ഫാ. അജോ രാമച്ചനാട്ട്
ഇന്ന് ഈസ്റ്റർ. ഉത്ഥാനത്തിരുന്നാൾ മംഗളങ്ങൾ ഏവർക്കും സ്നേഹപൂർവ്വം !!
ഈസ്റ്ററിന്റെ ഡേറ്റും ആ വാക്കിന്റെ ഉത്ഭവവും
ആംഗ്ലോ-സാക്സൻ ദേവതയായ “eastre” അഥവാ “oestre” – യുടെ പേരിൽ നിന്നാണ് ഈസ്റ്റർ എന്ന വാക്ക് ഉണ്ടായത് എന്നാണ് പണ്ഡിതനിഗമനം. കാരണം എസ്ത്രെ വസന്തത്തിന്റെ, പൂക്കാലത്തിന്റെ, ഫലഭൂയിഷ്ടതയുടെ ദേവതയാണ്. യൂറോപ്പിൽ വസന്തകാലം ആരംഭിക്കുന്നത് മാർച്ച് 21 നാണല്ലോ. ആ ദിവസം spring equinox അഥവാ vernal equinox എന്നും വിളിക്കപ്പെടുന്നുണ്ട്. AD 325 ൽ നടന്ന നിഖ്യസൂനഹദോസാണ് മാർച്ച് 21 കഴിഞ്ഞുവരുന്ന വെളുത്തവാവിനു ശേഷമുള്ള ഞായർ ആണ് ഈസ്റ്റർ എന്ന് നിജപ്പെടുത്തിയത്. ഈ വർഷം (2024) മാർച്ച് 25 പൂർണചന്ദ്രൻ ആയിരുന്നു എന്നതിനാലാണ് തൊട്ടുവരുന്ന ഞായർ (മാർച്ച് 31) ഈസ്റ്റർ ആയത്.
വലിയ നോമ്പ് കഴിഞ്ഞ് കുരിശിന്റെ വഴിയുടെ പുസ്തകമൊക്കെ അലമാരിയിൽ വച്ച് പൂട്ടി. ഇനി അടുത്ത നോമ്പു കാലം വരെ അതിനു വിശ്രമമാണ്. എന്നാലും കഴിഞ്ഞ 50 ദിവസങ്ങളിൽ കുരിശിന്റെ വഴികളിലായിരുന്നു, മനസ് ഏറെക്കുറെ.
- ആവർത്തിക്കപ്പെടുന്ന കുരിശിന്റെ വഴികൾ
പുസ്തകം അലമാരയിൽ വച്ച് പൂട്ടിയിട്ടും മനസ് എങ്ങോട്ടൊക്കെയോ പായുന്നു. എന്താണെന്നോ? ലോകചരിത്രത്തിൽ, ആ പതിന്നാലു സ്ഥലങ്ങളും പല കാലത്തും പലയിടത്തും ആവർത്തിക്കുന്നുണ്ട് – ഒന്നല്ലെങ്കിൽ മറ്റൊരു രൂപത്തിൽ.
- മരണത്തിനു വിധിക്കപ്പെട്ട ക്രിസ്തുവിനെപ്പോലെ നിരപരാധികൾ എത്രയോ തവണ മരണത്തിലേക്ക് തള്ളിവിടപ്പെടുന്നുണ്ട് ? മലയാളികൾ കൈയാമം വച്ച മധുവിനെ ഓർമവരുന്നു. ഔഷ് വിറ്റ്സിലെ തടങ്കൽ പാളയങ്ങളും ഗ്യാസ് ചേമ്പറുകളും ഓർമ വരുന്നു. ജാലിയൻ വാലാബാഗ് എന്ന പൂന്തോട്ടമോർമ്മ വരുന്നു.
- ക്രിസ്തുവിനെപ്പോലെ അർഹമല്ലാത്ത കുരിശ് ചുമക്കേണ്ടി വരുന്ന എത്രയോ ഹതഭാഗ്യർ ഈ ഭൂമിയിലുണ്ട്. മദ്യപാനിയായ ഭർത്താവ് ഒരു സാധു സ്ത്രീയ്ക്ക് കുരിശല്ലാതെ മറ്റെന്താണ് ? ജീവിതം തന്നെ കുരിശായി മാറിയവർ.. കുരിശോടുകൂടെ വീണുപോകുന്ന മനുഷ്യരും കുടുംബങ്ങളും..
