ലോകരക്ഷകനായ ഈശോമിശിഹായുടെ മനുഷ്യാവതാരത്തിന്റെ 2025-ാം ജൂബിലിവർഷം 2024 ഡിസംബർ 24-ന് ആരംഭിക്കുകയാണ്. 2026 ജനുവരി ആറിന് അവസാനിക്കുന്ന വിധത്തിലാണ് ജൂബിലിവർഷം പ. പിതാവ് ഫ്രാൻസിസ് മാർപാപ്പ നിശ്ചയിച്ചിരിക്കുന്നത്. ഈ ജൂബിലി വർഷത്തിൽ പ. പിതാവ് ലോകത്തിനു നല്കാൻ ആഗ്രഹിക്കുന്ന സന്ദേശം ഈശോമിശിഹായിലുള്ള പ്രത്യാശ ആരെയും ഒരിക്കലും നിരാശരാക്കുന്നില്ല എന്ന (റോമ 5:5) വി. പൗലോസിന്റെ ബോധ്യമാണ്. ദൈവവുമായുള്ള സമാനത മുറുകെപിടിക്കാതെ ഈശോമിശിഹാ മനുഷ്യനായിത്തീർന്നതിന്റെ ഓർമയിൽ ജൂബിലിയാഘോഷിക്കുമ്പോൾ പ്രത്യാശയുടെ തീരത്തേക്ക് ലോകം മുഴുവനെയും ക്ഷണിക്കുകയാണ് ഈ മഹാജൂബിലിയുടെ സന്ദേശം.
2025 മഹാജൂബിലിയുടെ സംഗത്യവും സന്ദേശവും വ്യക്തമാക്കി പരിശുദ്ധ പിതാവ് 2024 മെയ് ഒമ്പതിന് പുറപ്പെടുവിച്ച ജൂബിലി സ്ഥാപനബൂളയിൽ ആധുനികലോകത്തിന്റെയും സമകാലികസഭയുടെയും പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വിശകലനം ചെയ്യുകയും പ്രശ്നപരിഹാരത്തിലേക്കും മനോഭാവങ്ങളുടെ മാറ്റത്തിലേക്കും നയിക്കുന്ന പരിഹാരമാർഗം നിർദ്ദേശിക്കുകയും ചെയ്യുന്നു. പ്രത്യാശയിൽ നങ്കൂരമുറപ്പിക്കാനുളള ആഹ്വാനം ഫ്രാൻസിസ് മാർപാപ്പ നല്കുന്നത് ലോകരക്ഷകനായ ഈശോമിശിഹായിലുളള വിശ്വാസത്തിൽനിന്നുളവാകുന്ന ജീവിതശൈലി സ്വീകരിക്കുകയാണ് എല്ലാ പ്രതിസന്ധികൾക്കുമുള്ള പ്രതിവിധി എന്ന ബോധ്യത്തിലാണ്. തെറ്റിദ്ധാരണകൾ, മാനസികവും ശാരീരികവുമായ വേദനകൾ, ഒറ്റപ്പെടൽ, ദാരിദ്ര്യം,സ്നേഹിക്കപ്പെടുന്നില്ലെന്ന ചിന്ത, യുദ്ധങ്ങൾ, ഭിന്നതകൾ തുടങ്ങിയ നിഷേധാത്മക സാഹചര്യങ്ങളെല്ലാം അതിജീവിക്കണമെങ്കിൽ പ്രത്യാശയിൽ നമ്മൾ അടിയുറയ്ക്കണം. ഈലോകജീവിതത്തിനപ്പുറം നിത്യജീവൻ നമ്മെ കാത്തിരിക്കുന്നുണ്ടെന്നും ഈശോയിലാണ് ആ നിത്യജീവൻ നമ്മൾ കണ്ടെത്തുകയെന്നുമുള്ള ബോധ്യം ഈ ജീവിതത്തിന്റെ സഹനങ്ങളെയും വേദനകളെയും സമചിത്തതയോടെ നേരിടുന്നതിനുള്ള ശക്തിപ്രദാനം ചെയ്യും. സഭാചരിത്രത്തിൽ കണ്ടുമുട്ടുന്ന അനേകായിരം മനുഷ്യരുടെ ജീവിതസാക്ഷ്യം ഇതിന് ഉദാഹരണമാണ്.
മനുഷ്യാവതാരത്തിന്റെ നന്മയിൽ ആനന്ദിക്കുമ്പോൾ നമ്മുടെ ജീവിതം കൊണ്ട് മറ്റുള്ളവർക്ക് പ്രത്യാശയുടെ ഊന്നുവടികളാകാനെങ്കിലും സാധിക്കുമോ എന്നതാണ് ഏറെ പ്രസക്തമായ ചോദ്യം. ഞാൻ കണ്ടുമുട്ടുന്നവർക്ക്, എന്നെ അറിയുന്നവർക്ക് എന്നിലേക്കു നോക്കുന്നവർക്കു എന്റെ സാന്നിധ്യം അനുഭവിക്കുന്നവർക്കു പ്രത്യാശ നല്കാൻ സാധിക്കുന്നുണ്ടെങ്കിൽ ഈ മഹാജൂബിലി എന്റെ ജീവിതത്തിന്റെയും ആഘോഷമായി മാറും. മനുഷ്യന്റെ വേദനകളിലും സന്തോഷത്തിലും പങ്കുപറ്റാൻ മനുഷ്യനായ ദൈവത്തിന്റെ കാരുണ്യം നമ്മുടെ ജീവിതത്തിലും മറ്റുള്ളവരിലേക്കു പങ്കുവയ്ക്കപ്പെടുമ്പോഴാണ് സമകാലിക സമൂഹത്തിൽ മനുഷ്യാവതാരത്തിന്റെ ഊർമ്മപ്പെടുത്തലുകൾ സംഭവിക്കുന്നത്. ഈ ഊർമപ്പെടുത്തലുകൾ നമ്മുടെ അനുദിനജീവിതത്തിലൂടെ നിരന്തരം സംഭവിക്കുമ്പോൾ പ്രത്യാശയുടെ തിരിനാളം നമുക്കുചുറ്റുമുള്ളവരിൽ പ്രകാശിച്ചുകൊണ്ടേയിരിക്കും. പ്രത്യാശാപൂർണമായ ജീവിതത്തിലൂടെ, കാരുണ്യത്തിന്റെ ഇടപെടലുകളിലൂടെ നമ്മുടെ ജീവിതവും ഈ മഹാജൂബിലിയുടെ ആഘോഷമാക്കി മാറ്റാം.
പ്രത്യാശ നല്കുന്ന തിരുപ്പിറവിയുടെ മംഗളങ്ങൾ എല്ലാ വായനക്കാർക്കും സ്നേഹപൂർവ്വം ആശംസിക്കുന്നു.


