Sr. Jiya MSJ
ഓരോ ദുഃഖവെള്ളിയ്ക്കും കുരിശിന്റെ കനമുള്ള ഓർമ്മകൾ പങ്കുവയ്ക്കാനുണ്ട്. ഈശോയുടെ കുരിശോർമ്മകളോട് എന്റെ വേദനകളും ചേർത്തുവയ്ക്കുമ്പോൾ ആശ്വസിപ്പിക്കുവാനും ആശ്വസിപ്പിക്കപ്പെടുവാനും ഞാനും വളരും.
ചങ്ക് കൊടുത്ത് സ്നേഹിച്ചിട്ടും നെഞ്ചിൽ കുത്തിയ ചതി ക്രിസ്തുവിനെ എന്തുമാത്രം നോവിച്ചിട്ടുണ്ടാവും.? പക്ഷേ,ഈശോ ആ നോവിനെ രക്ഷാകരമാക്കി. ആ ചങ്കിൽ നിന്നും ഒഴുകിയിറങ്ങിയ അവസാനത്തുള്ളി രക്തവും വെള്ളവും എന്റെ ബലഹീന ജീവിതത്തിന്റെ രക്ഷയ്ക്കുള്ള അവസാന പിടിവിള്ളിയാണ്.
തെറ്റിപ്പോയ വഴികൾ ഓർത്തു കരയുവാൻ, കുരിശിന്റെ വലതുവശം ചേർന്ന് നിൽക്കാൻ ഇനിയും മടിക്കരുത്. കാരണം മരണമുഖത്തെ അവസാന നോട്ടത്തിൽ ഈശോയിൽ നിന്ന് മാപ്പിന്റെ കുറുപ്പടി മേടിച്ച് പറുദീസ പൂകിയ വലതുവശത്തെ ആ നല്ല കള്ളൻ ഒരു വീണ്ടുവിചാരം നമുക്ക് നൽകുന്നുണ്ട്. പലവട്ടം വീണിട്ടും അവിടെ നിന്ന് എഴുന്നേറ്റ് ആവേശത്തോടെ നീയണയുന്ന അനിതാപത്തിന്റെ വിശുദ്ധ കുമ്പസാരക്കൂടുകൾ നിത്യ പിതാവിന്റെ സന്നിധിയിൽ നമുക്കുള്ള സാക്ഷ്യത്തിന്റെ കുറുപ്പടികളാകും. അതിനാൽ, അനുതാപത്തിന്റെ ഒരു ആത്മീയ അനുഭൂതി ഈ ദുഃഖവെള്ളിയിൽ നമുക്ക് നേടാൻ കഴിയണം. ഇനിയും ദുഃഖവെള്ളിക്ക് പലതും പറയുവാനുണ്ട് സങ്കടങ്ങളും ദുരിതങ്ങളും അടിഞ്ഞുകൂടിയ എന്റെ നോവിന്റെ പുസ്തകത്തിൽ ” ഇത് നിനക്കു വേണ്ടിയാ” എന്ന് സ്വന്തം രക്തം കൊണ്ട് ക്രിസ്തു എഴുതിചേർത്ത രക്ഷയുടെ ആ പ്രണയലേഖനം സ്വസ്ഥമായിരുന്നെന്നു വായിക്കാനുള്ള ദിവസമാണ് ഈ ദുഃഖവെള്ളി.യേശുവിന്റെ സഹനത്തിന്റെ സത്ത് ഒലിച്ചിറങ്ങിയ ആ കുരിശിൽ ചങ്ക് ചേർത്തൊന്നു കെട്ടിപിടിക്കണം. എന്നിട്ട് നിന്റെ മനസ്സിനോട് നീ ആവർത്തിച്ച് ആവർത്തിച്ചു പറയണം; ഇനിയും നീ കരയരുത്. കാരണം, ജീവിതയാഥാർത്ഥ്യങ്ങളുടെ കനത്ത ചൂടോ ഈർപ്പമോ ഒക്കെയേറ്റ് കീറിപ്പറിഞ്ഞുപോയ നിന്റെ ജീവിതപുസ്തകത്താളുകളെ പരിക്കില്ലാതെ ഒട്ടിച്ചു ചേർക്കാൻ അവന്റെ തിരു രക്തത്തിനേ കഴിയു. പക്ഷേ നിനക്കു കിട്ടുന്ന കല്ലേറുകൾക്കിടയിലും, ഇഴഞ്ഞാണെങ്കിലും നീ കുരിശിന്റെ ചുവടുവരെ വരണം. അവിടെ തളർന്നിരിക്കാൻ നിനക്കൊരു തണൽ ഉണ്ട്. കുരിശിൽ പിടയുന്ന ക്രിസ്തുവിന്റെ നിഴൽ…. അവിടെ ആർക്കും വിശ്രമിക്കാം.അതിനുള്ള വിലമുഴുവൻ അവൻ മുന്നേ കൊടുത്തതാണ്. മരണം കൊണ്ട് അവൻ തീർത്ത ആ സ്നേഹത്തണലിൽ പെട്ടുപോയാൽ നാം രക്ഷപ്പെട്ടു. പക്ഷേ ഒരു നിമിഷത്തേക്ക് എങ്കിലും അവന്റെ മുഖത്ത് നോക്കി, ‘എന്റെ തമ്പുരാനെ’ എന്ന് ആത്മാർത്ഥമായി വിളിക്കാൻ ചങ്കുലയാത്ത ധൈര്യമുണ്ടാകണം. അപ്പോൾ അവൻ മൗനമായി മന്ത്രിക്കുന്നതെന്ന് നമുക്ക് കേൾക്കാനാവും.
