Sunday, February 1, 2026
spot_imgspot_imgspot_img

രോഗീശുശ്രൂഷ സുവിശേഷവൽക്കരണത്തിനായി സഭ തുറന്നിട്ട വാതിൽ

Published on

സമഗ്രവിമോചനത്തിന്റെ സുവിശേഷവുമായി വന്ന യേശു ഒരു സാബത്ത് ദിവസം ഏശയ്യാപ്രവാചകന്റെ പ്രവചനഗ്രന്ഥത്തിൽ നിന്ന് വായിച്ചുകൊണ്ട് തന്റെ രക്ഷാകരദൗത്യത്തിന്റെ ഉള്ളടക്കം ലോകത്തിനു വെളിപ്പെടുത്തി; ബന്ധിതർക്കു മോചനം, അന്ധർക്ക് കാഴ്ച, അടിച്ചമർത്തപ്പെട്ടവർക്ക് സ്വാതന്ത്ര്യം, കർത്താവിനു സ്വീകാര്യമായ വത്സരം പ്രഖ്യാപിക്കൽ എന്നിങ്ങനെയായിരുന്നു അവ. (ലൂക്കാ 4:18) മൂന്നു് വർഷത്തെ തന്റെ പരസ്യജീവിതകാലത്ത് യേശുവിന്റെ പക്കൽനിന്ന് സൗഖ്യാനുഭവം നേടിയവർ അനേകരാണ്. പനി ബാധിച്ചവർ, കുഷ്ഠരോഗികൾ, തളർവാതം പിടിപെട്ടവർ, അന്ധർ, മൂകർ, ബധിരർ, പിശാചുബാധിതർ, ഇങ്ങനെ നീണ്ടുപോകുന്നു അവരുടെ പട്ടിക (ലൂക്കാ 7.21- 22).

അങ്ങനെ അനേകായിരങ്ങൾക്ക് യേശു സൗഖ്യത്തിന്റെ തൂവൽസ്പർശമായി. യേശുവിന്റെ രക്ഷാകരവേലയുടെ അവിഭാജ്യഘടകമായിരുന്നു രോഗിശുശ്രൂഷ.

ആഗോള കത്തോലിക്ക സഭ ഫെബ്രുവരി 11ന് രോഗീ ദിനമായി ആചരിക്കുന്നു. യേശുവിൽ നിന്ന് ശ്ലീഹന്മാരിലേക്കും ശ്ലീഹന്മാരിൽ നിന്ന് സഭയിലേക്കും കൈമാറ്റം ചെയ്യപ്പെട്ടുവന്ന രോഗീശുശ്രൂഷ സഭയുടെ ഏറ്റവും മഹനീയവും ശ്രേഷ്ഠവുമായ പ്രേഷിതവൃത്തിയാണ്. അത് ഇന്ന് സഭാമക്കളിലൂടെ അവൾ അനുസ്യൂതം തുടർന്നുകൊണ്ടിരിക്കുന്നു. ഏറ്റവും ദുർബലരായവരുടെ സഹനയാത്രയിൽ അവരെ കരുണാപൂർവം അനുധാവനം ചെയ്യുന്നത് സഭയ്ക്ക് യുക്തമാണ് എന്ന് ‘നല്ല സമറായക്കാരൻ’ എന്ന വിശ്വാസ തിരുസംഘത്തിന്റെ അപ്പസ്തോലിക ലേഖനത്തിൽ പറയുന്നുണ്ട്. രോഗീശുശ്രൂഷ സഭയെ സംബന്ധിച്ചിടത്തോളം യേശുവിന്റെ സ്നേഹത്തിന്റെ വലിയ പ്രത്യക്ഷീകരണമാണ്. ലാഭേച്ഛ കൂടാതെ ആരോഗ്യപരിപാലന രംഗത്ത് ക്രിസ്തുനാഥന്റെ സൗഖ്യദായക ശുശ്രൂഷയ്ക്ക് സാക്ഷ്യം വഹിക്കാനായി സഭ ചെറുതും വലുതുമായി ധാരാളം ആതുരാലയങ്ങളും കെയർഹോമുകളും അഗതിമന്ദിരങ്ങളും മറ്റു പല സ്ഥാപനങ്ങളും ആരംഭിച്ചിട്ടുണ്ട്. ഒന്നാം നൂറ്റാണ്ടുമുതൽ രോഗീശുശ്രൂഷയിൽ സഭ പ്രവർത്തനനിരതയാണെന്നാണ് ചരിത്രം. യേശുവിന്റെ ശിഷ്യരെന്ന നിലയിൽ വേദനിക്കുന്ന രോഗികളെ ശുശ്രൂഷിക്കുക എന്നത് സഭയുടെ മിഷന്റെ അടർത്തിമാറ്റാനാവാത്ത ഭാഗവുമാണ്.

