വിശ്വാസപരിശീലനത്തിൽ ഉണ്ടാകേണ്ട മാറ്റങ്ങൾ

Published on

വിശ്വാസ പരിശീലനത്തിൽ വരുത്തേണ്ട മാറ്റങ്ങളുടെ ദിശ എന്തായിരിക്കണം എന്ന് കത്തോലിക്കാസഭ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദൈവിക രഹസ്യങ്ങൾ മനുഷ്യബുദ്ധിയുടെ സ്വഭാവികനിഗമനങ്ങൾക്കപ്പുറത്ത് നിലനിൽക്കുന്നവയാണ്. അവ പഞ്ചേന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അനുഭവാധിഷ്ഠിത അറിവുകളല്ല, പ്രത്യുത ദൈവം സ്വയം വെളിപ്പെടുത്തുന്നവയെ മനുഷ്യൻ കണ്ടുമുട്ടുന്നതാണ്. എന്നാൽ മനുഷ്യവ്യക്തിയുടെ അറിവിന്റെ സ്രോതസ്സ് പഞ്ചേന്ദ്രിയങ്ങളാണ്. അതിനാൽ ഇന്ദ്രീയാതീതമായ വെളിപാടുകളെ  ഇന്ദ്രിയാനുഭവങ്ങളാക്കി മാറ്റിക്കൊണ്ടാണ് വിശ്വാസപരിശീലനം സാധ്യമാക്കുന്നത്. സാങ്കേതികമായി ഈ പ്രക്രിയയെ സഭ മിസ്റ്റഗോഗി (Mystagogue) എന്ന് വിളിക്കുന്നു. കാണപ്പെടുന്നവയിൽ നിന്ന് കാണപ്പെടാത്തവയിലേക്ക് എന്നാണ് ഈ പദത്തിന്റെ പ്രായോഗിക അർത്ഥം. കാണപ്പെടാത്ത ദൈവസ്വഭാവങ്ങളെ കാണപ്പെടുന്നവയാക്കി മാറ്റുന്ന ബോധനരീതിയാണ് ഈശോയും സുവിശേഷകന്മാരും സ്വീകരിച്ചത്. കാണപ്പെടാത്ത ദൈവത്തെ ഈശോയിലൂടെ കാണുകയും അനുഭവിക്കുകയും ചെയ്യുന്നു. കാണപ്പെടാത്ത ഈശോയെ സഭയുടെ കൂദാശകളിലൂടെ കണ്ടുമുട്ടുന്നു (ഫ്രാൻസിസ് മാർപാപ്പ, ഞാൻ അതിയായി ആശിച്ചു). ദൈവത്തെ ഈശോയിലൂടെ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്തുവെന്നതാണ് വി. യോഹന്നാന്റെ സാക്ഷ്യം (1 യോഹന്നാൻ 1:15) അനുഭവാധിഷ്ഠിതമായി അറിവ് പകരുന്ന സമ്പ്രദായത്തെ ഗ്രീക്കു ഭാഷയിൽ അവതരിപ്പിക്കുന്ന ഒറ്റവാക്കാണ് aesthetics മറ്റുവാക്കുകളിൽ വിശ്വാസപരിശീലനം aesthetics വിഷയമാണ്.

പൊതുവിദ്യാഭ്യാസ മേഖലയിലെ പരിശീലന പദ്ധതി യഥാർഥത്തിൽ കാണപ്പെടുന്നവയിൽ നിന്ന് കാണപ്പെടാത്തവയിലേക്കുള്ള ബുദ്ധിയുടെ യാത്രയാണ്. നഴ്‌സറി വിദ്യാഭ്യാസകാലം മുതൽ നാലാം ക്ലാസുവരെയുള്ള പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠങ്ങളിൽ കഥകൾ, കവിതകൾ, ചരിത്രസംഭവങ്ങൾ, നാടകങ്ങൾ എന്നിവയിലൂടെയാണ് സാമൂഹിക സന്ദേശങ്ങൾ കൈമാറ്റം ചെയ്യുന്നത്. ഈ പ്രക്രിയ ബാച്ചിലർ ബിരുദം നേടുന്നതുവരെ തുടരുന്നു.

