സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ജൂലൈ 28 (കൈത്താക്കാലം ഞായര്‍ 4) മത്തായി 13: 44- 52
ദൈവരാജ്യം വളരെ യാദൃച്ഛികമായി് ഒരു മനുഷ്യന്‍ കണ്ടെത്തിയ നിധി ആണെന്നാണ് ഈശോ പറയുന്നത്.
താന്‍ വാങ്ങിക്കൂട്ടാന്‍ പോകുന്ന ഭൂമിയിലൊന്നില്‍ വളരെ യാദൃച്ഛികമായി (accidently) നിധിയുണ്ടെന്ന് ഒരാള്‍ തിരിച്ചറിയുകയാണ്. അതോടുകൂടി പുള്ളി തന്റെ ബാക്കിയുള്ള പറമ്പുകളൊക്കെ വിറ്റ് ആ പറമ്പ് വാങ്ങുന്നു. അത്തരത്തില്‍ ദൈവരാജ്യം വളരെ ആകസ്മികമായി കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്.
പൗലോസിന്റെ കാര്യം എടുക്കുക. ദമാസ്‌ക്കസിലേക്കു കുതിരപ്പുറത്തു പോകുമ്പോള്‍ ഒരു വീഴ്ച്ച. ആ വീഴ്ചയില്‍ ആണ് സാവൂള്‍ ക്രിസ്തു എന്ന നിധി കണ്ടെത്തുന്നതും പൗലോസായി രൂപാന്തരപ്പെടുന്നതും. അസീസിയിലെ വിശുദ്ധ ഫ്രാന്‍സിസാണ് മറ്റൊരു ഉദാഹരണം. യുദ്ധത്തിനു പോകുമ്പോഴാണ് വളരെ അസ്വാഭാവികമായി ഒരു ദര്‍ശനം. ലഭിക്കുന്നത്.
നിനക്കു യജമാനനെ സേവിക്കണോ ദാസനെ സേവിക്കണോ? ആ ചോദ്യത്തിലൂടെ അദ്ദേഹം ദൈവരാജ്യം എന്ന നിധിയുടെ സമീപമെത്തി. ഇഗ്‌നേഷ്യസ് ലെയോളയുടെ കാര്യം എടുക്കുക യുദ്ധത്തില്‍ മുറിവേറ്റു കിടക്കുമ്പോഴാണ് ദൈവത്തെക്കുറിച്ച്, സ്വര്‍ഗ്ഗരാജ്യത്തെ കുറിച്ച് അദ്ദേഹം ചിന്തിക്കുന്നതും ക്രിസ്തുവിനെ ഗൗരവത്തില്‍ മനസിലാക്കുന്നതും. യാദൃച്ഛികമായി ജീവിതത്തില്‍ നടക്കുന്ന ചില കാര്യങ്ങള്‍ ദൈവ രാജ്യം നമുക്ക് നേടിത്തരും. ചില വീഴ്ച, പരാജയം മരണം, രോഗം, ധ്യാനം മുതലായവ. അതുവഴി നമുക്കുണ്ടാകന്ന ദൈവരാജ്യ അനുഭവം സ്വന്തമാക്കന്‍ ശ്രമിക്കുക
രത്‌നങ്ങള്‍ തേടുന്ന വ്യാപാരിയാണ് രണ്ടാമത്തെ ഉപമ.
വയലിലെ നിധി യാദൃച്ഛികമായിട്ടാണ് കണ്ടെത്തുന്നതെകില്‍ വ്യാപാരി രത്‌നം അന്വേഷിച്ചു നടക്കുന്നതിനിടയിലാണ് രത്‌നം കണ്ടെത്തുന്നത്. അത്തരത്തില്‍ അന്വേഷിച്ച് ദൈവരാജ്യം സ്വന്തമാക്കുന്ന ചില മനുഷ്യരുമുണ്ട്. വി. അഗസ്തിനോസിന്റെ കാര്യം എടുക്കുക. നൂതനമായ , വ്യത്യസ്തമായ ആശയങ്ങളും ചിന്താരീതികളും തത്ത്വ ശാസ്ത്രങ്ങളും അന്വേഷിച്ചു നടക്കുന്ന, കുറേക്കൂടി ആഴമായി ദൈവാനുഭവത്തിനായി എന്തും ചെയ്യാന്‍ തയ്യാറായ അയാള്‍ തന്റെ അന്വേഷണത്തിനൊടുവില്‍ ക്രിസ്തുവിനെ കണ്ടെത്തുന്നു. ആഴമായ ദൈവാനുഭവം സ്വന്തമാക്കുന്നതോടുകൂടി തന്നെ പഴയകാല ജീവിതം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറാകുന്നു.
ഇപ്രകാരമുള്ള ഒരു ദൈവാനേഷണം നമ്മെ ദൈവ രാജ്യ പ്രവേശനത്തിന് സഹായിക്കും. ദൈവരാജ്യം എന്ന നിധി കണ്ടെത്തിയ വലിയ വിശുദ്ധയാണ് വി. അല്‍ഫോന്‍സാമ്മ. ദൈവരാജ്യം നേടിയെടുക്കാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് സാധിച്ചത് സഹനമെന്ന വഴിയിലൂടെ സഞ്ചരിച്ചതു കൊണ്ടാണ്.
അപ്രകാരം സഹനങ്ങളുടെ വഴിയിലൂടെ സഞ്ചരിച്ചു നമുക്കും ദൈവരാജ്യം സ്വന്തമാക്കാം.
നിധിയും രത്‌നവും കണ്ടെത്തിയവന്‍ അതു കിട്ടാനായി തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു എന്നാണ് സുവിശേഷം പറയുന്നത്.. പൗലോസിന്റെ കാര്യത്തില്‍ അദ്ദേഹം തന്റെ യഹൂദ മതവും പ്രമാണിത്തവും ഉപേക്ഷിച്ചു. ക്രിസ്തുവിനെ പ്രതി മറ്റെല്ലാം ഉച്ഛിഷ്ടം പോലെ കരുതി. ഫ്രാന്‍സിസ് കുടുംബവും സ്വന്തം ഉടുവസ്ത്രം പോലും ഉപേക്ഷിച്ചു.ആഗസ്തീനോസ് പഴയ ജീവിത ശൈലി ഉപേക്ഷിക്കുന്നു..എല്ലാംഉപേക്ഷിച്ചു ക്രിസ്തുവിനെയും അവിടുത്തെ രാജ്യത്തെയും കണ്ടെത്തിയപ്പോള്‍ അതേറ്റവും വിലപിടിപ്പുള്ളവയാണെന്ന് അവര്‍ക്ക് മനസ്സിലായി.
ദൈവരാജ്യത്തിനു വേണ്ടി എന്തെല്ലാം ഉപേക്ഷിക്കാന്‍ നിനക്കു സാധിക്കും?
ഫാ. നൗജിന്‍ വിതയത്തില്‍


