പന്തേനൂസിന്റെ ഇന്ത്യൻ ദൗത്യത്തെക്കുറിച്ച് യൗസേബ്യൂസ് എഴുതുമ്പോൾ വിശുദ്ധ ബർത്തലോമിയോ കൊണ്ടുവന്ന വിശുദ്ധ മത്തായിയുടെ സുവിശേഷം കൈവശം വച്ചിരുന്ന ഇന്ത്യയിലെ ക്രിസ്ത്യാനികളെ പരാമർശിക്കുന്നുണ്ട്. യൗസേബ്യൂസ് ഇപ്രകാരം എഴുതി: അപ്പസ്തോലന്മാരിൽ ഒരാളായ ബർത്തലോമിയോ ഇന്ത്യക്കാരോട് പ്രസംഗിക്കുകയും വിശുദ്ധ മത്തായിയുടെ എബ്രായ ഭാഷയിലുള്ള സുവിശേഷം അവിടെ കണ്ടെത്തുകയും ചെയ്തു. അവർ അത് അന്നുവരെ സൂക്ഷിച്ചിരുന്നു. യൗസേബ്യൂസിന്റെ ഈ വിവരണം ഇന്ത്യയെക്കുറിച്ചും ഇന്ത്യയിൽ പ്രസംഗിച്ച അപ്പസ്തോലനെക്കുറിച്ചും ചരിത്രകാരന്മാരെ ആശയക്കുഴപ്പത്തിലാക്കി. പന്തേന്യൂസ് സന്ദർശിച്ച ഇന്ത്യ യഥാർഥ ഇന്ത്യ തന്നെയോ അതോ അറേബ്യ, എത്യോപ്യ പോലുള്ള മറ്റ് ഏതെങ്കിലും രാജ്യമോ എന്നു ചിലർ സംശയിച്ചു. ഇന്ത്യയിൽ സുവിശേഷം അറിയിച്ചത് വിശുദ്ധ തോമാശ്ലീഹാ ആണോ അതോ വിശുദ്ധ ബർത്തലോമിയോ ആണോ എന്നും ചിലർ സംശയിക്കാൻ കാരണമായി.
പന്തേനൂസ് ഇന്ത്യ സന്ദർശിച്ചു എന്ന യൗസേബ്യൂസിന് ഉറപ്പുണ്ട്. പല സഭാപിതാക്കന്മാരുടെയും വിവരണങ്ങൾ ഇത് സ്ഥിരീകരിക്കുന്നു. ബർത്തലോമിയോ ഇന്ത്യയിൽ കണ്ടെത്തിയ വിശുദ്ധ മത്തായിയുടെ സുവിശേഷവുമായി ബന്ധപ്പെട്ടതാണ് പ്രശ്നം. യൗസേബ്യൂസും വിശുദ്ധ ജെറോമും ഈ പ്രസ്താവനയിൽ യോജിക്കുന്നുണ്ട്. യൗസേബ്യൂസ് അങ്ങനെ എഴുതിയതിന്റെ കാരണം അദ്ദേഹം അലക്സാണ്ടറിയൻ പാരമ്പര്യം തുടരുന്നു എന്നതാണ്. അലക്സാണ്ടറിയൻ പാരമ്പര്യം വിശുദ്ധ തോമാശ്ലീഹായെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്നില്ല. അവരുടെ അഭിപ്രായത്തിൽ തോമാശ്ലീഹാ പാർത്തിയായിലും ബർത്തലോമിയോ ഇന്ത്യയിലും സുവിശേഷം പ്രസംഗിച്ചു. പാർത്തിയായും ഇന്ത്യയും ആ സമയത്ത് ഒന്നായിരുന്നു അല്ലെങ്കിൽ ആധുനിക ധാരണപ്രകാരം അത് ഇന്തോ പാർത്തിയ ആയിരുന്നു. അക്കാലത്തെ ക്ലാസിക്കൽ എഴുത്തുകാരെ പോലെ യൗസേബ്യൂസും ജെറോമും ഇന്ത്യയെ കൃത്യമായി മനസ്സിലാക്കിയിരുന്നില്ല. ഇന്ത്യൻ സഭയുടെ അപ്പസ്തോലിക ഉത്ഭവത്തെ അവർ എതിർക്കുന്നില്ല. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള കിഴക്കിന്റെ അപ്പസ്തോലനായി അവർ വിശുദ്ധ ബെർത്തലോമിയോയെ വിശേഷിപ്പിക്കുന്നു. എന്നാൽ അർമേനിയയുടെ അപ്പസ്തോലനും അറേബ്യയിലും പേർഷ്യയിലെ ചില ഭാഗത്തും മിഷണറിയും ആയിരുന്ന വിശുദ്ധ ബർത്ത്ലോമിയായിക്കു ഇന്ത്യയുമായി യാതൊരു ബന്ധവുമില്ല എന്ന് ചില ഇന്ത്യൻ ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്.