കഥകളും കവിതകളും ചരിത്രസംഭവങ്ങളും നോവലുകളും നാടകങ്ങളും ഇന്ദ്രിയാനുഭൂതിപരമാണ് (sensous). അവ ഇന്ദ്രിയങ്ങളിലൂടെ ബുദ്ധിയെ (intellect) രൂപാന്തരപ്പെടുത്തുന്നു. വിശുദ്ധ ഗ്രന്ഥം മുഴുവനും പിൻതുടരുന്നത് ഇന്ദ്രിയാനുഭൂതിപരമായ വിശ്വാസകൈമാറ്റമാണ്. എന്നാൽ നമ്മുടെ വിശ്വാസ പരിശീലന പാഠപുസ്തകങ്ങളുടെ ഘടനതന്നെ ഇന്ദ്രിയാനുഭവം കൂടാതെ ബുദ്ധിയെ സ്വാധീനിക്കാനുള്ള ശ്രമങ്ങളാണ്. പ്രസ്തുത പാഠങ്ങൾ മാതാപിതാക്കൾക്കോ വിശ്വാസപരിശീലന അധ്യാപകർക്കോ എന്തിനേറെ പറയുന്നു സെമിനാരി പരിശീലനം സിദ്ധിച്ച വൈദികർക്കുപോലും കൃത്യമായി വിശദീകരിക്കാൻ കഴിയാത്തവയാണ്.

വിശുദ്ധ ഗ്രന്ഥത്തിൽ ഉപയോഗിക്കുന്ന സംഭവങ്ങളും ഉപമകളും ചെറുപ്രായത്തിൽ പഠിക്കുന്നവരെ പ്രസ്തുത കഥകൾ മരണംവരെ രൂപാന്തരപ്പെടുത്തും. ഉദാഹരണമായി  മുടിയനായ പുത്രന്റെ ഉപമ വായിക്കുകയും അനുഭവിക്കുകയും ചെയ്യുന്ന ഒന്നുമുതൽ നാലാം ക്ലാസുവരെയുള്ള പഠിതാവിലുണ്ടാക്കുന്ന മാറ്റം സൃഷ്ടിക്കാൻ ആയിരം തത്വശാസ്ത്രദൈവശാസ്ത്ര ഗ്രന്ഥങ്ങൾക്ക് സാധിക്കുകയില്ല. ഈശോ ഇത്തരം സംഭവങ്ങൾ പറഞ്ഞത് പ്രായമായവരോടാണ്. ചെറിയ  പ്രായത്തിൽ തത്വശാസ്ത്ര ദൈവശാസ്ത്ര സിദ്ധാന്തങ്ങൾ കൈമാറാൻ ശ്രമിച്ചാൽ കുട്ടികളുടെ മാനസികവും ബൗദ്ധികവും ആത്മീയവുമായ വളർച്ച മുരടിക്കുന്നു. 

ഈ മുരടിച്ചയാണ് വിശ്വാസപരിശീലന രംഗം നേരിടുന്ന പ്രതിസന്ധി. വിശ്വാസപരിശീലന ക്ലാസുകളിൽ കൂടുതൽ മാർക്കുവാങ്ങുന്ന കുട്ടികൾക്ക് കൂടുതൽ വിശ്വാസം ഉണ്ടെന്ന് അവകാശപ്പെടാൻ കഴിയുമോ? പരീക്ഷകൾ വേണ്ടാ എന്നല്ല, പക്ഷേ പരീക്ഷകൾ നടത്തുകയും ഒരു വിദ്യാർഥിയെ തോല്പിക്കുകയും ചെയ്താൽ ചെറിയ പ്രായത്തിലുള്ള കുട്ടികൾ വിശ്വാസപരിശീലന പ്രക്രിയയെ തന്നെ വെറുക്കുന്നവരായി മാറുന്നു. ഇതാദ്യം തിരിച്ചറിഞ്ഞുകൊണ്ടാണ് പൊതുവിദ്യാഭ്യാസ മേഖലകളിൽ ചെറുപ്രായത്തിലുള്ള ക്ലാസുകളിൽ പഠിതാക്കളെ പരീക്ഷയിൽ തോല്പിക്കുന്ന സമ്പ്രദായം ലോകത്തിലുള്ള മുഴുവൻ രാജ്യങ്ങളും ഉപേക്ഷിച്ചത്.

ഹിന്ദുമതത്തിന്റെ ബോധനപ്രക്രിയ പരിശോധിച്ചാൽ കഥ, കവിത, നാടകങ്ങൾ, നൃത്തം, സംഗീതം എന്നിവയുടെ പ്രാധാന്യം മനസ്സിലാക്കും. ഇക്കാര്യം മനസ്സിലാക്കിക്കൊണ്ട് 1988ൽ നടന്ന ഏഷ്യൻ ബിഷപ്പുമാരുമൊത്തുള്ള സിനഡിന്റെ അനന്തരഫലമായി പ്രസിദ്ധീകരിച്ച ഏഷ്യയിലെ സഭ (Ecclesia in Asia)  എന്ന അപ്പസ്‌തോലികാഹ്വാനത്തിൽ ഇന്ത്യക്കാരെപ്പോലെ കഥകൾ വിശ്വാസകൈമാറ്റത്തിന്റെ ഉപകരണമാക്കാൻ ജോൺപോൾ രണ്ടാമൻ പാപ്പ ആഹ്വാനം ചെയ്യുന്നു.

