പത്രോസ്, പൗലോസ് ശ്ലീഹന്മാരാൽ സ്ഥാപിതമായ അന്ത്യോക്യായിലെ സഭയുടെ മെത്രാന്മാരുടെ പട്ടികയിലെ മൂന്നാമത്തെയാളാണ് ഇഗ്നേഷ്യസ്. ആദ്യത്തെ വിജാതീയ കൈ്രസ്തവസമൂഹം അന്ത്യോക്യായിലാണ് രൂപംകൊണ്ടത്. ട്രാജൻ ചക്രവർത്തിയുടെ മതമർദ്ദനകാലത്ത്, വന്യമൃഗങ്ങൾക്കു എറിഞ്ഞുകൊടുക്കപ്പെടാനായി പടയാളികളാൽ ബന്ധിതനായി റോമിലേക്കു കൊണ്ടുപോകപ്പെടുമ്പോൾ യാത്രാമധ്യേ എഴുതിയ ഏഴുകത്തുകളാണ് അദ്ദേഹത്തിന്റെ കൃതികൾ. അതിൽ അഞ്ചെണ്ണം ഏഷ്യാമൈനറിലെ അഞ്ചുസഭകൾക്കും ഒരെണ്ണം സ്മിർണായിലെ മെത്രാനായ പോളിക്കാർപ്പിനും മറ്റൊന്ന് റോമായിലെ സഭക്കുമായിട്ടാണ് എഴുതിയിരിക്കുന്നത്. ക്രിസ്തുവിജ്ഞാനീയം, സഭാവിജ്ഞാനീയം, വിശുദ്ധ കുർബാന, ആധ്യാത്മികത എന്നീ തലങ്ങളെ പരസ്പരബന്ധിതമായി അദ്ദേഹം ഇവിടെ അവതരിപ്പിക്കുന്നു.
ഗ്രീക്കു തത്വചിന്തയുടെ സ്വാധീനഫലമായി വിജാതീയലോകത്ത് രൂപം കൊണ്ട ‘ ദോച്ചെറ്റിസം’ എന്ന അബദ്ധപ്രബോധനത്തിന്റെ പശ്ചാത്തലത്തിലാണ് ഇഗ്നേഷ്യസ് തന്റെ ദൈവശാസ്ത്രം രൂപപ്പെടുത്തിയത്. ഈശോമിശിഹാ മനുഷ്യശരീരത്തോടുകൂടി കാണപ്പെട്ടു എന്നല്ലാതെ യഥാർഥ മനുഷ്യനായിരുന്നില്ല എന്ന് ഇക്കൂട്ടർ പഠിപ്പിച്ചുപോന്നു. ഈ പശ്ചാത്തലത്തിൽ ഈശോയുടെ ദൈവത്വവും മനുഷ്യത്വവും യഥാർഥവും സമ്പൂർണവുമാണെന്ന് ഇഗ്നേഷ്യസ് വരച്ചുകാട്ടി. ക്രിസ്ത്യാനികളെ ‘ ദൈവവാഹകരും ‘ ‘ ക്രിസ്തുവാഹകരും’ എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. ‘ സ്നേഹത്തിൽ അധിഷ്ഠിതമായ വിശ്വാസം’ എന്ന പദപ്രയോഗത്തിലൂടെ ഈശോയോടുള്ള ഈ ബന്ധം അദ്ദേഹം അവതരിപ്പിക്കുന്നു.
