സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം അടിസ്ഥാനമാക്കിയുളള വചനവിചിന്തനം
മംഗളവാര്‍ത്തക്കാലം ഡിസംബര്‍ 22 ( ഞായര്‍ 4 ) മത്തായി 1:18- 24
ഉറങ്ങുന്ന യൗസേപ്പിതാവും ഉറക്കമില്ലാത്ത നമ്മളും
ഫ്രാന്‍സിസ് മാര്‍പാപ്പ പ്രചാരത്തില്‍ കൊണ്ടുവന്ന രണ്ടു രൂപങ്ങളില്‍ ഒന്നാണ് ഉറങ്ങുന്ന യൗസേപ്പ്. (മറ്റൊന്ന് കുരുക്കഴിക്കുന്ന മാതാവാണ്).
വിശുദ്ധ ഗ്രന്ഥത്തിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും യൗസേപ്പ് നല്ല ഉറക്കത്തിലാണ്. ഭാര്യ തന്നാല്‍ അല്ലാതെ ഗര്‍ഭിണിയാണ് എന്നറിഞ്ഞ സമയം, ഉണ്ണിയേശുവിന്റെ ജീവനു ഭീഷണി നേരിടുന്ന സമയം, മാതാവും ഉണ്ണീശോയുമായി അന്യദേശത്ത് താമസിക്കേണ്ടി വരുന്ന സമയം. ഒത്തിരി ഉത്കണ്ഠ ഉള്ള സമയമാണ് ഇതൊക്കെ . സാധാരണ ഒരു മനുഷ്യന് ഉറക്കം നഷ്ടപ്പെടുന്ന സമയം.എന്നിട്ടും യൗസേപ്പ് സുഖമായി ഉറങ്ങുന്നു.
മനുഷ്യര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഉറക്കഗുളിക കഴിച്ചും രണ്ടെണ്ണം അടിച്ചും കൊന്ത മാറിമാറി ചൊല്ലിയുമൊക്കെയാണ് പലരും ഉറങ്ങാന്‍ ശ്രമിക്കുന്നത്.. ചെറിയ ടെന്‍ഷന്‍സ് പോലും നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാള്‍ക്ക് ഇത്രയധികം വിഷമസന്ധികളിലും കണ്ണും പൂട്ടി ഉറങ്ങാന്‍ ആവുക? അതിന് കാരണം യൗസേപ്പിതാവിന്റെ ദൈവാശ്രയ ബോധമാണ്. ജീവിതത്തില്‍ എന്തെല്ലാം സംഭവിച്ചാലും അത് കര്‍ത്താവ് പറയാതെ സംഭവിക്കില്ല എന്ന വിശ്വാസം. ദൈവപിതാവിന്റെ കരങ്ങളിലാണ് ഞാന്‍ എന്ന വിശ്വാസം കുറേക്കൂടി നന്നായി ഉറങ്ങാന്‍ സഹായിക്കും.
ആ തച്ചനായ അപ്പനെ പോലെ മകനും ഉറക്കത്തിലാകുന്ന ഒരു സംഭവം ബൈബിളില്‍ പറയുന്നുണ്ട്. അതു തോണിയില്‍ തിരമാലയും കൊടുങ്കാറ്റും ഉണ്ടായ സമയമാണ്. അത്രയേറെ ടെന്‍ഷന്‍ പിടിച്ച അവസരത്തിലും ഉറങ്ങാന്‍ പറ്റുന്നത് ചെറിയ കാര്യമല്ല.
വിഷമസന്ധികളില്‍ ദൈവാശ്രയബോധത്തോടെ ജീവിക്കുക എന്നതാണ് ഉറക്കം നഷ്ടപ്പെടാതിരിക്കാനുള്ള ഒരു മാര്‍ഗം.
നീതിമാന്‍
വിശുദ്ധ ഗ്രന്ഥത്തില്‍ വളരെ ചുരുക്കം ചിലര്‍ക്ക് നല്‍കിയിട്ടുള്ള വിശേഷണമാണ് നീതിമാന്‍. അബ്രഹാം, ലോത്ത്, നോഹ, തോബിത്..അങ്ങനെ എണ്ണപ്പെട്ടവരില്‍ ഒരാളാണ് വി. യൗസേപ്പിതാവ്.
