മാർത്തോമാശ്ലീഹായെ കുറിച്ചുള്ള ‘തോമായുടെ നടപടികൾ’എന്ന ഗ്രന്ഥം തുടങ്ങുന്നത് ഒരു സവിശേഷരംഗത്തോടെയാണ്. പന്തക്കുസ്താക്കുശേഷം ഭാവിപരിപാടികൾ ആസൂത്രണം ചെയ്യാൻ അപ്പസ്‌തോലന്മാർ എല്ലാവരും ജെറുസലേമിൽ ഒരുമിച്ച് കൂടിയിരിക്കുകയാണ്. ‘പരിശുദ്ധാരൂപിയെ സ്വീകരിക്കുന്നതുവരെ നിങ്ങൾ ജെറുസലം വിട്ടുപോകരുത് ‘ ( അപ്പസ്‌തോല പ്രവർത്തനങ്ങൾ 1: 4) എന്നുള്ള ഗുരുവിന്റെ വാക്കുകൾ അവർ എപ്പോഴും അനുസ്മരിക്കുന്നുണ്ടാവണം. ഈശോയുടെ ഉത്ഥാനത്തിന്റെ അൻപതാം ദിവസം, പന്തക്കുസ്താ ദിനം, പരിശുദ്ധാത്മാവിനെ സ്വീകരിച്ച അവർ പുതിയ മനുഷ്യരാവുകയും ലോകത്തിൽ എവിടെയും പോകാൻ ശക്തരാവുകയും ചെയ്യുന്നു. സുവിശേഷപ്രഘോഷണത്തിനുള്ള രാജ്യങ്ങൾ അവർ നറുക്കിട്ടെടുത്തു. അതനുസരിച്ച് തോമയ്ക്ക് ഇന്ത്യ ലഭിച്ചു എന്നാണ് ഈ ഗ്രന്ഥത്തിൽ നിന്ന് മനസിലാക്കാൻ കഴിയുന്നത്.
പാർത്യരാജാവായിരുന്ന ഗുണ്ടഫറസിന്റെ (AD 22- 49) പ്രതിനിധി ഹബാൻ ഒരു നല്ലതച്ചനെ അന്വേഷിച്ച് ജെറുസലേമിൽ എത്തിയ അവസരത്തിൽ തോമസ് ഇദ്ദേഹത്തെ പരിചയപ്പെടാൻ ഇടയായി. അവർ തമ്മിലുള്ള നീണ്ട സംഭാഷണം ഈ ഗ്രന്ഥത്തിലുണ്ട്. ഒടുവിൽ അദ്ദേഹത്തിന്റെ കൂടെ ഇന്ത്യയിലേക്ക് പോകാൻ തോമസ് സന്നദ്ധനാകുന്നു. ജെറുസലത്തു നിന്ന് പുറപ്പെട്ട അവർ ചെസറയാ, അലക്‌സാണ്ട്രിയ വഴി ഇന്ത്യയിൽ വന്നെത്തുന്നത് AD 42 ൽ ഗുജറാത്തിലെ ബറൂജ് എന്ന അന്നത്തെ പ്രശസ്ത തുറമുഖപട്ടണത്തിലാണ്. അവിടെനിന്ന് തോമസ് ഹബാന്റെ കൂടെ തക്ഷശിലയിൽ ഗുണ്ടഫറസ് ചക്രവർത്തിയുടെ അരമനയിൽ എത്തി രാജാവിനെ കാണുന്നു. ഗുണ്ടഫറസ് രാജാവും അദ്ദേഹത്തിന്റെ സഹോദരൻ ഗാദും (Abdias) തോമാശ്ലീഹായിൽ നിന്ന് ക്രൈസ്തവവിശ്വാസം സ്വീകരിക്കുന്നതായിട്ടാണ് ഗ്രന്ഥം പറയുന്നത്. വടക്കേ ഇന്ത്യ ഉൾപ്പെടുന്ന ഗുണ്ടഫറസ് ചക്രവർത്തിയുടെ പാർത്യ രാജ്യത്ത് തോമാശ്ലീഹാ നടത്തിയ ഒന്നാമത്തെ പ്രേഷിത യാത്രയാണ് (AD 42 – 49) ‘തോമായുടെ നടപടികളി’ലെ ആദ്യ ആറ് അധ്യായങ്ങളിലുള്ളത്. ഏഴു മുതൽ പതിമൂന്നു വരെയുള്ള അധ്യായങ്ങൾ കേരളമുൾപ്പെടുന്ന തെക്കേ ഇന്ത്യയിലെ തോമായുടെ രണ്ടാമത്തെ പ്രേഷിത യാത്രയുടെ (AD 52-72) കാര്യമാണ് വിവരിക്കുന്നത്. തോമാശ്ലീഹാ രൂപം കൊടുത്ത സഭാസമൂഹത്തെ നയിക്കുന്നതിന് സേന്റിപസ് (Xantipus) എന്ന ഡീക്കനെ ഭരമേല്പിച്ചശേഷം സുവിശേഷപ്രഘോഷണത്തിന് തോമസ് മറ്റൊരു രാജ്യത്തിലേക്ക് പോയി എന്നാണ് ‘തോമായുടെ നടപടികളി’ൽ കാണുന്നത്. AD 49 ൽ പാർത്യയിൽ നിന്ന് ജെറുസലത്തേക്കു തിരിച്ചു പോയതും തുടർന്ന് AD 52 ൽ കേരളത്തിൽ എത്തുന്നതും ഈ ഗ്രന്ഥത്തിലെ അധ്യായങ്ങളിലൂടെ കടന്നുപോകുമ്പോൾ വ്യക്തമാകുന്നു.