ഈശോയോടുള്ള ബന്ധത്തിന്റെ തുടർച്ചയായി സഭയോടുള്ള കൂട്ടായ്മയെ അദ്ദേഹം അവതരിപ്പിക്കുന്നു. കൂട്ടായ്മയിൽ നിന്ന് അകന്നിരിക്കുമ്പോഴാണ് അബദ്ധപ്രബോധനങ്ങളിൽ വിശ്വാസികൾ ഉൾപ്പെടുന്നത്. സഭയുടെ കൂട്ടായ്മയുടെ കേന്ദ്രമായി നിലകൊള്ളുന്നത് മെത്രാനാണ്. ‘ മെത്രാൻ എവിടെ സന്നിഹിതനാണോ അവിടെ ജനങ്ങൾ ഒന്നിച്ചുകൂടട്ടെ’ എന്ന അദ്ദേഹത്തിന്റെ വാക്കുകൾ സഭാപരമായി വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്. വൈദികഗണത്തോടും ഡീക്കന്മാരോടുമുള്ള കൂട്ടായ്മയെക്കുറിച്ചും വിശ്വാസികൾ തമ്മിൽതമ്മിലുണ്ടായിരിക്കേണ്ട കൂട്ടായ്മയെക്കുറിച്ചും അദ്ദേഹം പഠിപ്പിക്കുന്നുണ്ട്.
വിശുദ്ധ കുർബാനയിലുള്ള വിശ്വാസത്തിൽ ഉറച്ചുനില്ക്കുവാൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നുണ്ട്. കാരണം, വിശുദ്ധ കുർബാന ഈശോമിശിഹായുടെ ശരീരമാണെന്ന് അബദ്ധപ്രബോധകർ വിശ്വസിച്ചിരുന്നില്ല. ഈശോയോടുള്ള നമ്മുടെ താദാത്മ്യപ്പെടൽ നടക്കുന്നത് വിശുദ്ധ കുർബാനയിലൂടെയാണ്. സഭ ബലിയർപ്പിക്കപ്പെടുന്ന വേദിയാണെന്നും വിശുദ്ധ കുർബാന ‘ അമർത്യതയുടെ ഔഷധ’ മാണെന്നും ഇഗ്നേഷ്യസ് പഠിപ്പിക്കുന്നു. ഒരു കുർബാന, ഒരു അൾത്താര, ഒരു മെത്രാൻ എന്ന പദപ്രയോഗത്തിലൂടെ സഭയുടെ ഏകത്വം അദ്ദേഹം മനോഹരമായി ആവിഷ്ക്കരിക്കുന്നുണ്ട്. ഈശോയുടെ സഹനത്തോടും മരണത്തോടുമുള്ള ഇൗ താദാത്മ്യപ്പെടലിന്റെ പൂർത്തീകരണമാണ് രക്തസാക്ഷിത്വം. ദൈവത്തോടുളള ഐക്യം ഇവിടെ പൂർണമായിത്തീരുന്നു.
വിശ്വാസത്തിലും സ്നേഹത്തിലും അധിഷ്ഠിതമായ ക്രിസ്തുവിന്റെ സഭയെ ‘ കാതോലികം’ എന്നാണ് അദ്ദേഹം വിളിക്കുന്നത്. സഭയുടെ ആത്മീയസ്വഭാവത്തെ വ്യക്തമാക്കുന്ന ഒരു പദമാണിത്. ക്രിസ്ത്യാനികൾ എന്ന് ആദ്യമായി പേരു വിളിക്കപ്പെട്ടപ്പെട്ട അന്ത്യോക്യായിൽ തന്നെയാണ് ‘ കാതോലികം ‘ എന്ന സംജ്ഞയും ഉരുത്തിരിഞ്ഞത്. പാശ്ചാത്യ പൗരസ്ത്യസഭകളിൽ അന്ത്യോക്യായിലെ ഇഗ്നേഷ്യസിന് വലിയസ്ഥാനമുണ്ട്. അന്ത്യോക്യായിലെ പാത്രീയാർക്കിസുമാർഅവരുടെ പേരിനൊപ്പം ഇഗ്നേഷ്യസ് എന്ന പേരു സ്ഥാനപേരായി ഉപയോഗിച്ചുപോരുന്നു.
ഡോ. തോമസ് കുഴുപ്പിൽ


