നല്ല സമറിയാക്കാരന്റെ തനിപ്പകർപ്പായ ജീവകാരുണ്യപ്രവർത്തകർ

Published on

2024 ആഗസ്റ്റ് ഒന്നാം തീയതി കുറവിലങ്ങാട് ക്ലാരറ്റ് ഭവനിൽ ക്ലരീഷ്യൻ സന്യാസസമൂഹാംഗമായിരുന്ന ബഹുമാനപ്പെട്ട മാത്യു ഞായർകുളം അച്ചന്റെ മൃതസംസ്‌കാര ശുശ്രൂഷയ്ക്ക് കാർമികത്വം വഹിക്കാൻ എനിക്കിടയായിരുന്നു. അച്ചൻ മരണമടഞ്ഞ് ഒരാഴ്ചയ്ക്കു ശേഷമായിരുന്നു സംസ്‌കാരകർമം നടന്നത്.  80 വയസ് പ്രായമുണ്ടായിരുന്ന മാത്യുഅച്ചന്റെ ആദ്യകാല പ്രവർത്തനമേഖലകളിൽ തമിഴ്‌നാടും കർണാടകയും ഉൾപ്പെട്ടിരുന്നു. നാല്പതുവർഷം മുമ്പായിരുന്നു ഈ പ്രദേശത്തെ ശുശ്രൂഷകൾ. 

 കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നൂറുകണക്കിനാളുകൾ സംസ്‌കാരചടങ്ങുകളിൽ സംബന്ധിക്കാനെത്തിയിരുന്നുവെങ്കിലും അതിൽ എന്റെ സവിശേഷശ്രദ്ധ പതിഞ്ഞത് തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും വന്നവരിലായിരുന്നു. തമിഴ്‌നാട്ടുകാർ അച്ചന്റെ മരണവാർത്ത അറിഞ്ഞയുടനെ തന്നെ കുറവിലങ്ങാട്ടേക്ക് പുറപ്പെടുകയായിരുന്നു. അവിടെതാമസിച്ച് ദിവസങ്ങളോളം അവർ അച്ചനുവേണ്ടി പ്രാർഥിച്ചു. സംസ്‌കാരവേളയിൽ അവരുടെ അലമുറയിട്ട കരച്ചിൽ കണ്ടപ്പോൾ സന്യാസമൂഹാധികാരികളോട് അതിന് പിന്നിലെ കാരണം ഞാൻഅന്വേഷിക്കുകയുണ്ടായി.  അപ്പോഴാണ് സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ആഴവും ഫലസിദ്ധിയും എത്രമാത്രമെന്ന് ഒരിക്കൽക്കൂടി എനിക്ക് വെളിപ്പെട്ട് കിട്ടിയത്. മാത്യുഅച്ചന്റെ ജീവകാരുണ്യപ്രവർത്തനങ്ങളുടെ ഫലം അനുഭവിച്ചവരും അതിലൂടെ വളർന്നുവന്നവരുമായ സാധാരണക്കാരായിരുന്നു അവരെല്ലാം. ഹിന്ദുമതവിശ്വാസികളായിരുന്നു അവർ എന്നതാണ് മറ്റൊരു പ്രത്യേകത. കർണാടകയിൽ നിന്നുവന്നവരാകട്ടെ ഇസ്ലാംമതവിശ്വാസികളായ ദമ്പതികളായിരുന്നു. ഒരു രാത്രിമുഴുവൻ മൃതദേഹത്തിന് സമീപമിരുന്ന് കൈകൾകൂപ്പി അവർ പ്രാർഥിക്കുകയായിരുന്നുവെന്ന കാര്യം പ്രൊവിൻഷ്യാളച്ചൻ കുർബാനമധ്യേ സംസാരിച്ചതും ശ്രദ്ധയോടെയാണ് ഞാൻ കേട്ടത്. 

ലൂക്കാ സുവിശേഷം പത്താം അധ്യായത്തിൽ നല്ല സമറിയാക്കാരന്റെ ഉപമ ഈശോ വിവരിച്ചിരിക്കുന്നത് എത്രയോ ഹൃദയസ്പർശിയാണ്! വഴിയിൽ മുറിവേറ്റുകിടന്നവനെ ശുശ്രൂഷിച്ച് സഹായിച്ചാൽ അശുദ്ധിയുണ്ടാകുമെന്ന് ലേവ്യയനും യഹൂദപുരോഹിതനും ചിന്തിച്ചപ്പോൾ നല്ല സമറിയാക്കാരനാകട്ടെ വേദനിക്കുന്നവന്റെ അടുത്തുചെന്ന് എണ്ണയും വീഞ്ഞുമൊഴിച്ച് അവന്റെ മുറിവുകൾ വച്ചുകെട്ടുകയും തന്റെ കഴുതയുടെ പുറത്തുകയറ്റി ഒരു സത്രത്തിൽ എത്തിച്ചു പരിചരിക്കുകയും ചെയ്തു. മാത്രവുമല്ല കൂടുതലായി എന്തെങ്കിലും ചെലവായാൽ അതുകൂടികൊടുക്കാൻ സന്നദ്ധനുമായി.

