്യമാക്കി ജീവിതംസമർപ്പിച്ച മത്തായിയച്ചൻ തന്റെ അജപാലന ദൗത്യനിർവഹണത്തിനിടയിൽ കണ്ടുമുട്ടിയ അനാഥരും ആകുലരും അസാന്മാർഗികജീവിതം നയിക്കുന്നവരും രോഗികളും പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സഹോദരങ്ങളുടെയും, ഒപ്പം അർപ്പിതജീവിതത്തിന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും പിതൃധനം, വിദ്യാഭ്യാസം എന്നിവയുടെ കുറവു നിമിത്തം സന്യാസിനീസമൂഹങ്ങളിൽ പ്രവേശനം ലഭിക്കാതിരുന്ന യുവതികളുടെയും ഹൃദയനൊമ്പരങ്ങൾ മനസ്സിലാക്കി, രാത്രിയുടെ നീണ്ട യാമങ്ങളിൽ വ്രണിതഹൃദയനായി ദിവ്യകാരുണ്യസന്നിധിയിൽ പ്രാർത്ഥനാനിരതനായപ്പോൾ ലഭിച്ച ദിവ്യപ്രചോദനത്തിന്റെ അടിസ്ഥാനത്തിലാണ് തിരുഹൃദയസന്യാസിനീസമൂഹത്തിന് രൂപം നല്കിയത്.
ചങ്ങനാശ്ശേരി രൂപതയുടെ വികാരി അപ്പസ്തോലിക് ആയിരുന്ന മാക്കീൽ മാർ മത്തായി മെത്രാൻ ഈ സമൂഹത്തിന് അനുവാദം നല്കി. 1931 ൽ മാർ ജെയിംസ് കാളാശ്ശേരി പിതാവ് ഈ സമൂഹത്തിന് ‘തിരുഹൃദയസഭ’ എന്ന പേരു നൽകി ഒരു പ്രത്യേക സന്യാസിനീസമൂഹമായി അംഗീകരിച്ചു. 1935 മേയ് 23ന് പതിനൊന്നാം പീയൂസ് മാർപാപ്പ തിരുഹൃദയസന്യാസിനീസമൂഹത്തിന് കാനോനിക അംഗീകാരം ലഭിച്ചു. മത്തായിയച്ചന്റെ സ്വർഗയാത്രയുടെ അതേദിവസം, അതേ മണിക്കൂറിൽ തന്നെയാണ് അദ്ദേഹം സ്ഥാപിച്ച സമൂഹത്തിന് കാനോനികഅംഗീകാരം ലഭിച്ചത് എന്നതും ശ്രദ്ധേയമാണ്. മത്തായി അച്ചനെ 1989 ഏപ്രിൽ 12 ന് ദൈവദാസപദവിയിലേക്കും, 2011 ജൂൺ 27 ന് ധന്യപദവിയിലേക്കും ഉയർത്തുവാൻ ദൈവം തിരുമനസ്സായി
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ആഹ്വാനം ഉൾക്കൊണ്ട് പാലാ, ചങ്ങനാശ്ശേരി, എറണാകുളം എന്നീ രൂപതകളിൽ മൂന്നു സ്വതന്ത്രസമൂഹങ്ങളായി വളർന്നുവന്ന തിരുഹൃദയസന്യാസിനീസമൂഹത്തെ ഒരു പൊതുശ്രേഷ്ഠയുടെ കീഴിൽ 1974 ആഗസ്റ്റ് 15 ന് സംയോജിത തിരുഹൃദയസന്യാസിനീസമൂഹമായി ഏകീകരിച്ചു. 2024 ൽ സംയോജിതസമൂഹത്തിന്റെ സുവർണ്ണ ജൂബിലി ജനറലേറ്റിൽ ആഘോഷിച്ചു. 1976 മാർച്ച് 11 -ാം തീയതി സമൂഹത്തിന്റെ പ്രഥമ നിയമസംഹിത ഏഴു വർഷത്തേക്ക് പരീക്ഷണാർത്ഥം അംഗീകരിച്ച് പരിശുദ്ധ സിംഹാസനം സന്യാസിനീസമൂഹത്തെ പൊന്തിഫിക്കൽ പദവിയിലേക്ക് ഉയർത്തി.
സുവിശേഷപ്രഘോഷണം, ജീവകാരുണ്യപ്രവർത്തനങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾ ഇവയാണ് പ്രധാന പ്രേക്ഷിതപ്രവർത്തനങ്ങൾ.
അചഞ്ചലമായ ദൈവാശ്രയബോധം, പ്രാർത്ഥന, നിരന്തരമായ ദൈവാചിത്താനുവർത്തനം, പരിഹാരാത്മകമായ സൽക്രിയകളുടെ അനുഷ്ഠാനം, തിരുസഭാത്മകത്വം, അധ്വാനതൽപരത, വ്യവസ്ഥയില്ലാത്ത സേവനം, പാവങ്ങളുമായി താദാത്മ്യപ്പെട്ടു കൊണ്ട് ദരിദ്രവുംവിനീതവുമായ ജീവിതം, മാനുഷികമൂല്യങ്ങളെ മാനിക്കുന്ന പെരുമാറ്റം, അവികസിത മേഖലയിലെ സംലഭ്യത എന്നിവ സമൂഹത്തിന്റെ തനിമ പ്രകടമാക്കുന്ന പൈതൃകത്തിന്റെ സവിശേഷതകളാണ്. സീറോമലബാർ, സീറോമലങ്കര, ലത്തീൻ റീത്തുകളിൽ കേരളത്തിനകത്തും പുറത്തും വിദേശത്തുമായി 501 ഭവനങ്ങളിൽ 3492 സിസ്റ്റേഴ്സ് 11 പ്രോവിൻസുകളിലും, ഒരു റീജിയനുകളിലുമായി വിവിധ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു. റവ. സി. അൽഫോൻസാ തോട്ടുങ്കൽ എസ്. എച്ചാണ് സുപ്പീരിയർ ജനറൽ.
സി. അൽഫോൻസ തോട്ടുങ്കൽ SH



