ചേരികളിലെ മനുഷ്യരുടെ മണമുള്ളൊരാൾ പത്രോസിന്റെ സിംഹാസനത്തിൽ

Published on

ഫ്രാൻസീസ് മാർപാപ്പയുടെ നിര്യാണത്തെതുടർന്ന് നടന്ന കോൺക്ലേവിന്റെ രണ്ടാം ദിവസം മെയ് എട്ടാം തീയതിയാണ് യു.എസിൽ നിന്നുള്ള കർദിനാൾ റോബർട്ട് ഫ്രാൻസിസ് പ്രിവോസ്റ്റ് സാർവത്രികസഭയിലെ 267 ാമത്തെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. “അനുൺച്യോ വോബിസ് ഗൗദിയും മാഞ്ഞും: അബേമൂസ് പാപ്പാം” നിങ്ങളോട് വലിയൊരു സന്തോഷവാർത്ത അറിയിക്കുന്നു: നമുക്ക് ഒരു പാപ്പായെ ലഭിച്ചിരിക്കുന്നു എന്ന ലോകം മുഴുവൻ കാത്തിരുന്ന വാർത്ത, കർദിനാൾ സംഘത്തിന്റെ പ്രോട്ടോ ഡീക്കൻ കർദിനാൾ ഡൊമിനിക് മമ്പെർത്തി റോമിനോടും ലോകം മുഴുവനോടും ലത്തീൻ ഭാഷയിലുള്ള നിയതരൂപത്തിൽ അറിയിച്ചു.

കർദിനാൾ റോബെർട്ട് ഫ്രാൻസിസ് പ്രെവൊസറ്റ്, ലെയോ പതിനാലാമൻ എന്ന പേര് ഔദ്യോഗികനാമമായി സ്വീകരിച്ചുവെന്നും ലത്തീൻ ഭാഷയിൽ കർദിനാൾ മമ്പെർത്തി അറിയിച്ചു. എട്ടാം തീയതി വ്യാഴാഴ്ച വൈകുന്നേരം സിസ്റൈ്റൻ ചാപ്പലിൽനിന്ന് വെളുത്ത പുകയുയർന്നപ്പോൾ പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട ആളെ കാണാനും പാപ്പാ ആദ്യമായി നൽകുന്ന “ഉർബി എത് ഓർബി” നഗരത്തിനും ലോകത്തിനുമായുള്ള ആശീർവാദം സ്വീകരിക്കാനുമായി ഒരു ലക്ഷത്തിലധികം ആളുകളാണ് വിശുദ്ധ പത്രോസിന്റെ ചത്വരത്തിലും പുറത്തുമായി കാത്തുനിന്നിരുന്നത്.

റോമിന്റെ പുതിയ മെത്രാൻ പത്രോസിന്റെ പിൻഗാമി ലെയോ പതിനാലാമൻ പാപ്പാ സെന്റ് പീറ്റേഴ്സ് ബസലിക്കയുടെ മട്ടുപ്പാവിലെത്തി പുഞ്ചിരിയോടെ ഏവരെയും അഭിവാദ്യം ചെയ്തു. നിങ്ങൾക്കെല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ എന്നായിരുന്നു വിശ്വാസികളോടുള്ള പാപ്പായുടെ ആദ്യവാക്കുകൾ. ഉത്ഥിതനായ മിശിഹായുടെ സമാധാനം അക്രമരഹിതവും നിരായുധീകരിക്കുന്നതും എളിമയുള്ളതും സ്ഥിരോത്സാഹമുള്ളതുമാണ്. ഇത് നമ്മെ വ്യവസ്ഥകളില്ലാതെ സ്നേഹിക്കുന്ന ദൈവത്തിൽനിന്നാണ് വരുന്നത് ലിയോ പാപ്പാ പറഞ്ഞു.

ലോകത്തിന് മിശിഹായുടെ വെളിച്ചം ആവശ്യമാണ്. ദൈവവും അവന്റെ സ്നേഹവും എത്തിച്ചേരേണ്ട ഒരു പാലം പോലെ മാനവികതക്ക് മിശിഹായെ ആവശ്യമുണ്ട്. നിങ്ങൾ ഞങ്ങളെയും നിങ്ങൾ പരസ്പരവും, സംവാദങ്ങളിലൂടെയും കൂടിക്കാഴ്ചകളിലൂടെയും സമാധാനത്തിൽ ജീവിക്കുന്ന ഏകജനമായിരിക്കാനായി ഏവരും ഒന്നുചേർന്ന് പാലങ്ങൾ പണിയാൻ സഹായിക്കുക. ഞാൻ നിങ്ങൾക്കൊപ്പം ക്രിസ്ത്യാനിയും നിങ്ങൾക്കായി മെത്രാനുമാണ്” എന്നുപറഞ്ഞ വിശുദ്ധ അഗസ്റ്റിന്റെ ആത്മീയപുത്രനായ ഒരു അഗസ്തീനിയൻ സഭാംഗമാണ് ഞാൻ. ഈയൊരു ശൈലിയിൽ ദൈവം നമുക്കായി തയ്യാറാക്കിയിരിക്കുന്ന ആ രാജ്യത്തിലേക്ക് നമുക്കൊരുമിച്ച് നടക്കാം. മിഷനറിയായ സഭയാകാൻ, പാലങ്ങളും സംവാദങ്ങളും ഒരുക്കുന്ന സഭയാകാൻ ഈ ചത്വരം പോലെ തുറന്ന കരങ്ങളോടെ മറ്റുളളവരെ സ്വീകരിക്കാൻ നമുക്കൊരുമിച്ച് ശ്രമിക്കാം. നമ്മുടെ കാരുണ്യവും സാന്നിധ്യവും സംഭാഷണവും സ്നേഹവും ആവശ്യമുള്ള ഏവരെയും സ്വീകരിക്കാം. ലെയോ പതിനാലാമൻ പാപ്പാ കൂട്ടിച്ചേർത്തു.

