മാര്‍തോമാശ്ലീഹായുടെ പ്രേഷിതപ്രവര്‍ത്തനഫലമായി രൂപംകൊണ്ടുവളര്‍ന്ന സീറോമലബാര്‍സഭയില്‍ ചരിത്രപ്രാധാന്യമുള്ള ചില തീരുമാനങ്ങളെടുക്കപ്പെട്ട സിനഡാണ് 2025 ആഗസ്റ്റ് 18 മുതല്‍ 29 വരെ സഭയുടെ കേന്ദ്രകാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ്‌തോമസിലെ മേജര്‍ആര്‍ക്കിഎപ്പിസ്‌ക്കോപ്പല്‍ കൂരിയായില്‍ നടന്നത്. 35 രൂപതകളും ഒരു അപ്പസ്‌തോലിക് വിസിറ്റേഷനുമായി ലോകമാസകലം വ്യാപിച്ചുകിടക്കുന്ന ഈ അപ്പസ്‌തോലികസഭയില്‍ അഞ്ചു മെത്രാപ്പോലീത്തന്‍ പ്രോവിന്‍സുകളായിരുന്നു ഇതുവരെയും ഉണ്ടായിരുന്നത്. ഈ അഞ്ചു പ്രോവിന്‍സുകളും കേരളത്തില്‍ ആയിരുന്നുവെങ്കിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലുമുള്ള ചില രൂപതകള്‍ ഇവയുടെ കീഴില്‍ ഉണ്ടായിരുന്നു.
എന്നാല്‍ തമിഴ്‌നാട്ടിലെ ഹൊസൂര്‍രൂപത ഒരു പ്രോവിന്‍സിലും ഉള്‍പ്പെട്ടിരുന്നില്ല. തന്മൂലം ഇത്തവണത്തെ സിനഡ് തീരുമാനപ്രകാരം ഹൊസൂര്‍രൂപത തൃശൂര്‍ അതിരൂപതയുടെ ഭാഗമായിത്തീര്‍ന്നു. കേരളത്തിനു പുറത്ത് ഇന്ത്യയിലുള്ള മറ്റു രൂപതകളെയും മെത്രാപ്പോലീത്തന്‍ പ്രോവിന്‍സുകളുടെ കീഴിലാക്കി അജപാലനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാനും പ്രേഷിതപ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്താനും സിനഡ് ആലോചിച്ചുതുടങ്ങിയിട്ട് വര്‍ഷങ്ങളായി.
എന്നാല്‍ ഇത്തവണത്തെ സിനഡിലാണ് ഇതുസംബന്ധിച്ച അന്തിമതീരുമാനം ഉണ്ടായത്. കേരളത്തില്‍ നിലവിലുള്ള അതിരൂപതകള്‍ എറണാകുളം- അങ്കമാലി, ചങ്ങനാശേരി, തൃശൂര്‍, തലശേരി, കോട്ടയം എന്നിവയാണ്. ഇപ്പോള്‍ കേരളത്തിനു പുറത്ത് സ്ഥാപിതമായിരിക്കുന്ന അതിരൂപതകള്‍ ഫരീദാബാദ്, ഉജ്ജെയ്ന്‍, കല്യാണ്‍, ഷംഷാബാദ് എന്നിവയാണ്. സിനഡ് ഏകകണ്ഠമായി എടുത്ത ഈ തീരൂമാനത്തിന് താമസംവിനാ പരിശുദ്ധ സിംഹാസനം അംഗീകാരം നല്കുകയും ചെയ്തു.
മെത്രാപ്പോലീത്തന്‍ പ്രവിശ്യകളുടെ ഔപചാരികമായ ഉദ്ഘാടനവും മെത്രാപ്പോലീത്താമാരുടെ സ്ഥാനാരോഹണവും ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി നടക്കും. കേരളത്തിനു പുറത്തുള്ള പന്ത്രണ്ടു രൂപതകളുടെ അതിര്‍ത്തി പുന:നിര്‍ണയം ചെയ്യപ്പെട്ടതാണ് ഈ സിനഡിലെ മറ്റൊരു സുപ്രധാനതീരുമാനം. 2017 ല്‍ ഷംഷബാദ് രൂപത സ്ഥാപിക്കപ്പെട്ടപ്പോള്‍ അതിന്റെ അതിര്‍ത്തികള്‍ ഇന്ത്യയിലെ 24 സംസ്ഥാനങ്ങളിലും നാലു കേന്ദ്രഭരണപ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുകയായിരുന്നു.
ഈ രൂപതയുടെയും ഹൊസൂര്‍ രൂപതയുടെയും സ്ഥാപനത്തോടുകൂടിയാണ് ഇന്ത്യ മുഴുവനും അജപാലനപ്രവര്‍ത്തനങ്ങള്‍ നടത്താനും പ്രേഷിതമുന്നേറ്റങ്ങള്‍ക്ക് സ്വന്തം നിലയില്‍ നേതൃത്വമെടുക്കാനും സീറോമലബാര്‍ സഭയ്ക്ക് അധികാരം ലഭിച്ചത്. ഇന്ത്യ മുഴുവനും അജപാലന അധികാരമുണ്ടായിരുന്ന ഭാരതത്തിലെ മാര്‍തോമാ നസ്രാണിസഭയ്ക്ക് പതിനാറാം നൂറ്റാണ്ടിലാണ് ഇതു കൈമോശം വന്നത്. 2017 ഒക്ടോബര്‍ ഒമ്പതിന് പരിശുദ്ധപിതാവ് ഷംഷാബാദ് രൂപത സ്ഥാപിച്ചുകൊണ്ടെഴുതിയ കത്തിലൂടെയാണ് ഇത് പുന:സ്്ഥാപിക്കപ്പെട്ടത്.
ഈ അധികാരം സീറോമലബാര്‍സഭ സംയോജിതമായ വിധത്തിലും യുക്തമായ രീതിയിലും വിനിയോഗിച്ചതിന്റെ ഫലമാണ് പുതിയ മെത്രാപ്പോലീത്തന്‍ പ്രവിശ്യകളുടെ സ്ഥാപനവും അതിര്‍ത്തികളുടെ പുന:നിര്‍ണയനവും നടന്നത്. ലോകം മുഴുവനിലും സുവിശേഷം പ്രസംഗിക്കാനുള്ള അനുവാദവും ആഹ്വാനവുമാണ് ഈശോ സുവിശേഷത്തിലൂടെ നമുക്ക് നല്കിയിരിക്കുന്നത്. ‘ആകയാല്‍ നിങ്ങള്‍പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് ജ്ഞാനസ്‌നാനം നല്കുവിന്‍. ഞാന്‍ നിങ്ങളോട് കല്പിച്ചവയെല്ലാം അനുസരിക്കാന്‍ അവരെ പഠിപ്പിക്കുവിന്‍. യുഗാന്തം വരെ എന്നും ഞാന്‍ നിങ്ങളോടുകൂടെയുണ്ടായിരിക്കും ‘( മത്താ 28:19-20 ).
ഈ പ്രേഷിതദൗത്യം ഇനിയും ഫലപ്രദമായവിധത്തില്‍ നിര്‍വഹിക്കാനുള്ള ദൈവകൃപ പ്രേഷിത തീക്ഷ്ണതയാല്‍ ജ്വലിക്കുന്ന നമ്മുടെ സഭയ്ക്ക് ലഭിക്കുന്നതിനുവേണ്ടി തുടര്‍ന്നും പ്രാര്‍ഥിക്കാം. നല്ലവനായ ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.
ബിഷപ്പ് സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ


