ക്രൈസ്തവവജീവിതത്തിന്റെ ഉറവിടവും പാരമ്യവുമായ വിശുദ്ധ കുർബാനയിൽ നിന്നാണ് സഭ ജീവൻ സ്വീകരിക്കുന്നത്. ഇതെന്റെ ഓർമയ്ക്കായി ചെയ്യുവിൻ എന്ന യേശുനാഥന്റെ കല്പന സ്വീകരിച്ച സഭ ഈ മഹാരഹസ്യം ആഘോഷിക്കുന്നതിൽ നാളിതുവരെ ഒരിക്കലും വീഴ്ചവരുത്തിയിട്ടില്ല. വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവസാന്നിധ്യത്തെ എക്കാലവും അർഥശങ്കയ്ക്കിടയില്ലാത്തവിധം സഭ വിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സാധാരണയായി അപ്പത്തിന്റെയും വീഞ്ഞിന്റെയും സാദൃശ്യത്തിലാണ് യേശുവിന്റെ സാന്നിധ്യം വിശുദ്ധ കുർബാനയിൽ നാം കാണുന്നതും അനുഭവിക്കുന്നതും. എന്നാൽ ചരിത്രത്തിൽ പല അവസരങ്ങളിലും അസാധാരണമായ വിധത്തിൽ തിരുവോസ്തി തിരുശരീരമായും കാസയിലെ വീഞ്ഞ് രക്തമായും മാറുന്നതും മറ്റും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ തിരുവോസ്തിയിൽ നിന്ന് രക്തം ഒഴുകുന്നതായും തിരുവോസ്തി കേടുകൂടാതെ കാലങ്ങളോളം ഇരിക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അടുത്തകാലത്തായി തലശേരി അതിരൂപതയിലെ വിളക്കന്നൂരിൽ തിരുവോസ്തിയിൽ യേശുവിന്റെ മുഖചിത്രം പ്രത്യക്ഷപ്പെട്ടത് പന്ത്രണ്ടുവർഷങ്ങൾക്കു ശേഷവും മാറ്റമില്ലാതെ കാണുന്നതും നാം അറിയുകയുണ്ടായി. ഇത്തരുണത്തിൽ ദിവ്യകാരുണ്യാത്ഭുതങ്ങൾ എന്ന് നാം വിളിക്കുന്ന ഈ അസാധാരണ പ്രതിഭാസങ്ങളെ എങ്ങനെയാണ് വിശ്വാസികൾ മനസ്സിലാക്കേണ്ടത് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്.
വിശുദ്ധ കുർബാനയിലെ സത്താഭേദം ഏറ്റവും വലിയ അത്ഭുതം
സത്താഭേദത്തിലൂടെ എല്ലാ വിശുദ്ധ കുർബാനകളിലും സംഭവിക്കുന്ന യേശുവിന്റെ സജീവസാന്നിധ്യമാണ് ഏറ്റവും വലിയ ദിവ്യകാരുണ്യാത്ഭുതം. ഇതിനോട് തുലനം ചെയ്യുമ്പോൾ ദിവ്യകാരുണ്യവുമായി ബന്ധപ്പെട്ട മറ്റ് അസാധാരണപ്രതിഭാസങ്ങൾക്ക് പ്രാഥമികമല്ലാത്ത പ്രാധാന്യമേ ഉള്ളൂ. എല്ലാ സാധുവായ വിശുദ്ധ കുർബാനയർപ്പണത്തിലും അപ്പവും വീഞ്ഞും പരിശുദ്ധാത്മാവിന്റെ ശക്തിയാൽ യേശുവിന്റെ യഥാർഥ ശരീരവും രക്തവുമായി മാറുന്നു. കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം ഈ വിശ്വാസസത്യത്തെ ഇങ്ങനെ വിശദീകരിക്കുന്നു:അപ്പവും വീഞ്ഞും കൂദാശചെയ്യപ്പെടുമ്പോൾ അപ്പത്തിന്റെ മുഴുവൻ സത്തയും നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ ശരീരത്തിന്റെ സത്തയാകുകയും വീഞ്ഞിന്റെ മുഴുവൻ സത്തയും അവിടുത്തെ രക്തത്തിന്റെ സത്തയാകുകയും ചെയ്യുന്ന ഒരു മാറ്റം സംഭവിക്കുന്നു. ഈ മാറ്റത്തെ സത്താഭേദം എന്ന് കത്തോലിക്കാസഭ ഉചിതവും യുക്തവുമായി വിളിക്കുന്നു ( കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1376).
