മുപ്പത്തിനാലാം സിനഡ്, ഒന്നാം സമ്മേളനം
* സീറോമലബാര്‍സഭയുടെ മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ തന്റെ സഹശുശ്രൂഷകരായ മെത്രാപ്പോലീത്താമാര്‍ക്കും മെത്രാന്മാര്ക്കും വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും ത്ന്റെ അജപാലനശുശ്രൂഷയ്ക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന എല്ലാ ദൈവജനത്തിനും എഴുതുന്നത്. കര്‍ത്താവിന്റെ കൃപ നിങ്ങളെല്ലാവരോടും കൂടെ ഉണ്ടായിരിക്കട്ടെ.
മിശിഹായില്‍ പ്രിയ സഹോദരീസഹോദരന്മാരേ,
നമ്മുടെ കര്‍ത്താവിന്റെ അനന്തമായ കരുണയുടെയും അനുഗ്രഹത്തിന്റെയും ആത്മീയാനുഭവം പകര്‍ന്നു നല്കിയ ജൂബിലി വര്‍ഷം നാം പൂര്ത്തിയാക്കിയിരിക്കുകയാണല്ലോ. പ്രത്യാശയുടെ തീര്‍ത്ഥാടകര്‍ എന്ന ആപ്തവാക്യമുയര്‍ത്തി ആചരിച്ച ഈ കൃപാവര്ഷത്തില് നാം പ്രാപിച്ച ആത്മീയ നവീകരണത്തിനും ദൈവാനുഭവങ്ങള്ക്കും നമുക്ക് ഒന്നുചേര്‍ന്ന് ദൈവത്തിന് നന്ദി അര്‍പ്പിക്കാം. ജൂബിലി വര്‍ഷാചരണത്തിലൂടെ ആര്‍ജ്ജിച്ചെടുത്ത ആത്മീയ ചൈതന്യം നമ്മുടെ കുടുംബങ്ങളിലും സമൂഹത്തിലും നിലനിര്‍ത്താനും, മിശിഹായുടെ സ്നേഹത്തിന്റെ സാക്ഷികളായി ജീവിക്കാനും നാം തുടര്‍ന്നും പരിശ്രമിക്കേണ്ടതുണ്ട്.
ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശം മുഴങ്ങേണ്ട ക്രിസ്തുമസ് കാലം, നിര്‍ഭാഗ്യവശാല്‍ നമ്മുടെ മാതൃരാജ്യമായ ഭാരതത്തിലെ ചില ഭാഗങ്ങളില്‍ ഭീതിയുടെയും അശാന്തിയുടെയും ദിനങ്ങളായി മാറി. ഭരണഘടന നല്കുന്ന അവകാശങ്ങള്‍പോലും നിഷേധിച്ചു. ക്രൈസ്തവദൈവാലയങ്ങള്ക്കും പ്രാര്‍ഥനാ കൂട്ടായ്മകള്‍ക്കും നേരെ നടന്ന അതിക്രമങ്ങള്‍ അങ്ങേയറ്റം വേദനാജനകമാണ്. നമ്മുടെ സ്നേഹത്തിന്റെ പ്രവൃത്തികളെ നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമങ്ങളായി വ്യാഖ്യാനിക്കുന്ന വിദ്വേഷത്തിന്റെ സംസ്കാരം വളരാന്‍ അനുവദിക്കുന്നതു നമ്മുടെ രാജ്യത്തിന്റെ മതേതരസ്വഭാവത്തെ തന്നെ ദുര്‍ബലമാക്കുന്നു. കുരിശിലെ ബലിയിലൂടെ എല്ലാവരെയും തന്നിലേക്ക് ആകര്‍ഷിച്ച മിശിഹായുടെ സ്നേഹത്തിന്റെ ശക്തിയാണ് നമ്മുടെ വിദ്യാഭ്യാസ കാരുണ്യപ്രവര്‍ത്തനങ്ങളില്‍ പ്രകടമാകുന്നത്. എതിര്‍പ്പുകളും പീഡനങ്ങളുമുണ്ടാകുമ്പോഴും ധൈര്യപൂര്‍വം സുവിശേഷത്തിന്റെ സന്തോഷം ജീവിക്കുന്ന എല്ലാ സഭാമക്കളെയും സഭ വാത്സല്യത്തോടെ പ്രോത്സാഹിപ്പിക്കുന്നു. ‘നമ്മുടെ കര്‍ത്താവിനു സാക്ഷ്യം നല്കുന്നതില് നീ ലജ്ജിക്കരുത്. ദൈവത്തിന്റെ ശക്തിയില്‍ ആശ്രയിച്ചുകൊണ്ട് അവന്റെ സുവിശേഷത്തെ പ്രതിയുള്ള ക്ലേശങ്ങളില്‍ നീയും പങ്കു വഹിക്കുക’ (2 തിമോത്തേയോസ് 1:8).എന്ന വിശുദ്ധ പൗലോസ് ശ്ലീഹായുടെ വാക്കുകള്‍ നമുക്ക് പ്രചോദനമാകട്ടെ.
