സ്വന്തം, ബന്ധം, മിത്രം എന്നീഗണങ്ങളിൽ പെടുന്നതും പെടാത്തതുമായ ഒരുപാടുപേർ ചേർന്ന് ശബ്ദമുഖരിതമാണ് നമ്മുടെ ജീവിതം. ഉറങ്ങുമ്പോൾ പോലും ചുറ്റുമുണ്ടാകും ജീവിതവ്യഥകൾ. ഡോക്ടറാകാനും എൻജിനീയറാകാനും വേണ്ടി നഴ്സറിയിൽ തുടങ്ങുന്ന പഠനമുറകൾ. ഇപ്പോൾ ഫാഷൻ ഒരല്പം മാറി തുടങ്ങിയിട്ടുണ്ട്. എന്തായാലും വേണ്ടില്ല നല്ലോണം പണം ഉണ്ടാക്കിയാൽമതി എന്നായിട്ടുണ്ട് ഉപദേശങ്ങൾ. പ്രൈമറി ക്ലാസുകളിലെ ആഘോഷമായ ആദ്യകുർബാന സ്വീകരണം കഴിഞ്ഞാൽ അടുത്തതായി സ്വീകരിക്കാനുള്ള കൂദാശകൾക്കോ ജീവിതാന്തസുകൾക്കൊവേണ്ടി പ്രത്യേക ഉപദേശനിർദ്ദേശങ്ങൾ നൽകുന്നത് ചുരുക്കം. മതബോധന ക്ലാസുകൾ പോലും ഈ ഉദ്ദേശ ലക്ഷ്യത്തിലേക്ക് അടുപ്പിക്കുന്നത് ആകുന്നില്ല പലപ്പോഴും. ഓരോ ക്ലാസിലെയും പാഠക്രമങ്ങൾ പഠിച്ചു പഠിച്ചങ്ങനെ ബാല്യങ്ങൾ കൗമാരത്തിലേക്കും യുവത്വത്തിലേക്കും പ്രവേശിക്കുന്നു. കരിയർ ഗൈഡൻസ് ആവോളം ലഭിക്കുന്ന മക്കൾ അവർ തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലയിൽ മിന്നിത്തിളങ്ങുന്നു. ചില വിശുദ്ധരായ മാതാപിതാക്കളുടെ മക്കൾ ദൈവവിളി ക്യാമ്പുകളുടെ പ്രചോദനത്താൽ സമർപ്പിത ജീവിതം തിരഞ്ഞെടുക്കുന്നു. എന്നാൽ ജയാരവങ്ങൾ പലപ്പോഴും പെട്ടെന്ന് അവസാനിക്കുന്നു. പരാജയപ്പെട്ട ദാമ്പത്യങ്ങളുടെയും പുറത്തേക്കിറങ്ങുന്ന സമർപ്പിതരുടെയും എണ്ണത്തിലുള്ള വർദ്ധനവ് എന്തുകൊണ്ട്?
വർണ്ണശബളമായ സ്കൂൾ കാലഘട്ടം അവസാനത്തിലേക്ക് എത്തുമ്പോഴാണ് ജീവിതാന്തസ്സുകളുടെ തെരഞ്ഞെടുപ്പ് സാധാരണ നടക്കാറുള്ളത്. ആൾക്കൂട്ടവും ആരവങ്ങളും എപ്പോഴും അകമ്പടിയായി ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ ഒഴുക്കിനൊപ്പം നീന്തുവാനുള്ള പ്രവണതയാണ് അധികവും. ശബ്ദകോലാഹലങ്ങൾക്കിടയിൽ ചെവി ഓർക്കേണ്ട ഒരു ശബ്ദം പലപ്പോഴും വിസ്മരിക്കപ്പെടുന്നു എന്ന് ഫ്രാൻസിസ്പാപ്പ പറയുമ്പോൾ ഇത് സാർവ്വത്രിക സ്വഭാവം ആണെന്ന് തിരിച്ചറിയുന്നു. ‘ക്രിസ്തുസ് വിവിതിൽ’ ഒരു ക്രിസ്ത്യാനിയുടെ പ്രഥമ ദൈവവിളി ക്രിസ്തുവുമായുള്ള ഉറ്റ സൗഹൃദം ആണെന്ന് പാപ്പാ പറയുന്നു. പക്ഷേ ഈ സുഹൃത്തുമായി ആശയ വിനിമയം