കോൺക്ലേവ്

Published on

267 – ാമത് മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന് ആരംഭിക്കുമ്പോൾ കോൺക്ലേവിന്റെ ചരിത്രവും സവിശേഷതകളും വ്യക്തമാക്കുകയാണ് ഈ ലേഖനം.

പത്രോസിന്റെ പിൻഗാമിയും റോമാ രൂപതയുടെ ബിഷപ്പും കത്തോലിക്കാസഭയുടെ തലവനുമായ മാർപാപ്പയെ തിരഞ്ഞെടുക്കുന്നത് വളരെ രഹസ്യമായ ഒരു സമ്മേളനത്തിലൂടെയാണ്. കോൺക്ലേവ് എന്നാണ് കർദിനാൾമാരുടെ പ്രസ്തുത യോഗം അറിയപ്പെടുന്നത്. കോൺക്ലേവ് എന്ന ലത്തീൻ പദത്തിന്റെ അർഥം “താക്കോലുമായി” (With the Key) എന്നാണ്. റോമാ മാർപാപ്പ കാലം ചെയ്തതിന് ശേഷം കോൺക്ലേവ് ആരംഭിച്ചാൽ സിസ്റ്റൈൻ ചാപ്പൽ പുറത്ത് നിന്ന് പൂട്ടി ഒരു പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ കർദിനാൾമാർ അതിനകത്തായിരിക്കും. അടുത്ത മാർപാപ്പയെ തിരഞ്ഞെടുക്കാൻ ചുമതലയുള്ള കർദിനാൾമാർ മധ്യകാലഘട്ടം മുതൽ നിലവിലുള്ള നിബന്ധനകളും രീതികളുമാണ് പിന്തുടരുന്നത്. എങ്കിലും ഈ പ്രക്രിയയിൽ കാലാനുസൃതമായ മാറ്റങ്ങളും കൂട്ടിച്ചേർക്കലും ഉണ്ടായിട്ടുമുണ്ട്.

മാർപാപ്പയുടെ തിരഞ്ഞെടുപ്പിൽ ഇന്ന് കർദിനാൾസംഘം പിന്തുടരുന്ന ആധുനിക നിയമങ്ങളുടെ ഭൂരിഭാഗവും ജോൺ പോൾ രണ്ടാമൻ മാർപാപ്പ 1996 ൽ പ്രസിദ്ധപ്പെടുത്തിയ “യൂണിവേഴ്സി ഡൊമിനിചി ഗ്രെഗിസ്” എന്ന അപ്പസ്തോലിക ഭരണഘടനയിലാണുള്ളത്. പിന്നീട് ബനഡിക്ട് പതിനാറാമൻ മാർപാപ്പയും പുതിയ മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കോൺക്ലേവിന്റെ തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ, കർദിനാൾ ഇലക്ടറുകൾ കോൺക്ലേവിന്റെ ആസ്ഥാനമായ വത്തിക്കാന്റെ സിസ്റ്റൈൻ ചാപ്പലിലേക്ക് എത്തിച്ചേരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ ഒരാൾ തിരഞ്ഞെടുക്കപ്പെടുന്നത് വരെ കർദിനാൾമാർ അവിടെ തുടരുന്നു. ഈ പ്രക്രിയ ഒന്ന് പരിശോധിക്കാം.

