വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267- ാമത് പരമാധ്യക്ഷനായി ലെയോ പതിനാലാമൻ പാപ്പ മെയ് 18 ന് പ്രാദേശികസമയം രാവിലെ പത്തിന് ( ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 1.30 ) സ്ഥാനമേറ്റതോടെ ലെയോ പതിനാലാമൻ പാപ്പായുടെ പൊന്തിഫിക്കേറ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിക്കപ്പെടുകയായിരുന്നു. പൗരസ്ത്യസഭകളിൽനിന്നുള്ള പാത്രിയാർക്കീസുമാരാൽ അനുധാവനംചെയ്യപ്പെട്ടു വിശുദ്ധ പത്രോസിന്റെ കബറിടത്തിങ്കൽ പ്രാർഥിക്കുകയും ധൂപാർച്ചന നടത്തുകയും ചെയ്തതിനു ശേഷം സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ക്രമീകരിച്ച പ്രധാന ബലിവേദിയിലേക്ക് കർദിനാൾമാരുടെ അകമ്പടിയോടെയാണ് ലിയോ പതിനാലാമൻ എത്തിയത്. ആദ്യ മാർപാപ്പയായിരുന്ന ഗലീലിയിലെ മുക്കുവൻ വിശുദ്ധ പത്രോസിന്റെ പിൻഗാമിയാണ് എന്ന് ഓർമിപ്പിക്കുന്ന മുക്കുവന്റെ മോതിരവും (ഫിഷർമെൻസ് റിങ് ) എന്റെ ആടുകളെ മേയിക്കുക എന്ന മിശിഹായുടെ ആഹ്വനം ഭരമേല്പിക്കപ്പെടുന്നതിന്റെയും സാർവത്രികസഭയുടെ ഇടയൻ എന്ന സ്ഥാനത്തെ അനുസ്മരിപ്പിക്കുന്ന പാലിയവും പാപ്പ സ്വീകരിക്കുന്നതായിരുന്നു സ്ഥാനാരോഹണച്ചടങ്ങിന്റെ പ്രധാന ഭാഗം. മൂന്നു വിഭാഗങ്ങളിൽ നിന്നുള്ള (ബിഷപ്, പ്രീസ്റ്റ്, ഡീക്കൻ ) കർദിനാൾമാരാണ് സ്ഥാനികചിഹ്നങ്ങളായ മുക്കുവന്റെ മോതിരവും പാലിയവും മാർപാപ്പയെ ധരിപ്പിക്കുന്ന ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.
ലത്തീൻ, ഗ്രീക്ക് ഭാഷകളിൽ സുവിശേഷവായന നടത്തി. കർദിനാൾ ഡൊമിനിക് മംബെർത്തി പാലീയവും ഏഷ്യയിൽ നിന്നുള്ള കർദിനാൾ ലൂയി അന്റോണിയോ ടാഗ്ലെ മുക്കുവന്റെ മോതിരവും പാപ്പയെ അണിയിച്ചു. ആഫ്രിക്കയിൽ നിന്നുള്ള കർദിനാൾ ഫ്രിദോലിൻ അംബോങ്ഗോ ബെസുംഗു പാപ്പയ്ക്കുവേണ്ടിയുള്ള പ്രാർഥന നടത്തി. പാലിയവും മോതിരവും സ്വീകരിച്ചശേഷം പാപ്പ ബൈബിൾ കയ്യിലെടുത്ത് വിശ്വാസികളെ ആശീർവദിച്ചു. വത്തിക്കാൻ ചത്വരം നിറഞ്ഞുകവിഞ്ഞ വിശ്വാസികളുടെ സമൂഹം കരഘോഷത്തിന്റെ അകമ്പടിയോടെ ആദ് മോൾത്തൂസ് ആഞ്ഞൂസ് എന്ന് പ്രത്യുത്തരിച്ചു. തുടർന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള പന്ത്രണ്ടുപേർ സാർവത്രിക സഭയെ മുഴുവൻ പ്രതിനിധാനം ചെയ്തുകൊണ്ട് പാപ്പയോടുള്ള വിധേയത്വം പ്രതീകാത്മകമായി പ്രഖ്യാപിച്ചു.
സ്നേഹം, ഐക്യം, സാഹോദര്യം എന്നീ വാക്കുകളിലൂന്നിയാണ് ലെയോ പാപ്പ കുർബാനയ്ക്കിടെ സന്ദേശം നല്കിയത്. വെറുപ്പും സംഘർഷവും മുറിവുകൾ സൃഷ്ടിക്കുന്ന കാലത്ത് സ്നേഹവും ഐക്യവും മുഖമുദ്രയാക്കി മുന്നേറണമെന്ന് പാപ്പ ഓർമിപ്പിച്ചു. കുർബാനയ്ക്കു ശേഷം പോപ്പ് മൊബീലിൽ സഞ്ചരിച്ച് വിശ്വാസികളെ ആശീർവദിച്ചു.
ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുള്ള രണ്ടുലക്ഷത്തിലധികം പേർ സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുത്തു. യുഎസ് വൈസ് പ്രസിഡന്റ് ജെ. ഡി വാൻസ്, യുക്രെയ്ൻ പ്രസിഡന്റ് വ്ളോഡിമർ സെലെൻസ്ക്കി തുടങ്ങിയവരുൾപ്പടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ലോകനേതാക്കളും പങ്കെടുത്തു. ഇന്ത്യയിൽ നിന്നു രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിംങ് സംഘത്തെ നയിച്ചു.
ചടങ്ങുകൾക്ക് ശേഷം ലെയോ പതിനാലാമൻ പപ്പാ ലോകത്തിന്റെ വിവിധഭാഗങ്ങളിൽനിന്നും എത്തിയ രാഷ്ട്രത്തലവന്മാർ, വിവിധ സഭാതലവന്മാർ ഇതര മതങ്ങളിലെ ആത്മീയനേതാക്കൾ എന്നിവരെ കാണുകയും നന്ദി അറിയിക്കുകയും ചെയ്തു.



