ഇന്ന് നമ്മള്‍ ലാസറിന്റെ ശനി ആചരിക്കുന്നു. ഓശാന ഞായറിന് തൊട്ടുതലേന്നുള്ള ശനിയാഴ്ചയാണ് ലാസറിന്റെ ശനി ആചരിക്കുന്നത്. അതുപോലെ അമ്പതുനോമ്പിന്റെ 41 ാം ദിവസവും.
യേശു നാല്പത് ദിവസം നോമ്പു നോറ്റതുപോലെ ക്രൈസ്തവരും നാല്പതു ദിവസം നോമ്പെടുക്കുകയും അത് പൂര്‍ത്തിയാക്കുകയും ചെയ്യുന്നുവെന്ന വിശ്വാസമാണ് ഈ ദിനാചരണത്തിനുള്ളത്. പക്ഷേ ഇവിടെ നോമ്പ് അവസാനിക്കുന്നില്ല എന്ന കാര്യവും പ്രത്യേകം പറയേണ്ടതുണ്ട്. തുടര്‍ന്നുള്ള പത്തുദിവസവും യേശുവിന്റെ പീഡാസഹനത്തെ ഓര്‍മ്മിച്ചുകൊണ്ട് നോമ്പ് തുടരുകയും ചെയ്യുന്നു.
യേശു ബഥാനിയായില്‍ ലാസറിനെ ഉയിര്‍പ്പിച്ച സംഭവമാണ് ഇത്തരമൊരു ആചരണത്തിന്റെ പിന്നിലുളളത്. ഈ ദിവസം കൊഴുക്കട്ട ഉണ്ടാക്കുന്ന പതിവുള്ളതിനാല്‍ ഇതിന് കൊഴുക്കട്ട ശനിയെന്നും പേരുണ്ട്.
ലാസറിന്റെ സഹോദരിമാരായ മാര്‍ത്തയും മറിയവും മാവുകുഴച്ചുണ്ടാക്കിയ ഒരു പ്രത്യേകവിഭവം യേശുവിന് നല്കിയെന്നും ഈ അപ്പമാണ് പെസഹായ്ക്ക് മുമ്പ് യേശു കഴിച്ച അവസാനത്തെ വിരുന്ന് എന്നാണ് ഒരുകഥ. യേശുവിന് തൈലാഭിഷേകം നടത്താന്‍ ഭക്തസ്ത്രീകള്‍ കരുതിവച്ച സുഗന്ധദ്രവ്യങ്ങള്‍ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണ് മധുരം അകത്തുചേര്‍ന്ന കൊഴുക്കട്ടയെന്നാണ് മറ്റൊരു കഥ.