ബാല്യം മുതൽ മരണക്കിടക്ക വരെ ജീവിതവഴിയിൽ തളർന്നുവീഴുന്നവർ.. - പ്രളയകാലത്തും കൊറോണക്കാലത്തും ശിമയോനെപ്പോലെ മറ്റൊരുവന്റെ കുരിശ് ചുമക്കാൻ കൂടിയവർ.. മറ്റൊരുവന്റെ ദുരിതം എന്റേത് കൂടിയാണെന്ന് ചിന്തിക്കുന്ന എത്രയോ ശിമയോന്മാർ : അതു ദാരിദ്ര്യമോ, പട്ടിണിയോ, പണി തീരാത്ത വീടോ എന്തുമാകട്ടെ, അഞ്ചാം സ്ഥലങ്ങൾ നൻമയുടെ സുഗന്ധം വിതറുകയാണ്.
- നമ്മുടെ കന്യാസ്ത്രീയമ്മമാരെ നോക്കൂ, വേറോനിക്കായുടെ ഹൃദയംകൊണ്ടുനടക്കുന്നവരാണ്..
മദർ തെരേസയാവും ആദ്യം മനസിൽ വരുന്ന ഉദാഹരണം. പേരു് കേൾപ്പിച്ചില്ലെങ്കിലും എത്രയോ സന്യാസിനികൾ.. രോഗികൾക്കും അനാഥർക്കും അമ്മത്തം വിളമ്പുന്നവർ..
എന്റെ/നിന്റെ സങ്കടങ്ങളിൽ അമ്മയെപ്പോലെ തണലാകുന്നവർ.. കണ്ണീർ പാടങ്ങളിൽ കൂട്ടിരുന്നു മുഖമൊപ്പുന്നവർ.. - ജീവിത പ്രാരാബ്ധങ്ങളുടെ ചാട്ടവാറടി ഇന്നും ഇന്നലെയും തുടങ്ങിയതല്ല പലർക്കും..
- കുത്തുവാക്കുകളുടെ, അപഖ്യാതിയുടെ, ദുരാരോപണങ്ങളുടെ ഇരുമ്പാണികൾ കൊണ്ടു മുറിയാത്ത ആരാണുള്ളത്?
- പത്താം സ്ഥലം ആർക്കൊക്കെയോ വേണ്ടി നഗ്നരാക്കപ്പെടുന്നവരെ ഓർമിപ്പിക്കുന്നുണ്ട്. കൈക്കുഞ്ഞു മുതൽ വയോധികവരെ മനുഷ്യപ്പിശാചുക്കളുടെ കാമം തീർക്കാൻ വസ്ത്രമുരിയേണ്ടിവരുന്ന അഴുക്കുപിടിച്ച കാലം.
- മക്കളെയോർത്ത് നെഞ്ചു തകരുന്ന അമ്മമാരെ മറിയത്തിന്റെ നിലവിളി ഓർമപ്പെടുത്തുന്നുണ്ട്. മാറാരോഗികൾക്കു വർഷങ്ങളോളം കൂട്ടാകേണ്ടി വരുന്ന മനുഷ്യരുടെ ക്ലേശങ്ങളെപ്പറ്റി ആരോർക്കുന്നു !
- പ്രിയപ്പെട്ടവരുടെ മരണം കണ്ടുനിൽക്കേണ്ടി വരുന്നവർ.. ആരുടെയോക്കെയോ മരണം മൂലം അനാഥരാക്കപ്പെട്ടവർ..
2. ഈസ്റ്റർ – കുരിശിന്റെ വഴിയിലെ പതിനഞ്ചാം സ്ഥലം
ഓർത്തുനോക്കൂ, കുരിശിന്റെ വഴികൾ ചരിത്രത്തിൽ ആവർത്തിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു.. നമ്മുടെ തന്നെ വ്യക്തി ജീവിതമാകട്ടെ, കുടുംബ പശ്ചാത്തലമാകട്ടെ, ചുറ്റുപാടുകളാകട്ടെ, ഒന്നു മുതൽ പതിനാലു വരെയുള്ള ഇടങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയാണ്. ഇത്രയുമൊക്കെ
കണ്ണീരും, പീഡനവും, ദുർമരണങ്ങളും ഇരുൾ പരത്തിയിട്ടും പിന്നെ എന്തുകൊണ്ടാണ് മനുഷ്യർ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നത്? ഈസ്റ്റർ – അവന്റെ ഉത്ഥാനം – എന്ന പതിനഞ്ചാം സ്ഥലം തന്നെ കാരണം. എന്റെ സുഹൃത്തേ, കുരിശിന്റെ വഴിയിലെ 14 സ്ഥലങ്ങളും അർത്ഥം കണ്ടെത്തുന്നത് ഉയിർപ്പ് എന്ന 15-ാം സ്ഥലത്തോട് ചേർത്തു വയ്ക്കുമ്പോൾ മാത്രമാണ്. കല്ലറയിൽ നിന്നുയിർക്കുന്ന ക്രിസ്തുവിനെ മാറ്റിനിർത്തിയാൽ ചരിത്രത്തിലെ എണ്ണം പറഞ്ഞ Tragedy – കളിൽ ഒന്നായി യേശുവെന്ന നിരപരാധിയുടെ മരണം മാറിയേനെ !
