“ഞങ്ങൾ കിഴക്ക് അവന്റെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കുകയാണ്” (മത്തായി 2:2)

Published on

വി. മത്തായി അറിയിച്ച സുവിശേഷത്തിലെ ശൈശവ വിവരണത്തിൽ ദൈവവും മനുഷ്യനും ആകാശവും ഭൂമിയും കാലവും നിത്യതയും ചരിത്രവും ഭൂമിശാസ്ത്രവും ഭാവനയും യാഥാർഥ്യവും ഒന്നിക്കുന്ന ഹൃദയസ്പർശിയായ ഒരു വിവരണമാണ് ജ്ഞാനികളുടെ സന്ദർശനം (2:1-12). ഈശോ വാഗ്ദാനങ്ങളുടെ പൂർത്തീകരണവും രക്ഷാകരചരിത്രത്തിന്റെ കേന്ദ്രബിന്ദുവും ദൈവപുത്രനുമാണെന്ന് സുവിശേഷകൻ സ്ഥാപിക്കുന്നു. ദൈവപുത്രനായ ഈശോയുടെ ജനനം ഹേറോദേസ് രാജാവിന്റെ കാലത്ത് (37 BC-4 BC) യൂദയായിലെ ബേത്ലെഹെമിലാണ്. ശുദ്ധ യഹൂദനല്ല എന്ന കാരണത്താൽ യഹൂദർ ഇഷ്ടപ്പെടാത്ത വ്യക്തിയും റോമൻ ഭരണത്തിന്റെ ശക്തിയിൽ സൈന്യബലത്താൽ സ്വന്തം ജനത്തിന്റെമേൽ ആധിപത്യം നേടിയ തന്ത്രശാലിയായ ഭരണാധികാരിയും നിർമാണ വിദഗ്ധനുമാണ് ഹേറോദേസ്. തന്നിഷ്ടം നടപ്പാക്കാൻ കാപട്യത്തിന്റെ മുഖംമൂടിയണിയൽ തുടങ്ങി കാര്യസാധ്യത്തിനായി നിഷ്കളങ്ക രക്തം ചൊരിയൽ പോലും നടത്താൻ മടിയില്ലാത്ത വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മത്തായിയുടെ വീക്ഷണത്തിൽ തന്ത്രപരമായ നീക്കങ്ങളിലൂടെ, നിഷ്കളങ്ക ഭാവത്തോടെ ദൈവിക പദ്ധതികളെ തടയാൻ തിടുക്കം കൂട്ടുന്ന, ദൈവിക വെളിപാടുകളുടെ മുൻപിൽ ഭയചകിതനാകുന്ന, ദൈവികവഴികളെ ഗ്രഹിക്കാൻ സാധിക്കാത്തയാളാണ് അദ്ദേഹം. അടഞ്ഞതും അപരന്റെ മനസിലേക്ക് തുറക്കാത്തതും ദൈവിക പദ്ധതികളെ ആത്മാർഥമായി അന്വേഷിക്കാത്തതുമായ മനസുകൾക്ക് ദൈവം സംലഭ്യനാകില്ലെന്ന് ഹേറോദേസ് ഓർമപ്പെടുത്തുന്നു.