 ആരാണ് അയൽക്കാരൻ എന്ന ചോദ്യത്തിന് ഉത്തരമായിട്ടാണല്ലോ ഈശോ നല്ല സമറിയാക്കാരന്റെ ഉപമ പറയുന്നത്. ഉപമ പറഞ്ഞശേഷം ഈശോ ചോദിക്കുന്നുണ്ട്, ഈ മൂവരിൽ ആരാണ് യഥാർഥ അയൽക്കാരൻ എന്ന്. അവനോട് കരുണകാണിച്ചവൻ എന്നായിരുന്നു ചോദ്യകർത്താവായ നിയമജ്ഞന്റെ മറുപടി. ”നീയും പോയി അതുപോലെ ചെയ്യുക” എന്നായിരുന്നു അതിനോടുള്ള ഈശോയുടെ പ്രതികരണം.

ഈശോയുടെ ഈ വാക്കുകൾ ഹൃദയ ത്തിൽപേറി ജീവകാരുണ്യപ്രവർത്തനങ്ങളിൽ സഭ ഏർപ്പെടാൻ തുടങ്ങിയിട്ട് രണ്ടായിരത്തിൽപ്പരം വർഷങ്ങളായിരിക്കുന്നു. ഇന്നും ഈ വാക്കുകളുടെ പിൻബലത്തിൽ ഊർജ്വസ്വലതയോടും തീക്ഷ്ണതയോടുംകൂടി സഭാമക്കൾ ലോകമെമ്പാടും ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്നു. ജാതിമതഭേദമില്ലാതെ ജനങ്ങളെ സഹായിച്ചുകൊണ്ട് ഈ മേഖലയിൽ ശുശ്രൂഷ ചെയ്യുന്ന ലക്ഷക്കണക്കിന് സന്യസ്തരും വൈദികരും നല്ല സമറിയാക്കാരന്റെ ആധുനികലോകത്തിലെ തനിപ്പകർപ്പുകളാണ്. 

ഇക്കഴിഞ്ഞനാളുകളിൽ വയനാട് പ്രദേശത്ത് ഉരുൾപ്പൊട്ടി നൂറുകണക്കിനാളുകൾക്ക് ജീവൻ നഷ്ടമാകുകയും  അനേകർ അനാഥരാവുകയും ചെയ്ത സന്ദർഭത്തിൽ അവിടേക്ക് ഓടിച്ചെന്ന,് അവിടെ താമസിച്ച്, ആളുകൾക്കുശുശ്രൂഷ ചെയ്ത സന്യാസിനികളെക്കുറിച്ച് ഒരു ടെലിവിഷൻ ചാനലിൽ സാധാരണ ആളുകൾ സംസാരിക്കുന്നത് കേൾക്കാൻ എനിക്കിടയായി. അതീവ ഹൃദയസ്പർശിയായിരുന്നു അവരുടെ വാക്കുകൾ. ഭക്ഷണം കഴിക്കാനോ മറ്റുള്ളവരോട് സംസാരിക്കാൻപോലുമോ കഴിയാതെവന്നിരുന്ന ജനങ്ങൾക്കിടയിൽ താമസിച്ച് അവരെ കേട്ട് ശക്തിപകർന്ന ഈ സന്യസ്തരെപോലെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ, ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന സഭാമക്കളുടെ,എണ്ണം അനവധിയാണ്. അവരെയെല്ലാം സന്തോഷത്തോടും നന്ദിയോടുംകൂടി സ്മരിക്കുകയും അവരെപ്രതി ദൈവത്തിന് സ്തുതികൾ അർപ്പിക്കുകയും ചെയ്യുന്നു. 

