സീറോമലബാര്‍സഭയിലെ ഞായറാഴ്ചകളിലെ സുവിശേഷഭാഗം ആസ്പദമാക്കിയുള്ള വചനവിചിന്തനം
ജൂലൈ 21 (കൈത്താക്കാലം ഞായര്‍ 3) ലൂക്ക 10 : 38 -42
തന്റെ അടുത്തിരിക്കാതെ പലവക ശുശ്രൂഷയില്‍ മുഴുകിയ മര്‍ത്തയുടെ പെരുമാറ്റത്തെ കര്‍ത്താവ് അത്ര പോസിറ്റീവായല്ല എടുത്തത്. അവള്‍ പല കാര്യങ്ങളില്‍ വ്യഗ്രചിത്തയും ഉത്കണ്ഠാകുലയുമായിരുന്നു എന്നാണ് കര്‍ത്താവ് പറയുന്നത്.
ഫ്രാന്‍സിസ് മാര്‍പാപ്പ പറയുന്നത് ‘മര്‍ത്താ സിഡ്രോം’ പിടികൂടിയ ഒരു തലമുറയാണ് നമ്മുടേത് എന്നാണ്. ഇടവകയിലുള്ള ചില ആളുകളെ നോക്കുക; പ്രത്യേകിച്ചു നമ്മുടെ യുവജനങ്ങളെ…, അവര്‍ പള്ളിക്ക് വേണ്ടി ചാവാന്‍ തയ്യാറാണ്. പള്ളിയുടെ എല്ലാ കാര്യങ്ങളും അവര്‍ ചെയ്യും. പള്ളിപ്പറമ്പില്‍ പണിയെടുക്കും, കൊടികെട്ടും, തോരണം തൂക്കും, ഊട്ടു പെരുന്നാളിന് കലവറയിലും വിളമ്പലിലും ഉണ്ടാകും, പള്ളിപ്രദക്ഷിണത്തിന് മുമ്പിലും പുറകിലും ഉണ്ടാകും എല്ലാ കമ്മിറ്റിയിലും മീറ്റിംഗിലും അവരുടെ സാന്നിധ്യം ഉണ്ടാകും . പക്ഷേ ഒറ്റ പ്രശ്‌നം മാത്രമെ ഉള്ളൂ ഇവര്‍’ ആരും പള്ളിയില്‍ കയറില്ല. അവര്‍ കുര്‍ബാന കാണുന്നില്ല, കുമ്പസാരിക്കില്ല, കുര്‍ബാന സ്വീകരിക്കില്ല. അങ്ങനെയൊരു അപകടം നമ്മുടെ ആത്മീയതയില്‍ കയറി വരുന്നുണ്ട്. മറ്റു പല കാര്യങ്ങളിലും ശ്രദ്ധിക്കുകയും എന്നാല്‍ വേണ്ട കാര്യത്തിന് വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷം. നൂറുകൂട്ടം കാര്യങ്ങളില്‍ ഇടപെടുകയും ആകുലചിത്തരാവുകയും അതേസമയം വേണ്ട കാര്യത്തിന് സമയമോ പ്രാധാന്യമോ നീക്കിവയ്ക്കാന്‍ പറ്റാത്ത ഒരു അവസ്ഥ വരികയും ചെയ്യുന്നവരാണെങ്കില്‍ അവരെല്ലാം മര്‍ത്താസിന്‍ഡ്രോം ഉള്ളവരാണ്. മര്‍ത്ത സിന്‍ഡ്രോത്തെ നമ്മള്‍ മറികടക്കുക തന്നെ വേണം.