നടത്താൻ ഏകാന്തതയും നിശ്ശബ്ദതയും ആവശ്യമാണ്. എത്ര ചെറുപ്പക്കാരാണ് പ്രാർത്ഥനയുടെയും ധ്യാനത്തിന്റെയും അന്തരീക്ഷത്തിൽ ഭാവി തീരുമാനിക്കുന്നത്. പ്രാർത്ഥനാപൂർവ്വം സ്വീകരിക്കുന്ന ജീവിതം എന്നും ദൈവകൃപ നിറഞ്ഞതാകും. ഉത്തരവാദിത്ത പൂർണമായ ജീവിതം വെല്ലുവിളികൾ നിറഞ്ഞതാണ്. ഉത്തരവാദിത്തം ഇല്ലാത്ത ജീവിതം വളരെ എളുപ്പമാണ്. ഉത്തരവാദിത്തങ്ങൾ പലതാണ്. സൃഷ്ടാവ് സൂക്ഷിക്കുവാൻ വേണ്ടി നമ്മെ ഏൽപ്പിച്ച ഈ ഭൂമിയും അതിലെ സർവ്വ ജീവജാലങ്ങളും ഉണ്ട്. പുത്രൻ കുരിശിൽ കിടന്നുകൊണ്ട് ഏൽപ്പിച്ച അമ്മയും സഹോദരനും ഉണ്ട്. പരിശുദ്ധാത്മാവ് ഓരോ നിമിഷവും നമുക്കായി ഒരുക്കിയിരിക്കുന്ന ജീവിത കടമ്പകളുണ്ട്. ദൈവവിളി ഒരു തെരഞ്ഞെടുപ്പാണ്. അത് നമുക്കുവേണ്ടി മറ്റുള്ളവർക്ക് എടുക്കാവുന്ന ഒരു തീരുമാനം അല്ല. അത് ഞാൻ എനിക്കുവേണ്ടി തന്നെ എടുക്കുന്ന ഒരു ദൃഢനിശ്ചയമാണ്. എന്റെ ജീവിതം എന്തിനു വേണ്ടി ഉള്ളതാണ്? ദൈവത്തിന്റെ ഏതു പദ്ധതിയിൽ ആണ് എനിക്ക് നന്നായി പങ്കെടുക്കാൻ സാധിക്കുക?
ദൈവശുശ്രൂഷയ്ക്കും സർവ്വചരാചരങ്ങൾക്കും വേണ്ടി സ്വയം സമർപ്പിക്കാനുള്ള ഉൾവിളി, പ്രാർത്ഥനാപൂർണമായ ജീവിതം നയിക്കാനുള്ള സന്നദ്ധത, സഭാ പ്രബോധനങ്ങളോടും സഭാധികാരികളോടും അനുസരണത്തിൽ വർത്തിക്കാനുള്ള മനോഭാവം, ബ്രഹ്മചര്യ ജീവിതത്തിലൂടെ എല്ലാവർക്കുംവേണ്ടി എല്ലാമാകാനുള്ള തീക്ഷ്ണത, എന്നീ ഗുണങ്ങളുണ്ടെങ്കിൽ പരനും അപരനുവേണ്ടി ജീവിതം സമർപ്പിക്കാമെന്ന് തീരുമാനിക്കാം. ഇപ്പറഞ്ഞ സൂചകങ്ങളിലെല്ലാം നൂറിൽ നൂറ് മാർക്കില്ലെങ്കിലും 98 എങ്കിലും ഉണ്ടാകണം. മിച്ചമുള്ളത് തമ്പുരാൻ കൃപാവരത്താൽ നിറച്ചു കൊള്ളും. മറ്റാരെക്കാളും മറ്റെന്തിനെക്കാളും കൂടുതലായി തമ്പുരാനെ സ്നേഹിക്കാനുള്ള ശക്തമായ അഭിവാഞ്ജയാൽ നയിക്കപ്പെടുന്നവർ, ദൈവത്തെപ്രതി എന്തും നഷ്ടപ്പെടുത്താനുള്ള ആവേശവും ദൈവത്തെ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയും കൈമുതലായി ഉള്ളവർ, നിരവധി സാധ്യതകളുടെ മധ്യേ ദൈവമെന്ന പരമമായ സാധ്യതയെ മാത്രം അചഞ്ചലമായി ആശ്ലേഷിക്കാൻ വെമ്പുന്ന വികാരം ഹൃദയത്തിൽ സൂക്ഷിക്കുന്നവർ. ആർക്കും