ആഗോളകത്തോലിക്കാസഭാവിശ്വാസികളുടെ ആത്മീയപിതാവ് ഫ്രാൻസിസ് പാപ്പ ഇനി ചരിത്രത്തിലും ഓർമകളിലും ജീവിക്കും. പന്ത്രണ്ടു വർഷം ഒരു മാസം എട്ടുദിവസം വലിയ മുക്കുവന്റെ ഇരിപ്പിടത്തിൽ അസ്സീസിയിലെ ഫ്രാൻസിസ് പുണ്യവാന്റെ പേരുസ്വീകരിച്ച് അതേ രീതിയിൽ ലാളിത്യത്തിന്റെ മറുരൂപമായി ജീവിച്ച ഫ്രാൻസിസ് പാപ്പ ഈസ്റ്ററിന്റെ പിറ്റേന്ന് 2025 ഏപ്രിൽ 21 ന് ഇറ്റാലിയൻ സമയം രാവിലെ 7. 35 നാണ് പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങിയത്.
ഫെബ്രുവരി തുടക്കം മുതൽ ശ്വാസകോശസംബന്ധമായ അസുഖങ്ങളെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിച്ച പാപ്പയെ ഫെബ്രുവരി14 നാണ് റോമിലെ ജെമെല്ലി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബൈലാറ്ററൽ ന്യൂമോണിയയാണെന്ന് കണ്ടെത്തിയതിനെതുടർന്ന് വിദഗ്ദചികിത്സകളും നല്കിയിരുന്നു. എന്നാൽ ഒരു ഘട്ടത്തിൽ പാപ്പായുടെ നില അത്യന്തം ഗുരുതരാവസ്ഥയിലെത്തുകയും ലോകം മുഴുവൻ പാപ്പായുടെ ആരോഗ്യത്തിനുവേണ്ടിയുള്ള പ്രാർഥനകളിൽ മുഴുകുകയും ചെയ്തിരുന്നു. ആ പ്രാർഥനകളുടെ ഫലമായി മാർച്ച് 23 ന് പാപ്പ ഡിസ്ചാർജായി.
സാധാരണജീവിതത്തിലേക്ക് വളരെ പതുക്കെയാണെങ്കിലും തിരികെവന്നുകൊണ്ടിരിക്കുകയാണെന്ന വ്യക്തമാക്കിക്കൊണ്ട് ഓശാനഞായറാഴ്ച തിരുക്കർമ്മങ്ങളുടെ അവസാനം വീൽച്ചെയറിലെത്തി അദ്ദേഹം വിശ്വാസികളെ അഭിവാദ്യം ചെയ്യുകയും നല്ലൊരു വിശുദ്ധവാരം ആശംസിക്കുകയും ചെയ്തിരുന്നു. പെസഹാവ്യാഴാഴ്ചയിലെ കാൽകഴുകൽ ശുശ്രൂഷയിൽ പങ്കെടുത്തില്ലെങ്കിലും പതിവുപോലെ ജയിലിലെത്തി അന്തേവാസികളെ സന്ദർശിക്കാനും മറന്നിരുന്നില്ല. ഈസ്റ്റർ ദിവസം ഊർബി ഏത് ഓർബി നല്കി റോമാനഗരത്തെയും ലോകത്തെയും അനുഗ്രഹിക്കുകയും ചെയ്തു. അതിന്റെ പിറ്റേന്നാണ് പക്ഷാഘാതവും ഹൃദയസ്തംഭനവും മൂലം പാപ്പ അപ്രതീക്ഷിതമായി ലോകത്തോട് വിടപറഞ്ഞത്. കാമർലെംഗോ കർദിനാൾ കെവിൻ ഫാരെല്ലാണ് പാപ്പയുടെ ദേഹവിയോഗം ഔദ്യോഗികമായി ലോകത്തെ അറിയിച്ചത്.
ഏപ്രിൽ 23 മുതൽ 25 വരെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പാപ്പയുടെ ഭൗതികദേഹം പൊതുദർശനത്തിനായി വച്ചു. പാപ്പായുടെ ഔദ്യോഗികവസതിയായ സാന്താമാർത്തയുടെ താഴത്തെ നിലയിലുളള ചാപ്പലിൽ നിന്ന് പ്രദക്ഷിണമായിട്ടാണ് ഭൗതികദേഹം ബസിലിക്കയിലെത്തിച്ചത്. അഞ്ചുമണിക്കൂറിലധികം നീണ്ട ക്യൂവിൽ നിന്നവർപോലും അക്കൂട്ടത്തിലുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി ഏഴുവരെയായിരുന്നു പൊതുദർശനസമയം. വെള്ളി രാത്രി എട്ടുമണിയോടെ കർദിനാൾ കെവിൻ ഫാരെൽ പെട്ടി അടച്ചു.