ദൈവജനത്തിന് വിശിഷ്യാ, പാവപ്പെട്ടവർക്കും സാധാരണക്കാർക്കും ജീവന്റെ മൂല്യം ഉയർത്തി കാണിക്കാൻ ആരോഗ്യപരിപാലനരംഗത്തുള്ള ഓ രോവ്യക്തിയും ശ്രദ്ധിക്കുന്നു. അതിനുവേണ്ടി തന്നെയാണ് അവർ വിളിക്കപ്പെട്ടിരിക്കുന്നതും. സൃഷ്ടിയിൽ മനുഷ്യൻ സമഗ്രതയിലായിരുന്ന കാലചക്രം മാറിമറിഞ്ഞപ്പോൾ പലവിധ കാരണങ്ങളാൽ അവൻ രോഗിയായി. ശാരീരികവും മാനസികവും ആത്മീയവും സാമൂഹികവുമായ ഏതെങ്കിലും തരത്തിലുള്ള സമഗ്രതക്കുറവിനെയാണല്ലോ രോഗം എന്നു വിളിക്കുന്നത്. രോഗിയായിരിക്കുന്ന വ്യക്തിയെ അവന്റെ വ്യക്തിത്വത്തിന്റെ സമ്പൂർണ്ണതയിലേക്ക് തിരിച്ചുകൊണ്ടുപോകാൻ സാധ്യമല്ലാത്ത സാഹചര്യത്തിൽ സമാധാനവും ശാന്തവുമായ രീതിയിൽ സ്രഷ്ടാവിന്റെ പക്കലേക്ക് മടങ്ങിപോകാൻ ഒരുക്കുക എന്നതാണ് രോഗിശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ദൗത്യം. നമ്മുടെ ആത്മാവിനും ശരീരത്തിനും സൗഖ്യം നൽകുന്ന ഭിഷഗ്വരനാണ് യേശു. അവനോടൊപ്പം ചേർന്നുനിന്ന് ദൈവത്തിന്റെയും മനുഷ്യരുടെയും മധ്യത്തിലായിരുന്നുകൊണ്ട് സൗഖ്യത്തിന്റെ കണ്ണികളായി വർത്തിക്കുവാൻ രോഗിശുശ്രൂഷകർ പരിശ്രമിക്കുന്നു. അത് കുടുംബങ്ങളിലാകാം, സ്ഥാപനങ്ങളിലാകാം, ആതുരാലയങ്ങളിലുമാകാം. ആതുരാലയങ്ങളിൽ രോഗിശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർ അതിനുവേണ്ട അറിവും വിദ്യാഭ്യാസയോഗ്യതയും പരിചരണ വൈഭവവും കാര്യക്ഷമതയും സന്മനസും ക്ഷമയും, പരിത്യാഗാരൂപിയും, സർവ്വോപരി കാരുണ്യം തുളുമ്പുന്ന മനസും സ്വന്തമാക്കേണ്ടതുണ്ട്. സ്നേഹിക്കുന്ന ഹൃദയവും സേവിക്കുന്ന കരങ്ങളും എന്തിനുവേണ്ടിയും ചലിക്കാൻ പറ്റിയ പാദങ്ങളും ക്രിയാത്മകമായി പ്രതികരിക്കാൻ വേണ്ട ബുദ്ധിശക്തിയും അനിവാര്യമാണ്.

