സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ഏലിയാ സ്ലീവ മൂശാക്കാലം
സെപ്തംബര്‍ 8 (ഞായര്‍ 3)
മത്തായി 1:1- 16
ഈശോയുടെ വംശാവലിയില്‍ അഞ്ചു സ്ത്രീകളെ സൂചിപ്പിക്കാനായി മത്തായി ശ്ലീഹ ശ്രമിക്കുന്നുണ്ട്. (ഏകദേശം 40 ല്‍ അധികം പുരുഷന്മാരുടെ പേരുകള്‍ പറയുമ്പോഴാണ് ഈ അഞ്ച് സ്ത്രീകള്‍ എന്നോര്‍ക്കണം). സ്ത്രീകള്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത കാലഘട്ടമായിരുന്നു അത് . മാത്രമല്ല യഹൂദരുടെ സാമൂഹിക മതജീവിതവും സ്ത്രീ്ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കിയിരുന്നില്ല. (സ്ത്രീയായും നായയായും തന്നെ ജനിപ്പിക്കാതിരുന്നതിന് യഹോവയ്ക്ക് നന്ദി പറഞ്ഞു യഹൂദ പുരുഷ കേസരികള്‍ പ്രാര്‍ത്ഥിക്കാറുണ്ട്) എന്നിട്ടും ഒരല്പം പ്രാധാന്യത്തോടു കൂടി അഞ്ച് സ്ത്രീകളെ-താമര്‍, റാഹബ്, റൂത്ത്, ഊറിയായുടെ ഭാര്യ (ബെത്‌ഷെബ) മറിയം – എന്നിവരെ കൂട്ടിച്ചേര്‍ക്കുന്നു. വംശാവലി എഴുതുമ്പോള്‍ സ്ത്രീകള്‍ക്ക് വേണ്ട പ്രാധാന്യം കൊടുക്കാന്‍ മത്തായി ശ്രമിക്കുന്നുണ്ടെന്ന് അർത്ഥം. നമ്മുടെ ജീവിതത്തിലും അര്‍ഹിക്കുന്ന ബഹുമാനം, പരിഗണന സ്ത്രീകള്‍ക്ക് നല്‌കേണ്ടതുണ്ട്. സ്ത്രീ സംവരണം പാര്‍ലമെന്റ് രാഷ്ട്രീയത്തിലും നടപ്പിലാക്കാന്‍ പോകുന്നു എന്ന് കേട്ടു തുടങ്ങിയിട്ട് കുറച്ചു നാളായി. നല്ല കാര്യം. പക്ഷേ സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും പലപ്പോഴും സ്ത്രീകള്‍ മാറ്റി നിര്‍ത്തപ്പെടുന്നു എന്നുള്ളതാണ് സത്യം. നാട്ടിലും വീട്ടിലും തൊഴില്‍ ഇടങ്ങളിലും പലപ്പോഴും അവള്‍ വിസ്മരിക്കപ്പെടുന്നു. (സ്ത്രീക്ക് ഇപ്പോഴും പുരുഷനേക്കാള്‍ കുറവാണ് ദിവസക്കൂലി നമ്മുടെ നാട്ടില്‍) ചരിത്രം പോലും അവന്റെ ആണ് (His Story= History) എന്നുള്ള ഒരു നിരീക്ഷണവും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ് . നമ്മുടെ കുടുംബങ്ങളില്‍, ഇടവകയില്‍ ഓഫീസില്‍, സ്‌കൂളില്‍, എത്രത്തോളം ബഹുമാനം, അംഗീകാരം, പരിഗണന സ്ത്രീകള്‍ക്ക് ലഭിക്കുന്നുണ്ട് എന്ന് ഓരോരുത്തരും ആത്മപരിശോധന ചെയ്യുക. സ്ത്രീയെ അമ്മയായും ദേവിയായും കണ്ട് മാനിക്കാന്‍ പഠിക്കുക. കുട്ടികളെ പഠിപ്പിക്കുക. ഓരോ 12 മിനിറ്റിലും ഒരു സ്ത്രീ ഇന്ത്യയില്‍ ആക്രമിക്കപ്പെടുന്നു എന്നുള്ള കണക്കുകള്‍ എത്രയോ പേടിപ്പെടുത്തുന്നതാണ്. അതുകൊണ്ട് സ്ത്രീയെ ബഹുമാനിക്കാന്‍ പഠിക്കുക .
