സീറോമലബാര്‍ സഭാമക്കളായ നമ്മള്‍ ആഗോളസഭയോട് ചേര്‍ന്ന് വലിയ നോമ്പിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഒരു എസ്കറ്റോളജിക്കല്‍ ആധികാരികതയോടെയുള്ള ജീവിതസമീപനത്തിലേക്കാണ് സഭ ആരാധനാക്രമവല്‍സരത്തിലൂടെ നമ്മളെ വീണ്ടും നോമ്പുകാലത്തിലേക്ക് കൂട്ടികൊണ്ടുപോകുന്നത്. നമ്മളെ സംബന്ധിച്ചിടത്തോളം കൂടുതല്‍ തീക്ഷ്ണതയോടും ഉല്‍സാഹത്തോടുംകൂടി ദൈവത്തിങ്കലേക്കും അവനവനിലേക്കും മറ്റുള്ളവരിലേക്കും നടക്കുന്ന നാളുകളാണ് നോമ്പുകാലം. സീറോമലബാര്‍ വിഷന്‍റെ ആദ്യലക്കത്തില്‍തന്നെ വലിയ നോമ്പ് വിടര്‍ത്തുന്ന ചിന്തകളിലേക്ക് ഉയരുന്നത് കൂടുതല്‍ പ്രേഷിതചൈതന്യത്തില്‍ വളരുവാന്‍ നമുക്ക് ഏവര്‍ക്കും സഹായകരമാണ്.
നോമ്പ് സ്നേഹത്തിന്‍റെ ക്രമപ്പെടുത്തലാണ്: നോമ്പ് എന്ന് ചിന്തിക്കുമ്പോഴേ ചില ഭക്ഷണസാധനങ്ങള്‍ ഉപേക്ഷിക്കുന്നതുമായി ബന്ധപ്പെട്ട ചിന്തകളാണല്ലോ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത്. ഇപ്രകാരമുള്ള ത്യാഗങ്ങള്‍ ശരീരത്തിന്‍റെ ചില ഇശ്ചകള്‍ അത്ര പ്രധാനപ്പെട്ടതല്ലായെന്നും എന്തില്‍ നിന്നും കൃത്യമായ അകലം കാത്തുസൂക്ഷിക്കുവാന്‍ നമുക്ക് ആവുമെന്നതിന്‍റെ അടയാളവും കൂടിയാണ്. കോവിഡും ഒരു പരിധിവരെ ഈ പാഠങ്ങള്‍ നമ്മളെ പഠിപ്പിച്ചു. നിര്‍മമത എന്ന പദം നോമ്പുമായി ചേര്‍ത്തു വയ്ക്കാവുന്ന ഒന്നാണ്. ഒന്നിനോടും താല്‍പര്യമില്ലായ്മ എന്ന അര്‍ത്ഥത്തില്‍ വിരക്തി, അകല്‍ച്ച എന്ന അര്‍ത്ഥത്തിലല്ല, മറിച്ച് യാതൊന്നിനോടും പറ്റിചേരാത്ത അവസ്ഥയെയാണ് ഈ പദം വിവക്ഷിക്കുന്നത്. നമ്മളെ ആഴത്തില്‍ വലിച്ചടുപ്പിക്കുന്ന ദൈവസ്നേഹത്തിന്‍റെ ദീപ്തിക്കു മുന്നില്‍ മറ്റൊന്നിനും പ്രാധാന്യമില്ലാത്ത രീതിയിലുള്ള ജീവിതസമീപനമാണത്. സുഭിക്ഷതയിലും ദാരിദ്ര്യത്തിലും എനിക്ക് ഒരേപോലെ ജീവിക്കാനറിയാം എന്ന പൗലോസ് അപ്പസ് തോലന്‍റെ വാക്കുകള്‍ (ഫിലി:4.13) ഈ ദീപ്തിയെയാണ് വരച്ചു കാട്ടുന്നത്. അതിനാല്‍ നോമ്പ്, മുന്‍ഗണനകളുടെ ക്രമമറിയലും ജീവിതത്തെ അതനുസരിച്ച് ക്രമപ്പെടുത്തലുമാണ്.
നോമ്പ് സ്ഥിരോല്‍സാഹവും തീക്ഷണതയുമാണ്: നോമ്പുകാലത്ത് വളരെ സവിശേഷമായ രീതിയിലുള്ള അനുതാപത്തിലേക്കും മാനസാന്തരത്തിലേക്കുമാണ് സഭ നമ്മളെ ക്ഷണിക്കുന്നത്. യഥാര്‍ത്ഥ പശ്ചാത്താപമെന്നത് ദൈവികമായ ദുഖമാണെന്നും അതിന്‍റെ പ്രധാന ഫലങ്ങള്‍ ഉത്സാഹവും തീക്ഷതയുമാണെന്നും വചനം പഠിപ്പിക്കുന്നു (2 കൊറി : 7.11). അതായത് നോമ്പുകാലം ഒരു ഉള്‍വലിയല്‍ എന്ന അവസ്ഥയിലേക്കല്ല, മറിച്ച് കൂടുതല്‍ മിഴിവാര്‍ന്ന സമര്‍പ്പണത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്. ഈ ഉല്‍സാഹം പ്രാര്‍ത്ഥനയിലും പുണ്യപ്രവര്‍ത്തികളിലും കൂടുതല്‍ പ്രബുദ്ധരാകാന്‍ നമ്മളെ സഹായിക്കുന്നു. ഒരു വ്യക്തിയുടെ അനുതാപത്തിന്‍റെ ആഴമറിയുന്നത് മാനസാന്തരത്തിന്‍റെ ഫലങ്ങളായ ഉത്സാഹത്തില്‍നിന്നും തീഷ്ണതയില്‍നിന്നും കൂടിയാണ്.