  1. കർദിനാൾമാർ എത്തിച്ചേരുന്നു

സാങ്കേതികമായി, ഏതൊരു കത്തോലിക്കാ പുരുഷനും മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തി വൈദികനോ മെത്രാനോ അല്ലെങ്കിൽ മാർപാപ്പയായി അയാളെ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ മെത്രാനായി പട്ടം നല്കിയിരിക്കണം എന്നു മാത്രം. എന്നാൽ 1379 മുതൽ പുതിയ മാർപാപ്പ കർദിനാൾമാരുടെ ഇടയിൽ നിന്ന് മാത്രമാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. നിലവിൽ ലോകമെമ്പാടും 250ലധികം കർദിനാൾമാർ ഉണ്ടെങ്കിലും, “അപ്പസ്തോലിക സിംഹാസനം ഒഴിഞ്ഞ ദിവസം” (on the day when the Apostolic See becomes vacant) 80 വയസ്സ് പൂർത്തിയാകാത്ത കർദിനാൾമാർക്ക് മാത്രമേ വോട്ടുചെയ്യാൻ അനുവാദമുള്ളൂ. ഇത്തരുണത്തിൽ ഇപ്രാവശ്യം വോട്ട് ചെയ്യാൻ യോഗ്യരായ കർദിനാൾമാരുടെ എണ്ണം 135 ആണ്. ഇതിൽ 53 പേർ യൂറോപ്പിൽ നിന്നും 23 പേർ ഏഷ്യയിൽ നിന്നും 23 പേർ ലാറ്റിനമേരിക്കയിലും കരീബിയയിലും നിന്നും 18 പേർ ആഫ്രിക്കയിൽ നിന്നും 14 പേർ അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ നിന്നും 4 പേർ ഓഷ്യാനിയയിൽ നിന്നുമാണ്. നിരവധി കർദിനാൾമാർ വത്തിക്കാനിൽ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്യുന്നുണ്ടെങ്കിലും, ബാക്കിയുള്ളവരെല്ലാം ലോകമെമ്പാടും വിവിധ ശുശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്നവരാണ്. അസുഖമോ മറ്റ് ഗുരുതരമായ തടസങ്ങളോ ഇല്ലെങ്കിൽ വോട്ടെടുപ്പിൽ പങ്കെടുക്കാൻ യോഗ്യരായവരെല്ലാവരും റോമിലേക്ക് എത്തിച്ചേരേണ്ടതുണ്ട്.

  1. സിസ്റ്റൈൻ ചാപ്പലിലേക്കുള്ള പ്രദക്ഷിണം

കോൺക്ലേവിന്റെ ആദ്യ ദിവസം രാവിലെ കർദിനാൾമാർ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ പ്രത്യേക വിശുദ്ധബലി അർപ്പിക്കുകയും ഒത്തുകൂടുകയും ചെയ്യുന്നു. ഉച്ചകഴിഞ്ഞ് പൗളൈൻ ചാപ്പലിൽ ഒരുമിച്ചുകൂടി പരിശുദ്ധാത്മാവിനോടുള്ള ഗാനം (Veni Creator) ആലപിച്ചുകൊണ്ട് സിസ്റ്റൈൻ ചാപ്പലിലേക്ക് പോകുന്നു. പോപ്പിന്റെ മരണത്തെത്തുടർന്ന് വത്തിക്കാനിലെ ഏറ്റവും ശക്തനായ വ്യക്തിയാണ് കാമർലെംഗോ. കോൺക്ലേവിന് വേണ്ട എല്ലാക്കാര്യങ്ങളും കാമർലെംഗോയുടെ മേൽനോട്ടത്തിലാണ് ക്രമീകരിക്കുന്നതെങ്കിലും വോട്ടിംഗിന്റെ സമയത്ത് അദ്ദേഹം കോൺക്ലേവിനുള്ളിൽ പ്രവേശിക്കുന്നില്ല. കോൺക്ലേവിന് ചാപ്പലിനകത്ത് മേൽനോട്ടം വഹിക്കുന്നത് കർദിനാൾ സംഘത്തിന്റെ ഡീൻ അല്ലെങ്കിൽ അദ്ദേഹത്തിന്റെ അഭാവത്തിൽ കർദിനാൾമാരിൽ ഏറ്റവും മുതിർന്ന വ്യക്തി ആയിരിക്കും.

