ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇന്ന് നടമാടിക്കൊണ്ടിരിക്കുന്ന സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ കൂത്താട്ടങ്ങൾ ആകുലപ്പെടാനും ആശങ്കപ്പെടാനും ഇടയാക്കുന്നു. ഒരുകാലത്ത് രാഷ്ട്രീയാതിപ്രസരമായിരുന്നു കേരളത്തിന്റെ ശോഭ കെടുത്തിയിരുന്നത്. എന്തും ഏതും രാഷ്ട്രീയത്തിന്റെ കണ്ണിലൂടെ മാത്രം നോക്കിക്കണ്ട നാളുകളിൽ വികസനസാധ്യതകൾ നഷ്ടമായി; രാഷ്ട്രീയപിൻബലമില്ലാത്തവർ ഒന്നുമല്ലാത്തവരായി. പാർട്ടിക്കൊടിമരങ്ങളുടെ തണലിൽ വളർന്നവർക്ക് രാഷ്ട്രീയസമവാക്യങ്ങൾക്കപ്പുറമുള്ള സമൂഹത്തെ കാണാൻപോലും കഴിഞ്ഞിരുന്നില്ല. ഈ നിർഭാഗ്യകരമായ സാഹചര്യത്തെ കൂടുതൽ ദയനീയമാക്കിക്കൊണ്ടാണ് മതം രാഷ്ട്രീയവുമായി അവിഹിതബന്ധം ആരംഭിക്കുന്നത്. രാഷ്ട്രീയ തത്വസംഹിതകൾക്ക് അണികളെ ഒന്നിച്ചുനിർത്താനുള്ള പ്രേരകശക്തി നഷ്ടപ്പെട്ടപ്പോൾ മതനേതാക്കളെയും മതവിശ്വാസങ്ങളെയും കൂട്ടുപിടിച്ച് രാഷ്ട്രീയത്തിന്റെ മുഖം വർഗീയമാക്കി. അതോടെ, കള്ളവും ചതിയുമില്ലാത്ത കേരളം അവസാനിച്ചു. സമൂഹത്തിന്റെ പൊതുനന്മയെന്നത് ആരുടേയും ലക്ഷ്യമല്ലാതായി. ചുരുക്കിപ്പറഞ്ഞാൽ കേരളത്തിന്റെ നന്മയുടെ മുഖം നഷ്ടപ്പെട്ടു.
കേരളമെന്ന പൊതുവികാരം നഷ്ടപെട്ടതിന്റെ തിക്തഫലമാണ് ഇന്നു നമ്മൾ കാണുന്ന ഹൃദയഭേദകമായ പ്രവണതകൾ. സ്കൂൾകുട്ടികൾപോലും അക്രമത്തിന്റെ വക്താക്കളായി മാറുന്നു. കാലിൽപിടിച്ചുകിടന്നു കരുണചോദിക്കുന്ന സഹപാഠിയെ ചവിട്ടിയകറ്റാനുള്ള ക്രൗര്യം ഇന്നത്തെ തലമുറയ്ക്ക് എവിടെനിന്നു ലഭിക്കുന്നു? മതപഠനങ്ങളോ, കുടുംബസംസ്കാരമോ, രാഷ്ട്രീയദർശനങ്ങളോ ലഹരിയോ ആയിരിക്കാം ഈ വന്യതയുടെ ഉറവിടം. അക്രമം ഒരു വശത്ത് നടമാടുമ്പോൾ മറുവശത്ത് ആത്മഹത്യകൾ വർദ്ധിക്കുന്നു. സ്വന്തം ജീവൻ നഷ്ടപ്പെടുത്താൻ യുവജനങ്ങൾ കണ്ടെത്തുന്ന കാരണങ്ങൾ നമ്മെ അത്ഭുതപ്പെടുത്തുന്നു. വിവാഹ, കുടുംബബന്ധങ്ങളിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പ്രശ്നങ്ങളെ കൈകാര്യം ചെയ്യുന്നരീതിയും സമൂഹത്തിന്റെ നെടുംതൂണുകളായ വിവാഹത്തെയും കുടുംബത്തെയും സാവകാശം ഇല്ലാതാക്കുമോയെന്നു ഭയപ്പെടണം. സിനിമകളിലൂടെയും സാമൂഹ്യമാധ്യമങ്ങളിലെ ആഭാസങ്ങളിലൂടെയും പ്രചരിപ്പിക്കുന്ന തിന്മയുടെ പ്രതിസംസ്‍കാരവും മൂല്യങ്ങളുടെ നിരാസവും ഇന്നു കൂടുതൽ സ്വീകാര്യത നേടിക്കൊണ്ടിരിക്കുന്നു. ജീവിതമാകുന്ന യാത്രാബസിൽ അപരന്റെ ജീവിതത്തിനും ജീവനും മാന്യതയ്ക്കും സ്വകാര്യതയ്ക്കും വിലകല്പിക്കാത്തവരുടെ ക്രൂരവിനോദങ്ങൾക്കും ആൾകൂട്ടവിചാരണയ്ക്കും ഇരകളായി ജീവിതം അവസാനിപ്പിക്കേണ്ടിവരുന്നവരുടെ നിലവിളി ദൈവസന്നിധിയിൽ നമുക്കെതിരായി പ്രതികാരം ആവശ്യപ്പെടുന്നു. ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയ താൽപര്യങ്ങളുടെയും കടുംവർണങ്ങൾ ചാലിച്ചെടുത്ത അവതരണമികവോടെ മാധ്യമങ്ങൾ ഈ സാംസ്കാരികശോഷണത്തെ പ്രോത്സാഹിപ്പിക്കുന്നു. കൊച്ചുകേരളത്തിന്റെ നീലാകാശത്ത് ഇങ്ങനെ പടർന്നുകയറുന്ന കാർമേഘം വരാനിരിക്കുന്ന കൊടുങ്കാറ്റിന്റെ സൂചനയാണെന്ന് ഇനിയെങ്കിലും തിരിച്ചറിയണം.
കേരളം മാറണം. നമ്മൾ വഴിമാറി നടക്കണം. ബഹുമാനത്തിന്റെയും ആദരവിന്റെയും സംസ്കാരം തിരികെ കൊണ്ടുവരണം. രാഷ്ട്രീയവും മതവും മാന്യമായ അകലം പാലിക്കണം. തെറ്റു തെറ്റാണ് എന്നു പറയാൻ മത രാഷ്ട്രീയ ജാതീയ ആഭിമുഖ്യങ്ങൾ തടസ്സമാകരുത്. വിദ്യാർഥികളെയും കലാലയങ്ങളെയും ലഹരിയിൽനിന്നും സാംസ്കാരിക അധഃപതനത്തിൽനിന്നും രക്ഷിക്കണം. മാധ്യമങ്ങൾ നിഷ്പക്ഷതയോടെ അവയുടെ ധർമം പാലിക്കണം. ഒരാളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ അപരൻ പഠിക്കണം. രാഷ്ട്രീയം സംശുദ്ധമാകണം; അതു രാഷ്ട്രത്തെ നിർമിക്കുന്നതാകണം, നശിപ്പിക്കുന്നതാകരുത്. ഇതൊരു ദോഷൈകദൃക്കിന്റെ വിലാപമല്ല; കേരളത്തിന്റെ ഭാവിയെക്കുറിച്ചു വർത്തമാനകാലത്തിന്റെ ചുവരെഴുത്തുകളുടെ നേർവായനയിൽനിന്നുയരുന്ന ഒരു ഓർമപ്പെടുത്തൽ മാത്രം. ദൈവത്തിന്റെ സ്വന്തം നാട് വിവേകാന്ദസ്വാമികൾ പറഞ്ഞ ഭ്രാന്താലയമാകാതിരിക്കാൻ ഹൃദയങ്ങൾ ചേർത്തു കരങ്ങൾ കോർത്തു നമുക്കു കർമനിരതരാകാം!