ശക്തീകരണത്തിലൂടെ മുന്നോട്ട്
സമുദായശക്തീകരണവര്ഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ടായിരുന്നു ജനുവരി ആറാം തീയതി സിനഡ് ആരംഭിച്ചത്. സഭയുടെ വളര്‍ച്ചയും നിലനില്‍പ്പും അതിന്റെ ഓരോ അംഗത്തിന്റെയും ആത്മീയവും സാമൂഹികവുമായ ഉന്നമനത്തില്‍ അധിഷ്ഠിതമാണ്. സീറോമലബാര്‍ സഭ പ്രഖ്യാപിച്ച സമുദായ ശക്തീകരണവര്‍ഷം കേവലം ഒരു ആചരണമല്ല, മറിച്ച് നമ്മുടെ സമുദായാംഗങ്ങളെ തങ്ങളുടെ ദൗത്യങ്ങളെപ്പറ്റി അവബോധമുള്ളവരാക്കാനും അതിനായി അവരെ ബലപ്പെടുത്താനും അങ്ങനെ പൊതുജീവിതത്തിന്റെ എല്ലാ മേഖലകളെയും മിശിഹായുടെ പ്രബോധനത്താല്‍ ശുദ്ധീകരിക്കാനുമുള്ള പരിശ്രമത്തിന്റെ തീവ്രയത്നത്തിന്റെ ഭാഗമാണ്. സഭാംഗങ്ങള്‍, പ്രത്യേകിച്ച്, കുടുംബങ്ങളും ഇടവകകളും വിശ്വാസത്തിലും തനിമയിലും സ്വയംപര്യാപ്തതയിലും അവബോധമുള്ളവരായി നിലനിന്നാല്‍ മാത്രമേ പൊതുസമൂഹത്തോടുള്ള നമ്മുടെ സുവിശേഷ ദൗത്യം നിറവേറ്റാന്‍ നാം പ്രാപ്തരാകുകയുള്ളു. അത് സഭയ്ക്ക് മാത്രമല്ല, പൊതുസമൂഹത്തിന് തന്നെ ഊര്‍ജമായി മാറുന്നു. ‘ക്രിസ്ത്യാനിക്ക് ശത്രുക്കളില്ല, സഹോദരീ സഹോദരന്മാര് മാത്രം, പരസ്പരം മനസിലാകാത്തപ്പോഴും അവര്‍ സഹോദരങ്ങളായി തുടരുന്നു’ എന്ന ലെയോ പതിനാലാമന്‍ പാപ്പയുടെ വാക്കുകള്‍ നാം ലക്ഷ്യം വയ്ക്കുന്നതു വിശ്വസഹോദര്യമാണ് എന്ന യാഥാര്‍ഥ്യത്തിനു അടിവരയിടുന്നതാണ്.
