പ്രേഷിതവെളിച്ചവുമായി ‘ജീവന്‍ ജ്യോതി’

Published on

ഒക്ടോബര്‍ മാസം മുഴുവനും സീറോമലബാര്‍സഭ മിഷന്‍ മാസമായി ആചരിക്കുമ്പോള്‍ സഭയില്‍ പുതുതായി ആരംഭിക്കുന്ന ജീവന്‍ ജ്യോതി എന്ന ഔദ്യോഗിക അല്മായപ്രേഷിത മുന്നേറ്റത്തെക്കുറിച്ചും അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചുമാണ് ഈ ലേഖനത്തില്‍ വിവരിക്കുന്നത്.

 ‘ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍. വിശ്വസിച്ച് സ്‌നാനം സ്വീകരിക്കുന്നവന്‍ രക്ഷിക്കപ്പെടും; വിശ്വസിക്കാത്തവന്‍ ശിക്ഷിക്കപ്പെടും’ (മര്‍ക്കോ 16:15-16).

 വിശ്വാസവും ക്രിസ്തുവിന്റെ രക്ഷാകരപ്രവര്‍ത്തനവും പ്രചരിപ്പിക്കുന്നതിനുള്ള കടമ സഭയുടെ മേല്‍ ക്രിസ്തു ഏല്‍പ്പിച്ചിരിക്കുന്നു. ക്രിസ്തുവില്‍ നിന്നും തന്റെ മൗതികശരീരത്തിലെ അംഗങ്ങളിലേക്ക് പ്രവഹിക്കുന്ന ജീവന്‍ വഴിയായും ഈ കടമ നമ്മളിലേക്ക് കടന്നുവരുന്നു. സുവിശേഷം ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ എത്തേണ്ടിയിരിക്കുന്നു (അപ്പ 1:8) അതിനായി നാം ഓരോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു. പൗലോസ് ശ്ലീഹാ ഈ സത്യം തിരിച്ചറിഞ്ഞതിനാലാണ് സുവിശേഷം പ്രസംഗിക്കുക എന്നത് എന്റെ കടമയാണ് എന്ന് പറഞ്ഞത് (1 കോറി 9:16) ഇത് പൗലോസ് ശ്ലീഹായ്ക്ക്് മാത്രമല്ല, ക്രിസ്ത്യാനികളായ നമ്മള്‍ ഓരോരുത്തര്‍ക്കും ബാധകമാണ്.

രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അമൂല്യരേഖകളില്‍ ഒന്നായ ‘ജനതകളിലേക്ക്’ എന്ന ഡിക്രിയില്‍ (nr. 35) ഇങ്ങനെ പറയുന്നു. ‘സഭ മുഴുവനും പ്രേക്ഷിതയാണ്’. അതായത് സുവിശേഷം ഇന്നോളം ശ്രവിച്ചിട്ടില്ലാത്ത ജനങ്ങള്‍ക്കിടയിലും അക്രൈസ്തവ സംസ്‌കാരങ്ങളിലും സുവിശേഷസന്ദേശം പകരുവാന്‍ സഭാതനയര്‍ക്ക് കടമയുണ്ട്. ഒരു കുഞ്ഞിന് മാമ്മോദീസ നല്‍കുന്ന അവസരത്തിലുള്ള പ്രാര്‍ഥനയില്‍ ഇക്കാര്യം പറയുന്നുണ്ട്. ‘മാമോദീസയിലൂടെ ദൈവമക്കളുടെ പദവിയിലേക്ക് ഉയര്‍ത്തിയ ദൈവം വാഴ്ത്തപ്പെട്ടവനാകട്ടെ. തിരുസഭയുടെ വിശ്വസ്തപുത്രനായി/പുത്രിയായി ജീവിക്കാന്‍ അവിടുന്ന് നിന്നെ സഹായിക്കട്ടെ. പരിശുദ്ധാത്മാവിനെ സ്വീകരിച്ച നീ എന്നും സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്ന ധീരപ്രേക്ഷിത/ന്‍ ആയിത്തീരട്ടെ.’ ഈ വിളി തിരിച്ചറിഞ്ഞ് സുവിശേഷത്തിനുവേണ്ടി ജീവിക്കുന്ന, പ്രേഷിതപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന അനേകം സുവിശേഷമുന്നേറ്റങ്ങള്‍ സീറോമലബാര്‍ വിശ്വാസികള്‍ക്കിടയില്‍ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ സുവിശേഷപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത് അല്മായര്‍ തന്നെയാണ്.

ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുന്ന സീറോമലബാര്‍ കത്തോലിക്കാ സഭയുടെ വിശ്വാസികളില്‍ പ്രേഷിതതീക്ഷ്ണത പുനര്‍ജ്ജ്വലിപ്പിക്കുന്നതിനായി സ്ഥാപിതമായ ഒരു മുന്നേറ്റമാണ് ജീവന്‍ജ്യോതി അല്മായ പ്രേഷിതപ്രസ്ഥാനം. സീറോമലബാര്‍ സഭയ്ക്കായി ഒരു ഔദ്യോഗിക അല്മായപ്രേഷിതപ്രസ്ഥാനം ആരംഭിക്കാനുള്ള നിര്‍ദ്ദേശം ആദ്യം ഉന്നയിച്ചത് 2024 ആഗസ്റ്റില്‍ നടന്ന മേജര്‍ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയിലാണ്. സൂക്ഷ്മമായ ചിന്തകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷം 2025 ജനുവരിയില്‍ ബിഷപ്പുമാരുടെ സിനഡ് ഈ നിര്‍ദ്ദേശം അംഗീകരിച്ചു. 2026 ജനുവരിയില്‍ ബിഷപ്പുമാരുടെ സിനഡ് അല്മായ പ്രേഷിത പ്രസ്ഥാനത്തിന് ജീവന്‍ ജ്യോതി എന്ന പേര് ഔദ്യോഗികമായി അംഗീകരിച്ചു. 2026 ജനുവരി 26 ന് കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പിതാവ് ഈ പ്രസ്ഥാനം ഔപചാരികമായി ഉദ്ഘാടനം ചെയ്തു.സീറോമലബാര്‍സഭയുടെ ഇവാഞ്ചലൈസേഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ പ്രിന്‍സ് ആന്റണി പാണങ്ങാടനും  സെക്രട്ടറി  ഫാ. ഫ്രാന്‍സിസ് എലുവത്തിങ്കലും പ്രാരംഭ സമ്മേളന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ജീവന്‍ ജ്യോതി എന്ന പേര് യോഹന്നാന്‍ 1:4-5 സുവിശേഷഭാഗത്തില്‍ നിന്നാണ് സ്വീകരിച്ചിരിക്കുന്നത്. ‘അവനില്‍ ജീവനുണ്ടായിരുന്നു. ആ ജീവന്‍മനുഷ്യരുടെ വെളിച്ചമായിരുന്നു. ആ വെളിച്ചം ഇരുളില്‍ പ്രകാശിക്കുന്നു; അതിനെ കീഴടക്കാന്‍ ഇരുളിനു കഴിഞ്ഞില്ല.’ ഈ വചനം മുന്നേറ്റത്തിന്റെ സത്തയെ മനോഹരമായി പ്രതിബിംബിപ്പിക്കുന്നു. ക്രിസ്തു ജീവന്റെ ഉറവിടവും ലോകത്തിന്റെ പ്രകാശവുമാണ്. ജീവന്റെ സമസ്തമേഖലകളിലും ഈ വെളിച്ചം പ്രസരിപ്പിക്കാന്‍ യേശുവിന്റെ ശിഷ്യന്മാര്‍ വിളിക്കപ്പെട്ടിരിക്കുന്നു. യേശു തന്റെ മനുഷ്യാവതാരം, മരണം, പുനരുത്ഥാനം എന്നിവയിലൂടെ സൃഷ്ടിയെ നിലനിര്‍ത്തുകയും മനുഷ്യവര്‍ഗത്തെ നവീകരിക്കുകയും ചെയ്യുന്നു. വെറും അസ്തിത്വത്തെപ്പറ്റിയല്ല, മറിച്ച് നിത്യജീവന്‍ അതിന്റെ സമൃദ്ധിയില്‍ വാഗ്ദാനം ചെയ്യുന്നു. യേശു പറഞ്ഞു, ‘ഞാന്‍ വന്നിരിക്കുന്നത്‌ അവര്‍ക്കു ജീവനുണ്ടാകാനും അതു സമൃദ്‌ധമായി ഉണ്ടാകാനുമാണ്‌.’ (യോഹ 10:10). അവനില്‍ ജീവിക്കുക എന്നാല്‍ അവന്റെ വെളിച്ചത്തില്‍ നടക്കുക, അവന്റെ വിശുദ്ധി പ്രതിഫലിപ്പിക്കുകയും ‘ലോകത്തിന്റെ വെളിച്ചം’ ആയിത്തീരുകയും ചെയ്യുക എന്നതാണ് (മത്താ 5:14-16).