  1. സത്യപ്രതിജ്ഞ

വോട്ടെടുപ്പിന് മുമ്പ് എല്ലാ കർദിനാൾമാരും തെരഞ്ഞെടുപ്പിന്റെ രഹസ്യസ്വഭാവത്തെ ഉറപ്പിക്കാനായി സത്യപ്രതിജ്ഞ ചെയ്യുന്നു. “ഞാൻ (ആദ്യനാമം) കർദിനാൾ (അവസാന നാമം), വാഗ്ദാനം ചെയ്യുന്നു, പ്രതിജ്ഞ ചെയ്യുന്നു, സത്യം ചെയ്യുന്നു. അതിനാൽ ദൈവവും ഞാൻ മുറുകെപ്പിടിച്ചിരിക്കുന്ന ഈ വിശുദ്ധ സുവിശേഷങ്ങളും എന്നെ സഹായിക്കട്ടെ.” (‘And I, (first name) Cardinal (last name), do promise, pledge and
swear. So help me God and these Holy Gospels which I touch with my hand’). ഏറ്റവും മുതിർന്നവർ മുതൽ പ്രായക്രമത്തിലാണ് സത്യപ്രതിജ്ഞ നടത്തുന്നത്. സത്യപ്രതിജ്ഞക്ക് ശേഷം പേപ്പൽ ആരാധനാക്രമ ആഘോഷങ്ങളുടെ മാസ്റ്റർ “അധികമായവർ പോകൂ” (Etxra omnes) എന്ന് പ്രഖ്യാപിക്കുന്നു. കർദിനാൾമാർ മാത്രം സിസ്റ്റൈൻ ചാപ്പലിൽ അവശേഷിക്കുന്നു. പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെടുന്നതുവരെ ഇനിയാരും കർദിനാൾമാരെ കാണുകയില്ല. തിരഞ്ഞെടുപ്പിന്റെ അതീവരഹസ്യസ്വഭാവം ഉറപ്പാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ഫോണുകളോ ഈമെയിലുകളോ ഇന്റർനെറ്റ് കണക്ടിവിറ്റിയോ ഒന്നും സിസ്റ്റൈൻ ചാപ്പലിൽ ലഭ്യമല്ല. 2013 മുതൽ സിഗ്നൽ ബ്ലോക്കേഴ്സും ചാപ്പലിൽ ക്രമീകരിക്കപ്പെട്ടിട്ടുണ്ട്.

  1. വോട്ടെടുപ്പ്

രാവിലെയും ഉച്ചകഴിഞ്ഞുമുള്ള സെഷനുകളിലാണ് വോട്ടെടുപ്പ് പ്രക്രിയ നടക്കുന്നത്. ഓരോ സെഷനിലും നിർദ്ദിഷ്ട റോളുകൾ നിർവഹിക്കുന്നതിനായി ഒമ്പത് കർദിനാൾമാരെ തിരഞ്ഞെടുത്തിട്ടുണ്ടാകും. മൂന്ന് പേർ വോട്ടെടുപ്പിന് മേൽനോട്ടം വഹിക്കുന്നു, മൂന്ന് പേർ രോഗികളായ കർദിനാൾമാരിൽ നിന്ന് വോട്ടുകൾ ശേഖരിക്കുന്നു, മൂന്ന് പേർ ഫലങ്ങൾ പരിശോധിക്കുന്നു.

“ഞാൻ സുപ്രീം പൊന്തിഫിനെ തിരഞ്ഞെടുക്കുന്നു” (Eligio in Summum Pontificem) എന്നെഴുതിയ ബാലറ്റ് പേപ്പറുകൾ ഓരോ കർദിനാളിനും ലഭിക്കുന്നു. അതിൽ പേരെഴുതേണ്ട സ്ഥലത്ത് ആരെയാണോ അവർ മാർപാപ്പയായി തിരഞ്ഞെടുക്കാൻ ഉദ്ദേശിക്കുന്നത് ആ പേര് രഹസ്യമായി എഴുതുന്നു. അൾത്താരയുടെ മുമ്പിൽ വോട്ടുകൾ ശേഖരിക്കാനായി മൂന്ന് കർദിനാൾമാർ ഇരിക്കുന്നുണ്ടാകും. വോട്ട് ശേഖരിക്കുന്ന പാത്രവും അതിനുമുകളിൽ ഒരു പ്ലേറ്റും അവരുടെ മുമ്പിൽ മേശമേൽ വച്ചിട്ടുണ്ടാകും. ഏറ്റവും മുതിർന്നവർ തുടങ്ങി ഓരോ കർദിനാളും തന്റെ ബാലറ്റ് മുന്നായി മടക്കി വായുവിലുയർത്തിപ്പിടിച്ച് അൾത്താരയുടെ മുന്നിലേക്ക് വന്ന് “എന്റെ വിധിയാളനായ ക്രിസ്തുവിനെ സാക്ഷിയാക്കി ദൈവതിരുമുമ്പാകെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്ന വ്യക്തിക്ക് എന്റെ വോട്ട് നല്കിയിരിക്കുന്നു” (‘I call as my witness Christ the Lord who will be my judge, that my vote is given to the one who before God I think should be elected’) എന്ന് പ്രഖ്യാപിക്കുകയും പ്ലേറ്റിൽ തന്റെ ബാലറ്റ് പേപ്പർ നിക്ഷേപിക്കുകയും ചെയ്യും. രോഗിയായ ഒരു കർദിനാളിന് തന്റെ മുറിയിൽ നിന്ന് ലോക്ക് ചെയ്ത ഒരു ബോക്സ് വഴിയായി ഈ വോട്ടെടുപ്പിൽ പങ്കെടുക്കാവുന്നതാണ്.