മനുഷ്യർ ഏറ്റവും കൂടുതൽ നിസ്സഹായരാകുന്നത് രോഗഗ്രസ്തരാകുമ്പോഴാണ്. മനുഷ്യന്റെ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിക്കാൻ പറ്റുന്ന സമയവും അപ്പോൾ തന്നെ ശരീരത്തെ സ്പർശിച്ച് സൗഖ്യം നൽകാൻ അനുവാദമുള്ള രോഗിശുശ്രൂഷ മേഖലയെ ദൈവത്തിന്റെ വലിയ അനുഗ്രഹമായി കണ്ട് നന്ദിപറയാൻ ശുശ്രൂഷാരംഗങ്ങളിൽ ആയിരിക്കുന്നവർക്ക് കഴിയണം.

ജീവനെ പരിപാലിക്കാനും രക്ഷയിലേക്ക് നയിക്കാനും പറ്റിയ ഏറ്റവും വലിയ മേഖലയാണ് രോഗിശുശ്രൂഷ എന്നാണ് ഫ്രാൻസിസ് മാർപാപ്പ പറയുന്നത്. അത് ജീവന്റെ ശുശ്രൂഷ ആയതിനാൽ ഓരോ രോഗിയെയും ഒരു അമൂല്യദാനമായി കണ്ട് പരിപാലിക്കണം. ജീവനുണ്ടാകട്ടെ, അതും സമൃദ്ധമായി ഉണ്ടാകട്ടെയെന്ന് യേശുവിന്റെ രാജകീയ പൗരോഹിത്യത്തിന്റെ പങ്കാളികൾ എന്ന നിലയിൽ ഓരോ രോഗിയുടെയും കിടക്കക്കരുകിൽ നിന്ന് ആത്മനാ കൽപിക്കാൻ ഈ ദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കഴിയണം. കാരണം യേശു വന്നതും അവൻ സൗഖ്യം കൊടുത്തതും ജീവൻ സമൃദ്ധമായി ഉണ്ടാകുവാനാണ്.

രോഗിശുശ്രൂഷയിൽ നേരിട്ട് പങ്കാളികളാകുന്ന വ്യക്തികൾ നേഴ്സുമാരോ ഡോക്ടർമാരോ മറ്റ് ആരുമാകട്ടെ ആരുടെയെങ്കിലും ഒക്കെ ജീവിതത്തെ അവർ നേരിട്ട് സ്പർശിക്കുന്നുണ്ട്. രോഗാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു വ്യക്തിയെ സ്വാധീനിക്കാൻ എളുപ്പമാണ്. പാപത്തിന്റെയും രോഗത്തിന്റെയും ബന്ധങ്ങൾ ഇടചേർന്നുകിടക്കുന്നതാണെന്നും അതിനാൽ ആത്മീയ ശുശ്രൂഷകൾ സൗഖ്യാനുഭവത്തെ ത്വരിതപ്പെടുത്തുമെന്നും രോഗികൾക്ക് മനസിലാക്കി കൊടുക്കാൻ കടമയുണ്ട്.. ഏറ്റവും വലിയ സുവിശേഷവത്കരണത്തിന് തിരുസഭയിൽ തുറന്നിട്ടിരിക്കുന്ന വാതായനമാണ് രോഗിശുശ്രൂഷാരംഗം.പുതുജന്മവും പുത്തനുണർവ്വും നൽകുന്ന ശാരീരിക ആത്മീയ സാമൂഹിക ശുശ്രൂഷാതലമാണിത്.

ഓരോ രോഗിശുശ്രൂഷകരുടെയും ഓരോ ചലനവും നോട്ടവും വാക്കും, പ്രവൃത്തിയും മറ്റുള്ളവർ ശ്രദ്ധിക്കുന്നതിനാൽ അവരുടെ കണ്ണുകൾ വേദനിക്കുന്നവർക്ക് ശ്രദ്ധ കൊടുക്കുന്നതിനായി തുറന്നിരിക്കേണ്ടതാണെന്ന് ഫ്രാൻസിസ് പാപ്പ ഉദ്ബോധി പ്പിക്കുന്നു. പുഞ്ചിരിയോടുകൂടി ഓരോ വിളിയിലും ഓടിയെത്താനുള്ള സന്മനസ് ഒരാഴ്ച നീണ്ടുനില്ക്കുന്ന ആന്റിബയോട്ടിക് മരുന്നുകളെക്കാൾ വേഗത്തിൽ രോഗിയെ സുഖപ്പെടുത്തും.

ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യജീവന്റെ നേരെയുള്ള സ്നേഹത്തിന്റെ വലിയ പ്രത്യക്ഷീകരണമാണ് ഓരോ ആശുപത്രി കിടക്കയിലും കാണുന്നത് (ഉൽപ്പത്തി 1:26) അതുകൊണ്ട് മനുഷ്യന്റെ അന്തസ്സ് തിരിച്ചറിഞ്ഞ് ശുശ്രൂഷ ചെയ്യണം. ഒരുപാട് ആവേശത്തോടെ ഓരോ രോഗിയുടെയും അടുത്തേയ്ക്ക് കടന്നുചെല്ലണം. ഓരോ ഗുളിക കൊടുക്കുമ്പോഴും ഇൻജക്ഷൻ വയ്ക്കുമ്പോഴും, മുറിവ് വച്ചുകെട്ടുമ്പോഴും കുളിപ്പിച്ച് വൃത്തിയാക്കുമ്പോഴും ശസ്ത്രക്രിയകൾ ചെയ്യുമ്പോഴും രോഗികളായ ദൈവമക്കളോട് നിന്റെ കിടക്കയുമെടുത്ത് നടക്കുകയെന്ന് തമ്പുരാൻ പറഞ്ഞ അതേ വാക്കുകൾ ആത്മനാ കല്പിക്കാൻ തക്കവിധം രോഗീശുശ്രൂഷമേഖല അത്രയേറെ ശക്തമാണ്. നാം ശുശൂഷിക്കുന്ന രോഗിയുടെ അവസ്ഥ നമ്മുടെ മനസിൽ തട്ടുന്നുണ്ട്. ഒരു ലാബ് റിസൾട്ട് മോശമായി വരുമ്പോൾ രോഗിശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവരെ അത് വിഷമിപ്പിക്കുന്നു. അതേസമയം നല്ല ടെസ്റ്റ് റിസൾട്ട് വരുമ്പോൾ മംഗളവാർത്ത ലഭിച്ചതുപോലെ ശുശ്രൂഷകർ തുളളിച്ചാടും.

വഴിയരികിൽ മുറിവേറ്റുകിടന്നവന് തന്നാലാവുംവിധം ശുശ്രൂഷ നൽകി ഇനി എന്തെങ്കിലും കുറവുണ്ടെങ്കിൽ അതുംകൂടി പരിഹരിക്കാൻ സത്രത്തിലെത്തിച്ച നല്ല സമരായക്കാരന്റെ മുഖം രോഗീശുശ്രൂഷകരുടെ മനസിൽ നിന്ന് മായുകയില്ല. തനിക്ക് സ്വന്തമായവർ രോഗികളാകുമ്പോൾ ആതുരാലയങ്ങളിലേക്ക് അവരെ ഭകൊണ്ടുവന്ന് അവർക്ക് വേണ്ടതെല്ലാം ചെയ്യുക എന്നു പറഞ്ഞ് അവസാനം അവരെ തിരിച്ചു കൊണ്ടുപോകുവാൻ മടങ്ങിവരുന്ന ആ നല്ല സമരായക്കാരൻ ക്രിസ്തുതന്നെയാണ്. അവർക്ക് ചെയ്ത പരിചരണത്തിന്റെ കഥ അവനോട് വിവരിക്കാനായി നാം ചെല്ലുമ്പോൾ അവിടുന്ന് നമ്മെ നോക്കി തീർച്ചയായും പറയും നീ അന്ന് ശുശ്രൂഷിച്ചത് എന്നെ തന്നെയാണ് (മത്തായി 25:40) ‘എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ’ എന്ന് ഓരോ രോഗിശുശ്രൂഷകരെയും നോക്കി ഈശോ അന്ത്യദിനത്തിൽ പറയുന്നതുകേൾക്കാൻ നമുക്ക് കാതോർക്കാം.

