സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ഏലിയാ സ്ലീവാ മൂശാക്കാലം
സെപ്തംബര്‍ 29 (ഞായര്‍ 6)
യോഹ 12:27-36
യോഹന്നാന്‍ സുവിശേഷത്തില്‍ പറയുന്നത് ഈശോ കുരിശില്‍ ഉയര്‍ത്തപ്പെടുമ്പോള്‍ സകല മനുഷ്യരെയും തന്നിലേക്ക് ആകര്‍ഷിക്കുമെന്നാണ്. പരാജയത്തിന്റെയും അപമാനത്തിന്റെയും പ്രതീകമാണ് കുരിശ്. മാത്രമല്ല കുരിശില്‍ തൂങ്ങപ്പെട്ടവന്‍ ശപിക്കപ്പെട്ടവനാണെന്നാണ് പഴയനിയമത്തിലെ വിശ്വാസം. അങ്ങനെ ശാപത്തിന്റെയും മരണത്തിന്റെയും അപമാനത്തിന്റെയും അടയാളമായ കുരിശിനെയാണ് ദൈവം മഹത്വത്തിന്റെ ചിഹ്നമായി ഉയര്‍ത്തുന്നത്. അപമാനവും പരാജയവും തഴയപ്പെടലുമെല്ലാം വിജയത്തിലേക്കുള്ള ഒരുവന്റെ ചവിട്ടുപടികളാണ്. കുരിശില്‍ കിടന്ന ഈശോയാണ് എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിക്കാന്‍ തക്ക കരുത്ത് നേടിയത്. ജീവിതത്തിലെ പരാജയങ്ങളും സങ്കടങ്ങളും നമ്മുടെ മഹത്വീകരണത്തിന് കാരണമാകും. തീര്‍ച്ച.
സമാന്തരസുവിശേഷങ്ങളില്‍ ഈശോ ഗത്സമെന്‍ തോട്ടത്തില്‍ പ്രാര്‍ഥിക്കുന്നതിന് സമാനമായ ഭാഗമാണ് യോഹന്നാന്‍ ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. മനസ് അസ്വസ്ഥമാകമ്പോള്‍ ഈശോ പ്രാര്‍ഥനയിലേക്ക് പ്രവേശിക്കുകയാണ്. തനിക്ക് വരാനിരിക്കുന്ന അപകടം മുന്‍കൂട്ടിയവന്‍ കാണുന്നു.അതു മാറിപ്പോകാന്‍ മാനുഷികമായ പ്രേരണയാല്‍ പ്രാര്‍ഥിക്കുന്നു. എന്നാല്‍ അതേ സമയം ദൈവഹിതം സ്വീകരിക്കാനും മനസ്സുകൊണ്ട് തയ്യാറാകുന്നു. മനസ് അസ്വസ്ഥമാകുമ്പോള്‍, പ്രശ്‌നങ്ങള്‍ മുന്നില്‍ കുന്നുകൂടുമ്പോള്‍ നമ്മള്‍ എന്തിലാണ് അഭയം പ്രാപിക്കുന്നത് ? ഒരു അപകടം, അപമാനം, സങ്കടം, മരണം ഇതൊക്കെ വരുമ്പോഴേക്കും മനുഷ്യര്‍ മദ്യപാനവും ആത്മഹത്യയുംപോലെയുള്ള ഒളിച്ചോട്ടങ്ങള്‍ക്കാണ് ശ്രദ്ധിക്കുന്നത്. എന്നാല്‍ പ്രാര്‍ഥനയില്‍ അഭയം തേടിക്കൊണ്ട് ആ പ്രശ്‌നത്തെ അഭിമുഖീകരിക്കാന്‍ എത്രപേര്‍ക്ക് സാധിക്കുന്നുണ്ട്?