  1. വോട്ടെണ്ണൽ

എല്ലാ കർദിനാൾമാരും വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റുകൾ പരിശോധിച്ച് എണ്ണം രേഖപ്പെടുത്താൻ ആരംഭിക്കും. ഓരോ വ്യക്തിക്കും ലഭിക്കുന്ന വോട്ടുകൾ സൂക്ഷ്മപരിശോധനക്കാരായ (scrutineers) കർദിനാൾമാർ കൂട്ടിച്ചേർക്കുകയും ഫലങ്ങൾ പുനഃപരിശോധകരായ (Revisers) കർദിനാൾമാർ പരിശോധിക്കുകയും ചെയ്യുന്നു. ഒരു സ്ഥാനാർത്ഥിക്ക് ആകെ വോട്ടിന്റെ മൂന്നിൽ രണ്ട് ഭാഗം ലഭിക്കുകയാണെങ്കിൽ, അയാൾ അടുത്ത പോപ്പായി മാറും.

സൂക്ഷ്മപരിശോധകരിലെ ആദ്യ കർദിനാൾ പാത്രം നന്നായി കുലുക്കി ബാലറ്റുകൾ കൂട്ടിക്കലർത്തും. സൂക്ഷ്മപരിശോധകരിലെ മൂന്നാമത്തെ കർദിനാൾ ബാലറ്റുകളുടെ എണ്ണം തിട്ടപ്പെടുത്തും. തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കർദിനാളന്മാരുടെ എണ്ണത്തിനനുസരിച്ച് ബാലറ്റുകൾ ഇല്ലായെങ്കിൽ പരിശോധിക്കാതെ തന്നെ അവ കത്തിച്ചുകളയുകയും വീണ്ടും വോട്ടെടുപ്പ് നടത്തുകയും ചെയ്യും. എണ്ണം കൃത്യമാണെങ്കിൽ ആദ്യത്തെ സൂക്ഷ്മപരിശോധകൻ ഓരോ ബാലറ്റും തുറന്ന് അതിലെ പേര് രേഖപ്പെടുത്തിയ ശേഷം രണ്ടാമത്തെ സൂക്ഷ്മപരിശോധകന് കൈമാറും. അദ്ദേഹവും പേര് രേഖപ്പെടുത്തിയ ശേഷം മൂന്നാമത്തെ പരിശോധകന് കൈമാറും. മൂന്നാമത്തെ സൂക്ഷ്മപരിശോധകനായ കർദിനാൾ എല്ലാവർക്കും കേൾക്കാവുന്ന വിധത്തിൽ ആ പേര് ഉറക്കെ വായിക്കുന്നതോടെ വോട്ട് രേഖപ്പെടുത്തപ്പെട്ട് കഴിഞ്ഞു. ഉറക്കെ വായിച്ചതിന് ശേഷം ബാലറ്റ് പേപ്പറിലെ Eligo (I elect) എന്ന വാക്കിനുള്ളിലൂടെ സൂചിയുപയോഗിച്ച് ഒരു നൂലിൽ കോർത്തിടുന്നു.

കോൺക്ലേവിന്റെ ആദ്യ നാല് ദിവസങ്ങളിൽ ഒരു ദിവസം നാല് വോട്ടുകൾ വരെ (രാവിലെ രണ്ട്, ഉച്ചകഴിഞ്ഞ് രണ്ട്) നടത്താം. നാലുദിവസവും തിരഞ്ഞെടുപ്പ് നടക്കുന്നില്ലായെങ്കിൽ അഞ്ചാം ദിവസം, പ്രാർഥന, നിശബ്ദമായ ധ്യാനം, അനൗപചാരിക ചർച്ച എന്നിവയ്ക്കായി സമയം അനുവദിക്കുകയും വോട്ടെടുപ്പ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്യുന്നു.