കഥകളുടെയും ചരിത്രസംഭവങ്ങളുടെയും കവിതകളുടെയും അക്ഷയഖനിയാണ് വി. ഗ്രന്ഥവും ഇന്ത്യൻ സാംസ്‌കാരിക പരിസരവും. പ്രസ്തുത ഉറവിടങ്ങളിൽനിന്ന്  വിശ്വാസ ജീവിതത്തെ ക്രമേണ വളർത്താനുതകുന്ന രീതിയിൽ കലാസൃഷ്ടികളെ തിരഞ്ഞെടുത്ത് ക്രമീകരിച്ച് വിശ്വാസപരിശീലന പാഠങ്ങൾ തയ്യാറാക്കാൻ നമ്മുടെ സഭയ്ക്ക് കഴിയട്ടെ. പൂർവ്വയൗസേപ്പിന്റെ ജീവിതം, സൂസന്നയുടെ ധൈര്യം, വിജാതീയ സ്ത്രീയെ വിവാഹം കഴിച്ച് ജീവിതം തകർത്ത സാംസൺ, വിശ്വാസം വിലയേറിയതെന്ന് പ്രഖ്യാപിച്ച് മരണം കൈവരിച്ച വി. സെബാസ്റ്റ്യൻ, വിശുദ്ധ ഗീവർഗീസ്, ചാരിത്ര്യം കാത്തു സൂക്ഷിക്കാൻ ജീവിതം ത്യജിച്ച മരിയ ഗൊരേത്തി, നല്ല അയൽക്കാരൻ, വിശ്വാസത്തിനുവേണ്ടി ജീവൻ വെടിയാൻ മക്കളെ പ്രചോദിപ്പിക്കുന്ന മക്കബായരുടെ അമ്മ, സഹനത്തിലൂടെ വിശുദ്ധി പ്രാപിച്ച വി. അൽഫോൻസ മുതലായ അനുഭവങ്ങളാണ് മനുഷ്യരെ രൂപാന്തരപ്പെടുത്തുക എന്ന അറിവ് വിശ്വാസ പരിശീലന പാഠപുസ്തക നിർമ്മിതിയുടെ സമിതികൾ മനസ്സിലാക്കിയാൽ നന്നായിരുന്നു. മാത്രമല്ല അർണേ്ണാസ് പാതിരി, ചാവറയച്ചൻ മുതലായ കേരള നവോത്ഥാന നായകരുടെ ചരിത്രം കുട്ടികൾക്ക് കൈമാറുന്നതിലൂടെ ക്രിസ്ത്യാനിയെന്ന നിലയിൽ ആത്മാഭിമാനമുള്ളവരായി മാറാൻ ഓരോ വിശ്വാസിക്കും കഴിയും. ഇന്ത്യാ രാജ്യത്തിന്റെ നിർമ്മിതിയിൽ ഞങ്ങളുടെ പിതാമഹന്മാർ പങ്കാളിയായിരുന്നുവെന്ന ചരിത്ര നിർമ്മിതികൾ വിശ്വാസപരിശീലന പാഠങ്ങളുടെ ഭാഗമാകട്ടെ.

പ്രൊഫ. കെ. എം. ഫ്രാൻസിസ്, തൃശൂർ

Latest Updates

POPULAR Views

FEATUERD Views

മതബോധനത്തിന്റെ മാറുന്ന രീതിശാസ്ത്രം

സുവിശേഷസത്യങ്ങളെയും സഭാപ്രബോധനങ്ങളെയും അടിസ്ഥാനമാക്കി സഭാവിശ്വാസികൾക്കായി നല്കപ്പെടുന്ന മതബോധനത്തെ രണ്ടാം വത്തിക്കാൻ കൗൺസിൽ...

നവീകരണം ആവശ്യമായ വിശ്വാസപരിശീലനമേഖല

സീറോമലബാർസഭയുടെ മതബോധന കാഴ്ചപ്പാട് സീറോമലബാർസഭയുടെ മതബോധന ഡയറക്ടറിയിൽ കൊടുത്തിരിക്കുന്ന വ്യാഖ്യാനത്തിൽനിന്നു സഭയുടെ വിശ്വാസപരിശീലന...

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ സീറോമലബാര്‍ മതബോധന കമ്മീഷന്‍ നല്കുന്ന പ്രസ്താവന

ക്രൈസ്തവ-ഇസ്ലാമിക വിശ്വാസങ്ങളിലെ ചില താരതമ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വിവാദ വിഷയമാകുന്നതായി ശ്രദ്ധയില്‍...