വിനായക് നിര്‍മ്മല്‍
പെസഹാദിനവുമായി ബന്ധപ്പെട്ടുള്ള സുവിശേഷവായനയില്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിച്ച ഒരു തിരുവചനഭാഗമുണ്ട്. ലോകത്തില്‍ തനിക്ക് സ്വന്തമായുള്ളവരെ അവന്‍ സ്‌നേഹിച്ചു. അവസാനം വരെ സ്‌നേഹിച്ചു( യോഹ 13:1) അവസാനം വരെ തന്നെ സ്‌നേഹിച്ചവര്‍ക്കായുള്ള ക്രിസ്തുവൊരുക്കിയ സ്‌നേഹത്തിന്റെ വിരുന്നായിരുന്നു പെസഹാ. ഓരോ പെസഹായിലും സംഭവിക്കുന്നത് അതാണ്. സ്‌നേഹത്തിന്റെ ഓര്‍മ്മ കൊണ്ടാടല്‍.
ആ പെസഹാദിനത്തില്‍ എന്താണ് സംഭവിച്ചത്? പെസഹാദിനത്തിലൂടെ കടന്നുപോകുമ്പോള്‍ നാം മനസ്സിലാക്കുന്ന ഒരു കാര്യമുണ്ട്. അത്യന്തം വികാരനിര്‍ഭരവും സംഘര്‍ഷഭരിതവും വേര്‍പിരിയലിന്റെ തീവ്രനൊമ്പരങ്ങളുമുള്ള നിമിഷങ്ങളായിരുന്നു അന്ന് അവിടെ അരങ്ങേറിയത് അവയൊക്കെ നാടകീയവുമായിരുന്നു.. അല്ലെങ്കില്‍ ആ നിമിഷങ്ങളിലൂടെ ഒന്ന് കടന്നുപോകൂ.
ചില ഉദാഹരണങ്ങള്‍ പറയാം:
ഈ ലോകം വിട്ട് പിതാവിന്റെ സന്നിധിയിലേക്ക് പോകാനുളള സമയമായി എന്ന് അറിയുന്ന യേശു( യോഹ 13:1)
യേശുവിനെ ഒറ്റുകൊടുക്കാന്‍ തീരുമാനിക്കുന്ന പിശാച് ഉള്ളില്‍പ്രവേശിക്കപ്പെട്ടവനായ യൂദാസ്( യോഹ 13:2)
കാല്‍ കഴുകലിന് വിസമ്മതം രേഖപ്പെടുത്തുന്ന പത്രോസ്( യോഹ 13 6)
യേശുവിന്റെ വക്ഷസിലേക്ക് ചാരിക്കിടക്കുന്ന യോഹന്നാന്‍( യോഹ 13: 23)
യേശുവിനെ ഒറ്റുകൊടുക്കുന്നത് തങ്ങളില്‍ ആരാണെന്ന് സംശയിക്കുന്ന ശിഷ്യന്മാര്‍( യോഹ 13:25)
ഈ നിമിഷത്തിലാണ് അവസാനം വരേയ്ക്കും നിലനില്ക്കാനുള്ള അടയാളമായി ക്രിസ്തു വിശുദ്ധകുര്‍ബാനയുടെ സ്ഥാപകനായത്. ഭൂമി വിട്ടുപോകുന്ന ഒരാളുടെ മനസ്സിന്റെ ആകുലതകളും വിട്ടുപിരിയാനാവാത്ത സ്‌നേഹത്തിന്റെ വിങ്ങലുകളും ആ അത്താഴമേശയെ ഒരുവിലാപഗീതമാക്കിയിരുന്നു,
എന്നിട്ടും മനസ്സ് കൈവിട്ടുപോകും നേരത്തും ആത്മസംയമനത്തോടെ തനിക്ക് സ്വന്തമായുള്ളവര്‍ക്കായി അവന്‍ ഒരു വിരുന്ന് നടത്തി.
ആരാണ് ഈ സ്വന്തമായുള്ളവര്‍?
ഒരുപാടുപേരുമായി ബന്ധപ്പെട്ടുള്ള ജീവിതമാണ് നമ്മുടേത്. രക്തബന്ധമുള്ളവര്‍ മുതല്‍ ഉടല്‍ ബന്ധമുള്ളവര്‍വരെയുള്ള സ്വന്തക്കാരുടെ നിരതന്നെയുണ്ട്. പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍ അവരില്‍ എത്രപേര്‍ നമുക്ക് സ്വന്തമായുണ്ട്? മനസ്സ് മനസ്സിലാക്കുന്നവനാണ് സ്വ്ന്തമായുള്ളവര്‍. ആവശ്യങ്ങള്‍ കണ്ടറിയുന്നവനാണ ്‌സ്വന്തമായുള്ളവര്‍. സഹായിക്കാനും സ്‌നേഹിക്കാനും സന്നദ്ധനായുള്ളവനാണ് സ്വന്തമായുള്ളവര്‍. അങ്ങനെ വരുമ്പോള്‍ ജീവിതത്തില്‍ നമുക്കെത്രയോ കുറച്ചു പേര്‍മാത്രമാണ് സ്വന്തമായുള്ളവരായിട്ടുള്ളത്?