ആധുനിക ലോകം നേരിടുന്ന വെല്ലുവിളികളെ ധീരമായി നേരിടാന്‍ യുവജനങ്ങളെയും കുടുംബങ്ങളെയും പ്രാപ്തരാക്കുക എന്നത് ഈ വര്‍ഷാചരണത്തിന്റെ പ്രധാന ലക്ഷ്യമാണ്. പൊതുഇടങ്ങളില്‍ നമ്മുടെ സാന്നിധ്യത്തെ ദുര്‍ബലപ്പെടുത്തുന്ന ജനസംഖ്യാശോഷണം നമ്മുടെ കുടുംബങ്ങളില്‍ ചര്‍ച്ചാവിഷയമാകണം. സീറോമലബാര്‍ സഭാംഗങ്ങള്‍ പൊതുഭരണരംഗത്തേക്കും രാഷ്ട്രീയത്തിലേക്കും, സജീവമായി കടന്നുവരേണ്ടതു പൗരധര്‍മ്മത്തിന്റെ ഭാഗമാണ്. പൗരന്മാരുടെ നിതാന്ത ജാഗ്രതയിലാണ് ജനാധിപത്യത്തിന്റെ നിലനില്പ് എന്ന ചൊല്ല് നമുക്ക് മറക്കാതിരിക്കാം. നമ്മുടെ സമുദായാംഗങ്ങളുടെ ഇടയില്‍ സംഭവിക്കുന്ന, വിദേശ രാജ്യങ്ങളിലേക്കുള്ള വീണ്ടുവിചാരമില്ലാത്ത കുടിയേറ്റം, ചിലരെയെങ്കിലും വലിയ കടബാധ്യതകളിലേക്കും വിശ്വാസശോഷണത്തിലേക്കും നയിക്കുന്നുണ്ട്. തൊഴില്‍ തേടുന്നവര്‍ മാത്രമാകാതെ തൊഴില്‍ സൃഷ്ടിക്കുന്നവരും തൊഴില്‍ ദാതാക്കളും ആകാനുള്ള നമ്മുടെ സാധ്യത നാം മനസിലാക്കണം. കൃഷി ലാഭകരമല്ല എന്നു പറയുമ്പോഴും ശാസ്ത്രീയമായി കൃഷി ചെയ്തു അനേകം പേര്‍ക്ക് തൊഴില്‍ കൊടുക്കാന്‍ കഴിയും എന്നതിന് നമ്മുടെ ചില രൂപതകളില്‍ അഭിനന്ദനാര്‍ഹമായ മാതൃകകള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. വര്‍ത്തമാനകാലത്തു നമ്മുടെ മുന്‍പിലുള്ള പ്രതിസന്ധികളെ മറികടക്കാന്‍ സമുദായ ശക്തീകരണവര്ഷത്തിലെ കര്‍മ്മപദ്ധതികളെ ഗൗരവമായി ഏറ്റെടുക്കാന്‍ എല്ലാവരെയും ഞാന്‍ ആഹ്വനം ചെയ്യുന്നു.
ഗള്‍ഫ് മേഖലയ്ക്ക് അപ്പോസ്തോലിക് വിസിറ്റര്‍
അറേബ്യന്‍ ഗള്‍ഫ് മേഖലയിലെ സീറോമലബാര്‍ സഭാവിശ്വാസികള്‍ക്ക് ഫലപ്രദമായ അജപാലനശുശ്രൂഷ ചെയ്യുന്നതിനുള്ള സംവിധാനങ്ങള്‍ക്കായി വളരെ നാളുകളായി നാം പരിശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. പരിശുദ്ധ സിംഹാസനം ഗള്‍ഫ് നാടുകളിലെ സീറോമലബാര്‍ സഭാംഗങ്ങള്‍ക്കായി അപ്പസ്തോലിക് വിസിറ്ററെ നിയമിച്ചതുവഴി സഭയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായൊരു ചുവടുവയ്പ്പാണ് സംഭവിച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കു ആവശ്യമായ അജപാലന സംവിധാനങ്ങള്‍ അനുവദിക്കുന്നതിന് മുന്നോടിയായി അവിടങ്ങളിലുള്ള നമ്മുടെ വിശ്വാസിസമൂഹങ്ങളുമായും നിലവിലുള്ള അജപാലന സംവിധാനങ്ങളുമായും സംവദിച്ച് ഒരു വിശദമായ പഠന റിപ്പോര്‍ട്ട് തയ്യാറാക്കി പരിശുദ്ധ സിംഹാസനത്തിന് സമര്‍പ്പിക്കുക എന്നതാണ് അപ്പസ്തോലിക് വിസിറ്ററുടെ പ്രഥമ ദൗത്യം. പരിമിതികള്‍ക്കു നടുവിലും മാതൃസഭയുടെ ആരാധനാക്രമ പാരമ്പര്യത്തില്‍ നിലനില്ക്കാന് ത്യാഗപൂര്‍വം പരിശ്രമിച്ച എല്ലാവരെയും നന്ദിയോടെ ഓര്‍മ്മിക്കുന്നതിനൊപ്പം, അപ്പോസ്തോലിക് വിസിറ്ററായി നിയമിതനായ ബഹു. ജോളി വടക്കനച്ചന് എല്ലാ പിന്തുണയും നല്‍കണമെന്ന് ഗള്‍ഫ് നാടുകളിലെ എല്ലാ സീറോമലബാര്‍ സഭാമക്കളോട് ഞാന്‍ ആഹ്വാനം ചെയ്യുന്നു.
