ഫാ. അജോ രാമച്ചനാട്ട്
മികച്ചത് എന്ന ഖ്യാതി നേടിയ ഒരു സമകാലീന നോവലാണ് അഖിൽ പി. ധർമജൻ എഴുതിയ റാം c/o ആനന്ദി. 2020 ൽ ഡിസി ബുക്സ് ആണ് ഇതിന്റെ പ്രസാധനം നടത്തിയത്. ഇതുവരെ വായിക്കാൻ പറ്റിയില്ല, ഒന്ന് വായിക്കണം എന്നോർത്തിരിക്കുമ്പോഴാണ് കഴിഞ്ഞ ദിവസം നോവലിന്റെ രചയിതാവായ അഖിൽ നേരിട്ട് എഴുതിയ ഒരു സന്ദേശം വായിക്കാൻ ഇടയായത്.
വായനശാല എന്ന പേരിൽ ഒരു വാട്സ്ആപ്പ് ഗ്രൂപ്പുണ്ട്. പുസ്തകങ്ങളുടെ pdf ഫയലുകൾ ഗ്രൂപ്പ് അംഗങ്ങളുടെ ആവശ്യാനുസരണം ലഭിക്കുന്നുണ്ടായിരുന്നു. അതിലാണ് അഖിലിന്റെ കുറിപ്പ് ആരോ പോസ്റ്റ് ചെയ്തത്.
ആരോ മനഃപൂർവം റാം C/O ആനന്ദി സ്‌കാൻ ചെയ്ത് pdf ആക്കി വിതരണം ചെയ്യുന്നുണ്ടെന്നും, ഈ ഗ്രന്ഥരചനയ്ക്ക് വേണ്ടി രണ്ട് വർഷത്തിലധികം സമയം ചെന്നൈയിൽ ചിലവഴിക്കേണ്ടിവന്നെന്നും ഗ്രന്ഥം പൂർത്തിയാക്കാൻ തന്റെ സുഹൃത്തുക്കളും ഏറെ അധ്വാനിച്ചെന്നും ഇപ്പോഴും അന്നുണ്ടായതിന്റെ ബാക്കിയായ ചില ദുരനുഭവങ്ങൾ തങ്ങളെ പിന്തുടരുന്നുണ്ടെന്നും… ആയതിനാൽ ആരും pdf കൈമാറി തന്നെയും പ്രസാധകരെയും ഉപദ്രവിക്കരുതെന്നും ആയിരുന്നു, പ്രമേയം.
പലയാവർത്തി ഞാൻ ആ മെസ്സേജ് വായിച്ചു, ഒരിക്കലും വിലയ്ക്ക് എടുക്കാതിരുന്ന ഒരു കാര്യമാണ്. അറിഞ്ഞും അറിയാതെയും വർഷങ്ങളായി നമ്മൾ ശീലിച്ചുപോയ ഒന്ന്.
എന്റെ സുഹൃത്തേ, സാങ്കേതികവിദ്യ നാട്ടിൽ എത്തിയകാലം മുതൽ നമ്മൾ മലയാളികൾ ഹരമായി കൊണ്ടുനടക്കുന്ന ഒരു ശീലമാണ്, “മാന്യമായ” ഇത്തരം മോഷണങ്ങൾ. ശരിയല്ലേ? ഒന്നോർത്തുനോക്കൂ,
- പണം കൊടുത്തുവാങ്ങേണ്ട പ്രോഗ്രാമുകളുടെ cracked വേർഷനുകൾ നമ്മുടെ നാട്ടിൽ എന്നും സുലഭമാണ്.
- സിനിമകളുടെ കള്ളസിഡികൾക്ക് പിറകെ പണ്ട് നമ്മൾ എന്തോരെ ഓടിയതാണ്.
- ഇപ്പോഴോ? OTT റിലീസിങ്ന് മുൻപേ തീയേറ്ററിൽ ക്യാമറ വച്ച് പകർത്തി ടെലെഗ്രാമിൽ എല്ലാ പുത്തൻസിനിമകളും വിതരണം ചെയ്യും.
- പുസ്തകങ്ങളുടെ pdf കോപ്പികൾ എല്ലാത്തിന്റെയും റെഡിയാണ്.
- പഴയ MP3 സിഡികൾ ഓർമ്മയുണ്ടോ? കാസറ്റ് കടക്കാരന്മാർ mp3 ഫോർമാറ്റിലാക്കി പുതുപുത്തൻ 200-300 പാട്ടുകൾ, ഒരു CD : 10-20 രൂപ.
സിനിമയോ, പാട്ടോ, പുസ്തകമോ, സോഫ്റ്റ്‌വെയറുകളോ എന്തുമാകട്ടെ, അതിന്റെ പിന്നിൽ വർഷങ്ങളും മാസങ്ങളും കഠിനജോലി എടുക്കുന്ന ആയിരക്കണക്കിന് മനുഷ്യരുടെ അധ്വാനമാണ്, അവരുടെ ന്യായമായ വരുമാനമാണ് നമ്മൾ നിസ്സാരമായി നശിപ്പിച്ചുകളയുന്നത്!
അനുവാദമില്ലാതെ കരസ്ഥമാക്കുന്ന എന്തും മോഷണം തന്നെയാണ്. ഏത് മതത്തിലും ഏത് സംസ്കാരത്തിലും അത് തെറ്റുതന്നെയാണ്.
ചങ്ങാതീ, “എന്റെ പിഴ” ചൊല്ലി ഞാൻ നിർത്തി, എല്ലാം. പണം കൊടുത്തുവാങ്ങേണ്ടത് പണം കൊടുത്തുതന്നെ മതി ഇനി.
പണമില്ലേ? അതോ പണം കൊടുക്കാൻ താല്പര്യമില്ലേ? എങ്കിൽ വേണ്ട എന്ന് തന്നെ വയ്ക്കും. മറ്റൊരുത്തന്റെ അദ്ധ്വാനം കട്ടെടുത്തുള്ള കോമാളിത്തരങ്ങൾ – ചെറുതോ വലുതോ ആകട്ടെ – ഇനിമുതൽ വേണ്ട എന്നങ്ങുതീരുമാനിച്ചു ഞാൻ.
പുത്തൻകാലത്ത് പുത്തൻതിന്മകൾ ഉടലെടുക്കുക സ്വാഭാവികം. അവയ്ക്കെതിരെ വെണ്മയുള്ള ഹൃദയത്തോടെ നന്മകെടാത്ത പുത്തൻതീരുമാനങ്ങൾ എടുക്കുകയാണ് പ്രധാനം.
അപ്പോ, എങ്ങനെയാ? അല്പം കൂടി ഡീസന്റ് ആകേണ്ടായോ നമ്മൾ? ശാന്തമായിരുന്നിട്ട്, എന്നിൽ പെറ്റുപെരുകിയ New-Gen തിന്മകളെ കണ്ടെത്തണം , അല്ലെങ്കിൽ ആകെമൊത്തം ഒരു “pirated version” ആയി ജീവിതം തന്നെ മാറിയേക്കാം..!
സമയമുണ്ട് ഇനിയും..