ശനിയാഴ്ച രാവിലെ പത്തു മണിക്ക് ( ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 ) സെന്റ് പീറ്റേഴ്സ് ബസിലിക്ക അങ്കണത്തിൽ ആരംഭിച്ച സംസ്കാരശുശ്രൂഷകൾക്ക് കർദിനാൾ കോളജിന്റെ ഡീൻ ജിയോവാനി ബത്തീസ്റ്റ റേ മുഖ്യകാർമികത്വം വഹിച്ചു. അനശ്വരസന്തോഷത്തിലേക്ക് ഫ്രാൻസിസ് പാപ്പയെ ദൈവം സ്വീകരിക്കുന്നതിനായി അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി എല്ലാവരും പ്രാർഥിക്കണമെന്ന് കർദിനാൾ റേ പറഞ്ഞു. സഭ എല്ലാവരുടെയും ഭവനമാണ് എല്ലായ്പ്പോഴും തുറന്നിരിക്കുന്ന വാതിലുകളുള്ള ഒരു വീടെന്ന ഫ്രാൻസിസ് പാപ്പയുടെ ബോധ്യമാണ് സഭയെ ഒരു പ്രവർത്തനരംഗ ആതുരാലയം എന്ന് വിശേഷിപ്പിക്കാൻ പ്രചോദനം നല്കിയതെന്നും കർദിനാൾ അനുസ്മരിച്ചു.
വിശുദ്ധ കുർബാനയ്ക്കും ലത്തീൻ ക്രമത്തിലുളള സംസ്കാരശുശ്രൂഷകളുടെ അവസാനഭാഗത്തിനും ശേഷം പൗരസ്ത്യസഭകളിലെ പാത്രിയാർക്കീസുമാരും മേജർആർച്ചുബിഷപ്പുമാരും മറ്റ് സ്വയംഭരണാധികാരസഭകളിലെ തലവന്മാരായ മെത്രാപ്പോലീത്തമാരും ചേർന്ന് ബൈസൈന്റയിൻ ക്രമത്തിൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർഥനാശുശ്രൂഷകൾ നടത്തി. ഈ പ്രാർഥനയിൽ മൃതദേഹപേടകത്തിന് അരികിൽ നിന്നുകൊണ്ട് സീറോമലബാർസഭയുടെ മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ പിതാവും മേജർആർച്ചുബിഷപ് എമിരത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവും പങ്കുചേർന്നു.
തിരുക്കർമങ്ങളുടെ അവസാനം പാപ്പയുടെ ഭൗതികദേഹ പേടകം സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് ബസിലിക്കയുടെ പുറത്തേക്ക് കൊണ്ടുപോവുകയും സാന്താമാർത്ത ചത്വരത്തിൽ വച്ച് ഭൗതികദേഹം പോപ് മൊബീലിലേക്ക് മാറ്റുകയും തുടർന്ന് വിലാപയാത്രയായി ആറു കിലോമീറ്റർ അകലെയുള്ള കന്യാമറിയത്തിന്റെ പള്ളിയിലേക്ക് എത്തിക്കുകയും ചെയ്തു. അവിടെ മാർപാപ്പയുടെ ആഗ്രഹപ്രകാരം അദ്ദേഹം നിശ്ചയിച്ചിരുന്ന സ്ഥലത്ത് അലങ്കാരങ്ങളെല്ലാം ഒഴിവാക്കി ഏറ്റവും ലളിതമായ രീതിയിലായിരുന്നു ഭൗതികദേഹം അടക്കം ചെയ്തത്.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, അർജന്റീനയുടെ പ്രസിഡന്റ് ഹാവിയർ മിലേ, ബ്രസീൽ പ്രസിഡന്റ് ലുലു ഡാ സിൽവ, യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്ക്കി, ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് തുടങ്ങിയ അറുപത് രാഷ്ട്രത്തലവന്മാരുടെയും 136 രാജ്യങ്ങളുടെ പ്രതിനിധികളുടെയും സാന്നിധ്യവും പാപ്പയുടെ സംസ്കാരച്ചടങ്ങുകളിലുണ്ടായിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നായി ആറുലക്ഷത്തിലധികം പേർ പാപ്പയുടെ സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്തു.