രോഗീശുശ്രൂഷ രംഗത്ത് ആയിരിക്കുന്നവർ ശ്രദ്ധിക്കേണ്ട ധാർമ്മികതയുടെ ചില വശങ്ങൾ കൂടി നാം മനസിലാക്കിയിരിക്കണം. ജീവനെ സംരക്ഷിക്കേണ്ട നമ്മൾ ജീവനെ ഹനിക്കുന്ന ഒരു പ്രവൃത്തിക്കും കൂട്ടുനിൽക്കാൻ പാടില്ല. അവയവദാനത്തെ സഭ എന്നും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഭ്രൂണഹത്യയ്ക്ക് വിധേയരായവരുടെ അവയവങ്ങൾ സ്വീകരിക്കാൻ സഭ പ്രോത്സാഹിപ്പിക്കുന്നില്ല.. പ്രായാധിക്യത്തിന്റെ കഷ്ടത അനുഭവിക്കുന്നവർക്ക് സാധാരണ ചികിത്സ വഴി ജീവൻ നീട്ടി കൊടുക്കാൻ ശ്രദ്ധിക്കണം. അസാധാരണ ചികിത്സയ്ക്ക് ആവശ്യം വരുമ്പോൾ വ്യക്തിസ്വാതന്ത്ര്യത്തിന് പ്രാധാന്യം കൊടുക്കണം. ജാതിമതഭേദമന്യേ പാസ്റ്ററൽ കെയർ കൊടുക്കണം. രോഗിയായവന് എന്തു മതം!.

അസഹിഷ്ണുത, മാനസിക അസ്വസ്ഥത എന്നിങ്ങനെ എന്തിന്റെയെങ്കിലും പേരിൽ ദയാവധത്തിന് നാം കൂട്ടുനില്ക്കാൻ പാടില്ല. ദയാവധം ജീവന്റെ അമൂല്യതയെ മറയ്ക്കുന്ന പ്രവൃത്തിയാണ് എന്ന് ഫ്രാൻസിസ് പാപ്പാ കോവിഡ് സമയത്ത് എഴുതിയ ‘ലോകത്തെ സുഖപ്പെടുത്തുക’ എന്ന മതബോധന ലേഖനത്തിൽ പ്രത്യേകം പറയുന്നുണ്ട്.

രോഗീശുശ്രൂഷാ മേഖലയും ഇന്ന് ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതാണ്. മാറിമാറി വരുന്ന മഹാമാരികളും പുതിയതായി കണ്ടുപിടിക്കപ്പെടുന്ന സാംക്രമിക രോഗങ്ങളും മൂലം ജീവനുപോലും ഹാനി സംഭവിച്ചേക്കാവുന്ന ഒരു മേഖലയിൽ നിന്നുകൊണ്ടാണ് രോഗികളെ പരിചരിക്കേണ്ടിവരുന്നത്. പലപ്പോഴും സ്വന്തം സുഖവും വീടും കുടുംബവും ഒക്കെ മറന്ന് പരിത്യാഗത്തോടെ ശുശ്രൂഷ നൽകേണ്ടതായി വരുന്നു. ശ്വാസംമുട്ടിക്കുന്ന രീതിയിലുള്ള ശാസ്ത്രസാങ്കേതിക വളർച്ചയും, നവീനചികിത്സാരീതികളും രോഗീശുശൂഷ്രാരംഗത്ത് സജീവമാകുമ്പോൾ അതിന് ആനുപാതികമായി അറിവു വർധിപ്പിക്കേണ്ടത് രോഗീശുശ്രൂഷരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ആവശ്യമായി വരുന്നു. ആശുപത്രികളുടെ നേരെയും ആരോഗ്യപ്രവർത്തകരുടെ നേരെയും വർധിച്ചുവരുന്ന ആക്രമണങ്ങൾ ആശങ്കാജനകമാണ്.

ചുരുക്കിപറഞ്ഞാൽ സുവിശേഷവത്ക്കരണത്തിന് സഭ മലർക്കെ തുറന്നിട്ടിരിക്കുന്ന വലിയ ഒരു മേഖലയാണ് രോഗി പരിപാലനരംഗം. സ്വന്തം ആത്മരക്ഷയും ആത്മാക്കളുടെ രക്ഷയും ദൈവത്തിന് ഉപരിമഹത്വവും കൊടുക്കുന്ന ശ്രേഷ്ഠമായ ശുശ്രൂഷാ രംഗമേ നമോവാകം ! !