വോട്ടെടുപ്പ് ഒരു ദിവസത്തിനുള്ളിൽ പുനരാരംഭിക്കുകയും അടുത്ത മറ്റൊരു ഇടവേളയ്ക്ക് മുമ്പ് ഏഴ് റൗണ്ടുകൾ കൂടി തുടരുകയും ചെയ്യുന്നു. എന്നിട്ടും സ്തംഭനാവസ്ഥ തുടരുകയാണെങ്കിൽ ഏറ്റവുമവസാനത്തെ ബാലറ്റിൽ ഏറ്റവും കൂടുതൽ വോട്ട് ലഭിച്ച രണ്ട് സ്ഥാനാർത്ഥിക്ക് മാത്രമായി വോട്ടുചെയ്യാൻ തീരുമാനമാകും. പ്രസ്തുത വോട്ടെടുപ്പിൽ കേവലഭൂരിപക്ഷം ലഭിക്കുന്ന വ്യക്തി മാർപാപ്പയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്യും.

  1. പുക നല്കുന്ന അടയാളങ്ങൾ

ചാപ്പലിന് പുറത്തുള്ളവർക്ക്, വോട്ടെടുപ്പ് എങ്ങനെ പോകുന്നു എന്നതിന്റെ ഏക സൂചന ബാലറ്റുകൾ കത്തിക്കുമ്പോൾ സിസ്റൈ്റൻ ചാപ്പലിന്റെ ചിമ്മിനിയിലൂടെ വരുന്ന പുകയാണ്. ഇത് ഓരോ സെഷനു ശേഷവും സംഭവിക്കും. കർദിനാൾമാർ ഒരു പുതിയ പോപ്പിനെ തിരഞ്ഞെടുത്തുവെന്ന് സൂചിപ്പിക്കാൻ പുക ഉപയോഗിക്കുന്ന രീതി 1800കൾ മുതലാണ് നിലവിലുള്ളതാണ്. ചാപ്പലിൽ നിന്ന് നിന്ന് പുറത്ത് വരുന്ന പുക കറുത്തതാണെങ്കിൽ ആരെയും തിരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്തതാണെങ്കിൽ പുതിയ പോപ്പ് തിരഞ്ഞെടുക്കപ്പെട്ടു എന്നുമാണ് അർഥമാക്കുന്നത്. ബാലറ്റുപേപ്പറുകൾ കത്തിക്കുന്നതിനോടൊപ്പം കെമിക്കലുകൾ കൂട്ടിക്കലർത്തിയാണ് പുക കറുപ്പിക്കുകയോ വെളുപ്പിക്കുകയോ ചെയ്യുന്നത്.

  1. നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു

വോട്ടെടുപ്പ് വിജയകരമായി ഒരു മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ടാൽ കർദിനാൾമാരുടെ കോളേജിന്റെ ഡീൻ, അല്ലെങ്കിൽ ഏറ്റവും മുതിർന്ന കർദിനാൾ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനാർത്ഥിയോട് തന്റെ ഈ തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നുണ്ടോ എന്നും അംഗീകരിക്കുന്നുവെങ്കിൽ ഏത് പേപ്പൽ നാമം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്നും ചോദിക്കും. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട പോപ്പ് സിസ്റ്റൈൻ ചാപ്പലിനടുത്തുള്ള ഒരു ചെറിയ മുറിയായ കണ്ണീരിന്റെ മുറിയിൽ (the Room of Tears) പ്രവേശിച്ച് പരമ്പരാഗത പേപ്പൽ വസ്ത്രങ്ങൾ ധരിക്കുന്നു. ഏതൊരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടാലും ധരിക്കാൻ കഴിയുന്ന വിധത്തിൽ മൂന്ന് അളവുകളിലുള്ള വസ്ത്രങ്ങൾ മുറിയിൽ മുൻകൂട്ടി ഒരുക്കി വെച്ചിട്ടുണ്ടാകും.