ദൈവത്തിന്റെ പദ്ധതികളെ തിരിച്ചറിയുകയും ദൈവിക സാന്നിധ്യവും പ്രവർത്തനവും അന്വേഷിക്കുകയും അതു കണ്ടെത്തുന്നതുവരെ തീക്ഷ്ണതയോടെ തേടുകയും ചെയ്യുന്നവരാണ് ജ്ഞാനികൾ (മത്തായി 2:1). അറിവുകളെ ആരാധനയാക്കുന്ന ശ്രേഷ്ഠവ്യക്തികളാണവർ. പേർഷ്യയിലെ പുരോഹിതർ, രഹസ്യശാസ്ത്രങ്ങൾ അറിയുന്നവർ, തത്വശാസ്ത്രം, ജ്യോതിശാസ്ത്രം തുടങ്ങിയ വിജ്ഞാന ശാഖകളിൽ വൈദഗ്ധ്യമുള്ളവർ, അകലെനിന്നു വന്നവർ, ആകാശത്തിൽ നക്ഷത്രം കണ്ടു യഹൂദരുടെ രാജാവിനെ ആരാധിക്കാൻ വന്നവർ, ജ്ഞാനികൾ, വിജാതീയ സമൂഹത്തിന്റെ പ്രതിനിധികൾ, ദൈവാന്വേഷികൾ എന്നെല്ലാമാണ് ഇവരെ വിശേഷിപ്പിക്കുന്നത്. വെളിച്ചം എന്നും ജ്ഞാനത്തിന്റെയും ദൈവസാന്നിധ്യത്തിന്റേയും പ്രതീകമാണ്. ആകാശത്തിൽ ഉദിച്ച നക്ഷത്രത്തെ അവർ തിരിച്ചറിഞ്ഞു. ഈശോ ജനിച്ചതിന്റെ അടയാളമായി അവർ ഒരു നക്ഷത്രം കണ്ടു എന്നതിന് ദൈവവചനത്തിലും പുറത്തും തെളിവുകൾ കണ്ടെത്താവുന്നതാണ്. “യാക്കോബിൽ നിന്ന് ഒരു നക്ഷത്രം ഉദിക്കും” (സംഖ്യ 24:15-17; ഏശയ്യാ 60:3) എന്ന് പഴയ ഉടമ്പടി കാലം സാക്ഷ്യപ്പെടുത്തുന്നു. വെളിപാടുകളുടെയും വാഗ്ദാനങ്ങളുടെയും പൂർത്തീകരണമാണ് ഈശോയുടെ ജനനം. അന്യരെന്ന് കരുതിയ ജ്ഞാനികൾ അതു തിരിച്ചറിഞ്ഞു. ലോകത്തിൽ ജനിക്കുന്ന ഓരോ വ്യക്തിക്കും ആകാശത്തിൽ ഒരു നക്ഷത്രം ഉദിക്കുമെന്നും; വലിയ വ്യക്തികൾ, രാജാക്കന്മാർ തുടങ്ങിയവരുടെ ജനനത്തിൽ പ്രകാശമേറിയ നക്ഷത്രം ആകാശത്തിൽ പ്രത്യക്ഷപ്പെടുമെന്നുമുള്ള ഗ്രീക്കുകാരുടെ വിശ്വാസം മറ്റൊരു വ്യാഖ്യാനത്തിന് വഴിതെളിക്കുന്നു. റോമൻ ചക്രവർത്തിയായ സീസർ ജനിച്ചപ്പോൾ ആകാശത്തിൽ വലിയ പ്രകാശമാനമായ നക്ഷത്രം കണ്ടു എന്നത് ഇത്തരമൊരു വ്യാഖ്യാനമാണ്.

എന്നാൽ, ലോകത്തെ മുഴുവൻ ഭരിക്കുന്ന ഒരു രാജാവ് വരുന്ന കാലം പൗരസ്ത്യനാടുകൾ വിഭാവനം ചെയ്തിരുന്നു. വിജാതീയരുടെ അറിവുകളും ശാസ്ത്രങ്ങളും യഹൂദ ലിഖിത പാരമ്പര്യങ്ങളും പ്രതീക്ഷകളും ഈശോയുടെ ജനനത്തിന്റെ വിവരണത്തിൽ ലയിക്കുന്നു. പ്രവചനങ്ങളും (മിക്ക 5:12; 1 സാമുവേൽ 17;12; 2 സാമുവേൽ 5:2, 21:5) വാഗ്ദാനങ്ങളുടെ പട്ടികയും ദാവീദിന്റെ ജന്മസ്ഥലമായ ബേത്ലെഹെമാണ് രക്ഷകന്റെ ജന്മസ്ഥലമെന്നു സാക്ഷ്യപ്പെടുത്തിയത് അറിഞ്ഞ നിയമജ്ഞർ നടുക്കം വിടാതെ നില്ക്കുമ്പോൾ ജ്ഞാനികൾ ദൈവിക വഴികളുടെ രഹസ്യാത്മകതയെ ധ്യാനിച്ചും നിനച്ചെടുത്തും നക്ഷത്രത്തെ പിന്തുടർന്ന് ബേത്ലെഹെമിൽ എത്തിച്ചേരുന്നു. അവർക്കു വഴികാട്ടിയ നക്ഷത്രം ദൈവപരിപാലനയുടെയും സംരക്ഷണയുടെയും അടയാളമാണ്. മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്ന ദൈവജനത്തിന്റെ മുൻപിൽ അഗ്നിസ്തംഭമായും പിന്നിൽ മേഘത്തൂണായും ദൈവം യാത്ര ചെയ്തിരുന്നു (പുറപ്പാട് 13:21). ഒരു വശത്ത് യഥാർഥ രാജാവും ദൈവപുത്രനുമായവന്റെ എളിയതും ദൈവപരിപാലനയിൽ സംരക്ഷിക്കപ്പെട്ടതുമായ ജനനവും, മറുവശത്ത് ലോകത്തെ കൈയിലൊതുക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ അധികാരിയും സത്യം അറിഞ്ഞിട്ടും ഭാവാത്മകമായി പ്രതികരിക്കാൻ മടിച്ച നിയമജ്ഞരും, അസ്വസ്ഥരാകുന്ന ജെറുസലേമിലെ നിവാസികളും. ഇതിനിടയിൽ താരശോഭയോടെ ദൈവിക വെളിപാടുകളെ അറിയുകയും അന്വേഷിച്ചുകണ്ടെത്തുകയും ചെയ്യുന്ന ജ്ഞാനികൾ. തിരുപ്പിറവിയുടെ ധന്യതയും ദൈവിക വെളിപാടുകളുടെ നിഗൂഢതയും തിരിച്ചറിയുന്നതിൽ വിജയിച്ച ജനതകളുടെ പ്രതിനിധികളാണ് ജ്ഞാനികൾ (മത്തായി 28:18-20). അവർ ഭവനത്തിൽ പ്രവേശിച്ച് മറിയത്തെയും ശിശുവായ ഈശോയെയും കാണുകയും ആരാധിക്കുകയും നിക്ഷേപപാത്രങ്ങൾ തുറന്ന് സ്വർണവും മീറയും കുന്തുരുക്കവും കാഴ്ചയർപ്പിക്കുകയും ചെയ്യുന്നു (2: 11).