സിസ്റ്റർ സ്റ്റാർലി എസ് .ഡി

Latest Updates

POPULAR Views

FEATUERD Views

സമുദായശക്തീകരണം സഭയുടെ വളര്‍ച്ചയ്ക്ക്

'നിന്റെ അമ്മ, ജലാശയത്തിനടുത്തു നട്ടിരിക്കുന്ന മുന്തിരിച്ചെടിപോലെയാണ്. ധാരാളമായി വെള്ളം കിട്ടിയതുമൂലം അതു...

പ്രത്യാശയുടെ ജൂബിലിവര്‍ഷം

എഡി 1300 മുതല്‍ ഓരോ 25 വര്‍ഷം കൂടുമ്പോഴും ആചരിച്ചുപോരുന്ന ജൂബിലിവത്സരത്തിന്...

പ്രകാശവീഥിയില്‍ സഭ

തിരുസഭയുടെ ആത്മാവബോധം ദൈവശാസ്ത്ര ലോകത്തും സാധാരണ ചര്‍ച്ചകളിലും ശരിയായ വിധത്തില്‍ ഗ്രഹിക്കുകയും...

പിയര്‍ ജോര്‍ജോ ഫ്രസാത്തിയും ലോട്ടസ് ഇഫക്ടും

* പലവിധത്തിലുള്ള മാലിന്യങ്ങള്‍ പരന്നിരിക്കുന്ന വര്‍ത്തമാനകാലത്തില്‍ യുവജനങ്ങള്‍ക്ക് വിശുദ്ധജീവിതം സാധ്യമാണോ? നവവിശുദ്ധനായ...

ഇവിടെ തുടങ്ങാം കാര്‍ലോയിസം

ഇന്ന് ലോകത്തിന്റെ ശ്രദ്ധാപാത്രമായിരിക്കുന്ന രണ്ടു ചെറുപ്പക്കാരുണ്ട്. പീഠത്തില്‍ കൊളുത്തിവച്ച ദീപം പോലെ...

കടിയേറ്റു ചോരവാര്‍ന്ന് കേരളം !

ഈ പട്ടികളെക്കൊണ്ടു തോറ്റു...! ഈ പ്രയോഗം കടുത്തതായി തോന്നിയേക്കാം. എങ്കിലും നഗര, ഗ്രാമ...

ക്രൈസ്തവരും ഭാരതസ്വാതന്ത്ര്യവും

ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തില്‍ ക്രൈസ്തവജനത വഹിച്ച പങ്ക് നിസ്തുലമാണ്. സ്വന്തം ജീവിതവും സമ്പത്തും...

ദൈവം കരുതിവച്ച വീഞ്ഞ്

2025 മെയ് എട്ടാം തീയതി ചരിത്രപ്രസിദ്ധമായ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ...

മനുഷ്യരുടെ ഭാഷയിൽ സംസാരിച്ച ദൈവദൂതൻ

എല്ലാവരും തങ്ങളുടെ സ്വന്തമായി കണ്ട, എല്ലാവരെയും സ്വന്തമായി പരിഗണിച്ച പാപ്പാ. ഇരുപത്തൊന്നാംനൂറ്റാണ്ടിന്റെ...

ധാർമിക ലോകത്തെ തകർക്കുന്ന ലഹരി

'ജന്മം നൽകിയതിനുള്ള ശിക്ഷ ഞാൻ നടപ്പിലാക്കി' അമ്മയെ കൊലപ്പെടുത്തിയതിനുശേഷം കുറ്റബോധമോ പശ്ചാത്താപമോ...

ഉപരിസ്നേഹത്താൽ പരിഹാരം ചെയ്യേണ്ട സമയം

മാനവകുലം ഏവംവിധം അന്യവൽക്കരിക്കപ്പെട്ട ഒരു ലോകത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഏകനീഢത്തിലെന്ന...

ക്രിസ്തീയസഭകളുടെ ഐക്യം – എക്യുമെനിസം

വിവിധ സഭകൾ എന്തുകൊണ്ട്? ദൈവം "മൂവൊരുവൻ' (ത്രിത്വം) ആയിരിക്കുന്നതുപോലെ, പഴയനിയമ ജനതയായ ഇസ്രായേലിൽ...
error: Content is protected !!