സി. ആൻ ഗ്രെയ്സ് CSM
കബറിടത്തിങ്കലെത്തിയ ഗുരു മൊഴിഞ്ഞു: “ആ കല്ലെടുത്തു മാറ്റുവിൻ” (യോഹ. 11:39). അഴുകിത്തുടങ്ങിയ മൃതശരീരത്തിലേക്ക് ജീവന്റെ മടങ്ങിവരവിനായി ഗുരുവിന്റെ കരങ്ങളുയർന്നു. പിന്നെ, ഗുരുവിന്റെ സ്വരമുയർന്നു: “ലാസറേ, പുറത്തു വരിക” (യോഹ. 11: 44). വചനത്തിന്റെ ജീവിക്കുന്ന സാക്ഷ്യമായി ലാസർ പുറത്തുവന്നു!
ചരിത്രം വീണ്ടും ആവർത്തിക്കപ്പെടുന്നു. ‘വിലാപത്തിന്റെ ഭവനമായ ബഥാനിയ’കളും ദുർഗന്ധം വമിക്കുന്ന ‘കുഴിമാടങ്ങളും’ ഇന്നു വളരെയേറെയുണ്ട്. വിരഹദുഃഖം പേറുന്ന മനസ്സുകൾ… എണ്ണിയാലൊടുങ്ങാത്ത ബന്ധത്തകർച്ചകളുടെ നീറ്റോർമ്മകൾ… ഏകാന്തതടവിന്റെ സ്വകാര്യദുഃഖം പേറുന്ന വൃദ്ധജീവിതങ്ങൾ… സ്വാർത്ഥതയുടെ ചതിക്കുഴിയിൽ പിടഞ്ഞമരുന്ന ഹതഭാഗ്യർ… കരിഞ്ഞുണങ്ങി നിറം മങ്ങിയ ഈ ജീവിതങ്ങൾക്കു നിറം പകരാൻ ഗുരുവെത്തിയേ മതിയാകൂ.
ഗുരുവിന്റെ വരവിനു കാത്തിരിക്കാൻ ബഥാനിയായിൽ ആരെങ്കിലുമുണ്ടാവണം. അവന്റെ പാദങ്ങൾക്കു ക്ഷാളനം നൽകാൻ തോരാത്ത കണ്ണീരവശേഷിക്കണം. ആ സ്വരത്തിനു കാതോർക്കാൻ ആത്മാവിന്റെ കവാടം തുറക്കണം. അവന്റെ മൊഴികൾക്കു പ്രത്യുത്തരിക്കാൻ കെടാത്ത വിശ്വാസക്കനൽ നെഞ്ചകത്തെരിയണം.
ഉള്ളിൽ ശവപ്പറമ്പുതീർത്ത് നിരാശയിൽ പിടയുന്നവർക്ക് ബഥാനിയായിലെ ഗുരു ജീവന്റെ അച്ചാരമാണ്. നിറം മങ്ങിയ ജീവിതങ്ങൾക്ക് നിറക്കൂട്ടാകുവാൻ അവൻ നമ്മെ വിളിക്കുന്നുണ്ട്. അഴുകിത്തുടങ്ങിയ മലിനമേഖലകളിൽ ജീവന്റെ തുടിതാളമുയർത്താൻ… വരണ്ടുണങ്ങിയ മണ്ണിലേക്കു മഴമേഘമായി പെയ്തിറങ്ങാൻ…
ഗുരുപ്രവേശത്തിന് തുറന്നിടാൻ കവാടങ്ങളുണ്ടോ എനിക്കും നിനക്കും…? കേൾക്കുന്നില്ലേ ഒരു കാലൊച്ച… അവന്റെ കടന്നുവരവാണത്. മന:സംസ്കരണം നടത്തി ആത്മവാതിലുകൾ നമുക്കു മലർക്കെ തുറക്കാം…