ഗ്രീക്കുകാർ കമിഴ്ന്നുവീണ് ദേവന്മാരെ വണങ്ങിയിരുന്നു. പൗരസ്ത്യർ കമിഴ്ന്നുവീണ് രാജാക്കന്മാരെ വണങ്ങിയിരുന്നു. ജ്ഞാനികൾ കമിഴ്ന്നുവീണാരാധിക്കുന്നത് ലോകത്തിന് രക്ഷകനായ ദൈവപുത്രനെയാണ്. “കർത്താവിന്റെ മഹത്വം ജറുസലേമിൽ പ്രകാശിക്കുമ്പോൾ രാജാക്കന്മാർ അവിടേക്ക് വരും… ജനതകൾ സ്വർണവും സുഗന്ധദ്രവ്യങ്ങളും അവിടേക്ക് കൊണ്ടുവരും. സുഗന്ധദ്രവ്യങ്ങൾ ആരാധനക്കുള്ളതാണ്. ആരാധനകൾ ദൈവമനുഷ്യ ബന്ധത്തെ പുനഃസ്ഥാപിക്കാനും, സ്വർണം ജെറുസലേമിലെ ഭണ്ഡാരത്തിൽ നിക്ഷേപിക്കാനുള്ളതുമാണ്” (ഏശയ്യ 60:3; സങ്കീർത്തനം 72:10). ജ്ഞാനികളുടെ വരവിലും ആരാധനയിലും ദൈവിക വെളിപാടുകളുടെ വെളിച്ചത്തിലുള്ള തിരിച്ചു പോകലും സകലജനത്തിനും രക്ഷകനായ ഈശോയുടെ ജനനത്തിന്റെ സദ്വാർത്തയുടെ അറിയിപ്പുകളായി നാം കാണണം. പില്ക്കാല വിവരണങ്ങളും ജ്ഞാനികളുടെ നാമങ്ങളും സ്ഥലവുമെല്ലാം ആദ്യ നൂറ്റാണ്ടുകളുടെ വ്യാഖ്യാനങ്ങളായി നിലകൊള്ളുന്നു. വൈരുദ്ധ്യാത്മകമായ ചെറുതാകലിലൂടെ എളിയവനായി ഇറങ്ങി വന്നവനിൽ ദൈവത്തെ തിരിച്ചറിഞ്ഞ് ആരാധിക്കുകയും ജീവിതദൂതാക്കി മാറ്റുകയും ചെയ്യുന്നവരാണ് ജ്ഞാനികൾ.

റവ.ഡോ. ജോസഫ് മലേപറമ്പിൽ എം.സി.ബി.എസ്.

