സുവിശേഷസത്യങ്ങളെയും സഭാപ്രബോധനങ്ങളെയും അടിസ്ഥാനമാക്കി സഭാവിശ്വാസികൾക്കായി നല്കപ്പെടുന്ന മതബോധനത്തെ രണ്ടാം വത്തിക്കാൻ കൗൺസിൽ ‘വിശ്വാസപരിശീലന’മെന്ന് നിർവചിച്ചു. ഈശോമിശിഹ കർത്താവും ഏക രക്ഷകനുമാണന്ന് വിശ്വസിക്കുക, അവിടുന്നു നല്കുന്ന രക്ഷാകരകർമ്മങ്ങൾ (കൂദാശകൾ) സ്വീകരിച്ച് വിശുദ്ധിയിൽ വളരുക, ലോകത്തിൽ സുവിശേഷം പ്രഘോഷിക്കാൻ പ്രാപ്തിനേടുക, സഭയുടെ ദൃശ്യഘടനയെ സ്വീകരിക്കാൻ സജ്ജരാകുക എന്നിവയാണ് വിശ്വാസപരിശീലനത്തിന്റെ ലക്ഷ്യങ്ങളായി നിർണ്ണയിക്കപ്പെട്ടത്. കുട്ടികൾക്കും,യുവാക്കൾക്കും മുതിർന്നവർക്കും ഈ ലക്ഷ്യം പ്രാപിക്കാൻ സഹായകരമാകുന്നവിധം സഭ നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും വിശ്വാസപരിശീലനത്തിന്റെ ഭാഗങ്ങളാണെങ്കിലും കുട്ടികൾക്കായുള്ള സൺഡേ കാറ്റക്കിസം ഏറെ പ്രാധാന്യമർഹിക്കുന്നു. കാലാകാലങ്ങളിൽ ഇതിനായുള്ള ബോധനരീതികളും പാഠപുസ്തകങ്ങളും രൂപപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
‘പിതാവിൻ പക്കലേക്ക്,’ ‘ക്രിസ്തുവിന്റെ പിന്നാലെ’ എന്നീ രണ്ട് പാഠപുസ്തക ശ്രേണികളും കേരളസഭയുടെ പൊതുവായിരുന്നു. പിന്നീട് കേരളത്തിലെ വ്യക്തിസഭകൾ തങ്ങളുടേതായ പാഠപുസ്തകങ്ങൾക്ക് രൂപം നല്കി. ‘രക്ഷയുടെ പാതയിൽ’ എന്നത് സീറോമലബാർസഭയുടെ പാഠപുസ്തകശ്രേണിയാണ്. ബിബ്ലിക്കൽ, ലിറ്റർജിക്കൽ, ക്രിസ്‌തോസെൻട്രിക്കൽ എന്നീ സമീപനങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട പുസ്തകത്തിലെ ഉള്ളടക്കവും പ്രതിപാദനരീതിയും കാലോചിതമായി പരിഷ്‌കരിക്കണമെന്നും മനോഭാവശുദ്ധീകരണത്തിന് ഉതകുംവിധം അവതരിപ്പിക്കണമെന്നും ഏറെക്കാലമായി നിലനില്ക്കുന്ന ആവശ്യമായിരുന്നു. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ‘ക്രൈസ്തവവിശ്വാസം സഭയിലും സമൂഹത്തിലും’ എന്ന പുസ്തകങ്ങൾ പരിഷ്‌കരിച്ചു കൊണ്ട് സൺഡേ കാറ്റിക്കിസത്തിന് നവീനസാധ്യതകൾ തുറന്നുനല്കുകയാണ് ഫോർമേറ്റീവ് അപ്രോച്ചിലൂടെ.