മറിയം എന്ന വാക്കിന്റെ ഒരര്‍ത്ഥം ‘കയ്പ്പ്’ ( Bitterness) എന്നാണ്. മറിയത്തിന്റെ ജീവിതം മുഴുവന്‍ കയ്പ് നിറഞ്ഞ അനുഭവങ്ങളാണ്. ഭര്‍ത്താവിനാല്ലല്ലാതെ ഗര്‍ഭിണിയായി കാണപ്പെട്ടവള്‍, ഭര്‍ത്താവിനാല്‍ ഉപേക്ഷയുടെ വക്കോളമെത്തിയവള്‍, ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ സ്വകാര്യത ആഗ്രഹിക്കുന്ന പ്രസവ മുറി (Labour room) ഒരു കാലിത്തൊഴുത്തില്‍ ആക്കേണ്ടി വന്നവള്‍, ജനിച്ചുവീണ കുഞ്ഞിനേയും കൊണ്ട് നാട് വിടേണ്ടി വന്നവള്‍, അന്യദേശത്തു പ്രവാസിയായി പാര്‍ക്കേണ്ടി വന്നവള്‍, ചെറുപ്പത്തിലെ വിധവയായവള്‍, മകന്റെ കുരിശും ചുമന്നുള്ള യാത്രയ്ക്ക് സാക്ഷിയാകേണ്ടി വന്നവള്‍, അവന്റെ കുരിശിന്‍ ചുവട്ടില്‍ മരണത്തിനായി കാത്തുനില്‍ക്കേണ്ടി വന്നവള്‍, ഒടുവില്‍ അവന്റെ ചേതനയറ്റ ശരീരം സ്വന്തം മടിത്തട്ടില്‍ ഏറ്റുവാങ്ങേണ്ടി വന്നവള്‍… അവളുടെ ജീവിതം മുഴുവന്‍ കയ്പ്പ് നിറഞ്ഞതാണ്. എന്നിട്ടും കെ.പി അപ്പന്‍ എന്ന മലയാള സാഹിത്യകാരന്‍ അവളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പേര് ‘മധുരം നിന്‍ ജീവിതം’ എന്നതാണ്. അതിനുള്ള കാരണം മറിയം തന്റെ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളെ മധുരതരമാക്കി എന്നുള്ളതാണ്. അതിനു അവളെ പ്രാപ്തയാക്കിയത് അവളുടെ ദൈവാശ്രയബോധമാണ്. ‘ഇതാ കര്‍ത്താവിന്റെ ദാസി’ എന്നു പറഞ്ഞുകൊണ്ട് മറിയം ദൈവഹിതത്തിന് കീഴ് വഴങ്ങി. നമ്മുടെ ജീവിതത്തിലെ കയ്‌പ്പേറിയ അനുഭവങ്ങളെ മധുരതരമാക്കി മാറ്റാനുള്ള ഒരു വഴി ജീവിതം കര്‍ത്താവില്‍ ഭരമേല്‍പ്പിക്കുക എന്നതാണ് സങ്കീര്‍ത്തനം പറയുന്നു
‘നിന്റെ ജീവിതം കര്‍ത്താവിനു ഭരമേല്‍പിക്കുക, കര്‍ത്താവില്‍ വിശ്വാസമര്‍പ്പിക്കുക; അവിടുന്നു നോക്കിക്കൊള്ളും.’ (സങ്കീ 37 : 5)
മത്തായി ഈശോയുടെ വംശവലിയില്‍ ഉള്‍പ്പെടുത്തിയ സ്ത്രീകള്‍ അത്ര പുണ്യപ്പെട്ടവരൊന്നുമല്ല. താമാര്‍, യൂദയുടെ മരുമോളാണ്. അമ്മായിയപ്പനുമായി ശയിച്ചവളാണ്. റാഹാബ് ജെറീക്കോ പട്ടണത്തിലെ ഗണികയാണ്. റൂത്ത് ഒരു വിജാതീയ സ്ത്രീയാണ്. ബേത്ഷബ ദാവീദ് രാജാവിന്റെ ഒരു വെപ്പാട്ടിയായിരുന്നു എന്നു വേണേല്‍ പറയാം (പിന്നെ ഭാര്യയായി). അത്ര നല്ലതല്ലാത്ത ജീവിതരീതിയിലൂടെ കടന്നുപോകുന്ന സ്ത്രീകള്‍ പോലും രക്ഷകന്റെ ചരിത്രത്തില്‍ ഒരു ഇടം നേടുകയാണ്. തമ്പുരാന് അവരെക്കൊണ്ട് ആവശ്യമുണ്ടായിരുന്നു എന്നര്‍ത്ഥം. നാല് സ്ത്രീകളും മാനുഷികമായ കണ്ണുകളിലൂടെ നോക്കുമ്പോള്‍ അത്ര മെച്ചപ്പെട്ടവരാണെന്ന് പറയാന്‍ കഴിയില്ല. എങ്കിലും ദൈവം അവരെ തന്റെ പദ്ധതിയുടെ ഭാഗമായി ഉപയോഗിച്ചു. അതില്‍ ഏറ്റവും ഒടുവിലായി പരിശുദ്ധ അമ്മയെ പ്രത്യേകിച്ചു ജന്മ പാപത്തില്‍ നിന്നു പോലും ദൈവം മാറ്റി നിര്‍ത്തി. രക്ഷാകര പദ്ധതി പൂര്‍ത്തിയാക്കുവാന്‍ ആരെയും എങ്ങനെ വേണേലും ഉപയോഗിക്കാന്‍ ദൈവത്തിന് കഴിയുമെന്ന് തിരിച്ചറിയുക. ജീവിതം വിലയില്ലാത്തതായി നമ്മളോ മറ്റുള്ളവരോ കാണുന്നുണ്ടെങ്കില്‍ പോലും ദൈവ സന്നിധിയില്‍ അതിനു വിലയുണ്ട്. മാത്രമല്ല രക്ഷകന് ഭൂമിയില്‍ അവതരിക്കാനായി വഴിയൊരുക്കിയവളാണ് പരിശുദ്ധ മറിയം. അതുപോലെ നമ്മുടെ ജീവിതംകൊണ്ട് നമ്മളായിരിക്കുന്ന സമൂഹത്തില്‍ രക്ഷകന് അവതരിക്കാന്‍ അവസരം ഒരുക്കാം.
ഫാ. നൗജിന്‍ വിതയത്തില്‍