നിത്യ ജീവൻ നഷ്ടപ്പെടാതിരിക്കാൻ ജീവന്റെ വചനം പ്രഘോഷിക്കാനും ജീവദായകമായ കൂദാശകൾ പരികർമ്മം ചെയ്യാനും ഔൽസുക്യം കാണിക്കുന്നവർ, തിരികെ എന്ത് കിട്ടുമെന്ന ചിന്തയോ അവകാശവാദമോ ഇല്ലാതെ കടമ നിർവഹണം ദൗത്യമായി കരുതുന്നവർ, സ്വന്തം അല്ലാത്തവരെയും സ്വന്തമല്ലാത്തവയേയും സ്നേഹിച്ചും ശുശ്രൂഷിച്ചും സംരക്ഷിച്ചും സമയമാകുമ്പോൾ അവരും അവയും തങ്ങളുടേത് അല്ലെന്ന് ബോധ്യപ്പെട്ട തെളിഞ്ഞ മനസ്സോടും ഒഴിഞ്ഞ കൈകളോടും വിവിധ ശുശ്രൂഷാരംഗങ്ങളിൽ നിന്നും ഒരുവേള ഈ ലോകത്തുനിന്നു പോലും പടിയിറങ്ങാൻ സങ്കോചം ഇല്ലാത്തവർ! ഇവിധമായ സത്വബോധം ഉള്ള, കർത്താവിന്റെ ഹൃദയത്തിന് ഇണങ്ങിയ സമർപ്പിതരെ ഇന്നത്തെ ലോകത്തിന് ആവശ്യമുണ്ടെന്ന് യുവ സുഹൃത്തുക്കൾ മറക്കരുത്. ഈ ശുശ്രൂഷയുടെമാറ്റ് കുറച്ചുകാണിക്കാൻ തത്രപ്പെടുന്നവർ എന്നുമുണ്ടായിരുന്നു. മനുഷ്യന്റെ സ്വാർത്ഥ ബുദ്ധിയിൽ ഉൾക്കൊള്ളാൻ സാധിക്കാത്ത ഒരു ജീവിതത്തെക്കുറിച്ച് എന്തിന് ആക്രോശിക്കുന്നു?
കത്തോലിക്കർക്ക് ഇവർ ശുഭ്രവസ്ത്രധാരികളായ വിപ്ലവകാരികൾ ആണ്. ചിലർ രക്തസാക്ഷികൾ ആയിട്ടുണ്ട്. ചിലർ വിശുദ്ധരും. ഭൂരിഭാഗവും ആരാലും ശ്രദ്ധിക്കപ്പെടാതെ കടന്നുപോയി. അവർ ശുശ്രൂഷിച്ചവർ, അവർ പഠിപ്പിച്ചവർ, അവർ മാറോടു ചേർത്തു പിടിച്ചവർ, അവരെ നന്ദിയോടെ ഓർക്കുന്നുണ്ടാകും. എന്നാലും കാലത്തിന്റെ യവനികയ്ക്കുള്ളിൽ അവർ വിസ്മരിക്കപ്പെടുന്നു. ഈ വിപ്ലവകാരികൾ ആണ് ഇവിടെ വിദ്യാഭ്യാസം സാർവത്രികം ആക്കിയത്. ഇവരാണ് വീടുവീടാന്തരം കയറിയിറങ്ങി ശുചിത്വവും ആരോഗ്യ പരിപാലനവും ശീലിപ്പിച്ചത്. ഈ വിപ്ലവകാരികൾ തന്നെയാണ് ആശുപത്രികളുടെ ശൃംഖല തീർത്ത് കേരളത്തിൽ ആയുസ്സും ആരോഗ്യവും വർധിപ്പിച്ചത്. ഇവർ നടത്തിയ വിപ്ലവമാണ് യഥാർത്ഥത്തിൽ നവോത്ഥാനം. അതെ, ഈ പടയാളികൾ ആണ് സമൂഹത്തിന്റെ ശരീരവും ആത്മാവും ആരോഗ്യത്തോടെ സൂക്ഷിക്കുന്ന വൈദികർ, സമർപ്പിത സഹോദരന്മാർ, സന്യാസികൾ തുടങ്ങിയവർ. കത്തോലിക്കാ സഭയുടെ ശക്തിയും ഊർജ്ജസ്രോതസ്സും ഈ മാലാഖമാർ ആണെന്ന് തിരിച്ചറിഞ്ഞ സഭാ ശത്രുക്കൾ ഇവർക്കെതിരെ പയറ്റുന്ന യുദ്ധമുറ എന്താണെന്നോ?
