അപ്പന്റെ മൃതസംസ്കാരം കഴിഞ്ഞിട്ട് വന്നോട്ടെ എന്നായിരുന്നു, ഒരാളുടെ ചോദ്യം. പക്ഷെ, ക്രിസ്തുവിന്റെ മറുപടി പ്രത്യക്ഷത്തിൽ അല്പം അസ്വസ്ഥത ഉണർത്തുന്നതായിരുന്നു. “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ.”
എന്തായിരുന്നു അതിന്റെ പൊരുൾ?
ബൈബിൾ പണ്ഡിതരുടെ നിരീക്ഷണപ്രകാരം ഇത് അക്കാലത്ത് നിലനിന്നിരുന്ന ഒരു പഴഞ്ചൊല്ലാണ്.
യുദ്ധം നടക്കുന്ന സമയം..
ഇരുഭാഗത്തെയും പട്ടാളക്കാർ പരസ്പരം പോരടിച്ചുമുന്നേറുന്നു.
നിങ്ങളുടെ തൊട്ടടുത്ത് നിൽക്കുന്ന പട്ടാളക്കാരൻ മുറിവേറ്റ് വീഴുന്നു എന്ന് കരുതുക. ഒരുപക്ഷെ, വീണവരുടെ കൂട്ടത്തിൽ നിങ്ങളുടെ ഉറ്റസുഹൃത്തോ, സഹോദരനോ ഒക്കെ ഉണ്ടാകും.
യുദ്ധം നിർത്തിയിട്ട് അവരുടെ അടുത്തേയ്ക്ക് ഓടാൻ നിങ്ങളുടെ മനസ്സ് വെമ്പുന്നുണ്ട്. പക്ഷെ, നിങ്ങൾക്കാവില്ല. കാരണം,
- ഒന്നാമതായി, നിങ്ങളുടെ ജീവനും എപ്പോഴും അപകടത്തിലാണ്.
- രണ്ടാമത്, നിങ്ങൾക്ക് യുദ്ധം ചെയ്യേണ്ടതുണ്ട്, ജയിക്കേണ്ടതുണ്ട്. ഒരു സെക്കന്റ് പോലും പാഴാക്കായ്ക്lനില്ല
ഈ പശ്ചാത്തലത്തിലാണ് ഈ പ്രയോഗം വരുന്നത് : “മരിച്ചവർ തങ്ങളുടെ മരിച്ചവരെ സംസ്കരിക്കട്ടെ”. എന്ന് വച്ചാൽ, മുറിവേറ്റവർ പരസ്പരം സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യട്ടെ, നമുക്ക് പാഴാക്കാൻ ഒരിറ്റ് സമയമില്ല..!
തിരഞ്ഞെടുക്കപ്പെട്ടവരാരും ഒരു നിമിഷം പോലും പാഴാക്കാതെ വചനപ്രഘോഷണത്തിൽ ക്രിസ്തുവിനായി കച്ചകെട്ടിയിറങ്ങണം എന്ന് ഓർമപ്പെടുത്താനാണ് ഗുരു ഈ പഴമൊഴി ഉപയോഗിച്ചത്. വാത്സല്യമുള്ള ക്രിസ്തു അയാളെ വീട്ടിൽ പോകുന്നതിൽ തടഞ്ഞു എന്ന് നമുക്ക് ഒരിക്കലും കരുതനാവില്ല . പക്ഷെ, കേൾവിക്കാർക്കൊക്കെ ക്രിസ്തുശിഷ്യന്മാർക്കുണ്ടാകേണ്ട ജാഗ്രതയെക്കുറിച്ച് കൂടുതൽ ബോധ്യമായിക്കാണണം.
അതുകൊണ്ട് ചങ്ങാതീ, ക്രിസ്തു ആരെയും ഇൻസൾട്ട് ചെയ്തിട്ടില്ല, കേട്ടവരൊക്കെ തദ്ദേശീയരായതിനാൽ ഒരിക്കലും അങ്ങനെ oru അർത്ഥത്തിൽ അവർ അത് മനസിലാക്കിയുമില്ല.
ഇന്നത്തെ തിരുവചനം നമ്മുടെ
മനസാക്ഷിയോട്..
- ഏല്പിക്കപ്പെട്ട ദൗത്യങ്ങളോട് ഞാൻ എത്രത്തോളം വിശ്വസ്ഥത പുലർത്തുന്നുണ്ട്?
- ചെറിയ ചെറിയ കാരണങ്ങൾ സ്വയം കണ്ടെത്തി, എന്റെ ജീവിതത്തിന്റെ ലക്ഷ്യങ്ങളിൽ നിന്നും ഞാൻ ഏറെ ദൂരെയായോ?
ഫാ. അജോ രാമച്ചനാട്ട്