സഭ എല്ലാക്കാലത്തും അതീവപ്രാധാന്യം നല്കി ചെയ്തുവന്നിരുന്ന ഈ ശുശ്രൂഷകളിൽ നമുക്ക് സജീവമായി പങ്കുചേരാൻ കഴിയട്ടെ. സ്വയം മറന്ന് ജീവൻപോലും ത്യജിച്ച് മറ്റുള്ളവർക്ക് ശുശ്രൂഷചെയ്യുവാനുള്ള സന്നദ്ധത ക്രൈസ്തവരക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന ഒരു സദ്ഗുണമാണ്. ഇത് വളർത്തിയെടുത്ത് എന്നും നല്ല സമറായക്കാരനായി വർത്തിക്കാൻ പരിശ്രമിക്കാം.

ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരക്കൽ

Latest Updates

POPULAR Views

FEATUERD Views

ഹൃദയപൂര്‍വം…

കൂരിയ ബിഷപ്പിന്റെ സന്ദേശം എന്ന പേരില്‍ സീറോമലബാര്‍ വിഷനുവേണ്ടി ഞാന്‍ എഴുതിയിരുന്ന...

ഈ പ്രേഷിതദൗത്യം തുടരും

മാര്‍തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനഫലമായി രൂപംകൊണ്ടുവളര്‍ന്ന സീറോമലബാര്‍സഭയില്‍ ചരിത്രപ്രാധാന്യമുള്ള ചില തീരുമാനങ്ങളെടുക്കപ്പെട്ട സിനഡാണ് 2025...

എക്‌സ്പ്രസ് നൊവേനയുടെ അത്ഭുതസിദ്ധി

മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യദിനവും പരിശുദ്ധഅമ്മയുടെ സ്വര്‍ഗാരോപണതിരുനാളും ഒരുമിച്ചുആഘോഷിക്കാനുള്ള അസുലഭഭാഗ്യം ലഭിച്ചവരാണ് ഭാരതീയരായ നമ്മള്‍....

എണ്ണമല്ല ഗുണമേന്മയാണ് പ്രധാനം

സന്യാസജീവിതത്തിലേക്കും വൈദികാന്തസിലേക്കുമുള്ള ദൈവവിളികളുടെ എണ്ണം മുൻകാലങ്ങളെ അപേക്ഷിച്ചു കുറയുന്നു എന്ന പരാമർശം...

ധാർമികമൂല്യങ്ങളിൽ അടിയുറച്ച സിനിമകൾ ഇന്നിന്റെ ആവശ്യം

എനിക്ക് പതിനഞ്ചു വയസു പ്രായമുള്ള കാലത്ത് ഒരു ദിവസം തമിഴുനാട് സ്വദേശിനിയായ...

ഫ്രാൻസിസ് അന്നും ഇന്നും

കത്തോലിക്കാസഭയുടെ 266 -ാമത്തെ മാർപാപ്പയായി 2013 മാർച്ച് 13- ാം തീയതിയാണ്...

ലഹരിക്കെതിരേ കൂട്ടായപ്രവർത്തനങ്ങൾ അത്യാവശ്യം

അജപാലനശുശ്രൂഷാവേളയിൽ ഇടവകവികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിലെ ഒരു സംഭവം ഇപ്പോഴും മനസ്സിൽ...

സൂര്യാസ്തമയം കടന്നുപോകരുതാത്ത പിണക്കങ്ങൾ

ഇടവക വികാരിയായി ശുശ്രൂഷ ചെയ്തിരുന്ന അവസരത്തിൽ ഉണ്ടായ ഒരു സംഭവം വർഷങ്ങൾ...

ദൈവദൂതരുടെ മുഖം

1978 ജനുവരി 17 ന് കുന്നന്താനം എന്ന ഗ്രാമപ്രദേശത്ത് മദർ മേരി...

ക്ഷമിക്കുന്ന സ്നേഹവും എക്യുമെനിസത്തിന്റെ അന്ത:സത്തയും

വിശുദ്ധ മദർ തെരേസ പറയുന്ന ഒരു സംഭവമുണ്ട്. കൽക്കട്ടയുടെ തെരുവോരങ്ങളിൽ നിന്ന്...

പ്രത്യാശയുടെ തീർഥാടകരാകാം…

അടുത്തകാലത്ത് എന്നെ ഏറെ സ്വാധീനിച്ച ഒരു വ്യക്തി പാലാ കുരുവിനാൽ സ്വദേശിനി...

എനിക്കു ജീവിതം ക്രിസ്തുവും മരണം നേട്ടവും

സലേഷ്യൻ സന്യാസസമൂഹാംഗമായ ഫാ. ജോ മന്നത്ത് അറിയപ്പെടുന്ന എഴുത്തുകാരനും പ്രചോദനാത്മകചിന്തകൾ പങ്കുവയ്ക്കുന്ന...