- പ്രകാശിതശരീരം
ഉയിർപ്പ്, ഉയിർപ്പിക്കപ്പെട്ട ശരീരം എന്നൊക്കെയുള്ളത് ഗ്രഹിക്കാൻ അത്ര എളുപ്പമുള്ള കാര്യങ്ങൾ അല്ല. വിശ്വസിക്കാൻ കൂട്ടാക്കാതെ, ശാസ്ത്രത്തിന്റെ സ്കെയിലുമായി നിന്നാൽ അളവെടുക്കൽ പൂർത്തിയാക്കാൻ കഴിഞ്ഞെന്നും വരില്ല.
എന്താണ് ഉയിർത്ത യേശുവിന്റെ ശരീരത്തിന്റെ പ്രത്യേകത? സഭയുടെ പ്രബോധനം അനുസരിച്ച് ഉയിർത്ത യേശുവിന്റെ ശരീരം ‘പ്രകാശിത-ശരീരം’ (glorified body) ആണ്. കാഴ്ച്ചയിൽ അതേ ആളാണെങ്കിലും പിതാവിന്റെ കരുണയിൽ മഹത്വീകരിക്കപ്പെട്ട ശരീരമാണ്. അതുകൊണ്ടാണ് അവൻ വാതിലിലൂടെ പ്രവേശിക്കുന്നത്. എന്നാൽ അതേ ആള് തന്നെ ആണെന്നും അവർ കാണുന്ന ശരീരം വെറും മിഥ്യ അല്ലെന്നും ബോധ്യപ്പെടുത്താൻ ആയിരുന്നു, വറുത്ത മീൻ കഴിച്ചതും. വിശ്വാസം ചേർക്കാതെ ചിന്തിക്കാൻ തുടങ്ങിയാൽ അത്ര എളുപ്പമാവില്ല, ഗ്രഹിക്കാൻ.
ഒന്നോർക്കാം, ഭൂമി വെറുമൊരു ഇടത്താവളം ആണെന്നും, ഇക്കാണുന്ന ശരീരം ആത്മാവിനെ കൊണ്ടുനടക്കാനുള്ള ഒരു താത്കാലിക സംവിധാനം മാത്രമാണെന്നും ബോധ്യമാവുക എന്നതാണ് പ്രധാനം. ആ ഒരു ബോധ്യം നമ്മളെ “സ്വർഗ്ഗത്തിന്റെ പൗരന്മാരായി” ജീവിക്കാൻ കൂടുതൽ കരുത്തേകും, തീർച്ച.
നിർത്തുകയാണ് കേട്ടോ.
എന്റെ ചങ്ങായീ, ഈ 15-ാം സ്ഥലം, അവന്റെ ഉത്ഥാനം ഓർമപ്പെടുത്തുന്നത് ദു:ഖവെള്ളിയിൽ ഒരു കഥയും അവസാനിക്കുന്നില്ലെന്നുതന്നെ !
രോഗവും മരണവും ദാരിദ്ര്യവും പ്രളയവും കൊറോണയും.. ഒന്നും കഥയുടെ ലാസ്റ്റ് ഫ്രെയിമല്ല ചങ്ങാതീ. കാത്തിരിക്കാമോ നിനക്ക് ? ഒരു ഈസ്റ്റർ പുലരി വരാനുണ്ട്.
മരണത്തെ തോൽപിച്ചവന്റെ കൊടിക്കൂറ ഉയരുന്ന ആ പതിനഞ്ചാം സ്ഥലം എത്തുന്നതുവരെ കാത്തിരിക്കാനായാൽ ജീവിതം ആനന്ദകരമായി..
വിശ്വാസജീവിതത്തിന് അർത്ഥമായി..