ബാഹ്യ ശക്തികൾക്ക് തകർക്കാൻ സാധിക്കാത്ത വിശുദ്ധിയുടെ കോട്ട ഈ മാലാഖമാർക്ക് ചുറ്റുമുണ്ട് എന്ന് തിരിച്ചറിഞ്ഞ് ശത്രുപക്ഷം യോദ്ധാക്കളെ കണ്ടെത്തുന്നത് ഈ കോട്ടകൾക്കുള്ളിൽ നിന്ന് തന്നെയാണ്. സമർപിത ജീവിതത്തിന്റെ തീക്ഷ്ണതക്ക് കുറവും കോട്ടവും തട്ടിയ ഒന്നോരണ്ടോ പേരെ വിശുദ്ധ കോട്ടക്കുള്ളിൽ നിന്ന് പുറത്തു ചാടിച്ചു അവരുടെ വികല ഭാവനക്കൊത്തവിധം കെട്ടുകഥകൾ മെനഞ്ഞ് പ്രചരിപ്പിച്ച് കുപ്രസിദ്ധിയുടെ മുൾക്കിരീടം ചൂടിക്കൽ ആണ് ഇവരുടെ രീതി ശാസ്ത്രം. ഇവർ പോലും അറിയാതെ ഇവരുടെ ജീവിതം ചിന്നഭിന്ന മാക്കപ്പെടുന്നു. സമർപ്പിത ജീവിതത്തിന്റെ ആനന്ദം നഷ്ടപ്പെട്ടവർക്ക് മറ്റു വഴികൾ തിരഞ്ഞെടുക്കാൻ ആരും തടസ്സമല്ല. ക്രമാനുഗതമായിരിക്കണം എന്ന് മാത്രം. ക്രമമില്ലാത്ത ജീവിതം അരാജകത്വം അല്ലെ?
ഈ ലോകത്തിൽ നന്മകൾ ചെയ്തു ഏകസ്ഥരായി ജീവിക്കാൻ ആഗ്രഹിക്കുന്നവരും ചുരുക്കമല്ല. സമർപ്പിത ജീവിതവും കുടുംബജീവിതവും അനുയോജ്യം അല്ല എന്ന് സ്വയം തിരിച്ചറിയുന്നവർക്ക് അന്തസ്സോടെ ജീവിക്കാനുള്ള അവസരം ബന്ധുമിത്രാദികൾ ഒരുക്കേണ്ടതാണ്. സമൂഹം കൽപ്പിക്കുന്ന ചിട്ടവട്ടങ്ങൾ അനുസരിച്ചായിരിക്കണം വ്യക്തി-കുടുംബബന്ധങ്ങൾ. പണവും പദവിയും അല്ല നമ്മുടെ സ്ഥാനം നിശ്ചയിക്കുന്നത്. ജീവിതത്തിൽ സമൂഹത്തിനുള്ള സ്ഥാനം ഈശോ മനുഷ്യന്റെയും ദൈവത്തിന്റെയും പ്രീതിയിൽ വളർന്നു എന്ന ദൈവവചനത്തിൽ നിന്ന് വ്യക്തമാണ്. വിവാഹം എന്ന കൂദാശ സ്വീകരിക്കുന്നവർക്കും ഇപ്പറഞ്ഞത് ബാധകമാണ്. തങ്ങളുടെ മാതാപിതാക്കളുടെ ജീവിതം കണ്ടു പഠിച്ച് കുറവുകൾ നികത്തി മുന്നോട്ടു വളരേണ്ടതുണ്ട് അടുത്ത തലമുറ. ഗൂഗിൾ മാപ്പിലേതു പോലെ വളവും തിരിവും തടസ്സവും ഒന്നും മുൻകൂട്ടി പ്രവചിക്കാവുന്ന ഒന്നല്ല ദാമ്പത്യം. പരിശുദ്ധ പിതാവ് പറഞ്ഞിട്ടുള്ളതുപോലെ ചങ്കൂറ്റമുള്ള യുവതി-യുവാക്കൾ ഈ വെല്ലുവിളി ഏറ്റെടുക്കുക്കട്ടെ. ദാമ്പത്യം ഒരു സാഹസിക യാത്രയാണ്. പാമ്പും കോണിയും പോലുള്ള ഒരു രസകരമായ കളി. പ്രായം അധികരിക്കുമ്പോൾ മനസ്സും ജീവിതരീതികളും ചെറുപ്പമായി സൂക്ഷിക്കാൻ ഈ കളി വിശുദ്ധിയോടെ ആസ്വദിച്ചു കളിക്കേണ്ടതുണ്ട്. കള്ളത്തരങ്ങളും ചതിയും എള്ളോളം ഉണ്ടാകാൻ പാടില്ലാത്ത കൂദാശയാണ് വിവാഹം. ക്ഷമയും ദീർഘക്ഷമയും ദയയും സഹനവും വിശ്വസ്തതയും പ്രത്യാശയും ഉള്ളതും അസൂയയും ആത്മപ്രശംസയും അഹങ്കാരവും സ്വാർത്ഥതയും കോപവും വിദ്വേഷവും ഒട്ടും ഇല്ലാത്തതുമായ ഒരു അതിജീവന കഥയാണ് ഓരോ വിജയകരമായ ദാമ്പത്യവും.