പലരും ചോദിക്കുന്ന ചില ചോദ്യങ്ങളുണ്ട്, പ്രാര്‍ഥിച്ചിട്ടു ഇപ്പോള്‍ എന്നാ കിട്ടാനാ? പ്രാര്‍ഥിച്ചിട്ടും കാര്യങ്ങള്‍ക്ക് ഒരു മാറ്റവും ഇല്ലല്ലോ?
ഒരു പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാതെ ധൈര്യപൂര്‍വ്വം നേരിടാനുള്ള ചങ്കൂറ്റം പ്രാര്‍ഥന വഴിയായി നമുക്ക് കിട്ടുന്നുണ്ട് . പ്രാര്‍ഥന പ്രശ്‌നത്തിന് പരിഹാരം മാത്രം അല്ല , മറിച്ചു പ്രശ്‌നത്തെ നേരിടാനുള്ള ധൈര്യമാണ് നമുക്ക് നല്‍കുന്നത്.’തെളിച്ച വഴിയിലൂടെ പോയില്ലെങ്കില്‍, പോയ വഴിയിലൂടെ തെളിയിക്കുക’ എന്ന് പറയുന്നതുപോലെ.. ഉദ്ദേശിച്ച പോലെ ജീവിതം മുന്നോട്ടു കൊണ്ടുപോകുവാന്‍ ആകുന്നില്ലെങ്കില്‍ തമ്പുരാന്റെ ഹിതം പോലെ അതിനെ വിട്ടുകൊടുക്കാന്‍ മനസും ധൈര്യവും ഉണ്ടാവുക എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം.
‘ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.’
(യാക്കോബ് 4 : 3)
ഈശോയുടെ പ്രാര്‍ഥനക്കുള്ള ഉത്തരമായി സ്വര്‍ഗത്തില്‍ നിന്നും ഒരു ദൂതനെ അയച്ചു അവനെ ശക്തിപ്പെടുത്തിയെന്ന് (ലൂക്കാ സുവിശേഷം) നമ്മള്‍ കാണുന്നു. പ്രശ്‌നങ്ങളില്‍നിലവിളിച്ച് പ്രാര്‍ഥിക്കുമ്പോള്‍ ആ പ്രശ്‌നം ചിലപ്പോള്‍ മാറുന്നില്ല മറിച്ചു ആ പ്രശ്‌നത്തെ ‘ഫെയ്‌സ്’ ചെയ്യാന്‍ കഴിയുന്നവിധത്തിലുള്ള ചില സ്വരങ്ങള്‍ നമ്മള്‍ കേള്‍ക്കും, അല്ലെങ്കില്‍ ദൈവദൂതരെ/ കാവല്‍ മാലാഖമാരെ നമ്മെ ശക്തിപ്പെടുത്താന്‍ ദൈവം അയച്ചു തരും . അങ്ങനെ അവിടുന്ന് നമ്മളെ ബലപ്പെടുത്തും. ഇസഹാക്കിന് നേരെ കത്തി ഉയര്‍ത്തിയ അബ്രഹാത്തെ ദൂതന്‍ തടഞ്ഞപോലെ, തോബിയാസിന് റാഫേല്‍മാലാഖ കാവല്‍ ആയതു പോലെ ചില കാവല്‍ദൂതന്മാര്‍ നമുക്കും കൂട്ടു വരും. അതാണ് സങ്കീര്‍ത്തകന്‍ പറയുന്നത് ‘നിന്റെ വഴികളില്‍ നിന്നെ കാത്തുപാലിക്കാന്‍
അവിടുന്നു തന്റെ ദൂതന്‍മാരോടു കല്‍പിക്കും.നിന്റെ പാദം കല്ലില്‍ തട്ടാതിരിക്കാന്‍ അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും
(സങ്കീ 91 : 11)
ചുരുക്കി പറഞ്ഞാല്‍ പ്രാര്‍ഥന ഒരിക്കലും നിഷ്ഫലമാകുന്നില്ല. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നമുക്ക് അതിന് ഉത്തരം കി്ട്ടുന്നുണ്ട്.
ഫാ. നൗജിന്‍ വിതയത്തില്‍