അനുരഞ്ജനത്തിലൂടെ ഐക്യത്തിലേക്ക്
ഐക്യമുള്ള സമുദായത്തിന് കാലത്തിന്റെ ഗതിമാറ്റാന്‍ കഴിയുമെന്നും ആരാധനാക്രമത്തിലെ ഐക്യം, വിശ്വാസികള്‍ക്കിടയിലുള്ള ആഴമേറിയ സാഹോദര്യത്തിന്റെ പ്രകാശനമാണ് എന്നുമുള്ള ബോധ്യത്തില്‍നിന്നാണ് വി. കര്‍ബാന അര്‍പ്പണരീതിയില്‍ ഏകീകരണം നടപ്പിലാക്കാന്‍ സിനഡ് തീരുമാനിച്ചത്. എന്നാല്‍ നാം ലക്ഷ്യംവച്ച ഐക്യം പൂര്‍ണ്ണമായും യാഥാര്‍ഥ്യമായിട്ടില്ല എന്നത് ദുഃഖകരമാണ്. ഏകീകൃത രീതിയിലുള്ള കുര്‍ബാനയര്‍പ്പണം നടപ്പിലാക്കണം എന്ന സഭയുടെ തീരുമാനം, എറണാകുളംഅങ്കമാലി അതിരൂപതയില്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കാനുള്ള ശ്രമങ്ങളെ സിനഡ് അനുഭാവപൂര്‍വം പരിഗണിക്കുന്നു. പരിശുദ്ധ സിംഹാസനം അംഗീകരിച്ച ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണത്തെ സംബന്ധിച്ചുള്ള സിനഡിന്റെ തീരുമാനം മാറ്റമില്ലാതെ തുടരുന്നതാണ്. ഏകീകൃത കുര്‍ബാന അര്പ്പണത്തിനുവേണ്ടി ആഗ്രഹിക്കുകയും നിലപാടെടുക്കുകയും നടപ്പിലാക്കുകയും ചെയ്ത രൂപതകളെയും വ്യക്തികളെയും സഭ പ്രത്യേകം നന്ദിയോടെ ഓര്‍ക്കുന്നു. എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രത്യേക സാഹചര്യത്തില്‍ ഘട്ടം ഘട്ടമായി ഏകീകൃത വിശുദ്ധ കുര്‍ബാനയര്‍പ്പണം നടപ്പിലാക്കാനുള്ള സിനഡ് തീരുമാനത്തോട് എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ക്രൈസ്തവ അരൂപിക്കു ചേരാത്ത പ്രതിഷേധങ്ങളുടെ മാര്‍ഗം വെടിഞ്ഞു, അനുരഞ്ജനത്തിന്റെ പാത സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഏവരെയും ആഹ്വാനം ചെയ്യുകയും ചെയ്യുന്നു.
വൈദികപരിശീലനത്തിന്റെ കാലോചിതനവീകരണം
മാറുന്ന സാഹചര്യങ്ങളില്‍ സഭയുടെ ദൗത്യം കൂടുതല്‍ ഫലപ്രദമാക്കുന്നതിനായി വൈദിക പരിശീലനം കാലോചിതമായി നവീകരിക്കേണ്ടത് അനിവാര്യമാണെന്ന് സീറോമലബാര്‍ സഭയുടെ മെത്രാന് സിനഡ് വിലയിരുത്തി. സുവിശേഷ പ്രഘോഷണത്തില്‍ തീക്ഷ്ണത ജ്വലിപ്പിക്കുന്ന വൈദികപരിശീലനം കാലത്തിന്റെ അനിവാര്യതയാണ്. ആത്മീയവും ദൈവശാസ്ത്രപരവുമായ അറിവിനോടൊപ്പം, വൈദികാര്‍ഥികള്‍ മാനസികമായ പക്വതയും സാമൂഹിക പ്രതിബദ്ധതയും ആധുനിക സാങ്കേതികവിദ്യകളില്‍ നൈപുണ്യവും ഉള്ളവരായി വളരേണ്ടതുണ്ട്. വൈദിക പരിശീലനത്തെ കുറിച്ച് സിനഡിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയമായ ഗവേഷണങ്ങളും പഠനങ്ങളും വര്‍ഷങ്ങളായി നടന്നുവരികയായിരുന്നു. അവയുടെ വെളിച്ചത്തില്‍ നവീകരിച്ച പരിശീലന പദ്ധതിക്ക് സിനഡ് വിശദമായ ചര്‍ച്ചകള്‍ക്കും കൂടിയാലോചനകള്‍ക്കും ശേഷം അന്തിമരൂപം നല്‍കിയിട്ടുണ്ട്. ഇവ നടപ്പില്‍ വരുത്തുന്നതിന്റെ ആദ്യഘട്ടമായി മൈനര്‍ സെമിനാരി പരിശീലനകാലഘട്ടത്തില്‍ കാതലായ ചില നവീകരണങ്ങള്‍ക്ക് സിനഡ് അംഗീകാരം നല്‍കുകയും ഈ രംഗത്തുള്ള എല്ലാവരുടെയും പങ്കാളിത്തത്തോടെ അത് നടപ്പിലാക്കാന്‍ വൈദികര്‍ക്കായുള്ള സിനഡല്‍ കമ്മീഷനെ ചുമതലപ്പെടുത്തുകയും ചെയ്തു.