തോമാശ്ലീഹാ തന്റെ ഗുരുവിന്റെ സന്ദേശം പ്രചരിപ്പിക്കാനാണ് ഇന്ത്യയിൽ എത്തുന്നത്. തക്ഷശിലയിലും മുസിരിസിലും ഒക്കെയുള്ള ഗ്രീക്കും അറമായയും അറിയാവുന്നവരോട് സംസാരിക്കാൻ അദ്ദേഹത്തിന് എളുപ്പത്തിൽ സാധിച്ചു. തന്റെ ഇവിടെയുള്ള പ്രവർത്തനങ്ങളെ പറ്റി എദേസായിലെ സഭയിലുള്ള തോബിയാസിന് എഴുതുവാൻ തോമസിനെ നിർബന്ധിച്ചിട്ടുണ്ടാവണം. അങ്ങനെ അവരുടെ അലക്‌സാണ്ടറിയായിലെ അനുഭവങ്ങളും ഇന്ത്യയിലെ അനുഭവങ്ങളും അദ്ദേഹത്തിനു ലഭിച്ച സ്വീകരണങ്ങളും എതിർപ്പുകളും കത്തിന്റെ രൂപത്തിൽ എദേസായിലെ സഭയിൽ എത്തിയിട്ടുണ്ടാകണം എന്നാണ് ചരിത്രകാരനായ ഫർക്കാർ അഭിപ്രായപ്പെടുന്നത്. അപ്പസ്‌തോലന്മാരുടെ പ്രബോധനം (Dotcrine of theApostles) എന്ന സുറിയാനി ഗ്രന്ഥത്തിൽ ഇത്തരം കത്തിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, Dotcrine of Addai എന്ന ഗ്രന്ഥത്തിലും ഇക്കാര്യം കാണാം. എങ്ങനെയാണ് ഈ കത്ത് എദേസയിലേക്ക് അയച്ചതെന്നും ഫർക്കാർ എഴുതുന്നുണ്ട്. തോമാശ്ലീഹായുടെ മൈലാപ്പൂരിലെ രക്തസാക്ഷിത്വത്തിന്റെ വിവരണങ്ങളും ഈ കത്തിൽ ഉണ്ടായിരുന്നിരിക്കണം. അതുകൊണ്ടു വളരെകൃത്യമായി, വിശദമായി അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തെക്കുറിച്ച് ‘തോമായുടെ നടപടികളു’ടെ പതിമൂന്നാം അധ്യായത്തിൽ വിവരിക്കുന്നുണ്ട്.
ഏഴു മുതലുള്ള അധ്യായങ്ങളിൽ തോമാശ്ലീഹായുടെ രണ്ടാമത്തെ രാജ്യത്തുള്ള പ്രവർത്തനങ്ങളുടെ വിവരണമാണുള്ളത്. തെക്കേ ഇന്ത്യയിലെ മസ്ദായിയുടെ രാജ്യമാണ് അതെന്നാണ് ഗ്രന്ഥം വ്യക്തമാക്കുന്നത്. ഈ രാജ്യത്തെ വിവിധ പ്രദേശങ്ങളിലും അദ്ദേഹം സുവിശേഷം പ്രസംഗിക്കുകയും അനേകം അത്ഭുതങ്ങൾ പ്രവർത്തിക്കുകയും അനേകരെ ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു. രാജപുത്രനും രാജാവിന്റെ ഭാര്യയും പട്ടാളമേധാവിയുടെ ഭാര്യയും മറ്റും സുവിശേഷം സ്വീകരിച്ചവരിൽ ചിലർ മാത്രമാണ്. ഇതെല്ലാം രാജാവിന്റെ അനിഷ്ടത്തിനും ക്രോധത്തിനും കാരണമായി. തന്മൂലം മസ്ദായി തോമസിനെ വധിക്കാൻ പടയാളികളെ നിയോഗിക്കുന്നു. അവർ തോമാശ്ലീഹായെ വധിക്കുന്നതായി ഗ്രന്ഥത്തിന്റെ പന്ത്രണ്ടാമത്തെ അധ്യായത്തിൽ കാണാം. എന്നാൽ പിന്നീട് നടക്കുന്ന ചില സംഭവങ്ങൾമൂലം ഈ ചക്രവർത്തി മാനസാന്തരപ്പെടുകയും ക്രിസ്ത്യാനിയാകുകയുമാണ് ചെയ്യുന്നത്. അങ്ങനെ തോമാശ്ലീഹായുടെ ഭാരതത്തിലെ പ്രേഷിതപ്രവർത്തനങ്ങളെക്കുറിച്ചും മൈലാപ്പൂരിലെ രക്തസാക്ഷിത്വത്തെക്കുറിച്ചും ‘തോമായുടെ നടപടികൾ’ ഏതാണ്ട് കൃത്യമായ വിവരണം നൽകുന്നു.
റവ. ഡോ. ജെയിംസ് പുലിയുറുമ്പിൽ