തോമാശ്ലീഹാ ഇന്ത്യയുടെ അപ്പസ്തോലനും ബെർത്തലോമിയോ അർമേനിയയുടെ അപ്പസ്തോലനും ആണ്. തോമാശ്ലീഹാ ഇന്നത്തെ ഇന്ത്യ കൂടാതെ പേർഷ്യയുടെയും സിറിയയുടെയും ചില ഭാഗങ്ങളിൽ സുവിശേഷം പ്രസംഗിച്ചതുപോലെ ബെർത്തലോമിയോ അറേബ്യയിലും പേർഷ്യയിലെ ചില ഭാഗങ്ങളിലും അർമേനിയായിലും ഇന്ത്യയിലെ ചില പ്രദേശങ്ങളിലും സുവിശേഷം പ്രസംഗിച്ചു. ഇന്ത്യൻ ക്രിസ്ത്യാനികളും അലക്സാണ്ടറിയൻ പണ്ഡിതനായ പന്തേനൂസും തമ്മിലുള്ള ആശയവിനിമയത്തിലെ ഒരു വീഴ്ചയാണ് ഈ തെറ്റിദ്ധാരണയ്ക്ക് കാരണം എന്ന് ചിലർ വ്യാഖ്യാനിക്കുന്നു. വിശ്വാസികളോട് ബൈബിളിന്റെ ഒരു പ്രതി അവരുടെ കൈവശമുള്ളത് എങ്ങനെ ലഭിച്ചു എന്ന് ചോദിച്ചപ്പോൾ അത് മാർതോമായുടെ കാലത്തെ വിശുദ്ധ മത്തായി ശ്ലീഹായുടെ സുവിശേഷത്തിന്റെ ഒരു പ്രതി ആണ് എന്ന് അവർ മറുപടി നൽകി. എന്നാൽ പന്തേനൂസിന്റെ വിദേശ കാതുകളിൽ അത് ഭബാർ തോൽ മായി’ എന്നാണ് മുഴങ്ങിയത്. അങ്ങനെ ഇന്ത്യയുടെ അപ്പസ്തോലനായി ബർത്തലോമിയോയെ തെറ്റിദ്ധരിച്ചതാണ് എന്നാണ് ഒരു വ്യാഖ്യാനം. മറ്റൊരു വ്യാഖ്യാനം ഇപ്രകാരമാണ്: മൈലാപ്പൂരിലെ വിശുദ്ധ തോമാശ്ലീഹായുടെ കബറിടത്തിലേക്ക് മാർതോമ്മാ ക്രിസ്ത്യാനികൾ തീർഥാടനം നടത്തിയിരുന്നു. ഈ സ്ഥലം അന്ന് അറിയപ്പെട്ടിരുന്നത് ബേത് തുമ അഥവാ തോമായുടെ സ്ഥലം എന്നായിരുന്നു. ഈ ബേത് തുമ ആണ് ഭ ബാർ തോൽ മയി’ ആയി പന്തേനൂസ് ശ്രവിച്ചത്. അങ്ങനെ പന്തേനൂസ് വഴിയാണ് ഈ ബർത്തലോമിയോ എപ്പിസോഡ് അലക്സാണ്ടറിയായിൽ പ്രചരിച്ചത്. അലക്സാണ്ടറിയിൽ നിന്നും അങ്ങനെ യൗസേബ്യൂസിനും ജെറോമിനും ഇന്ത്യൻ അപ്പോസ്തലറ്റ് സംബന്ധിച്ച തെറ്റായ ധാരണ ലഭിക്കാൻ കാരണമായി. ബർത്തലോമിയോയെ ഇന്ത്യയുമായി ബന്ധിപ്പിക്കുന്ന ചില പട്രിസ്റ്റിക് എഴുത്തുകാരെ നമുക്ക് കാണാൻ കഴിയുമെങ്കിലും സെന്റ് തോമസിന്റെ പാരമ്പര്യമാണ് ബർത്തലോമിയോ പാരമ്പര്യത്തേക്കാൾ കൂടുതൽ ശക്തം.
ഫാ. ജെയിംസ് പുലിയുറുമ്പിൽ


