Saturday, February 28, 2026
spot_imgspot_imgspot_img

നവീകരണം ആവശ്യമായ വിശ്വാസപരിശീലനമേഖല

Published on

സീറോമലബാർസഭയുടെ മതബോധന ഡയറക്ടറിയിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനത്തിൽനിന്നു സഭയുടെ വിശ്വാസപരിശീലന കാഴ്ചപ്പാട് വളരെ വ്യക്തമാണ്. ”വിശ്വാസപരിശീലനം എന്നത് തികച്ചും ഒരു ക്രിസ്തീയ സഭാശുശ്രൂഷയാണ്, മാമോദീസായിലൂടെ ലഭിക്കുന്ന ക്രിസ്തീയ വിശ്വാസം ക്രമമായും ക്രമീകൃതമായും നല്കി അവരെ ക്രിസ്തീയജീവിതതികവിലേക്കും വിശ്വാസ പക്വതയിലേക്കും നയിക്കുന്ന സഭാശുശ്രൂഷയാണ് വിശ്വാസപരിശീലനം ‘(CR 50).

1.  കൃത്യമായ ലക്ഷ്യം (Direct Objectives)
ക്രിസ്തീയ വിശ്വാസത്തെ വ്യക്തിഗതമാക്കുക എന്നതാണ് കൃത്യമായ ലക്ഷ്യം എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.

2.  അടിസ്ഥാനപരമായ ലക്ഷ്യം (Basic Objectives)

ക്രിസ്തീയ വിശ്വാസരൂപീകരണമാണ് അടിസ്ഥാനപരമായ ലക്ഷ്യം എന്നതുകൊണ്ട് അർഥമാക്കുന്നത്.

3.  ആത്യന്തിക ലക്ഷ്യം (Ultimate Objectives)

സഭയോടുള്ള സംയോജനം ഒന്നിക്കൽ ആണ് വിശ്വാസപരിശീലനത്തിന്റെ ആത്യന്തിക ലക്ഷ്യം.

‘മതബോധനം ഇന്ന്’ എന്നുള്ള സഭയുടെ ഔദ്യോഗിക പ്രബോധനത്തിൽ വിശ്വാസപരിശീലനത്തെ സഭയോളം പഴക്കമുള്ള ഒരു ശുശ്രൂഷയെന്നാണ് വിശേഷിപ്പിക്കുന്നത് (CT1).  വിശ്വാസപരിശീലനത്തിന്റെ അന്തിമ ലക്ഷ്യം ഈശോയും സഭയുമായുള്ള ഐക്യത്തിൽ ജീവിക്കുക എന്നാണ് നമ്മൾ മനസ്സിലാക്കേണ്ടത്. ഈശോയെ രക്ഷകനും നാഥനുമായി ജീവിതത്തിൽ സ്വീകരിച്ച്, ജീവിതത്തിൽ സാക്ഷ്യപ്പെടുത്തുമ്പോഴാണ് വിശ്വാസപരിശീലനം ഒരാളുടെ ജീവിതത്തെ സ്വാധീനിച്ചു എന്നു പറയാൻ കഴിയുന്നത്. സഭയോടുചേർന്നുള്ള ഒരു വിശ്വാസസഞ്ചാരമാണ് വിശ്വാസപരിശീലനം. ഒരാൾ എങ്ങനെയാണ് വിശ്വാസത്തിൽ സഞ്ചരിക്കുന്നത് എന്നു ചോദിച്ചാൽ, ആ വ്യക്തി ദൈവവുമായുള്ള വ്യക്തിപരമായ ഐക്യം സൂക്ഷിച്ച് എല്ലാ കാര്യങ്ങളിലും അവിടുന്നിൽ വിശ്വസിച്ച്, ആശ്രയിച്ച്, ജീവിതത്തിലൂടെ പ്രത്യുത്തരികരിക്കുന്നു (YouCat 20).

സാർവത്രികസഭയിൽ വളരെ നല്ല രീതിയിൽ വിശ്വാസപരിശീലനം നടത്തുന്ന സഭയാണ് സീറോമലബാർസഭ. സ്‌കൂൾ മതബോധനത്തിനോടൊപ്പം ഞായറാഴ്ചകളിലെ കുട്ടികൾക്കുള്ള വിശ്വാസപരിശീലനം എടുത്തുപറയത്തക്ക ഒന്നാണ്. 

പുതിയ മതബോധന ഡയറക്ടറി വിശ്വാസപരിശീലനം ലക്ഷ്യം വയ്ക്കുന്നത് അഞ്ച് കാര്യങ്ങളാണ് എന്ന് വ്യക്തമാക്കുന്നു. 

