സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ജൂലൈ 14 (കൈത്താക്കാലം ഞായര്‍ 2 ) യോഹന്നാന്‍ 15 :1 -8
ക്രിസ്തുശിഷ്യനില്‍ നിന്നു ഫലം ലഭിക്കാന്‍ വേണ്ട ചില കാര്യങ്ങളാണ് യോഹന്നാന്‍ ഇന്നത്തെ സുവിശേഷത്തില്‍ പറയുന്നത്.
ഒന്നാമതായി അവന്‍ വെട്ടി ഒരുക്കപ്പെടണം. നമ്മുടെ ജീവിതത്തിലെ സഹനവും വേദനയും പരാജയവും അപകടവുമെല്ലാം ഇങ്ങനെയുള്ള ചില വെട്ടി ഒരുക്കപെടലുകളായി കണക്കാക്കാം. ഇത്തരം അനുഭവങ്ങള്‍ നമുക്ക് ഉണ്ടാകുന്നുണ്ടെങ്കില്‍ ഒന്നോര്‍ക്കുക അത് കൂടുതല്‍ ഫലം നല്‍കുവാന്‍ ആയി ദൈവം നമ്മെ വെട്ടി ഒരുക്കുന്നതാണ്. അതാണ് ഹെബ്രായ ലേഖനത്തില്‍പറയുന്നത് ‘താന്‍ സ്‌നേഹിക്കുന്നവന് കര്‍ത്താവു ശിക്ഷണം നല്‍കുന്നു; മക്കളായി സ്വീകരിക്കുന്നവരെപ്രഹരിക്കുകയും ചെയ്യുന്നു.’ (ഹെബ്രാ 12 : 6)
ഈ തിരിച്ചറിവ് ഉണ്ടാകുന്നത് നല്ലതാണ്. പിതാവായ ദൈവം നമ്മളെ വെട്ടിയൊരുക്കുന്നുണ്ടെങ്കില്‍ അതു നമ്മള്‍ ഫലം നല്‍കുവാന്‍ വേണ്ടിയിട്ടാണ്.
അത്തരത്തില്‍ ദൈവത്താല്‍ വെട്ടി ഒരുക്കപ്പെട്ട ചില മനുഷ്യരാണ് വി. ഇഗ്‌നേഷ്യസ് ലയോളയും വി. ഫ്രാന്‍സിസ് അസ്സീസ്സിയും വി. അല്‍ഫോന്‍സമ്മയുമെല്ലാം. ജീവിതത്തില്‍ ദൈവം നമ്മളെയും ചില വെട്ടി ഒരുക്കലുകള്‍ക്ക് വിധേയമാക്കുന്നുണ്ടെകില്‍ തീര്‍ച്ചയായും അവിടുന്നു നമ്മില്‍ നിന്നും ഫലം പ്രതീക്ഷിക്കുന്നുണ്ട് എന്നാണര്‍ത്ഥം.
ഫലം പുറപ്പെടുവിക്കാന്‍ ആയിട്ടുള്ള രണ്ടാമത്തെ മാര്‍ഗം തായ്ത്തണ്ടിനോട് അഥവാ ഈശോയോട് ചേര്‍ന്നുനില്‍ക്കുക എന്നതാണ്. ‘ABIDE IN ME’ എന്നാണ് ഈശോ പറയുന്നത്. എന്ന് വെച്ചാല്‍ നമ്മള്‍ എന്തൊക്കെ ചെയ്തു കൂട്ടിയാലും കെട്ടിപൊക്കിയാലും വളര്‍ത്തികൊണ്ടു വന്നാലും അതൊന്നും ഈശോയോട് ചേര്‍ന്നുനില്‍ക്കുന്നില്ലെങ്കില്‍ ചെയ്തുകൂട്ടുന്നതൊക്കെ വെറും ഉണക്ക കമ്പ് പോലെയായി മാറും എന്നാണ്.
നമ്മള്‍ ഒത്തിരി ത്യാഗം ചെയ്യുന്നവരായിരിക്കും സല്‍പ്രവൃത്തികള്‍ ചെയ്യുന്നവരായിരിക്കും രാഷ്ട്രീയ പ്രവര്‍ത്തനവും സാമൂഹിക സേവനവും ചെയ്യുന്നവരായിരിക്കാം. പക്ഷേ ഇതൊക്കെ ചെയ്യുന്നത് ഈശോയോട് ചേര്‍ന്ന് നിന്നുകൊണ്ടല്ലെങ്കില്‍അത് വൃഥാവിലാകും.
മൂന്നാമതായി ഈശോ പറയുന്നത് നിങ്ങളില്‍ എന്റെ വാക്ക് നിലനില്‍ക്കുന്നു എങ്കില്‍ ഫലം പുറപ്പെടുവിക്കാന്‍ പറ്റും എന്നാണ്. തമ്പുരാന്റെ വചനം കേള്‍ക്കുക , അത് പാലിക്കുക എന്നുള്ളതാണ് ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കാന്‍ ആയിട്ടുള്ള മറ്റൊരു മാര്‍ഗം. അതുകൊണ്ടു
ദൈവവചനം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പരിശ്രമിക്കുക. അപ്പോള്‍ ധാരാളം ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ സാധിക്കും. ഇവിടെ ഈ ഫലം,.. ഫലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് പ്രധാനമായും ആത്മാവിന്റെ 12 ഫലങ്ങള്‍ തന്നെയാണ് .സ്‌നേഹവും സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാകണമെങ്കില്‍ നേരത്തെ പറഞ്ഞ മൂന്ന് conditions നമ്മള്‍ പാലിക്കണം എന്നു ചുരുക്കം.
1. വെട്ടി ഒരുക്കപ്പെടാന്‍ നിന്നു കൊടുക്കുക
2. ദൈവത്തോട് ചേര്‍ന്നുനില്‍ക്കാന്‍ തയ്യാറാവുക
3. വചനങ്ങള്‍ പാലിക്കുക
ഫാ. നൗജിന്‍ വിതയത്തില്‍