സംസ്കാരച്ചടങ്ങുകളിലെ കേരളസാന്നിധ്യം
ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരശുശ്രൂഷകളിൽ പ്രാർഥനകൾക്ക് സീറോമലബാർസഭ മേജർആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, സീറോമലങ്കര സഭാധ്യക്ഷൻ കർദിനാൾ ബസേലിയോസ് മാർ ക്ലീമിസ്, കർദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട്, മേജർആർച്ചുബിഷപ് എമരിത്തൂസ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി, റോമിലെ മേജർ ആർച്ചുബിഷപ്പിന്റെ പ്രൊക്യുറേറ്റർ ബിഷപ് സ്റ്റീഫൻ ചിറപ്പണത്ത്, റോമിലുള്ള മലയാളികളായ വൈദികർ, സമർപ്പിതർ, വൈദികവിദ്യാർഥികൾ, അല്മായർ തുടങ്ങി നിരവധി പേർ പങ്കെടുത്തു. കേന്ദ്രമന്ത്രി ജോർജ് കുര്യൻ, സംസ്ഥാനമന്ത്രി റോഷി അഗസ്റ്റ്യൻ, ചാണ്ടി ഉമ്മൻ എംഎൽഎ തുടങ്ങിയവരും പാപ്പക്ക് അന്ത്യോപചാരമർപ്പിക്കാനെത്തിയിരുന്നു. ഫ്രാൻസിസ് മാർപാപ്പയുടെ അന്ത്യയാത്രയിൽ പൂക്കൂടയുമായി കബറിടം വരെ അകമ്പടി സേവിക്കാൻ തിരഞ്ഞെടുക്കപ്പെട്ടവരിൽ സീറോമലബാർസഭയ്ക്കുവേണ്ടി വത്തിക്കാനിൽ സ്ഥാപിച്ച സാന്താ അസ്താസിയ ബസിലിക്ക ഇടവകാംഗമായ നിയ എന്ന നാലാംക്ലാസുകാരിയുണ്ടായിരുന്നു.
മേരി മേജർ ബസിലിക്കയും ഫ്രാൻസിസ് പാപ്പയും
മാർപാപ്പമാരുടെ ഭൗതികദേഹം സാധാരണയായി അടക്കം ചെയ്യുന്നത് സെന്റ് പീറ്റേഴ്സ് ബസിലിക്കയിലാണ്. എന്നാൽ അതിൽ നിന്നു വ്യത്യസ്തമായി താൻ എപ്പോഴും പ്രാർഥിക്കാനായി പോയിരുന്ന സെന്റ് മേരി മേജർ ബസിലിക്കയിൽ തന്റെ ഭൗതികദേഹം അടക്കം ചെയ്യണമെന്ന ആഗ്രഹം ഫ്രാൻസിസ് മാർപാപ്പ 2022 ൽതന്നെ തന്റെ വിൽപ്പത്രത്തിൽ എഴുതിവച്ചിരുന്നു. ഇതിൻപ്രകാരമാണ് പാപ്പയ്ക്ക് മാതാവിന്റെ പള്ളിയിൽ അന്തിമവിശ്രമസ്ഥലം ഒരുക്കിയത്. പക്ഷേ ഫ്രാൻസിസ് പാപ്പയ്ക്ക് മുമ്പ് ഏഴു മാർപാപ്പമാരെ ഇവിടെ അടക്കം ചെയ്തിട്ടുണ്ട്. പോപ്പ് ഹോണോറിയസ് മൂന്നാമൻ, പോപ്പ് നിക്കോളാസ് നാലാമൻ, വിശുദ്ധ പയസ് അഞ്ചാമൻ, പോപ്പ് സിക്സ്റ്റസ് അഞ്ചാമൻ, പോപ്പ് ക്ലമെന്റ് എട്ടാമൻ, പോപ്പ് പോൾ അഞ്ചാമൻ, പോപ്പ് ക്ലെമന്റ് ഒമ്പതാമൻ എന്നിവരുടെ കല്ലറകൾ ഈ ദേവാലയത്തിലാണ്.


