എന്തുകൊണ്ട് സാമൂഹ്യസേവനം?
കേരളമിപ്പോൾ ഒരു പ്രകൃതിദുരന്തത്തെ അതിജീവിക്കാൻ തീവ്രശ്രമം നടത്തുകയാണല്ലോ. അവിടെ എന്തുകൊണ്ട് സഭ ഒരു സമൂഹമെന്ന നിലയിൽ ഇടപെട്ടുകൊണ്ട് തങ്ങളാലാകുംവിധം ഈ ദുരന്തത്തിന്റെ കാഠിന്യം കുറയ്ക്കാൻ ശ്രമിക്കുന്നു? അതിനു കാരണം ക്രിസ്തു പരസ്യജീവിത സാഹചര്യത്തിൽ തന്റെ സമൂഹത്തിലെ നൊമ്പരങ്ങളെ കാരുണ്യത്തോടെ സമീപിച്ച് അവ പരിഹരിക്കാൻ ശ്രമിച്ചു എന്നതാണ്. നന്മ ചെയ്ത് ചുറ്റിനടന്ന സുവിശേഷങ്ങളിലെ യേശു തന്നെയാണ് എന്നും സമൂഹത്തിൽ സഭയുടെ പ്രചോദനം.
ലൂക്കാ.10:25-37 ൽ യേശു പറഞ്ഞ നല്ല സമറായന്റെ കഥയിലെ നായകൻ ഒരു പുരോഹിതനോ ലേവായനോ അല്ല; ഒരു വിജാതീയനായ സമറായനാണ്. യേശു അവനെ ചൂണ്ടിക്കാണിച്ച് തന്നെ അനുഗമിച്ചവരോട് പറയുന്നു ‘നീയും പോയി അതുപോലെ ചെയ്യുക’ എന്ന്. മത്തായി 25:40 അന്ത്യവിധി വിവരണത്തിൽ യേശു പറയുന്നത്, ”എന്റെ ഈ എളിയ സഹോദരന് നിങ്ങൾ ഇതു ചെയ്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തത്” എന്നാണ്. ക്രൈസ്തവവിശ്വാസിക്ക് സാമൂഹ്യശുശ്രൂഷ നിത്യജീവനിലേക്കുള്ള മാർഗമാണ്.
സഭാ പഠനങ്ങളിൽ
”വ്യക്തിയുടെ മൗലികാവകാശങ്ങൾക്കോ ആത്മാക്കളുടെ രക്ഷക്കോ ആവശ്യമായി വരുമ്പോൾ സഭ സാമ്പത്തികവും സാമൂഹികവുമായ കാര്യങ്ങളെ സംബന്ധിച്ച് ധാർമ്മിക വിധിനിർണ്ണയം നടത്തുന്നു” (CCC 2420). ഏകദൈവത്തിന്റെ മക്കളെന്ന നിലയിൽ സഹോദരങ്ങളായ മനുഷ്യർ അസമത്വങ്ങൾ ഒഴിവാക്കി പരസ്പര ബന്ധത്തിലും സാമൂഹിക ഐക്യത്തിലും വളരുന്നതിന് സഭ തന്റെ മക്കൾക്ക് വഴിയൊരുക്കുന്നു. ലെയോ പതിമൂന്നാമൻ മാർപാപ്പയുടെ ‘റേരും നൊവിരി’ ൽ തുടങ്ങി ഫ്രാൻസിസ് മാർപാപ്പയുടെ ‘ഫ്രത്തേലി തൂത്തി’യിൽ വരെ ഈ കാരുണ്യത്തിന്റെ മുഖം പ്രതിപാദിക്കുന്നുണ്ട്. മനുഷ്യജീവൻ അതിന്റെ മഹത്വവും സഹവർത്തിത്വവും, പാവങ്ങളോടുള്ള പക്ഷം ചേരലും മനുഷ്യന്റെ അവകാശങ്ങളും കടമകളും, തൊഴിലിന്റെ മഹത്വം എന്നിവയെല്ലാം ഈ കാരുണ്യപഥത്തിലെ കണ്ണികളാണ്.