ക്രിസ്തു അവരെ സ്വന്തമായി കണ്ടിരുന്നു. അവന്റെ ഹൃദയത്തോട് അവരെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്തിരുന്നു. തന്നെ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയല്ല താന്‍ സ്‌നേഹിക്കുന്നവര്‍ക്കുവേണ്ടിയുളള പ്രവൃത്തികളാണ് നമ്മെ കൂടുതല്‍ വിലയുള്ളവരാക്കുന്നത്. ക്രിസ്തുവിനെ ശിഷ്യര്‍ സ്‌നേഹിച്ചതിനെക്കാള്‍ ശിഷ്യരെ ക്രിസ്തു സ്‌നേഹിച്ചു. ആ ശിഷ്യരുടെ നിഴല്‍ നമ്മുടെ മേലെല്ലാംപതിഞ്ഞുകിടക്കുന്നതുകൊണ്ട്ക്രിസ്തു നമ്മെ ഓരോരുത്തരെയും സ്‌നേഹിക്കുന്നു. അതുകൊണ്ടാണ് നമുക്കുവേണ്ടിയുള്ള ബലിയായി, വിശുദ്ധ കുര്‍ബാന മാറുന്നത് അങ്ങനെയാണ്. അവസാനം വരെ സ്‌നേഹിക്കുന്നുവെന്നതിന്റെ അടയാളമായി വിശുദ്ധ കുര്‍ബാന മാറുന്നത്.
സ്‌നേഹത്തിന് അവസാനമുണ്ടോ? യാത്രകള്‍ക്ക് അവസാനമുണ്ട്. ഭൗമികജീവിതത്തിന് അവസാനമുണ്ട്. പക്ഷേ സ്‌നേഹത്തിന് ഒരിക്കലും അവസാനമില്ല. ഒരാള്‍ നിന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെങ്കില്‍ നീ ഒരാളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ക്കിടയിലെ സ്‌നേഹത്തിന് നിങ്ങളിലൊരാളുടെ മരണം സംഭവിച്ചുകഴിഞ്ഞാലും അവസാനമുണ്ടാകുന്നില്ല. വ്യക്തിപരമായി ഞാന്‍ അനുഭവിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന സത്യമാണ് അത്. അപ്പനും അമ്മയും. ജീവിതത്തില്‍ ഞാന്‍ എന്ന വ്യക്തിയെ ഏറ്റവും അധികം താങ്ങിനിര്‍ത്തിയിരുന്നവര്‍. ആറു മാസത്തിന്റെ ഇടവേളയിലാണ് രണ്ടുപേരും എനിക്ക് നഷ്ടമായത്. പക്ഷേ ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നുണ്ട് ഞങ്ങള്‍ക്കിടയിലെ സ്‌നേഹത്തിന് ഇപ്പോഴും കുറവൊന്നുമില്ലെന്ന്. ഉടലായിട്ടി്‌ല്ലെങ്കിലും ഉണ്മയായിട്ട് ആ സ്‌നേഹങ്ങള്‍ ഇപ്പോഴും എന്നെ പൊതിഞ്ഞുപിടിക്കുന്നുണ്ടെന്ന്. ഒരു കുഴിമാടത്തില്‍ അവസാനിക്കുന്നതല്ല ഒരു സ്‌നേഹവും. സുബോധത്തോടെയുള്ള ഓര്‍മ്മയും മരണം എന്നെ പിടികൂടുംനാള്‍വരെയും അവരുടെ സ്‌നേഹങ്ങളുംഎനിക്കവരോടുള്ള സ്‌നേഹങ്ങളും ബാക്കിയുണ്ടായിരിക്കും. ഒരുപക്ഷേ മാനുഷികമായി വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവരോടുള്ള എന്റെ സ്‌നേഹത്തിന് കുറവുസംഭവിച്ചേക്കാം. പക്ഷേ അവര്‍ക്ക് എന്നോടുള്ള സ്‌നേഹത്തിന് ഒരു കുറവും ഉണ്ടാകാന്‍പോകുന്നില്ല. കാരണം ഏറ്റവും വലിയ സ്‌നേഹത്തിന്റെ മധ്യത്തിലാണ് അവര്‍രണ്ടാളും എന്നെ പിരിഞ്ഞുപോയത്. ഇനി സ്വര്‍ഗ്ഗത്തില്‍പരസ്പരം കണ്ടുമുട്ടുംനാള്‍ വരെയും ആ സനേഹം അങ്ങനെതന്നെയായിരി്കകും.