Latest Updates

POPULAR Views

FEATUERD Views

മനുഷ്യസ്വാതന്ത്ര്യം: ബൈബിള്‍ വീക്ഷണത്തില്‍  

മനുഷ്യന്റെ അന്തസ്സിന്റെ അടിസ്ഥാനം അവന് ദൈവം നല്‍കിയിരിക്കുന്ന തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമാണ്. ബൈബിള്‍...

ബെത്‌ലഹേമിലെ നക്ഷത്രം: അത്ഭുതവും ശാസ്ത്രവും

യേശുക്രിസ്തുവിന്റെ ജനനത്തോടനുബന്ധിച്ച് ആകാശത്തുണ്ടായ അസാധാരണമായ പ്രതിഭാസമാണ് 'ബെത്‌ലഹേമിലെ നക്ഷത്രം'. ജ്ഞാനികളെ  യേശുവിലേക്ക്...

കര്‍ത്താവിനു സ്വീകാര്യമായ വത്സരവും ജൂബിലിയുടെ പൂര്‍ത്തീകരണവും

പ്രത്യാശയുടെ തീര്‍ഥാടകര്‍ എന്ന സുകൃതവാക്യമുയര്‍ത്തി ആഗോളസഭ ജൂബിലിആചരണത്തിലൂടെ കടന്നുപോകുകയായിരുന്നു. പഴയനിയമത്തിലെ ജൂബിലി...

നിധി മറഞ്ഞിരിക്കുന്ന ‘വയല്‍’

മത്തായിയുടെ സുവിശേഷം 13-ാം അധ്യായത്തിലെ പ്രധാനപ്പെട്ട ഉപമകളിലൊന്നാണ് വയലില്‍ മറഞ്ഞിരിക്കുന്ന നിധിയുടെ...

കാനായിലെ കല്‍ഭരണികള്‍ പറയുന്ന ദൂത്

കാനായില്‍ യേശു പ്രവര്‍ത്തിച്ച അത്ഭുതത്തില്‍ ആറ് കല്‍ഭരണികള്‍ നിറയെ വീഞ്ഞ് ലഭിച്ചു...

മോശയുടെ പിത്തളസര്‍പ്പവും ഉയര്‍ത്തപ്പെടുന്ന മനുഷ്യപുത്രനും!

'മോശ മരുഭൂമിയില്‍ പിത്തളസര്‍പ്പത്തെ ഉയര്‍ത്തിയതുപോലെ മനുഷ്യപുത്രനും ഉയര്‍ത്തപ്പെടും; അവനെ നോക്കുന്നവര്‍ ജീവന്‍...

സത്യം നിങ്ങളെ സ്വതന്ത്രരാക്കും!  

'തന്നില്‍ വിശ്വസിച്ച യഹൂദരോട് യേശു പറഞ്ഞു: എന്റെ വചനത്തില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍...

ജലത്താലും ആത്മാവിനാലുമുള്ള ജനനം!

സ്വർഗരാജ്യത്തിൽ പ്രവേശിക്കാനുള്ള മാനദണ്ഡമായി ഈശോ നിക്കൊദേമൂസിനോട് പറയുന്നത് "ഗിന്നോത്തെനായി അനോത്തെൻ ഉന്നതത്തിൽനിന്നും...

വീണ്ടും ജനനമോ മുകളിൽ നിന്നുള്ള ജനനമോ?

യേശു പറഞ്ഞു: "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു; വീണ്ടും ജനിക്കുന്നില്ലെങ്കിൽ...

വിവാഹമോചനം അനുവദനീയമോ?

"എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: പരസംഗം നിമിത്തമല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവൻ അവളെ...

വിവാഹവസ്ത്രം ധരിക്കാത്തവൻ

"സ്നേഹിതാ, വിവാഹവസ്ത്രം ധരിക്കാതെ നീ ഇവിടെ പ്രവേശിച്ചതെങ്ങനെ?" (മത്തായി 22:12) വിവാഹവിരുന്നിന്റെ ഉപമയിൽ...

ദൈവത്തിന്റെ പരിശുദ്ധി – അകലവും അടുപ്പവും

"ഞാൻ ദൈവമാണ്, മനുഷ്യനല്ല. നിങ്ങളുടെ ഇടയിൽ വസിക്കുന്ന പരിശുദ്ധൻ തന്നെ" (ഹോസിയാ...