അജപാലനത്തിലും സുവിശേഷവത്കരണത്തിലും മുന്നോട്ട്.
കേരളത്തിന് പുറത്ത് പുതിയ അതിരൂപതകളും വിവിധ രാജ്യങ്ങളില്‍ അജപാലന സംവിധാനങ്ങളുമായി സീറോമലബാര്‍ സഭ വളര്‍ച്ചയുടെ പടവുകള്‍ കയറുമ്പോള്‍, ലോകമെങ്ങും സുവിശേഷം പ്രഘോഷിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വവും വര്‍ധിക്കുകയാണ്. സഭയുടെ പൈതൃകവും ആത്മീയതയും മുറുകെപ്പിടിച്ചുകൊണ്ട് തന്നെ, വ്യത്യസ്ത സംസ്കാരങ്ങളിലുള്ളവരുമായി സംവാദത്തില്‍ ഏര്‍പ്പെടാനും മിശിഹായുടെ സ്നേഹം സാര്‍വത്രികമായി പ്രഘോഷിക്കാനും നാം കടപ്പെട്ടവരാണ്. ഈയൊരു ദൗത്യം ഏറ്റെടുക്കാന്‍ പ്രാപ്തരായ കൂടുതല്‍ മിഷനറിമാരെ വാര്‍ത്തെടുക്കാനും, തങ്ങളുടെ വിശ്വാസത്തെക്കുറിച്ചും, സഭയെക്കുറിച്ചും അഭിമാനബോധമുള്ളവരായി സഭാസന്താനങ്ങളെ വളര്‍ത്തിയെടുക്കാനും സഹായകമാകുന്ന ഒരു അജപാലന പദ്ധതി ജീവന് ജ്യോതി സീറോമലബാര്‍ മിഷനറി മൂവ്മെന്റ് നാം ആരംഭിക്കുകയാണ്. സുവിശേഷവത്കരണം നമ്മുടെ പ്രഥമദൗത്യമാകയാല്, കൂടുതല്‍ വൈദിക സമര്‍പ്പിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കുവാന്‍ കുടുംബങ്ങള്‍ പ്രത്യേക താല്പര്യം കാണിക്കേണ്ടതുണ്ട്.
ജൂബിലിവര്‍ഷം സമാപിച്ചെങ്കിലും, അത് നമ്മുടെ ഹൃദയങ്ങളില്‍ വിതച്ച പ്രത്യാശയുടെയും കാരുണ്യത്തിന്റെയും വിത്തുകളെ നമുക്ക് പരിപോഷിപ്പിക്കാം. ‘ജൂബിലി വര്‍ഷം സമാപിക്കുമ്പോഴും, പ്രത്യാശയുടെ തീര്‍ഥാടനം തുടരുകയാണെന്ന’ ലെയോ പതിനാലാമന്‍ മാര്‍ പാപ്പയുടെ വാക്കുകള്‍ നമ്മെ പ്രചോദിപ്പിക്കട്ടെ.
കാക്കനാട് മൗണ്ട് സെന്റ് തോമസിലുള്ള മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ കാര്യാലയത്തില്‍ നിന്നും 2026 ാം ആണ്ട ജനുവരി മാസം 10 – ാം തീയതി നല്കപ്പെട്ടത്.
മാര്‍ റാഫേല്‍ തട്ടില്‍
സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പ്