ക്രിസ്തുവില്‍ ദൈവവുമായുള്ള ഐക്യവും പാപത്തില്‍ നിന്നുള്ള സ്വാതന്ത്ര്യവും നിത്യതയുടെ പ്രത്യാശയും നാം കണ്ടെത്തുന്നു. പാപത്തിന്റെയും മരണത്തിന്റെയും അന്ധകാരത്തെ യേശുവിന്റെ തേജസാര്‍ന്ന പ്രകാശത്തില്‍ കീഴടക്കപ്പെട്ടിരിക്കുന്നു. ജീവനും പ്രകാശവുമായവന്‍ എന്ന നിലയില്‍ ക്രിസ്തു, സഭയുടെ മിഷനറി യാത്രയെ നയിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നു. യേശുവിന്റെ പ്രകാശം കൊണ്ട് ജീവന്‍ ജ്യോതി അല്മായ പ്രേഷിതപ്രസ്ഥാനം ഈ വെളിച്ചത്തെ ഉൾക്കൊള്ളാനും അത് പ്രസരിപ്പിക്കാനും ലക്ഷ്യമിടുന്നു. അല്മായരെ ആധുനികലോകത്തിലെ വെല്ലുവിളികള്‍ക്കിടയില്‍  ക്രിസ്തുവിലുള്ള ജീവനെ പ്രകാശിപ്പിക്കാനും യേശുവിനെ സാക്ഷ്യം വഹിക്കാനും പ്രാപ്തരാക്കുന്നു.

 മാര്‍തോമാ ശ്ലീഹായുടെ അപ്പസ്‌തോലിക പാരമ്പര്യത്തില്‍ ആഴമായി നില്‍ക്കുന്ന ഈ  ജീവന്‍ ജ്യോതി എന്ന മുന്നേറ്റം വിശ്വാസികളെ അവരുടെ ദൈനംദിന ജീവിതത്തിലെ സാധാരണ സാഹചര്യങ്ങളില്‍ സുവിശേഷം ജീവിക്കാനും പ്രഖ്യാപിക്കാനും ശക്തരാക്കുന്നു. കൂടാതെ സഭയുടെ മക്കള്‍ക്ക് മിഷ്യന്‍ സാഹചര്യത്തെക്കുറിച്ചുള്ള അറിവു നല്‍കാനും ജീവിതാനുഭവങ്ങളില്‍ നിന്നും പഠിച്ച് ഒരു നല്ല മിഷണറി ആകാനുമുള്ള പ്രചോദനത്തിനും ജീവിതത്തിരക്കിനിടയില്‍ മിഷന്‍ പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സാധിക്കാത്തവര്‍ക്ക് ദൂരദേശങ്ങളില്‍ അക്രൈസ്തവരുടെ ഇടയില്‍ സേവനം ചെയ്യുന്ന മിഷനറിമാരുടെ ജീവിതസാഹചര്യം മനസ്സിലാക്കി കൊടുക്കാനും പരിശ്രമിക്കുന്നു.