1.  വിശ്വാസികളെ വിശ്വാസത്തിന്റെ അറിവിലേക്ക് നയിക്കുക 

2.  വിശ്വാസികളെ കൗദാശികരഹസ്യങ്ങളുടെ ആഘോഷത്തിലേക്ക് ആനയിക്കുക, 

3.   വിശ്വാസികളെ ഈശോയിലുള്ള ജീവിതം രൂപീകരിക്കാൻ സഹായിക്കുക 

4.  വിശ്വാസികൾ പ്രാർത്ഥനകൾ പഠിച്ച്, പ്രാർത്ഥിക്കുന്നവരാകുക 

5.  വിശ്വാസികൾ സമൂഹജീവിതത്തിൽ ഉൾച്ചേർന്നു തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവരാകുക (DC 7989). 

1. വിശ്വാസ ആരംഭത്തിനുവേണ്ടിയുള്ള വിശ്വാസപരിശീലനം.

2. പക്വതയാർന്ന വിശ്വാസത്തിനു വേണ്ടിയുള്ള വിശ്വാസപരിശീലനം. 

3. വിശ്വാസത്തിൽ ആഴപ്പെടുന്നതിനുവേണ്ടിയുള്ള വിശ്വാസപരിശീലനം.

4. വിശ്വാസത്തിന്റെ സ്ഥിരതയ്ക്കുവേണ്ടിയുള്ള വിശ്വാസപരിശീലനം.

ഈ ഘട്ടത്തിലൂടെയാണ് ഓരോ വിദ്യാർത്ഥിയും വിശ്വാസത്തിന്റെ ആദ്യ കാൽവെപ്പ് നടത്തുന്നതെന്നാണ് തിരുസഭ നമ്മെ പഠിപ്പിക്കുന്നത്. ഇവിടെ നാം വിദ്യാർഥികളെ ‘വിശ്വാസത്തിന്റെ ആരംഭം കാണിച്ചുകൊടുക്കുന്നു. വിശ്വാസങ്ങളിലേക്കും മൂല്യങ്ങളിലേക്കും ആചാരാനുഷ്ഠാനങ്ങളിലേക്കും സഭയുടെ പഠനമനുസരിച്ച് നാം അവരെ ബോധ്യപ്പെടുത്തുന്നു. ഈ വിശ്വാസപരിശീലനം നാം പ്രത്യേകമായി നൽകുന്നത് ഒന്നു മുതൽ നാലുവരെ ക്ലാസുകളിലെ കുട്ടികൾക്കാണ്. ഈ ക്ലാസ്സുകളിൽ വിശ്വാസത്തിന്റെ ആരംഭത്തിന്റെ (Theo-centric) ത്രിത്വകേന്ദ്രീകൃത മതബോധന തലത്തിനു പ്രാധാന്യം കൊടുക്കുന്നു.

ഈ പ്രവർത്തനത്തിലൂടെ അവർ ക്രിസ്തീയവിശ്വാസത്തിൽ പക്വതയാർന്നവരായിത്തീരാൻ സഹായിക്കുന്നു.

വിശ്വാസപഠനത്തിന് ആരംഭംകുറിച്ചവരിൽ ഇതിന്റെ പക്വതയാർജിക്കലാണ് കാണേണ്ടത്. വിശ്വാസബോധവൽക്കരണം, വിശ്വാസാ നുഭവങ്ങൾ, സഭയിലെ ജീവിക്കുന്ന ‘വിശ്വാസ ജീവിതാനുഭവങ്ങൾ’ എന്നിവയാണ് നാം ഇവിടെ കാണിച്ചുകൊടുക്കേണ്ടത്.

ഈ വിശ്വാസപരിശീലനം അഞ്ചാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള വിദ്യാർഥികളെ ഉദ്ദേശിച്ചാണ്.  ഈ ക്ലാസ്സുകളിൽ വിശ്വാസത്തിന്റെ പക്വത (Christo-centric) മിശിഹാ കേന്ദ്രീകൃത മതബോധന തലത്തിന് പ്രാധാന്യം കൊടുക്കുന്നു. എട്ടു മുതൽ പത്തു വരെ ക്ലാസ്സുകളിൽ വിശ്വാസത്തിന്റെ പക്വത (Ecclesio-centric) സഭാകേന്ദ്രീകൃത മതബോധനതലത്തിന് പ്രാധാന്യം കൊടുക്കുന്നു. ഇത്തരത്തിൽ പക്വതയാർന്ന വിശ്വാസത്തിന്റെ ഉടമകളായി  വളരാൻ കുട്ടികളെ സഹായിക്കുന്നു.