ഓരോ ജീവിതാന്തസും സർവോത്കൃഷ്ടമായ ദൈവ സ്നേഹത്തിന്റെ പ്രതിഫലനമാണ്. പ്രായപൂർത്തിയാകുമ്പോൾ ശിശുസഹജമായ സംസാരവും ചിന്തയും വിചാരവും ഉപേക്ഷിച്ച് പക്വതയോടെ തിരഞ്ഞെടുക്കേണ്ട മാർഗ്ഗമാണിത്. മാതാപിതാക്കൻമാരും ഗുരുസ്ഥാനിയരും ഉത്തമ സുഹൃത്തുക്കളും ഒപ്പം ഉള്ളപ്പോഴും ദൈവസന്നിധിയിൽ ഒറ്റയ്ക്കായിരിക്കേണ്ട നിമിഷങ്ങളുണ്ട്. ഏകാന്തതയുടെയും ഏകാഗ്രതയുടെയും ആ നിമിഷങ്ങളിൽ ദൈവവുമായി ഉണ്ടാകുന്ന ഉടമ്പടിയുടെ ആഘോഷമായ ഉറപ്പിക്കലാണ് അൾത്താരയുടെ മുന്നിൽ സഭാ സമക്ഷം നടത്തേണ്ടത്. ദേവാലയ വാതിലുകളുടെ പുറത്ത് സുഖവും ദുഃഖവും സന്തോഷവും സന്താപവും കാത്തിരിക്കുന്നുണ്ട്. ഇതിനിടയിൽ ബാൽഷസർ രാജാവിന് മുൻപിൽ പ്രത്യക്ഷപ്പെട്ട ആ കൈവിരലുകൾ എന്റെ ഭിത്തിയിൽ എന്താണ് എഴുതുന്നതെന്നു തിരയേണ്ടതുണ്ട്. ആ കൈപ്പത്തിയുടെ ഉടമയെ നോക്കി നെടുവീർപ്പിട്ടും പരിഭവിച്ചും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിച്ചും ആകണം ജീവിതം മുന്നോട്ടു പോകേണ്ടത്. ഫ്രാൻസിസ് മാർപാപ്പാ ഏറ്റവുമധികം ഉപയോഗിക്കുന്ന വാക്ക് സന്തോഷം എന്നുള്ളതാണ്. പാപ്പയുടെ ഓരോ പ്രബോധനവും എങ്ങനെ ജീവിതം ആനന്ദകരമായ ഉത്സവം ആക്കി മാറ്റാം എന്നുള്ളതിനെ കുറിച്ചാണ്. ഓരോ ഉൽസവത്തിനും ആവേശം പകരാൻ ഉള്ള ചെണ്ടയും കുഴലും ഇലത്താളവും ഒക്കെയാണ് കുടുംബവും സഭയും സമൂഹവും. ഒരേ താളത്തിൽ കൊട്ടിക്കയറി ജീവിതം ആനന്ദപൂർവ്വം സൃഷ്ടാവിന് സമർപ്പിക്കാം.
ഡോ. മേരി റെജീന എഫ്. (പ്രഫസർ, കേരള കാർഷിക സർവ്വകലാശാല & സീറോമലബാർ സഭാവക്താവ്)