മനുഷ്യജീവനും അതിന്റെ മഹത്വവും
ദൈവത്തിന്റെ പ്രതിച്ഛായ ഉൾക്കൊള്ളുന്ന മനുഷ്യൻ ഈ സ്രഷ്ടപ്രപഞ്ചത്തിന്റെ കേന്ദ്രബിന്ദുവും ലക്ഷ്യവുമാണ്. ഇതു മനുഷ്യന് അതുല്യമായ അന്തസ്സും അവകാശങ്ങളും നല്കുന്നു.
ജീവന്റെ പവിത്രത ഏത് സാഹചര്യത്തിലും കാത്തുസൂക്ഷിക്കുവാൻ സഭ അങ്ങേയറ്റം പരിശ്രമിക്കുന്നു. അതുകൊണ്ടുതന്നെയാണ് ഏതു യുദ്ധമുഖത്തും ദുരന്തങ്ങളിലും മാനഹാനിയിലും മനുഷ്യജീവന്റെ സംരക്ഷണത്തിനും പവിത്രതക്കും സഭയും നേതൃത്വവും നിലകൊള്ളുന്നത്.
യുദ്ധത്തെയോ ദുരന്തത്തെയോ അതിജീവിക്കുന്ന മനുഷ്യന്റെ പുനരധിവാസം അവന്റെ / അവളുടെ അവകാശമാണ്, ആരുടേയും ഔദാര്യമല്ല. ഇത്തരം സാഹചര്യങ്ങൾ ഭവനനിർമ്മാണത്തിലും ജീവനോപാധി പ്രദാനം ചെയ്യുന്നതിലുമെല്ലാമാണ് സഭയുടെ ജീവകാരുണ്യ മുഖം പ്രകടമാകുന്നത്.
സഹജീവികളോടുളള കരുതലും അശരണരോടുള്ള താദാത്മ്യവും
ലോകത്തെമ്പാടും പ്രകൃതിദുരന്തങ്ങൾ, യുദ്ധത്തടവുകാർ, കഠിനദാരിദ്ര്യമനുഭവിക്കുന്നവർ എന്നിങ്ങനെ ഇതര കെടുതികൾക്ക് ഇരയാകുന്നവരുടെ പക്ഷത്തുനിന്ന് അവരുടെ പുനരധിവാസത്തിനായും സഭ പരിശ്രമിക്കുന്നു. പുനരധിവാസം അതിജീവിതരുടെ അവകാശമായാണ് സഭ കാണുന്നത്. കുടുംബസമേതവും സ്വതന്ത്രമായും തൊഴിൽചെയ്ത് അന്തസോടെ ജീവിക്കുന്നതിന് അവസരമൊരുക്കുന്നു. 1897ൽ പ്രാരംഭം കുറിച്ച്, പോൾ ആറാമൻ മാർപാപ്പ ഔദ്യോഗികമായി 1954 ൽ അംഗീകാരം നൽകിയ, ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹ്യുമാനിറ്റേറിയൻ സംഘടനയായ കാരിത്താസ് ഇന്റർനാഷണൽ ശൃംഖല സഭയുടെ ജീവകാരുണ്യമുഖമായി നിലകൊള്ളുന്നു. യുക്രെയ്നിലും വിശുദ്ധനാടുകളിലും ഇപ്പോൾ നടന്നുവരുന്ന യുദ്ധമുഖത്തും സഭയുടെ ഈ സാന്നിധ്യം അശരണർക്ക് വലിയ ആശ്വാസമാണ്. വയനാട് പ്രകൃതിദുരന്തത്തെ തുടർന്ന് മാർപാപ്പ പ്രാർഥിക്കുകയും ഒപ്പമായിരിക്കുവാൻ ആഹ്വാനം നടത്തുകയും ചെയ്തിരുന്നല്ലോ.