ജീവന്‍ ജ്യോതി അല്മായ മിഷനറി  മുന്നേറ്റത്തിന്റെ   ലോഗോ അഞ്ചു പ്രധാന ദൗത്യങ്ങള്‍ മനോഹരമായി ഉള്‍ക്കൊള്ളുന്നു. ഇവ നിരന്തരമായ മധ്യസ്ഥപ്രാര്‍ഥന, സാക്ഷ്യജീവിതം, വ്യക്തി വ്യക്തിയോട് നടത്തുന്ന സുവിശേഷ മന്ത്രണം, ഭയരഹിതമായി പുരമുകളില്‍ നിന്നുള്ള പ്രഘോഷണം, മറ്റുള്ളവരുടെ പാദങ്ങള്‍ കഴുകുന്നതിലൂടെ പ്രകടിപ്പിക്കുന്ന എളിയ സേവനം എന്നിവയാണ്. ഇത്തരത്തില്‍ നാം ഇടപെടുന്ന എല്ലാ മേഖലകളിലും സുവിശേഷമായി നമ്മുടെ ജീവിതം മാറ്റുന്ന ദൈവരാജ്യ സ്ഥാപനശുശ്രൂഷയാണ് സഭ നമ്മില്‍ നിന്നും ആഗ്രഹിക്കുന്നത്.

ദര്‍ശനം: ക്രിസ്തുവിനെ ജീവിക്കുകയും ക്രിസ്തുവിന്റെ വെളിച്ചം പ്രസരിപ്പിക്കുകയും ചെയ്യുക.

ദൗത്യം: മാമ്മോദീസ സ്വീകരിച്ച എല്ലാവരും മിഷനറിമാരായി അയയ്ക്കപ്പെടുന്നു എന്ന ഉറച്ച ബോധ്യത്തോടെ, താഴെ പറയുന്ന പ്രതിബദ്ധതകളിലൂടെ ഈ ദൗത്യം സാക്ഷാത്കരിക്കപ്പെടുന്നു:

I. ആഗോള മിഷനറി ചൈതന്യത്തോടെയുള്ള സുവിശേഷവല്‍ക്കരണം: പ്രാര്‍ഥന, സാക്ഷ്യം, വ്യക്തിപരമായ പങ്കുവെക്കല്‍, ധീരമായ പ്രഖ്യാപനം, എളിമയുള്ള സേവനം എന്നിവയിലൂടെ സുവിശേഷം പ്രഘോഷിക്കാനും അതേസമയം സീറോമലബാര്‍ സഭയിലെ ലോകമെമ്പാടുമുള്ള അല്മായര്‍ക്കിടയില്‍ മിഷനറി ചൈതന്യം വളര്‍ത്താനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.

II. ക്രിസ്തു കേന്ദ്രീകൃതവും സാക്ഷ്യത്തിന്റേതുമായ ദൈനംദിന ജീവിതം: ക്രിസ്തുവിലും വിശുദ്ധ ലിഖിതങ്ങളിലും വേരൂന്നിയ കത്തോലിക്കാ ജീവിതത്തിന് ഞങ്ങള്‍ ഊന്നല്‍ നല്‍കുന്നു. തൊഴിലിടങ്ങള്‍, അയല്‍പക്കങ്ങള്‍, വിദ്യാലയങ്ങള്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍, സംസ്‌കാരം, സമൂഹം എന്നിങ്ങനെ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ക്രിസ്തുവിന് സാക്ഷ്യം വഹിക്കാനും സഭയുടെ സാമൂഹികജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കുചേരാനും ഞങ്ങള്‍ അല്മായരെ പ്രചോദിപ്പിക്കുന്നു.

III. ജനതകളിലേക്കുള്ള ദൗത്യം (mission ad gentes) & മിഷനറി പരിവര്‍ത്തനം: ജനതകളിലേക്കുള്ള ദൗത്യം (mission ad gentes) പ്രത്യേക ഊന്നല്‍ നല്‍കിക്കൊണ്ട് സുവിശേഷവല്‍ക്കരണത്തിന്റെ പുതിയ മാര്‍ഗങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുന്നു. യുവാക്കള്‍, പ്രൊഫഷണലുകള്‍ തുടങ്ങിയ അല്മായര്‍ക്കിടയില്‍ നേതൃത്വപാടവവും കൂട്ടായ്മയും വളര്‍ത്തി അവരെ ഊര്‍ജ്ജസ്വലരായ മിഷനറിമാരായി മാറ്റുന്നു.