പേപ്പൽ വസ്ത്രങ്ങൾ ധരിച്ച് അദ്ദേഹം മടങ്ങിയെത്തുമ്പോൾ, സുവിശേഷങ്ങളിൽ നിന്നുള്ള ഒരു ഭാഗം ഉച്ചത്തിൽ വായിക്കുകയും ഒരു പ്രാർഥന നടത്തുകയും, കർദിനാൾമാർ പുതിയ മാർപാപ്പയോടുള്ള സ്നേഹാദരവുകൾ പ്രകടിപ്പിക്കുകയും ചെയ്യും.

അതേസമയം, കർദിനാൾ കോളേജിലെ കർദിനാൾ പ്രോട്ടോഡീക്കൺ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ബാൽക്കണിയിൽ പ്രത്യക്ഷപ്പെട്ട് ലാറ്റിൻ ഭാഷയിൽ “ഞാൻ നിങ്ങളെ ഒരു വലിയ സന്തോഷം അറിയിക്കുന്നു; നമുക്ക് ഒരു പോപ്പിനെ ലഭിച്ചിരിക്കുന്നു” (‘Annuntio vobis gaudium magnum; Habemus Papam!’) എന്ന ലോകം കാത്തിരിക്കുന്ന പ്രഖ്യാപനം നടത്തും.

  1. നഗരത്തിനും ലോകത്തിനും

താമസിയാതെ, പുതിയ പാപ്പ ചുവന്ന മൂടുശീലകൾ കൊണ്ട് ഫ്രെയിം ചെയ്ത ബാൽക്കണിയിലേക്ക് കാലെടുത്തുവച്ച്, “Urbi et Orbi’ (“നഗരത്തിനും ലോകത്തിനും”) എന്നറിയപ്പെടുന്ന തന്റെ ആദ്യത്തെ അപ്പസ്തോലിക ആശീർവാദം നൽകുന്നു.

ഇതോടെ കോൺക്ലേവിന്റെ സങ്കീർണ്ണമായ പ്രക്രിയ അവസാനിക്കുന്നു. വരും ദിവസങ്ങളിൽ പുതിയ പാപ്പ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സാധാരണയായി നടക്കുന്ന സ്ഥാനാരോഹണ കുർബാനയിൽ പങ്കെടുക്കുകയും കത്തോലിക്കാ സഭയുടെ തലവനായി ചുമതലകൾ ഏറ്റെടുക്കുകയും ചെയ്യും.

റവ. ഫാ. നോബിൾ തോമസ് പാറയ്ക്കൽ

Latest Updates

POPULAR Views

FEATUERD Views

റോമിന്റെ മെത്രാൻ സ്ഥാനം ലെയോ പതിനാലാമൻ പാപ്പാ ഏറ്റെടുത്തു

2025 മെയ് 18 ന് വി.പത്രോസിന്റെ പിൻഗാമിയായി തന്റെ പൊന്തിഫിക്കറ്റ് ഔദ്യോഗികമായി...

ലെയോ പതിനാലാമൻ പാപ്പയ്ക്ക് പ്രാർഥനാനിർഭരമായ ആശംസകളുമായി സീറോമലബാർ സഭ

റോമാസഭയുടെ മെത്രാനും പത്രോസിന്റെ പിൻഗാമിയുമായ ലെയോ പതിനാലാമൻ പാപ്പയ്ക്ക് സീറോമലബാർ സഭ...

ചേരികളിലെ മനുഷ്യരുടെ മണമുള്ളൊരാൾ പത്രോസിന്റെ സിംഹാസനത്തിൽ

ഫ്രാൻസീസ് മാർപാപ്പയുടെ നിര്യാണത്തെതുടർന്ന് നടന്ന കോൺക്ലേവിന്റെ രണ്ടാം ദിവസം മെയ് എട്ടാം...

ലെയോണിയൻ യുഗപ്പിറവി!

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267- ാമത് പരമാധ്യക്ഷനായി ലെയോ പതിനാലാമൻ...

വിട, പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പ!

ആഗോളകത്തോലിക്കാസഭാവിശ്വാസികളുടെ ആത്മീയപിതാവ് ഫ്രാൻസിസ് പാപ്പ ഇനി ചരിത്രത്തിലും ഓർമകളിലും ജീവിക്കും. പന്ത്രണ്ടു...