മദർ തെരേസ എന്ന വിളക്കുമരം
സെപ്തംബർ അഞ്ച് കൊൽക്കൊത്തയിലെ വിശുദ്ധ തെരേസയുടെ ഓർമ്മദിനമാണല്ലോ! മദർ തെരേസയെന്ന അതുല്യവ്യക്തിത്വം, സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മഹത്തായ ഉദാഹരണമാണ്. ഇന്ത്യയിൽ നിർധനർക്കും അശരണർക്കും താങ്ങും തണലുമായി പ്രവർത്തിച്ച മദർ തെരേസയും മിഷനറീസ് ഓഫ് ചാരിറ്റി എന്ന സന്യാസിനീസമൂഹവും കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനത്തിന്റെ മുഖമുദ്രയാണ്. 1950 ൽ കൊൽക്കത്തയിൽ മദർ തെരേസ സ്ഥാപിച്ച ഈ സമൂഹം ഇന്ന് 130ലധികം രാജ്യങ്ങളിലായി 4,500ലധികം സന്യാസിനികളോടൊപ്പം പ്രവർത്തിക്കുന്നു. കൊൽക്കത്തയിൽ തുടങ്ങി, ലോകമെമ്പാടും അനേകർക്ക് ആലംബവും സമാശ്വാസവുമേകാൻ, അനേകരെ അന്തസോടെ ജീവിക്കാനും മരിക്കാനും ഇവരുടെ പ്രവർത്തനങ്ങൾ വഴിയൊരുക്കുന്നു. നാനാജാതി മതസ്ഥർക്കുമായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനാണ് വിൻസെന്റ് ഡി പോൾ സൊസൈറ്റിതന്നെ സ്ഥാപിതമായത്.
സഭയുടെ ജീവകാരുണ്യത്തിന്റെ ഇന്ത്യൻ ശൈലി
വിദ്യാഭ്യാസം, ആതുരസേവനം, വയോജന പരിപാലനം, അംഗപരിമിതരുടെ പരിപാലനം, ജീവനോപാധി, തൊഴിൽപരിശീലനം, സ്ത്രീശാക്തീകരണം, കാർഷിക അഭിവൃദ്ധി, വിവിധ സാമൂഹ്യക്ഷേമ പദ്ധതികൾ, പ്രകൃതി സംരക്ഷണം തുടങ്ങി മനുഷ്യജീവിതത്തിന്റെ നാനാതുറകളിലും സഭയുടെ മാനുഷിക കരുതൽ പ്രകടമാണ്. ഇന്ത്യയിലെ 174 കത്തോലിക്കാ രൂപതകളിലും കാരിത്താസ് ഇന്ത്യയുടെ കൂട്ടായ്മയിൽ രൂപതാ സോഷ്യൽ സർവീസ് സൊസൈറ്റികൾ പ്രവർത്തിച്ചുവരുന്നു. ഓരോ റീജ്യണൽ ബിഷപ്സ് കൗൺസിലുകൾക്ക് കീഴിലും ഇവ ഏകോപിപ്പിക്കപ്പെടുന്നു. കേരളത്തിൽ കെസിബിസിയുടെ നീതി്ക്കും സമാധാനത്തിനും വികസനത്തിനുമായുള്ള കമ്മീഷന്റെ കീഴിൽ കേരളാ സോഷ്യൽ സർവീസ് ഫോറമാണ് മുപ്പത്തിരണ്ട് രൂപതാ സാമൂഹ്യപ്രസ്ഥാനങ്ങളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നത്. സാമൂഹ്യപ്രവർത്തനങ്ങളുടെ മുൻകാലരീതികളായ പരസ്പര സഹായത്തിന്റെ ചാരിറ്റി രീതികൾ കൈവിടാതെ തന്നെ വികസന കാഴ്ചപ്പാടോടേയും സേവനം അത് സ്വീകരിക്കുന്നവരുടെ അവകാശമാണെന്ന കാഴ്ചപ്പാടോടേയും സഭ ആധുനിക ലോകത്തിൽ സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെടുന്നു.
ഉപസംഹാരം
കത്തോലിക്കാ സഭയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, ആഗോളതലത്തിൽ സമൂഹത്തിന്റെ പ്രത്യാശയും കരുണയുടെ പ്രതീ കവുമാണ്. സഭയുടെ ജീവകാരുണ്യമുഖമാണ് ഇവയിലൂടെ പ്രകടമാകുന്നത്. ക്രിസ്തുവിന്റെ പാഠങ്ങളും സഭയുടെ ജീവകാരുണ്യപ്രവർത്തനങ്ങളും ലോകത്തിന് മാതൃകയും ആശ്വാസവുമായി നിലകൊള്ളുന്നു.
റവ.ഫാ. ജേക്കബ് മാവുങ്കൽ