പഠിതാവിൽ കേന്ദ്രീകൃതം, അധ്യാപകൻ ഫസിലിറ്റേറ്റർ, സ്വയം സംവേദിക്കുന്ന ടെക്സ്റ്റ്, സ്വയം പഠന സാധ്യത, നിരന്തരവും തുടർച്ചയുള്ളതുമായ വിലയിരുത്തൽ സാധ്യത, ഫോക്കസ് ലേണിംഗിനും, ഓട്ടോസ്‌കാനിംഗിനും സഹായകരമായ അവതരണം എന്നിവ ഫോർമേറ്റീവ് അപ്രോച്ചന്റെയുംഅതനുസരിച്ചുള്ള പാഠപുസ്തകത്തിന്റെയും സവിശേഷതകളാണ്.
സത്യമായ വിവരങ്ങളും വസ്തുതകളുമാകുന്ന അറിവ്, (Knowledge) ശരിതെറ്റുകളും, കാര്യകാരണബന്ധങ്ങൾ ഉൾക്കൊണ്ടു ആശയത്തിൽ ഉറച്ചു വിജ്ഞാനത്തിലും (wisdom) അതുവഴി ലഭ്യമാകുന്ന ഉൾക്കാഴ്ച്ച നല്കുന്ന ബോധ്യങ്ങളും നേടി (conviction) ധാർമ്മികജീവിതത്തിലൂടെ (moral life) ക്രിസ്തീയമൂല്യങ്ങളും പ്രബോധനങ്ങളും അനുസരിച്ചുള്ള ക്രിസ്തീയജീവിതത്തിലേക്ക് (Christian Life) സ്വയം വളരുകയാണ് വിശ്വാസപരിശീലനത്തിൽ പരിവർത്തന സമീപനം ലക്ഷ്യം വയ്ക്കുന്നത്. അതിനാൽ ക്ലാസുമുറികൾ പ്രവർത്തനാധിഷ്ഠിതവും സ്വതന്ത്രചിന്തയെ പ്രചോദിപ്പിക്കുന്നതും മുന്നറിവുകളെ പ്രയോജനപ്പെടുത്തി സാഹചര്യവിശകലനം നടത്തുന്നതിനും അവസരങ്ങൾ ഒരുക്കുക എന്നതായി മാറുന്നു എന്നതിനാൽ നിരന്തരമൂല്യനിർണ്ണയവും (Continuous Evaluation) ടേം മൂല്യനിർണ്ണയവും (Term Evaluation) തുല്യ പ്രാധാന്യം ഉള്ളതായി മാറുന്നു.
മുമ്പ് സൂചിപ്പിച്ച എല്ലാ സവിശേഷതകളും പരമാവധി ഉൾക്കൊണ്ടാണ് പാഠങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകളും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥവും യൂക്കാറ്റും മാർപാപ്പമാരുടെ പ്രബോധനങ്ങളും അടിസ്ഥാനമാക്കിയാണ് ആശയങ്ങൾ.
വ്യത്യസ്തങ്ങളായ നിറങ്ങളും ഐക്കണുകളും വഴി കുട്ടികൾക്കും അധ്യാപകർക്കും ആശയക്രോഡീകരണം എളുപ്പമാക്കാനും ശ്രദ്ധിച്ചതോടൊപ്പം മൂല്യനിർണയചോദ്യങ്ങളും വിശകലനചോദ്യങ്ങളും ആശയങ്ങൾക്കൊപ്പം തന്നെ നല്കിയിട്ടുണ്ടെന്നതും പ്രത്യേകതയാണ്.
ആശയങ്ങളോടു ചേർന്ന വചനഭാഗങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നതിനു പുറമേ സമാന്തരസുവിശേഷങ്ങൾ ക്രമമായി വായിക്കുന്നതിന് ഓരോ അധ്യായത്തോടും ചേർത്തുനല്കിയിട്ടുമുണ്ട് അധ്യാപകരുടെ മുന്നൊരുക്കവും ധാരണയും ആശയങ്ങളുടെ അവതരണത്തിൽ ഏറെ പ്രധാനമാകയാൽ വിശദമായ അധ്യാപക സഹായിയും തയ്യാറാക്കി നല്കിയിട്ടുണ്ട്.
സെബാസ്റ്റ്യൻ പാലംപറമ്പിൽ


