ഫാ. അജോ രാമച്ചനാട്ട്
യീസ്റ്റ് (yeast) എന്നത് ഫംഗസ് ലോകത്തെ ഒരു കൂട്ടം ഏകകോശ സൂക്ഷ്മാണുക്കൾ ആണ്. ഭക്ഷണപദാർത്ഥങ്ങളെ പുളിപ്പിക്കുക എന്നതാണ് അവയുടെ ഏറ്റവും പ്രധാന സംഭാവന. വേറെയും ഉണ്ട് ഒരുപാട് ഗുണങ്ങൾ. യേശുക്രിസ്തു തന്റെ സംഭാഷണത്തിൽ യീസ്റ്റിനെക്കുറിച്ച് പറയുന്നുണ്ട്. “മറ്റൊരുപമ അവന്‍ അവരോട് അരുളിച്ചെയ്‌തു: മൂന്ന് ഇടങ്ങഴിമാവില്‍ അതു പുളിക്കുവോളം ഒരു സ്‌ത്രീ ചേര്‍ത്ത പുളിപ്പിനു സദൃശമാണ് സ്വര്‍ഗരാജ്യം.”(മത്താ.13 : 33)
ഏതോ ഒരമ്മ ചേർക്കുന്ന പുളിപ്പ് – അൽപമേയുള്ളൂ. എങ്കിലും മൂന്നിടങ്ങഴി മാവിനെ (മൂന്നര കിലോയോളം വരും) എത്രയോ പേരുടെ നാവിലെ രുചിയായി മാറ്റാൻ, അനേകരുടെ ഉദരത്തിലും മനസ്സിലും തൃപ്തിയാകാൻ ആ പുളിപ്പിനാവും.
ദൈവരാജ്യത്തെക്കുറിച്ചാണ് !
അല്പം മതി, പിന്നെയത് പടർന്നു പന്തലിക്കുകയാണെന്ന്..!
ചിലരുണ്ട് അങ്ങനെ.
- “നീ ഇല്ലാരുന്നെങ്കിൽ സത്യമായും എനിക്ക് പ്രാന്തായേനെ..!” എന്ന് നമ്മൾ പറഞ്ഞത് സ്വർഗരാജ്യത്തിൻെറ പുളിപ്പ് കൊണ്ടുനടക്കുന്ന ആ ചങ്ങാതിയോടാണ് !
- ഒരു ഒരുമിച്ചുകൂടലിൽ അതിലെ പ്രത്യേക ഒരാളുടെ സാന്നിധ്യം അവിടെയുള്ളവരുടെ ഉന്മേഷത്തെയും സന്തോഷത്തെയും വല്ലാതെ വർധിപ്പിക്കുന്നെങ്കിൽ നോക്കിവച്ചോണം, സ്വർഗ്ഗത്തിന്റെ പുളിപ്പാണത്.
- ഒരു കല്യാണമോ/ ആഘോഷമോ / മരണമോ / അപകടമോ നടക്കുന്നിടത്ത് (——–) ആൾ വന്നോ എന്ന് മനുഷ്യർ തിരക്കുന്നുണ്ടെങ്കിൽ…
- ആ ആളുണ്ടെങ്കിൽ “ഹോ, ഇനി സമാധാനമായി” എന്ന് ദീർഘനിശ്വാസം ഉയരുന്നുണ്ടെങ്കിൽ..
- “നീ ഇല്ലെങ്കിൽ ഇവിടെ ഒരു രസവുമില്ല” എന്ന് നിങ്ങളോട് ആരെങ്കിലും പരാതിപ്പെടുന്നെങ്കിൽ
ക്രിസ്തു പറഞ്ഞ yeast നിങ്ങളും കൊണ്ടുനടക്കുന്നു എന്നാണ്..!
എന്റെ കൂട്ടുകാരാ, സ്വർഗരാജ്യത്തിൻെറ പുളിപ്പ് ഉള്ളിലുള്ളവർ അവർ ജീവിക്കുന്ന ഇടങ്ങളെ, കണ്ടുമുട്ടുന്ന മനുഷ്യരെ ഒക്കെ ജീവൻ കൊണ്ട് നിറയ്ക്കുകയാണ്..
നിലനിൽപ്പിന്റെ കാരണമാവുകയാണ്..
ഏത് പ്രതിസന്ധികളിലും മനസ്സ് കെട്ടുപോകാതിരിക്കാൻ നിനക്ക് കൂട്ട് വരികയാണ്..
നമ്മൾ ഇതൊക്കെ പറയുന്ന നേരത്തും ഈ ഭൂമിമലയാളത്തിൽ മറ്റെവിടെയോ,
നോക്കൂ, അങ്ങനെ നാളുകൾക്കുശേഷം ചില മനുഷ്യർ പൊട്ടിച്ചിരിച്ചുതുടങ്ങുകയാണ്..!
അങ്ങനെ ജീവിതത്തോട് തോൽക്കുന്നില്ലെന്ന് ആരൊക്കെയോ തീരുമാനിച്ച് തുടങ്ങുകയാണ്..!
അലങ്കോലമായി കിടന്നിരുന്ന വീടിനും തൊടിയ്ക്കും അടുക്കളക്കും ഒക്കെ അനക്കം വയ്ക്കുകയാണ്..!
വർഷങ്ങൾക്ക് ശേഷം രുചിയുള്ള കറികളൊക്കെയുണ്ടാക്കി വഴിയിലേയ്ക്ക് കണ്ണുകൾ പായുകയാണ്..!
മൂകമായിപ്പോയ ക്രിസ്തുമസും, ഓണവും, വിഷുവുമൊക്കെ ജീവൻ വച്ചു തുടങ്ങുകയാണ്..!
ജന്മദിനങ്ങൾക്ക് ഉത്സവങ്ങളുടെ വൈബ് കിട്ടുകയാണ്..!
നോമ്പിന്റെ അവസാനലാപ്പിലാണ് നമ്മൾ.
ചോദ്യം വേറെ ഒന്നുമല്ല..
- നീ സ്വർഗ്ഗത്തിന്റെ പുളിപ്പ് ആകുന്നുണ്ടോ?
- നിന്റെ മുഖം, നിന്റെ വാക്കുകൾ, സാന്നിധ്യം, നിന്റെ കൂട്ട് ഒക്കെ ഭൂമിയിൽ ജീവൻ വിതറുന്നുണ്ടോ?
- ചാരം മൂടിയ ജീവിതത്തിന്റെ കനലുകൾ നീ മൂലം എവിടെയെങ്കിലുമൊക്കെ ആളിത്തുടങ്ങിയിട്ടുണ്ടോ?
കൃപ നിറഞ്ഞ ദിവസം ഹൃദയപൂർവം..