വിശുദ്ധ കുർബാനയിൽ യേശുവിന്റെ യഥാർഥശരീരവും യഥാർഥ രക്തവും ഉണ്ട് എന്നത് ഇന്ദ്രിയങ്ങൾ കൊണ്ടല്ല ദൈവികമായ ആധികാരികതയിൽ ഉറച്ച വിശ്വാസംകൊണ്ടു മാത്രമേ ഗ്രഹിക്കാൻ കഴിയുകയുള്ളൂ എന്ന സത്യം നാം മനസ്സിലാക്കണം.
ദിവ്യകാരുണ്യ അടയാളങ്ങളെ എങ്ങനെ മനസിലാക്കണം?
ദിവ്യകാരുണ്യാത്ഭുതങ്ങളെക്കുറിച്ച് മനസ്സിലാക്കണമെങ്കിൽ ദൈവികവെളിപാടുകളെക്കുറിച്ചുള്ള സഭയുടെ പഠനം എന്താണെന്ന് നാം അറിയണം. സഭയിൽ പൊതുവെളിപാടുകളും സ്വകാര്യവെളിപാടുകളും ഉണ്ട്. വിശുദ്ധ ഗ്രന്ഥത്തിലും സഭയുടെ വിശുദ്ധ പാരമ്പര്യത്തിലും ഉളളതും സഭ ഔദ്യോഗികമായി പഠിപ്പിച്ചിട്ടുള്ളതുമായ വിശ്വാസസത്യങ്ങളെയാണ് പൊതുവെളിപാടായി കണക്കാക്കുന്നത്. അവയെല്ലാം വിശ്വസിക്കേണ്ടതും രക്ഷയ്ക്ക് ആവശ്യമുള്ളവയുമാണ്. വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവസാന്നിധ്യം പൊതുവെളിപാടിന്റെ ഭാഗമായതിനാൽ എല്ലാ വിശ്വാസികളും അത് വിശ്വസിക്കാൻ കടപ്പെട്ടവരാണ്. എന്നാൽ ദിവ്യകാരുണ്യാത്ഭുതങ്ങൾ എന്ന പേരിൽ നാം പറയുന്ന വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട സാധാരണപ്രതിഭാസങ്ങൾ സ്വകാര്യവെളിപാടിന്റെ ഗണത്തിൽപെട്ടതാകയാൽ ആ വെളിപാടുകൾ നിർബന്ധപൂർവ്വം വിശ്വസിക്കേണ്ട കാര്യങ്ങളിൽ പെടുന്നവയല്ല. സ്വകാര്യവെളിപാടുകളെക്കുറിച്ച് കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം പഠിപ്പിക്കുന്നത് ഇപ്രകാരമാണ്. വിവിധ കാലഘട്ടങ്ങളിൽ സ്വകാര്യവെളിപാടുകൾ എന്ന് വിളിക്കപ്പെടുന്നവ ഉണ്ടായിട്ടുണ്ട്. അവയിൽ ചിലതിന് സഭയുടെ അധികാരികളിൽ നിന്ന് അംഗീകാരം ലഭിച്ചിട്ടുമുണ്ട്. എന്നിരുന്നാലും അവ സഭയുടെ വിശ്വാസനിക്ഷേപത്തിന്റെ ഭാഗമല്ല. പ്രസ്തുത വെളിപാടുകളുടെ ലക്ഷ്യം ക്രിസ്തുവിലൂടെ അന്തിമമായി നല്കപ്പെട്ട വെളിപാടുകളെ മെച്ചപ്പെടുത്തുകയോ പൂർത്തീകരിക്കുകയോ അല്ല പ്രത്യുത ചരിത്രത്തിന്റെ ഒരു പ്രത്യേക കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വെളിപാടിന് അനുസൃതമായി കൂടുതൽ പൂർണമായി ജീവിക്കാൻ സഹായിക്കുക എന്നതാണ് (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 67).
ദിവ്യകാരുണ്യ അടയാളങ്ങളുടെ ലക്ഷ്യമെന്ത്?
