ഫാ. അജോ രാമച്ചനാട്ട്
പ്രാചീന ഗ്രീസിലെ ഡെൽഫിയിലായിരുന്നു, അപ്പോളോദേവന്റെ ക്ഷേത്രം. ഇപ്പോഴും അതിന്റെ അവശിഷ്ടങ്ങൾ ഉണ്ടവിടെ. അപ്പോളോക്ഷേത്രത്തിലെ ആ പ്രശസ്തമായ എഴുത്തിന് ക്രിസ്തുവിനേക്കാളും നാലായിരം വർഷം പഴക്കം ഉണ്ട്. “Man, you know thyself !” – മനുഷ്യാ, നീ നിന്നെത്തന്നെ അറിയുക. അതാണ് ഏറ്റവും വലിയ അറിവെന്ന് കൂട്ടിച്ചേർത്തത് സോക്രട്ടീസും.
പഴയ കാലമല്ല! അറിവുകളെയും അറിവുകാരെയും തട്ടീട്ട് നടക്കാൻ മേലാത്ത അവസ്ഥയാണ്. എല്ലാവരും വളരെ informed ആണ്, updated ആണ്. അടുത്ത് നിൽക്കുന്നവൻ ഒന്ന് തുമ്മിയാൽ ദേ ഉടൻ വന്നുകഴിഞ്ഞു, ഒരു 16 തരം മരുന്നുകൾ.
യൂട്യൂബും, ഇൻസ്റ്റയും, ഓൺലൈൻ വൈദ്യന്മാരും എല്ലാം ചേർന്ന് നമ്മളെ ഒന്നൊന്നര ഡോക്ടർമാർ ആക്കിയിരിക്കുകയാണ്. മമ്മൂട്ടിയുടെയോ മോഹൻലാലിന്റെയോ കാറുകളുടെ എണ്ണവും ചരിത്രവും, ജയറാമിന്റെ ആനകളുടെ എണ്ണം, A. R. റഹ്മാൻ ഇന്നലെ എവിടെ ആയിരുന്നു?, റൊണാൾഡോ നാളെ വാങ്ങാൻ പോകുന്ന ഷൂസിന്റെ നിറം എന്താണ്? BMW ന്റെയോ Audi യുടെയോ ഇറങ്ങാൻ പോകുന്ന model ഏതാണ്? details എന്താണ്…??
എല്ലാം വീട്ടിലെ പൂച്ചക്ക് പോലും അറിയാം. വൈജ്ഞാനിക വിസ്‌ഫോടനം..!!
എന്ത് വേണമെങ്കിലും കണ്ടും കേട്ടും അറിഞ്ഞും ജീവിക്കാൻ ഉള്ള സാഹചര്യങ്ങളിൽ ആണ് നമ്മൾ. പോരാഞ്ഞിട്ട് നാട്ടിൽ നടക്കുന്ന സർവ്വതും അപ്പപ്പോ ഇങ്ങെത്തിക്കാൻ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളും!
എന്റെ ചങ്ങാതീ,
ഒന്നുമാത്രം നമുക്കറിയില്ല – നമ്മളെപ്പറ്റി!
എന്തൊക്കെയോ അറിയാം എന്നല്ലാതെ!
സ്വയം അറിവിന്റെ കാര്യത്തിൽ നമ്മളൊക്കെ ഓരോരോ ലെവലിൽ ആയിരിക്കും.
നമ്മൾ ആദ്യം പഠിക്കേണ്ടത് നമ്മളെത്തന്നെ ആയിരുന്നു. നമ്മുടെ സിദ്ധികളും കുറവുകളും സാധ്യതകളും നമ്മൾ അളക്കേണ്ടിയിരുന്നു, ആദ്യം.
എന്നെ എനിക്ക് എത്രത്തോളം അറിയാം?
- മൊബൈലിൽ എല്ലാം അപ്ഡേറ്റ് ആകുമ്പോഴും നമ്മൾ സ്വയം അപ്ഡേറ്റ് ആകുന്നുണ്ടോ?
- ഒരു വർഷം ഒരു പുസ്തകമെങ്കിലും ഞാൻ വായിക്കുന്നുണ്ടോ?
- എന്റെ ഒരു പാകതക്കുറവ്, പോരായ്മ പരിഹരിക്കാൻ മണിക്കൂറുകൾ നീളുന്ന എന്റെ screentime എന്നെ സഹായിക്കുന്നുണ്ടോ?
- ഇത്രയും സൗകര്യങ്ങൾ കൈവെള്ളയിൽ കൊണ്ടുനടന്നിട്ടും ദിവസം ഒരു പത്ത് മിനിട്ടെങ്കിലും എന്തെങ്കിലും ഒന്ന് പഠിച്ചെടുക്കാൻ ഞാൻ മാറ്റിവെക്കുന്നുണ്ടോ?
- ദൈവം തന്ന സിദ്ധികളെ വളർത്താൻ ഇപ്പോളുള്ള ജീവിതരീതി എന്നെ സഹായിക്കുന്നുണ്ടോ?
- സൗകര്യങ്ങളുടെ ആധിക്യം എന്നെ രോഗിയാക്കിയോ?
ഇതാണ്, ആകെക്കൂടി ഇന്നത്തെ ധ്യാനം.
ആകേണ്ട എന്നിൽനിന്നും ആയിരിക്കുന്ന ഞാൻ എത്രത്തോളം ദൂരെയാണ്?
നോമ്പുകാലം, നോവുകാലമാകട്ടെ..
സ്വയം വെട്ടിയൊരുക്കലിന്റെ,
തീരാത്ത പരിശ്രമങ്ങളുടെ,
ഒരു തപസ്സുകാലം..!