ഇതിലൂടെ കുട്ടികൾ അവരുടെ വിശ്വാസത്തിൽ ഉറപ്പിക്കപ്പെടുകയും ബോധ്യമുള്ളവരാകുകയും ചെയ്യുന്നതിന് സഹായിക്കുകയാണ്.

ഇത് അവരുടെ യുക്തിക്ക്, ചിന്തകൾക്കു പ്രാധാന്യം കല്പിച്ചിട്ടുള്ളവയാണ്.

ഇതു പ്രധാനമായും 11,12 ക്ലാസിലെ മുതിർന്ന കുട്ടികൾക്കാണ് നല്‌കേണ്ടത്. ഈ ക്ലാസ്സുകളിൽ വിശ്വാസത്തിന്റെ സാമൂഹ്യമാനത്തിന് (Socio-centric) സാമൂഹ്യ കേന്ദ്രീകൃത മതബോധനതലത്തിനു പ്രാധാന്യംകൊടുക്കുന്നു.

ഈ വിശ്വാസപരിശീലനം പ്രധാനമായും മുതിർന്നവരെ ഉദ്ദേശിച്ചുള്ളതാണ്. ഇത് എപ്പോഴും നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനമാണ്. ഇത് തിരുസഭയുടെ ആഘോഷങ്ങളിൽ നടത്തുന്ന പ്രബോധനങ്ങളിലൂടെ (പ്രസംഗം) മുതിർന്നവർക്ക് ലഭിക്കും.

പതിമൂന്ന് വർഷത്തോളം നമ്മുടെ കുട്ടികൾ വിശ്വാസപരിശീലനം നേടുന്നു, അതായത് നേഴ്‌സറി ക്ലാസ്സുമുതൽ ഈ വിശ്വാസ കൈമാറ്റം  നമ്മൾ നടത്തുന്നു. കുട്ടികളുടെ വിവിധ പ്രായത്തിന് അനുസരിച്ച് പാഠ്യാവലി ‘രക്ഷയുടെ പാതയിൽ’ എന്ന പേരിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച്, കുട്ടികളെ പരിശീലിപ്പിക്കുന്നു.                          

സമഗ്രമായ ഒരു വിശ്വാസപരിശീലന പാഠ്യാവലിയും സമർത്ഥരായ വിശ്വാസ പരിശീലകരുമുണ്ടെങ്കിലും ഈ കാലഘട്ടത്തിനനുസരിച്ച് വിശ്വാസം പകർന്നുനല്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു. അതുകൊണ്ടുതന്നെ വിശ്വാസ പരിശീലനം പരാജയം എന്ന് നിലവിളികൾ ഉയരുന്നുണ്ട്. ഈ കണ്ടെത്തൽ നമ്മളെ ഒരു സമൂഹമെന്ന നിലയിൽ, വിശ്വസപരിശീലനമേഖലയിൽ ആവശ്യം ഉണ്ടാകേണ്ട ഒരു നവീകരണ പ്രക്രിയയ്ക്ക് പ്രേരിപ്പിക്കുന്നു. 

കാലഘട്ടത്തിന്റെ പുതിയ വെല്ലുവിളികളെ തിരിച്ചറിയാനും വി. ഗ്രന്ഥ കേന്ദ്രീകൃതവും കൂടുതൽ സഭാത്മകവുമായ ഒരു നവീന വിശ്വാസ പരിശീലന പദ്ധതിയിലേക്ക് കടക്കാൻ നമുക്ക് കഴിയണം.

1.  നമ്മുടെ വിശ്വാസപരിശീലന ഡയറക്ടറിയുടെ കാലികമായ പരിഷ്‌കരണം (Call and Response)

2.   നമ്മുടെ വിശ്വാസപരിശീലന പുസ്തകമായ ‘രക്ഷയുടെ പാതയിൽ’ പരിഷ്‌കരണം. സാർവ്വത്രിക സഭ അതിന്റെ മതബോധന ഡയറക്ടറിയിൽ (Directory for Catechesis) നമ്പർ 290ൽ ഇപ്രകാരം നമ്മെ ഓർമ്മിപ്പിക്കുന്നു. വിശ്വാസപരിശീലനത്തിന് അവരുടെ സഭാപരമായ പാരമ്പര്യങ്ങൾ കാത്തുസൂക്ഷിക്കുന്നതിൽ പ്രത്യേക സ്ഥാനമുണ്ട്. അതുകൊണ്ട് വിശ്വാസപരിശീലനം വിശുദ്ധ ഗ്രന്ഥാധിഷ്ഠിതവും, ആരാധനക്രമാനധിഷ്ഠിതവും അതുപോലെ സഭാ പാരമ്പര്യത്തിന് ഊന്നൽ നല്കുന്നതുമായിരിക്കണം. വിശ്വാസപരിശീലന പാഠ്യാവലിയിൽ സഭാപിതാക്ക ന്മാർക്കും (Ptarology) വിശുദ്ധന്മാർക്കും (Hagiography), കിസ്ത്യൻ കലകളുടെയും സംരക്ഷണത്തിനും (Iconography) വേണ്ടത്ര പ്രാധാന്യം ഉണ്ടായിരിക്കണം.