ദിവ്യകാരുണ്യാത്ഭുതങ്ങൾ എന്ന് നാം വിളിക്കുന്ന വിശുദ്ധ കുർബാനയുമായി ബന്ധപ്പെട്ട അസാധാരണപ്രതിഭാസങ്ങൾ സ്വകാര്യ വെളിപാടുകളുടെ ഗണത്തിൽ പെടുന്നത് ആകയാൽ അവയെ നിർബന്ധപൂർവ്വം വിശ്വസിക്കാൻ വിശ്വാസികൾക്ക് കടമയില്ല എന്ന് നാം കണ്ടുകഴിഞ്ഞു. അങ്ങനെയെങ്കിൽ ദിവ്യകാരുണ്യ അടയാളങ്ങളുടെ ലക്ഷ്യമെന്തായിരിക്കും? ഇങ്ങനെയുള്ള സംഭവങ്ങൾ സാധാരണവിശ്വാസികളുടെ വിശ്വാസത്തെ ആഴപ്പെടുത്താൻ സഹായിക്കും എന്നതുകൊണ്ടാണ് ദൈവം അവ അനുവദിക്കുന്നത്. അവയെ പരിപൂർണമായി അവഗണിക്കുന്നത് ഒരുപക്ഷേ സഭാമക്കളുടെ ആത്മീയവളർച്ചയ്ക്കു വേണ്ടി ദൈവം തരുന്ന കൃപയെ അവഗണിക്കലായി തീർന്നേക്കാം. അതുകൊണ്ട് സഭാമക്കളുടെ വിശ്വാസവളർച്ചയ്ക്ക് സഭാധികാരികളുടെ അംഗീകാരത്തോടെ അവ ഉപയോഗിക്കുന്നത് നല്ലതാണ്.
ഉദാഹരണമായി വിശുദ്ധ കുർബാന യേശുവിന്റെ കുരിശിലെ ബലിയുടെ അനുസ്മരണവും ആഘോഷവുമാണെന്ന സത്യത്തെ ഒരു സാധാരണ വിശ്വാസിക്ക് മനസ്സിലാക്കാനും അംഗീകരിക്കാനും അപ്പവും വീഞ്ഞും യഥാർഥശരീരരക്തങ്ങളായി കാണപ്പെടുമ്പോൾ സാധിച്ചേക്കാം. അല്ലെങ്കിൽ യേശുവിന്റെ തിരുമുഖം തിരുവോസ്തിയിൽ കാണാൻ സാധിക്കുമ്പോൾ വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവസാന്നിധ്യത്തെ പൂർണമായി വിശ്വസിക്കാൻ ഒരു വ്യക്തിക്ക് ഇടയായെന്നുംവരാം. ദിവ്യകാരുണ്യഅത്ഭുതങ്ങളെല്ലാം വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യഥാർഥ സാന്നിധ്യത്തെകാണുവാനും അനുഭവിക്കാനും നമ്മെ സഹായിക്കുന്ന അടയാളങ്ങളാണ്.
ദിവ്യകാരുണ്യ അടയാളങ്ങളും സഭയുടെ അംഗീകാരവും
ദിവ്യകാരുണ്യ അടയാളങ്ങളെക്കുറിച്ച് സഭയുടെ ഭാഗത്തുനിന്ന് ശാസ്ത്രീയമായും ദൈവശാസ്ത്രപരമായും പഠനങ്ങൾ നടത്താറുണ്ട്. അങ്ങനെയുള്ള പഠനങ്ങളുടെ വെളിച്ചത്തിൽ സഭ അംഗീകാരം കൊടുത്തുവെന്ന് പറയുമ്പോൾ അങ്ങനെയൊരു അത്ഭുതം നടന്നു എന്ന് പഠിപ്പിക്കുകയല്ല സഭ ചെയ്യുന്നത് മറിച്ച് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ വിശ്വാസത്തിനും ധാർമികതയ്ക്കും എതിരായത് ഒന്നുമില്ല എന്നും വിശ്വാസികൾക്ക് തങ്ങളുടെ ആത്മീയജീവിതത്തിനുള്ള വളർച്ചയ്ക്ക് അവയെ ശ്രദ്ധയോടെ ഉപയോഗിക്കാം എന്നുമാണ്. ഇങ്ങനെയുള്ള അത്ഭുതങ്ങൾ മൂലം ദൈവജനത്തിന് ഉണ്ടാകാവുന്ന നന്മകളെക്കുറിച്ച് സഭ ബോധവതിയാണെങ്കിലും ഇത്തരം സ്വകാര്യവെളിപാടുകൾക്ക് അമിതപ്രാധാന്യം നല്കുന്നതിനെ സഭയൊരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല. ദിവ്യകാരുണ്യ അടയാളങ്ങൾ ദൈവജനത്തെ അനുദിനജീവിതത്തിൽ ദിവ്യബലിയോടുള്ള സ്നേഹം വർധിപ്പിക്കാൻ ഇടയാക്കുകയും വിശുദ്ധബലിയിൽ ഭക്തിയോടെ പങ്കെടുക്കുവാൻ സഹായിക്കുകയും ചെയ്യണം.
സഭയുടെ ദിവ്യകാരുണ്യപ്രബോധനങ്ങളും ദിവ്യകാരുണ്യ അടയാളങ്ങളും
വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിന്റെ ശരീരരക്തങ്ങളായി മാറുന്നുവെന്ന വിശ്വാസസത്യം എല്ലാ കാലഘട്ടങ്ങളിലും സഭ പ്രഘോഷിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. തെന്ത്രോസ് വത്തിക്കാൻ കൗൺസിൽ തുടങ്ങിയ സാർവത്രികസൂനഹദോസുകളിലെല്ലാം സഭ ഇക്കാര്യം ഔദ്യോഗികമായി പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ സഭയുടെ ഈ ഔദ്യോഗികപ്രബോധനങ്ങളൊന്നും ദിവ്യകാരുണ്യഅടയാളങ്ങളെ അടിസ്ഥാനമാക്കിയുള്ളവയല്ല. മറിച്ച് വിശുദ്ധഗ്രന്ഥത്തിലൂടെയും വിശുദ്ധ പാരമ്പര്യത്തിലൂടെയും സഭയ്ക്ക് ലഭിച്ച ദൈവികവെളിപാടിന്റെ വെളിച്ചത്തിലായിരുന്നു. പൗലോസ് ശ്ലീഹാ കൊറീന്തോസിലെ സഭയ്ക്ക് വിശുദ്ധകുർബാനയെക്കുറിച്ച് എഴുതുമ്പോൾ പറയുന്നതുപോലെ കർത്താവിൽ നിന്ന് എനിക്ക്ലഭിച്ചതാണ് ഞാൻ നിങ്ങളെ ഭരമേല്പിക്കുന്നത്. (1കോറി 11;23). വിശുദ്ധ കുർബാനയിൽ അപ്പവും വീഞ്ഞും യേശുവിന്റെ രക്തശരീരങ്ങളായി മാറുന്നുവെന്ന സത്യം ക്രിസ്തുതന്നെ സഭയെ പഠിപ്പിച്ചതാണ്.
ഉപസംഹാരം
വിശുദ്ധ കുർബാന എന്ന മഹാരഹസ്യത്തെയും അതിലുള്ള യേശുവിന്റെ സജീവസാന്നിധ്യത്തെയും മനസ്സിലാക്കാൻ ദിവ്യകാരുണ്യഅടയാളങ്ങൾ നിരവധിപേരെ സഹായിച്ചിട്ടുണ്ട് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്. എന്നാൽ അനുദിനം അർപ്പിക്കുന്ന വിശുദ്ധകുർബാനയെക്കാൾ പ്രാധാന്യം ദിവ്യകാരുണ്യഅടയാളങ്ങൾക്ക് കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന കാര്യം വിശ്വാസികളെ ഓർമിപ്പിക്കാൻ സഭാധികാരികൾക്ക് കടമയുണ്ട്. വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ സജീവസാന്നിധ്യത്തെ തെളിയിക്കുക എന്ന ധർമമല്ല ദിവ്യകാരുണ്യഅത്ഭുതങ്ങൾക്കുള്ളത്. മറിച്ച് അപ്പസ്തോലികകാലഘട്ടം മുതൽ സഭ വിശ്വസിച്ചുപോരുന്ന ദിവ്യകാരുണ്യരഹസ്യത്തെ വീണ്ടും ഉറപ്പുവരുത്തുകയും വ്യക്തമാക്കുകയുമാണ് ചെയ്യുന്നത്.
റവ. ഡോ. സിബി പുളിക്കൽ