IV. സഭാപരമായ പങ്കാളിത്തവും മിഷനറി വിളികളും: സഭയുടെ അജപാലന പദ്ധതിയില്‍ അര്‍ഥവത്തായ പങ്കുവഹിക്കാന്‍ അല്്്മായ വിശ്വാസികളെ പ്രാപ്തരാക്കുകയും രൂപതകള്‍, ഇടവകകള്‍, മിഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പുനഃസുവിശേഷവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഏര്‍പ്പെടാന്‍ അവരെ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം സെമിനാരി വിദ്യാര്‍ഥികള്‍, സന്യാസ ജീവിതത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍, മതബോധകര്‍, അല്മായ പ്രസംഗകര്‍ എന്നിവര്‍ക്കിടയില്‍  പ്രത്യേകിച്ച് മിഷന്‍ പ്രദേശങ്ങളിലേക്കുള്ള  മിഷനറി വിളികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

V. മാര്‍ഗനിര്‍ദ്ദേശം, കൂട്ടായ്മ, വിഭവസഹായം: പരിശീലനം, പ്രോത്സാഹനം, അംഗീകാരം എന്നിവയിലൂടെ തീക്ഷ്ണതയുള്ള മിഷനറിമാരെ ഞങ്ങള്‍ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. അതേസമയം, മിഷനറി പ്രവര്‍ത്തകര്‍, കേന്ദ്രങ്ങള്‍, പരിശീലന ഭവനങ്ങള്‍, അടിസ്ഥാനസൗകര്യങ്ങള്‍ എന്നിവയ്ക്ക് സാമ്പത്തികവും ഭൗതികവുമായ സഹായം നല്‍കുന്നതിനായി സ്‌പോണ്‍സര്‍മാരെ കണ്ടെത്തുകയും ചെയ്യുന്നു.

I. പരിശുദ്ധ ത്രിത്വത്തിലുള്ള ഉറച്ച വിശ്വാസം: പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിതൈയ്ക ദൈവം രക്ഷയുടെ ഉറവിടമാണെന്നതില്‍ അചഞ്ചലമായ ബോധ്യം പുലര്‍ത്തുക.

II. ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂടിക്കാഴ്ച : യേശുവുമായി ആഴമേറിയതും സജീവവുമായ ബന്ധം പുലര്‍ത്തുകയും മിഷനറി ജീവിതത്തിന്റെ അടിസ്ഥാനമെന്ന നിലയില്‍ സഭയ്ക്കുള്ളില്‍ അവിടുത്തെ പ്രബോധനങ്ങള്‍ അനുസരിച്ച് ജീവിക്കുകയും ചെയ്യുക.

III. സഭയോടൊപ്പം : അചഞ്ചലമായ സമര്‍പ്പണത്തോടെ സഭയ്ക്കായി സ്വയം സമര്‍പ്പിക്കുകയും സഭയുടെ ബഹുമുഖമായ സുവിശേഷവല്‍ക്കരണദൗത്യത്തെ പിന്തുണയ്ക്കുകയും ചെയ്യുക.