അദ്ദേഹം നീതിമാനാണ്. അതേസമയം നിശബ്ദനുമാണ്. നീതി എന്ന് പറയുന്നത് ചിലപ്പോഴെങ്കിലും നിശബ്ദത ആയിപരിഗണിക്കാവുന്നതാണ്.് ശബ്ദ കോലാഹലങ്ങളുടെ ലോകമാണ് ഇത്.. സംസാരം, സംഗീതം, മുദ്രാവാക്യങ്ങള്‍, തര്‍ക്കങ്ങള്‍, ചര്‍ച്ചാവേദികള്‍, സമ്മേളനങ്ങള്‍ ഉല്ലാസവേളകള്‍ എന്തിന് നമ്മുടെ പ്രാര്‍ത്ഥന പോലും ശബ്ദ കോലാഹലങ്ങളുടേതായി മാറുന്ന ഈ കാലഘട്ടത്തില്‍ ഒരല്പം നിശബ്ദമായിരിക്കുക എന്നുള്ളത വലിയ പുണ്യമാണ്. കാരണം നിശബ്ദതയെ പേടിയുള്ള ഒരു സമൂഹത്തിലാണ് നമ്മള്‍ ജീവിക്കുന്നത്. മിണ്ടാതിരുന്നാല്‍ തീരാവുന്ന പ്രശ്‌നങ്ങളെ സത്യത്തില്‍ നമ്മുടെ കുടുംബത്തുള്ളൂ, കുടുംബ യൂണിറ്റിലുള്ളൂ, ഇടവകയിലുള്ളൂ സമൂഹത്തിലുള്ളൂ, കത്തോലിക്കാ സഭയിലുമുള്ളൂ. അങ്ങനെയും ചില ആത്മീയത പരിശീലിക്കുന്നത് നല്ലതാണ്. ഈ ക്രിസ്മസ് കാലഘട്ടത്തില്‍ യൗസേപ്പിതാവിന്റെ മൗനത്തെക്കുറിച്ച് ധ്യാനിക്കുന്നത് നല്ലതാണ് . മിണ്ടാമഠങ്ങളെക്കുറിച്ച് ആദ്യം വലിയ മതിപ്പുണ്ടായിരുന്നില്ല .എന്നാല്‍ ഇന്ന് ഏതാണ്ട് മധ്യവയസില്‍ എത്തുമ്പോള്‍ മനസ്സിലാകുന്നുണ്ട്. അത് തന്നെയാണ് ദൈവ ഐക്യത്തിന് ഏറ്റവും മികച്ച വഴി എന്ന്.
ഇമ്മാനുവേല്‍
ജനിക്കാന്‍ പോകുന്ന കുഞ്ഞിന് മാലാഖ കൊടുത്ത പേരാണ് ‘ഇമ്മാനുവേല്‍’. ‘ദൈവം നമ്മോട് കൂടെ’ എന്നാണ് അര്‍ഥം. മത്തായിയുടെ സുവിശേഷത്തിന്റെ ആരംഭത്തില്‍ ‘ഇമ്മാനുവല്‍’ എന്നുള്ള പേര് നമ്മള്‍ കാണുന്നു. ഒടുവില്‍ ആകട്ടെ യുഗാന്ത്യം വരെ ഞാന്‍ നിങ്ങളോട് കൂടി ഉണ്ടായിരിക്കുമെന്ന്’ ( മത്തായി 28:20) ഈശോ ഉറപ്പും കൊടുക്കുന്നു . ഇതു രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. നമ്മുടെ ദൈവം നമ്മുടെ കൂടെയുള്ള ദൈവമാണ്. സന്തോഷത്തിനും ദുഃഖത്തിനും വിജയത്തിലും പരാജയത്തിലും ഒപ്പം ഉള്ള ഒരു ദൈവ സങ്കല്പം . നമ്മുടെ കൂടെയുള്ള ദൈവത്തെ നമ്മള്‍ തിരിച്ചറിയേണ്ടത് 4 തരത്തിലാണ്.
1. ദിവ്യകാരുണ്യം
2. തിരുവചനം
3. തിരുസഭ
4 പാവപ്പെട്ട മനുഷ്യര്‍
നമ്മോടൊപ്പമുള്ള ദൈവസാന്നിധ്യത്തെ തിരിച്ചറിയുക. എന്റെ കൂടെ എന്റെ ദൈവം ഉണ്ട് എന്നുള്ളതാണ് ഒരു മനുഷ്യന് നേടിയെടുക്കാവുന്ന ആത്മവിശ്വാസത്തിന്റെ കാതല്‍. അതു നഷ്ടപ്പെടുത്താതിരിക്കുക
ഫാ. നൗജിന്‍ വിതയത്തില്‍