അമ്മ യാത്രപറഞ്ഞുപോയതിന് ശേഷമായിരുന്നു കഴിഞ്ഞവര്‍ഷത്തെ പെസഹാവന്നത്. പക്ഷേഅന്ന് അപ്പനുണ്ടായിരുന്നു. രണ്ടാമതൊരു പെസഹാ വന്നപ്പോഴേയ്ക്കും അപ്പനും.. എനിക്ക് തോന്നുന്നു അമ്മയുടെ മരണം കഴിഞ്ഞപ്പോള്‍ മുതല്‍ അപ്പനും മാനസികമായി തന്റെയാത്രപറച്ചിലിന് ഒരുങ്ങിയിരുന്നുവെന്ന്.. ഇനിയൊരു അത്താഴം തങ്ങള്‍ ഒരുമിച്ചില്ലെന്ന് യേശു മനസ്സിലാക്കിയതുപോലെ ഇനി അധികനാള്‍ താനുണ്ടാവില്ലെന്ന് അപ്പനും മനസ്സിലാക്കിയിട്ടുണ്ടാകും. അത്തരം ചില മുന്നൊരുക്കങ്ങളെല്ലാം അപ്പന്‍ നടത്തിയിരുന്നു
ഈ രാത്രിയുമെനിക്കേറ്റവും ദു:ഖപൂരിത വരികളെഴുതുവാന്‍ എന്ന് കവി എഴുതിയിട്ടുണ്ട്. ആ വരികളെ മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ ഈ പെസഹായാകുമെനിക്കേറ്റവും ദു:ഖപുരിതമെന്ന് എനിക്ക് പറയേണ്ടിവരും. കാരണം ഇത് അപ്പനില്ലാത്ത ആദ്യത്തെ പെസഹായാണ്. അപ്പന്‍ മുറിക്കാത്ത അപ്പത്തിന്റെ ആദ്യ പെസഹാ. അപ്പന്റെ പെസഹാ മുറിക്കലിന് ചില പ്രത്യേകതകളൊക്കെയുണ്ട്. ചെറിയൊരു ടീപ്പോയില്‍ വെള്ളതുണിവിരിച്ച് ക്രൂശിതരൂപത്തിന് മുമ്പില്‍ തിരികള്‍ കത്തിച്ച് പെസഹാസംഭവം വിവരിക്കുന്ന ബൈബിള്‍ ഭാഗം മക്കളെയോ കൊച്ചുമക്കളെ കൊണ്ടോ വായിപ്പിച്ച് ഭയഭക്തിബഹുമാനാദരവോടെയായിരുന്നു അപ്പന്‍ അപ്പം മുറിച്ചിരുന്നത്. വിശുദ്ധ കുര്‍ബാനയില്‍ കാര്‍മ്മികന്‍ തിരുവോസ്തി വാഴ്ത്തുന്നതുപോലെ തന്നെയായിരുന്നു അത്.ഇത്രയധികം ഭക്തിപ്രകടനങ്ങള്‍ ആവശ്യമുണ്ടോയെന്ന് ഞാന്‍ സംശയിച്ചിട്ടുണ്ട്. പക്ഷേ അപ്പന്‍ അങ്ങനെയായിരുന്നു.
ഇത്തവണ അപ്പനില്ല. അപ്പന്റെ കൈയില്‍ നിന്ന് പെസഹാ അപ്പം വാങ്ങാനും കഴിയില്ല.
ചിലരൊക്കെ നഷ്ടപ്പെട്ടുകഴിയുമ്പോഴാണ് അവര്‍ തന്നിരുന്ന സ്‌നേഹത്തിന്റെ വിലയും അര്‍ത്ഥവും മനസ്സിലാവുന്നത്. യേശു അന്ന് ഹൃദയഭാരത്തോടെ വാഴ്ത്തിവിഭജിക്കുമ്പോള്‍ ശിഷ്യര്‍ അതിന്റെ വില മനസ്സിലാക്കിയിരുന്നോ. അറിയില്ല. പക്ഷേ അപ്പന്‍ ഓരോ തവണയും അപ്പം മുറിക്കുമ്പോള്‍ ഞാന്‍ അതിന്റെ വില മനസ്സിലാക്കിയിരുന്നില്ല എന്നതാണ് സത്യം. എന്നാലിപ്പോള്‍..
അവസാനംവരെയുള്ള സ്‌നേഹത്തിന്റെ സൂക്ഷിപ്പും തെളിവുമാണ് വിശുദ്ധ കുര്‍ബാന. അവസാനം വരെയുള്ള അവന്റെ സ്‌നേഹത്തിന് ജീവിക്കുന്ന സാക്ഷ്യം.
ഓര്‍മ്മയ്ക്കായുള്ള അടയാളമാവുക എന്നതാണ് നമ്മുടെ മു്മ്പിലെ വെല്ലുവിളി. ക്രിസ്തു വിശുദ്ധ കുര്‍ബാന സ്ഥാപിച്ചില്ലായിരുന്നുവെങ്കില്‍ അവിടുന്ന് ഇത്രത്തോളം ഓര്‍മ്മിക്കപ്പെടുമായിരുന്നോ? നിന്റെ സ്വാര്‍ത്ഥതകള്‍ നിന്നെ ഓര്‍മ്മിക്കാന്‍ തക്ക കാരണമാകുന്നില്ല. പക്ഷേ നിന്റെ ത്യാഗങ്ങളും സ്‌നേഹവും എക്കാലവും നിന്നെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും. ഓരോ അടയാളങ്ങളും ആരുടെയൊക്കെയോ സ്‌നേഹത്തിന്റെ തിരുശേഷിപ്പുകളാണ്.