IV. പ്രഘോഷണ ജീവിതം: ജീവന്‍ പോലും പണയം വെച്ചുകൊണ്ട് വാക്കുകളിലൂടെയും പ്രവൃത്തികളിലൂടെയും സുവിശേഷം പ്രഘോഷിക്കുക.

V. ആത്മാക്കളുടെ രക്ഷ: മറ്റുള്ളവരുടെ രക്ഷയ്ക്കായി പരിശ്രമിക്കുന്നതോടൊപ്പം സ്വന്തം വിശുദ്ധീകരണത്തിനും മുന്‍ഗണന നല്‍കുക.

മറ്റുള്ളവരുടെ പ്രയോജനത്തിനും സഭയുടെ ദൗത്യത്തിനുമായി പരിശുദ്ധാത്മാവ് ഒരു വ്യക്തിക്കോ വ്യക്തികള്‍ക്കോ സൗജന്യമായി നല്‍കുന്ന  കൃപയാണ് കാരിസം. അതേസമയം നിര്‍വചിക്കപ്പെട്ട ശുശ്രൂഷ എന്നത് സഭയ്ക്കുള്ളില്‍ അംഗീകരിക്കപ്പെട്ടതോ ഭരമേല്‍പ്പിക്കപ്പെട്ടതോ നിയോഗിക്കപ്പെട്ടതോ ആയ ഒരു ഘടനാപരമായ സേവനമോ ഓഫീസോ ആണ്. അതിലൂടെ കാരിസവും കഴിവുകളും പ്രായോഗികമാക്കുന്നു.

ശുശ്രൂഷകള്‍ പ്രവര്‍ത്തനത്തില്‍ വ്യത്യസ്തമാണെന്നും എന്നാല്‍ ദൗത്യത്തില്‍ ഏകീകൃതമാണെന്നും കുടുംബം, ജോലിസ്ഥലം, ഇടവക, സമൂഹം എന്നിവിടങ്ങളില്‍ അല്മായര്‍ ശുശ്രൂഷകള്‍ നടത്താന്‍ വിളിക്കപ്പെട്ടവരാണെന്നും മതബോധനഗ്രന്ഥം (CCC 873, 910) സ്ഥിരീകരിക്കുന്നു. ജീവന്‍ ജ്യോതി അല്മായ മിഷനറി പ്രസ്ഥാനത്തിലൂടെ സീറോമലബാര്‍സഭ അല്മായപ്രേഷിതരെ അവരുടെ വൈവിധ്യമാര്‍ന്ന കാരിസങ്ങള്‍ക്കും നിര്‍വചിക്കപ്പെട്ട ശുശ്രൂഷകള്‍ക്കും അനുസൃതമായി സംഘടിപ്പിക്കുകയും ചൈതന്യവത്താക്കുകയും ചെയ്യുന്നു.യേശുവാകുന്ന സന്തോഷത്തിന്റെ സദ്‌വാര്‍ത്ത ലോകമെങ്ങും അറിയിക്കുവാന്‍ ഈ കാലഘട്ടത്തിലേക്കായി നിയമിക്കപ്പെട്ടവരാണ് നാം ഓരോരുത്തരും.  വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സമീപനരീതികൊണ്ടും ഈശോയെ പകര്‍ന്നുകൊണ്ട് 21- ാം നൂറ്റാണ്ടിന്റെ പ്രേഷിതരായി  സീറോമലബാര്‍സഭാംഗങ്ങളായ നമുക്ക് മുന്നേറാം.

ഷാജി പറമ്പന്‍

Latest Updates

POPULAR Views

FEATUERD Views

മുകളിലേക്ക് നോക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്ന തിരുനാള്‍

* സാര്‍വത്രികസഭയിലെ ഏറ്റവും പുരാതന തിരുനാളുകളില്‍ ഒന്നാണ് പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വര്‍ഗാരോപണ...

ക്രിസ്തുവിന്റെ ജീവിതം; നമ്മുടേയും

പ്രാണനെ കണക്കെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തിരുന്നവരിൽ നിന്നുള്ള ഒറ്റുകൊടുക്കലാണ് പെസഹാ. അകാരണമായ...

ക്ഷമ; സൗഖ്യത്തിലേക്കുള്ള വഴി

ക്ഷമിക്കുക എന്ന വാക്കിന്റെ അർഥം വിട്ടുകളയുക എന്നാണ്. എന്താണ് വിട്ടുകളയുന്നത്? എന്നെ...

മറിയമെന്ന അനുഗ്രഹീത

ജനുവരി 3 ദൈവമാതൃത്വ തിരുനാൾ എല്ലാ സ്ത്രീകളും അനുഗ്രഹീതകളാണ്. അവരുടേതായ ജീവിതത്തിന്റെ...