വചനം കേള്‍ക്കാന്‍ കര്‍ത്താവിന്റെ പാദത്തിന്റെ അരികെ ഇരുന്ന മറിയത്തെക്കുറിച്ച് പരാതി പറയാനാണ് മര്‍ത്ത വരുന്നത്. ശുശ്രൂഷക്കായി മറിയം തന്നെ തനിയെ വിട്ടു എന്നതാണ് അവളുടെ പരാതി. ഏതാണ്ട് ഒരു ശരാശരി മലയാളി വീട്ടമ്മയുടെ ചെറിയ പതിപ്പാണ് മര്‍ത്ത. (ആ പേരിന്റെ അര്‍ത്ഥം തന്നെ ‘The Lady’ എന്നാണ് ). മറ്റുള്ളവരെ കുറിച്ച് പരാതി പറയുന്ന ഒരു സ്വഭാവം നമ്മുടെയൊക്കെ ജീവിതത്തില്‍ ഉണ്ട്. അവര്‍ അത് ചെയ്തു തന്നില്ല, ഇത് ചെയ്തില്ല, അമ്മായിയമ്മ പാത്രം കഴുകിയില്ല, മരുമകള്‍ വസ്ത്രം അലക്കിയില്ല, അടിച്ചില്ല, തുടച്ചില്ല ഇങ്ങനെ പോകുന്നു പരാതികളുടെ നീണ്ട നിര… ഈ പരാതി എല്ലാക്കാലത്തും എല്ലാ കുടുംബത്തിലും സമൂഹത്തിലും പള്ളിയിലും പാര്‍ട്ടിയിലും ഉണ്ട്. ഞങ്ങള്‍ കുറച്ചു പേര്‍പണി ചെയ്യുന്നു. മറ്റുള്ളവര്‍ ഒന്നും ചെയ്യാതെ കുത്തിയിരിക്കുന്നു. അവസാനം പേരെടുക്കാന്‍ മാത്രമേ വരുന്നുള്ളൂ എന്നിങ്ങനെ തൊട്ടതിനും പിടിച്ചതിനും പരാതിയായി വരുന്നവരാണ് അധികവും . അതുകൊണ്ടു പരാതിയില്ലാതെ ജീവിക്കാന്‍ കഴിയുക എന്നത് ഇന്നത്തെ കാലത്തെ വലിയ പുണ്യമാണ്. വി. ഫ്രാന്‍സിസ് ഡി സെയില്‍സ് പറയും പോലെ : *’ഒന്നും ആവശ്യപ്പെടാതിരിക്കുക , ഒന്നും നിഷേധിക്കാതിരിക്കുക.’*
തന്നെ ശ്രവിച്ച് തന്റെ അടുത്തിരുന്ന മറിയം നല്ല ഭാഗം തെരഞ്ഞെടുത്തു എന്നാണ് ഈശോ പറയുന്നത്. എന്നു കരുതി മര്‍ത്ത മോശക്കാരിയാണ് എന്നു അര്‍ത്ഥമാക്കുന്നില്ല. നേരെമറിച്ച് കുറേക്കൂടി ശ്രേഷ്ഠമായത് മറിയം ചെയ്തു എന്നു മാത്രം.
ഒരാളോട് കാണിക്കാവുന്ന ബഹുമാനത്തിന്റെ ഏറ്റവും പ്രകടമായ തെളിവ് അയാളെ ശ്രവിക്കുക എന്നുള്ളതാണ്. കേള്‍ക്കാന്‍ ഒരാളുണ്ടാവുക എന്നുള്ളതാണ് ഒരാള്‍ക്ക് കിട്ടാവുന്ന ഭാഗ്യം. ഈശോയ്ക്ക് പ്രധാനപ്പെട്ടതും അതായിരുന്നു . അതുകൊണ്ടാണ് കര്‍ത്താവ് മറിയത്തെ പ്രശംസിച്ചത്. നമുക്ക് മര്‍ത്തയും വേണം മറിയവും വേണം. കര്‍ത്താവിന് വേണ്ടി ബാഹ്യമായ ശുശ്രൂഷകളില്‍ ഏര്‍പ്പെടുന്ന മര്‍ത്തയും തമ്പുരാന്റെ സന്നിധിയില്‍ സ്വസ്ഥമായി ഇരുന്ന് പ്രാര്‍ത്ഥിക്കുന്ന മറിയവും.രണ്ടും കൂടി ചേര്‍ന്നതാണ് ക്രൈസ്തവആത്മീയജീവിതം.
ഫാ. നൗജിന്‍ വിതയത്തില്‍