നോമ്പ് നിലനില്‍ക്കുന്ന പ്രതിബദ്ധതയാണ്: നമ്മുടെ സമൂഹങ്ങളുടെ ഭാഗമായികൊണ്ടിരിക്കുന്ന പുരോഗതിയുടെയും മാറ്റത്തിന്‍റെയും സങ്കീര്‍ണവും ശക്തവുമായികൊണ്ടിരി ക്കുന്ന കാറ്റ് എല്ലാവരുടെയും നിലപാടുകളെയും ജീവിതശൈലികളെയും ദോഷകരമായുംകൂടി ബാധിക്കുന്ന സാഹചര്യത്തില്‍ നിലനില്‍നില്‍ക്കുന്ന ബന്ധങ്ങളും പരിപാലിച്ചുപോരുന്ന പ്രതിബദ്ധതകളും ജീവിതത്തിന്‍റെ ദ്രുതതാളത്തില്‍ തൂത്തെറിയപ്പെടുകയാണ്. സമ്പത്തിന്‍റെയും ഭൗതികസൗകര്യങ്ങളുടെയും വര്‍ദ്ധനവ് നമ്മളില്‍ പലരെയും കൂടുതല്‍ സ്വതന്ത്രരും ജീവിതാസ്വാദകരുമാക്കിയപ്പോള്‍ അന്യംനിന്നുപോയത് വിശ്വസ്തതയുടെ നനുത്ത മേച്ചില്‍പുറങ്ങളാണ്. അതുകൊണ്ട് നമ്മെ ആദ്യസ്നേഹ ത്തിന്‍റെ ഊഷ്മളമായ തലത്തിലേക്ക് തിരിച്ചുപോകാനുള്ള ക്ഷണം നോമ്പുകാലം ഉയര്‍ത്തുന്നു (വെളി:2.4).
നോമ്പ് അപരനിലേക്കുള്ള നടപ്പാണ്: ആത്മീയതയെന്നത് പരോന്മുഖതയും കൂടിയാകയാല്‍ നമ്മളെ ഭരമേല്‍പിച്ച വ്യക്തികളോട്, കുടുംബത്തോട്, തൊഴിലിനോട്, സംവിധാനങ്ങളോട്, ഉത്തരവാദിത്വങ്ങളോട് നമ്മള്‍ പുലര്‍ത്തുന്ന വിശ്വസ്തതയുടെ മാറ്റുരക്കുന്ന സമയവുംകൂടിയാണ് നോമ്പുകാലം. ആത്മീയതയും മതാത്മകതയും വ്യത്യസ്ഥ ഭ്രമണപഥത്തിലൂടെ സഞ്ചരിക്കുമ്പോള്‍ രണ്ടും തമ്മിലുള്ള അന്തരം വലുതാവുകയും അതോടൊപ്പം കുറെ ഭക്തമനുഷ്യര്‍ സൃഷ്ടിക്കപ്പെടുന്നു എന്നത് മാത്രവുമാണ് സംഭവിക്കുന്നത്. ഞാന്‍ നിങ്ങളെ അറിയുന്നേയില്ല എന്ന വാക്കുകള്‍ (മത്താ:7.21) ഈ ദിവസങ്ങളില്‍ നമ്മെ അസ്വസ്ഥപ്പെടുത്തണം. അപ്പോഴാണ് ദൈവികമായ ദുഃഖം നമ്മില്‍ രൂപപ്പെടുന്നത്. ഭക്തര്‍ ആത്മീയരാവുന്ന കര്‍മ്മമാര്‍ഗ്ഗത്തിലേക്കു നടന്നടുക്കാനുള്ള ക്ഷണമായും കൂടിയാണ് ഓരോ നോമ്പുകാലവും കടന്നുവരുന്നത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകള്‍ മുതല്‍ ‘ഫ്രത്തൂലെ തൂത്തി’ വരെ എത്തി നില്‍ക്കുന്ന സഭാപ്രബോധനങ്ങളും ഈ സമഗ്രമായ ആത്മീയതയുടെ നിര്‍വചനമാണ് നമുക്ക് നല്‍കുന്നത്.
എത്രസമയം കൂടെയിരുന്നാലും തൃപ്തിവരാത്ത പ്രണയിതാക്കളുടെ മനസ്സുപോലെ ദൈവികസാന്നിധ്യത്തിന്‍റെ മാധുര്യം പ്രാര്‍ത്ഥനയിലൂടെ ആസ്വദിക്കാനും എത്ര ചെയ്തുകൊടുത്താലും മതിയാകാത്തവിധത്തില്‍ സഹനമറിയാത്ത സ്നേഹത്തിലേക്ക് കര്‍മോത്സുകരാകാനും നമ്മെ ക്ഷണിക്കുന്ന നോമ്പുകാലത്ത് സവിശേഷമായ വിധത്തില്‍ സീറോമലബാര്‍ സഭക്കുവേണ്ടിയും സഭാമക്കള്‍ക്കുവേണ്ടിയും കൂടുതല്‍ പ്രാര്‍ത്ഥിക്കാനും സഭക്കായി കൂടുതല്‍ പ്രതിബദ്ധരാകാനും നമുക്ക് പരിശ്രമിക്കാം.
ഡോ. കൊച്ചുറാണി ജോസഫ്
സീറോമലബാര്‍ സഭാ വക്താവ്