3.  സഭയുടെ ദൗത്യം എന്താണ്?

യൂകാറ്റ് 123 ഇപ്രകാരം നമ്മെ ഓർമ്മിപ്പിക്കുന്നു. ”ക്രിസ്തുവിനോടുകൂടെ തുടങ്ങിയ ദൈവരാജ്യം എല്ലാ ജനതകളിലും മുളച്ചുവളരാൻ പരിശ്രമിക്കുകയെന്നതാണ് സഭയുടെ ദൗത്യം”. ഈശോ സഞ്ചരിച്ചിടത്തെല്ലാം സ്വർഗം ഭൂമിയെ സ്പർശിച്ചു: സ്വർഗരാജ്യം, സമാധാനത്തിന്റെയും നീതിയുടെയും രാജ്യം ഉദ്ഘാടനം ചെയ്യപ്പെട്ടു. സഭ ഈ ദൈവരാജ്യത്തിനു സേവനംചെയ്യുന്നു. സഭ തന്നിൽത്തന്നെ ഒരു ലക്ഷ്യമല്ല. ഈശോ തുടങ്ങിയത് അവൾ നിർവഹിച്ചുകൊണ്ടിരിക്കണം. ഈശോ പ്രവർത്തിക്കുമായിരുന്നതുപോലെ അവൾ പ്രവർത്തിക്കണം. ഈശോയുടെ വിശുദ്ധ അടയാളങ്ങൾ (കൂദാശകൾ) അവൾ തുടർന്നുകൊണ്ടിരിക്കുന്നു. അവൾ ഈശോയുടെ വാക്കുകൾ കൈമാറുന്നു. അതുകൊണ്ടാണ് സഭ ഏറെ ബലഹീനതകളുണ്ടെങ്കിലും ഭൂമിയിൽ സ്വർഗത്തിന്റെ ശക്തമായ ഒരു അംശമായിരിക്കുന്നത്.

സഭയിൽ സുവിശേഷവത്കരണത്തിന്റെ ഭാഗമാണ് വിശ്വാസപരിശീലനമെന്ന അടിസ്ഥാന ബോധ്യത്തിൽ ആഴപ്പെട്ട്, കൃത്യമായ അധ്യാപക പരിശീലനപദ്ധതിയും നമുക്ക് ഉണ്ടായിരിക്കണം. പുതിയ വിശ്വാസപരിശീലന പാഠ്യാവലികളും സമീപനങ്ങളും സ്വീകരിക്കുമ്പോൾ ഒരു പരിധിവരെ ഇപ്പോഴത്തെ ആവശ്യത്തിന് ഉത്തരം ലഭിക്കും. ഈ കാലഘട്ടത്തിൽ  ഈശോയെ നവമായി പകർന്നു നല്കാൻ, സഭയുടെ വിശ്വസ്ത മക്കളായി, പക്വമായ  വിശ്വാസത്തിന്റെ ഉടമകളായി ജീവിക്കാൻ വിശ്വാസപരിശീലനത്തിലൂടെ നമുക്കു കഴിയും.

ഫാ. തോമസ് മേൽവെട്ടത്ത്

Latest Updates

POPULAR Views

FEATUERD Views

വിശ്വാസപരിശീലനത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ

വിശ്വാസ പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ ദിശ എന്തായിരിക്കണം എന്ന് കത്തോലിക്കാസഭ തന്നെ...

മതബോധനത്തിന്റെ മാറുന്ന രീതിശാസ്ത്രം

സുവിശേഷസത്യങ്ങളെയും സഭാപ്രബോധനങ്ങളെയും അടിസ്ഥാനമാക്കി സഭാവിശ്വാസികൾക്കായി നല്കപ്പെടുന്ന മതബോധനത്തെ രണ്ടാം വത്തിക്കാൻ കൗൺസിൽ...

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ സീറോമലബാര്‍ മതബോധന കമ്മീഷന്‍ നല്കുന്ന പ്രസ്താവന

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍...
error: Content is protected !!