“ഈ മരുയാത്രയിൽ നീ വിശന്ന് തളർന്ന്,കാലിടറി വീഴാതിരിക്കുവാൻ, കലർപ്പില്ലാത്ത എന്റെ സ്നേഹം പതഞ്ഞൊഴുകിയ, ആ അവസാന അത്താഴ മേശയിൽ ഞാൻ ബാക്കിവെച്ചു പോന്ന ഒരു സ്നേഹത്തിന്റെ കാസയുണ്ട്. മുറിച്ചു വിളമ്പി വെച്ച ഒരപ്പക്കഷണമുണ്ട്. നിനക്ക് എടുത്തു ഭക്ഷിക്കാം…. “
സഹോദരങ്ങളെ,ഇനിയും ഈ ദുഃഖ വെള്ളി എന്താണ് നമ്മോടു പറയുന്നത്.?ഉയിർപ്പിന്റെ വെടിക്കെട്ടോടെ കെട്ടടങ്ങി തീരേണ്ട നാടകമാകരുത് ദുഃഖവെള്ളി.കാരണം കാൽവരിയിൽ അന്നുയർന്ന ആ രക്ഷാകര കുരിശ് ഒരു വെറും ചരിത്രമല്ല. പീഡകൾ ഏറ്റ് അവിടെ മരിച്ചുയർത്ത രക്ഷകൻ ഒരു നിത്യ സത്യമാണ്.. അവന്റെ സ്നേഹം സത്യമായിരുന്നു….
അവന്റെ ക്ഷമ ആത്മാർത്ഥമായിരുന്നു…
അവന്റെ സഹനം രക്ഷാകരമായിരുന്നു….
അവന്റെ മരണം ലോകം മുഴുവനും വേണ്ടിയായിരുന്നു….
സ്നേഹമുള്ളവരെ,
എന്തായിരിക്കണം ഈ ദുഃഖവെള്ളിയിലെ എന്റെ ആത്മശോധന…?