സ​ഹ​യാ​ത്രി​ക​സ​ഭ​യ്ക്ക് വാ​തി​ലു​ക​ള്‍ തു​റ​ന്ന് ഫ്രാ​ന്‍​സിസ് മാ​ര്‍​പാ​പ്പ

ഷെ​വ​ലി​യ​ര്‍ അ​ഡ്വ.​ വി.​സി.​ സെ​ബാ​സ്റ്റ്യ​ന്‍ ലോ​കം നേ​രി​ടു​ന്ന വി​വി​ധ​ പ്രശ്നങ്ങ​ളി​ല്‍ ഉ​റ​ച്ച നി​ല​പാ​ടു​ക​ളും...

സീറോമലബാർസഭയുടെ കുർബാനതക്സയിൽ വരുത്തിയ മാറ്റങ്ങൾ: വിശദീകരണകുറിപ്പ്

നമ്മുടെ പിതാവായ മാർ തോമാശ്ലീഹായുടെ വിശ്വാസപൈതൃകത്തിലും പൗരസ്ത്യസുറിയാനി പാരമ്പര്യത്തിലുമുള്ളതാണ് സീറോമലബാർ സഭയുടെ...

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ

ഇലഞ്ഞിക്കൽ തര്യത് കുഞ്ഞിത്തൊമ്മന്‍റെ സാമുദായിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങൾ  എ​​​​ല്ലാ സ​​​​മു​​​​ദാ​​​​യ​​​​ങ്ങ​​​​ൾക്കും തു​​​​ല്യ​​​​മാ​​​​യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ളും...

ജപമാല-സുകൃതം പകരുന്ന ശക്തി

ഒരുമിച്ച് പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ച് നിലനിൽക്കുന്നു. ഇരുപതാം നൂറ്റാണ്ടിലെ ജപമാല ഭക്തനായ...

ആഗോള ഭീകരതയുടെ അടിവേരുകള്‍ പൊള്ളുന്ന സത്യങ്ങള്‍; ഞെട്ടുന്ന കേരളം

ചരിത്രം വളച്ചൊടിക്കുന്നു ഇന്നലെകളിലെ കൊടും പാതകങ്ങളെപ്പോലും മഹത്‌വല്‍ക്കരിക്കുന്ന രീതിയില്‍ ചരിത്രസത്യങ്ങള്‍ വളച്ചൊടിക്കപ്പെടുന്ന പ്രവണതകള്‍...

കര്‍ത്താവിങ്കലേക്ക് തിരിയാം ബലിയര്‍പ്പണത്തെക്കുറിച്ചു അറിഞ്ഞിരിക്കേണ്ടവ…!

സീറോമലബാര്‍ സഭയിലെ വിവിധ രൂപതകളില്‍ നിന്നുള്ള  വിശ്വാസികള്‍ക്ക് പരിശുദ്ധ കുര്‍ബാനയുടെ നവീകരിക്കപ്പെട്ട ...

നീതി നിഷേധങ്ങൾ ചോദ്യം ചെയ്യേണ്ടത് പൗരധർമ്മം; തുല്യനീതി ഔദാര്യമല്ല, അവകാശമാണ്

ന്യൂനപക്ഷ അവകാശങ്ങളും ക്ഷേമനിധികളും വ്യത്യസ്തങ്ങളാണെങ്കിലും പരസ്പരപൂരകങ്ങളാണ്. ഇന്ത്യയിലെ മത, ഭാഷ ന്യൂനപക്ഷങ്ങൾക്കുള്ള...

80:20 ഹൈക്കോടതി വിധി നടപ്പാക്കി സാമൂഹ്യനീതി ഉറപ്പുവരുത്തണം

കവർച്ചക്കാരുടെ കൈകളിൽ അകപ്പെട്ട്, ഉള്ളതെല്ലാം നഷ്ടപ്പെട്ട്, മർദ്ദനമേറ്റ് വഴിയരുകിൽ കിടക്കുന്ന ഒരു...