സന്ദേശത്തിന്റെ അവസാനം പാപ്പാ നന്മ നിറഞ്ഞ മറിയമേ ഇറ്റാലിയൻ ഭാഷയിൽ ചൊല്ലി. പ്രാർഥനയ്ക്ക് ശേഷം കർദിനാൾ ഡൊമിനിക് മമ്പെർത്തി പാപ്പാ തന്റെ പ്രഥമ “ഉർബി എത് ഓർബി” ആശീർവാദം നൽകാൻ പോകുന്നതിനെക്കുറിച്ച് പറയുകയും ഇത് നേരിട്ടും മാധ്യമങ്ങൾ വഴിയും സ്വീകരിച്ചും സഭ നിർദ്ദേശിക്കുന്ന വ്യവസ്ഥകളനുസരിച്ചും പൂർണദണ്ഡവിമോചനം നേടുന്നതിനുള്ള സാധ്യതയെക്കുറിച്ച് ഏവരെയും ഓർമിപ്പിക്കുകയും ചെയ്തു. തുടർന്ന് ലെയോ പതിനാലാമൻ പാപ്പാ ഏവർക്കും അപ്പസ്തോലിക ആശീർവാദം ഉർബി ഏത് ഓർബി നൽകി.

വടക്കേ അമേരിക്കയിൽ നിന്നുള്ള അഗസ്തീനിയൻ സന്ന്യാസ സമൂഹത്തിൽനിന്നുള്ള ആദ്യ മാർപാപ്പയാണ് ലെയോ പതിനാലാമൻ. ഫ്രഞ്ച് ഇറ്റാലിയൻ വംശജനും നാവികസേന ഉദ്യോഗസ്ഥനുമായ ലൂയിസ് മാരിയസ് പ്രേവോയുടെയും സ്പാനീഷ് വംശജയും ലൈബ്രേറിയനുമായ മിൽഡ്രഡ് മാർട്ടിനെസിന്റെയും മകനായി 1955 സെപ്തംബർ 14 ന് ചിക്കാഗോയിലായിരുന്നു ജനനം. ഇംഗ്ലീഷ്, സ്പാനീഷ്, ഇറ്റാലിയൻ, ഫ്രഞ്ച്, പോർച്ചുഗീസ് ഭാഷകളിൽ പരിജ്ഞാനമുള്ള അദ്ദേഹത്തിന് ലാറ്റിൻ, ജർമ്മൻ ഭാഷകളിലും അറിവുണ്ട്. 1982 ൽ പുരോഹിതനായി. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയുടെ മെത്രാനായിരുന്നു. 2023 ലാണ് കർദിനാൾ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. വത്തിക്കാനിലെ മെത്രാന്മാർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ പ്രീഫെക്ട് ആയി സേവനം ചെയ്തുവരവെയാണ് പാപ്പാ സ്ഥാനത്തേക്ക് ഉയർത്തപ്പെട്ടത്.

Latest Updates

POPULAR Views

FEATUERD Views

ക്രിസ്തുവിൽ ഒന്നായി പ്രേഷിതദൗത്യത്തിൽ ഒരുമിച്ച്

പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ 2026 ഒക്ടോബർ 18-ാം തീയതി...

റോമിന്റെ മെത്രാൻ സ്ഥാനം ലെയോ പതിനാലാമൻ പാപ്പാ ഏറ്റെടുത്തു

2025 മെയ് 18 ന് വി.പത്രോസിന്റെ പിൻഗാമിയായി തന്റെ പൊന്തിഫിക്കറ്റ് ഔദ്യോഗികമായി...

ലെയോ പതിനാലാമൻ പാപ്പയ്ക്ക് പ്രാർഥനാനിർഭരമായ ആശംസകളുമായി സീറോമലബാർ സഭ

റോമാസഭയുടെ മെത്രാനും പത്രോസിന്റെ പിൻഗാമിയുമായ ലെയോ പതിനാലാമൻ പാപ്പയ്ക്ക് സീറോമലബാർ സഭ...

ലെയോണിയൻ യുഗപ്പിറവി!

വത്തിക്കാൻ സിറ്റി: ആഗോള കത്തോലിക്കാസഭയുടെ 267- ാമത് പരമാധ്യക്ഷനായി ലെയോ പതിനാലാമൻ...

കോൺക്ലേവ്

267 - ാമത് മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവ് മെയ് ഏഴിന് ആരംഭിക്കുമ്പോൾ...

വിട, പ്രിയപ്പെട്ട ഫ്രാൻസിസ് പാപ്പ!

ആഗോളകത്തോലിക്കാസഭാവിശ്വാസികളുടെ ആത്മീയപിതാവ് ഫ്രാൻസിസ് പാപ്പ ഇനി ചരിത്രത്തിലും ഓർമകളിലും ജീവിക്കും. പന്ത്രണ്ടു...