കഴിഞ്ഞ 50 ദിവസങ്ങളിൽ ഞാൻ നടത്തിയ കുരിശിന്റെ വഴികളും തീർത്ഥ യാത്രകളും, ഉപവാസ നോമ്പുകളും, പ്രായശ്ചിത്ത പരിഹാരകർമ്മങ്ങളും, കുരിശുമല കയറ്റങ്ങളും എന്റെ മനസ്സിനെ ഒന്നിളക്കിയിട്ടുണ്ടോ എന്നു തന്നെയാവണം. വെറുപ്പിൽ നിന്ന് ക്ഷമയിലേക്കും, അഹങ്കാരത്തിൽ നിന്ന് എളിമയിലേക്കും, സ്വരു കൂട്ടലുകളിൽ നിന്ന് വിട്ടുകൊടുക്കലുകളിലേക്കും എനിക്ക് വളരാനായോ? ഇല്ലെങ്കിൽ ഇന്നത്തെ കുരിശിന്റെ വഴിയിലെ ജനക്കൂട്ടത്തിനിടയിൽ എന്നെ തന്നെ ഒന്ന് പരതുന്നത് ഉചിതമാണ്. അവനെ കല്ലെറിയുന്നവനോ, കൂക്കി വിളിക്കുന്നവനോ, ചാട്ടവാറടിക്കുന്നവനോ മുൾമുടി ധരിപ്പിക്കുന്നവനോ, മുഖത്തു തുപ്പുന്നവനോ ഒക്കെയായി ഞാനും ആ ജനക്കൂട്ടങ്ങൾക്കിടയിൽ ഒരു അപരിചിതനെ പോലെ ഉന്തി തള്ളിനീങ്ങുന്നില്ലാന്ന് ആരു കണ്ടു.! സാരമില്ല… നീ തകരരുത്. ആത്മാർത്ഥമായൊന്നു പിഴചൊല്ലി നിന്റെ കുനിഞ്ഞ ശിരസ്സ് കുരിശിലേക്ക് ഉയർത്ത്. നഷ്ടപ്പെട്ടതും നഷ്ടപ്പെടുത്തിയതുമെല്ലാം കർത്താവിന്റെ കുരിശിനോട് ചേർത്തു വയ്ക്കാൻ നമുക്ക് ആവട്ടെ. സഹനത്തിന്റെ അർത്ഥം കുരിശിലെ ഈശോയിൽ കാണാൻ നമുക്ക് ധൈര്യം കിട്ടട്ടെ. നമ്മുടെ വേദനകളും ദുരിതങ്ങളും ക്ഷമയോടെ സ്വീകരിക്കാൻ ഈശോയുടെ പീഡാനുഭവമല്ലാതെ മറ്റെന്താ നമ്മേ സഹായിക്കുക….
നമുക്കെല്ലാവർക്കും ഒരു ബലി ജീവിതമുണ്ട്. കുടുംബത്തിനുവേണ്ടി, മാതാപിതാക്കന്മാർക്ക് വേണ്ടി,മക്കൾക്ക് വേണ്ടി, സഹോദരങ്ങൾക്ക് വേണ്ടി സമൂഹത്തിനുവേണ്ടി,…നമ്മുടെ ജീവിതം കൊണ്ട് രക്ഷപ്പെടേണ്ട അനേകർ ഉണ്ട്. ദൈവജനത്തിന്റെ നിലവിളി ശബ്ദം നമ്മുടെ ചെവികളിൽ മുഴങ്ങുമ്പോൾ അടച്ച മുറികളിൽ ഒതുങ്ങാതെ, നിറഞ്ഞ കണ്ണുകളോടെ…., മുറിഞ്ഞ ഹൃദയത്തോടെ…. തികഞ്ഞ വിശ്വാസത്തോടെ…. അൾത്താര ബലികളിലേക്ക് നീങ്ങാൻ നമ്മുക്ക് ഒരുങ്ങാം.
അപരനു വേണ്ടി ഏറ്റെടുത്ത ഒരു മുറിപ്പാടെങ്കിലും ജീവിതത്തിൽ ഉണ്ടാകട്ടെ. ആരും എന്തും പറഞ്ഞു കൊള്ളട്ടെ.സ്നേഹം പ്രതിബന്ധം അറിയുന്നില്ലല്ലോ. ഒറ്റിക്കൊടുത്ത യൂദാസിനെയും തള്ളിപ്പറഞ്ഞ പത്രോസിനെയും കുറ്റം പറഞ്ഞുനിൽക്കാതെ സ്വന്തം പിഴകളെ ഏറ്റുചൊല്ലി ക്രൂശിതന്റെ കൂടെ ചേർന്ന് നടക്കാൻ നമുക്ക് ആകട്ടെ. പരിശുദ്ധ അമ്മയും,യോഹന്നാനും,വേറോനിക്കായും, ശിമയോനും, ഭക്ത സ്ത്രീകളും, അരിമത്തിയാക്കാരൻ ജോസഫും, നിക്കദേമോസും…. അങ്ങനെയങ്ങനെ…ഇവരിൽ ആരുടെയെങ്കിലുമൊക്കെ ഒരു റോൾ എടുക്കാൻ ജീവിതത്തിൽ നമുക്കാവണം. സഹനത്തിന്റെ നനവുള്ള ഓർമ്മകളെ ദൈവീകമാക്കി തീർക്കാൻ ഈ ഗുഡ് ഫ്രൈഡേ ഒരു നിമിത്തമായി തീരട്ടെ ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു. ആമേൻ..


